1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നടന്ന ഓപ്പറേഷൻ ട്രൈഡന്റിന്റെ സ്മരണയ്ക്കായാണ് ഇത് സ്ഥാപിതമായത്. തുറമുഖ നഗരമായ വിശാഖപട്ടണത്തിലാണ് ഏറ്റവും വലിയ ആഘോഷം നടക്കുന്നത്.
ഇന്ത്യൻ നാവികസേനയുടെ പങ്കിനെയും നേട്ടങ്ങളെയും ആഘോഷിക്കുന്നതിലാണ് ഇന്ത്യൻ നാവിക ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭാരതീയ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന. വലുപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങള്‍ (റീജിയണല്‍ കമ്മാന്‍ഡുകള്‍) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈന്‍, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
1932ല്‍ റോയൽ ഇന്ത്യന്‍ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യന്‍ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളില്‍ ഉയര്‍ന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂര്‍ണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ് അഡ്മിറല്‍ എഡ്വാര്‍ഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരന്‍ നിയമിതനാകുന്നത്. (ആര്‍.ഡി. കതാരി- വൈസ് അഡ്മിറന്‍).“`
ചരിത്രം
സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലഘട്ടം മുതല്‍ക്കേ ഭാരതത്തിന് നാവിക പാരമ്പര്യം അവകാശപ്പെടാനുണ്ട്.അക്കാലത്ത് ബാബിലോണിയയുമായും പുരാതന ഈജിപ്തുമായും സമുദ്രമാര്‍ഗ്ഗം വ്യാപാരം നടന്നിരുന്നതായും നൗക നിര്‍മ്മാണത്തില്‍ ഭാരതീയര്‍ വളരെയധികം പുരോഗതി പ്രാപിച്ചിരുന്നതായും തെളിവുകൾ ഉണ്ട്.
ഇറാനില്‍ നിര്‍മ്മിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ നൗകകള്‍ അവരുപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് ലോകത്തിലെ ആദ്യത്തെ ടൈഡല്‍ തുറമുഖവും ഭാരതത്തിലെ ലോഥലിലായിരുന്നതായി ഗവേഷകനായ എ.സ്.ആര്‍. റാവു കണ്ടെത്തിയിട്ടുണ്ട്. ക്രി.വ. 2300നോടടുപ്പിച്ചാണിത് നിലനിന്നിരുന്നത്. പ്രാചീനകാലത്ത് ഇന്ത്യക്ക് കംബോഡിയ, ജാവ, സൂമാത്ര, തുടങ്ങി ജപ്പാനില്‍ വരെ സമൂഹങ്ങള്‍ (കോളനികള്‍) നിലനിന്നിരുന്നു. ഗ്രീസ്,പേര്‍ഷ്യ,റോം,ആഫ്രിക്ക,ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധവും ഉണ്ടായിരുന്നു.
ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പല്‍ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലാക്കാക്കി 1612 ല്‍ സൂററ്റില്‍ രൂപവത്കരിക്കപ്പെട്ട റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ആധുനീക ഇന്ത്യന്‍ നാവികസേന രൂപംകൊണ്ടത്. ഈ നാവികസേനയെ 1685ല്‍ സൂററ്റില്‍നിന്ന് ബോംബെയിലേയ്ക്കു മാറ്റുകയും ബോംബെ മറൈന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി.1892ല്‍ റോയല്‍ ഇന്ത്യന്‍ മറൈന്‍ എന്ന പേരില്‍ അറിയപ്പെട്ട ഇത് 1934ല്‍ ബ്രിട്ടനിലെ റോയല്‍ നേവിയുടെ മാതൃകയില്‍ ദി റോയല്‍ ഇന്ത്യന്‍ നേവി ആയി രൂപാന്തരപ്പെട്ടു.
സ്വതന്ത്ര്യം കിട്ടിയതിനു ശേഷം ഈ നാവികസേനയ്ക്ക് ഇന്ത്യന്‍ നേവി എന്ന പേര് നൽകപ്പെട്ടു. 1947ല്‍ വിഭജനത്തോടുകൂടി അന്നു നിലവില്‍ ഉണ്ടായിരുന്ന റോയല്‍ ഇന്ത്യന്‍ നേവിയുടെ മൂന്നില്‍ ഒരുഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലനകേന്ദ്രങ്ങളും പാകിസ്ഥാന്റെ ഭാഗത്തായി.സ്വതന്ത്ര ഭാരതത്തിലും ഇന്ത്യന്‍ നേവി ബ്രിട്ടീഷുകാരായ അഡ്മിറല്‍മാരുടെ മേല്‍നോട്ടത്തില്‍ത്തന്നെ തുടര്‍ന്നുവന്നു. 1958 ല്‍ ഏപ്രില്‍ 22ന് ആദ്യത്തെ ഇന്ത്യന്‍വൈസ് അഡ്മിറലായ ആര്‍.ഡി.കട്ടാരെ ഇന്ത്യന്‍ നേവിയുടെ മേധാവി ആയിത്തീര്‍ന്നു.“`
ചുമതലകളും കടമകളും
സ്വതന്ത്ര്യം ലഭിച്ചതോടുകൂടി ഇന്ത്യന്‍ നാവിക സേനയുടെ സമരതന്ത്രപരമായ ധാരണകളില്‍ വലിയ മാറ്റങ്ങളുണ്ടായി. ക്ലിപ്തമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പ്രാദേശിക സുരക്ഷിതത്വത്തിന് ഉര്‍പ്പു വരുത്തുക എന്നതിലുമുപരിയായി, മുമ്പ് ബ്രിട്ടീഷ് റോയല്‍ ഇന്ത്യന്‍ നേവി ഏറ്റെടുത്തിരുന്ന സമുദ്രാന്തര സുരക്ഷിതത്വത്തിന്റെ ചുമതലകള്‍ കൂടി ഇന്ത്യന്‍ നാവിക സേനയില്‍ നിക്ഷിപ്തമായി.
ഇന്ത്യന്‍ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധം, നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കു വേണ്ട സഹായമെത്തിക്കല്‍, സുരക്ഷിതമായ കപ്പല്‍ ഗതാഗതത്തിന് വേണ്ടിയുള്ള കപ്പല്‍ച്ചാലുകളുടെ ചാര്‍ട്ടുണ്ടാക്കല്‍, ചാലുകള്‍ തെറ്റി യാത്രയില്‍ മണല്‍ത്തിട്ടയില്‍ ഉറയ്ക്കുന്ന കപ്പലുകളുടെ രക്ഷക്കുവേണ്ടിയുള്ള ഏര്‍പ്പാടുണ്ടാക്കല്‍, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നേവി നിര്‍വഹിച്ചുവരുന്നു.
കൂടാതെ പണിമുടക്കു മൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ എത്തിയാല്‍ അതേറ്റെടുക്കുക, കൊടുംകാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നേവിയുടെ കര്‍ത്തവ്യങ്ങളില്‍പെടുന്നു. നേവിയിലെ മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ ജല വൈദ്യുതി ഉല്‍പാദന പ്രദേശത്തും മറ്റു നദീതട പദ്ധതികളിലും വിലയേറിയ സേവനങ്ങള്‍ നല്‍കാറുണ്ട്.
യുദ്ധസമയത്ത് ഇന്ത്യയുടേയും സുഹൃദ്രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിന് ഉറപ്പുവരുത്തുകയും അതുവഴി അവശ്യ വസ്തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ചെയ്യുന്നതിലും ഇന്ത്യന്‍ നാവികസേന സാരമായ പങ്കു വഹിക്കുന്നുണ്ട്.