കോട്ടയം ജില്ലയുടെ ധമനിയാണു മീനച്ചിലാർ.
പശ്ചിമഘട്ടത്തിലെ വാഗമൺ മലയിൽ നിന്നാരംഭിച്ച് ഈരാറ്റുപേട്ട, പാലാ, ഭരണങ്ങാനം, ഏറ്റുമാനൂർ , കോട്ടയം എന്നിവിടങ്ങളിലുടെ ഒഴുകി വേമ്പനാട്ടു കായലിൽ (കുമരകം) പതിക്കുന്ന ഇവൾക്ക് 78 കിലോമീറ്റർ നീളമുണ്ട്.
മീനച്ചിലാറിൻ്റെ ഉത്ഭവത്തെക്കുറിച്ച്
പല കഥകളുമുണ്ട്;
തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും
കർഷകരായ- വെള്ളാളരും,
കാവേരിപ്പൂംപട്ടണത്തു നിന്നും കച്ചവടക്കാരായ -വെള്ളാളരും കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇരുകൂട്ടരും
മധുരമീനാക്ഷിഭക്തരായിരുന്നതിനാൽ,
അവർ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും
മീനാക്ഷികോവിലുകൾ പണിയിച്ചു. അതോടെ ആ പ്രദേശത്തിനു ‘മീനച്ചിൽ ‘ എന്നു പേരു വീണു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാറിൻ്റെ പേര് പിന്നീട് മീനച്ചിലാർ എന്നായിത്തീർന്നു …..എന്നതാണ് ഏറ്റവും പ്രസിദ്ധമായ ഒരു കഥ.
നിരവധി കലാ-സാഹിത്യ പ്രതിഭകൾക്ക് എഴുത്തിനും ജീവിതത്തിനും പ്രചോദനം നൽകിയ നദിയാണ് മീനച്ചിലാർ.
ശ്രീമതി. അരുന്ധതി റോയി രചിച്ച്, ബുക്കർ പുരസ്കാരത്തിനർഹമായ, “ഗോഡ് ഓഫ് സ്മാൾ തിംഗ്സ് ” മീനച്ചിലാറിൻ്റെ പശ്ചാത്തലത്തിലാണു രചിക്കപ്പെട്ടിരിയ്ക്കുന്നത്.
ശ്രീ. കാക്കനാടൻ്റെ ‘ഒറോത’യിലെ നായിക ഒറോത, 99 ലെ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറ്റിലൂടെ ഒഴുകി വന്നവളാണ്.
അണക്കെട്ടില്ലാത്ത ഈ നദിയിലെ വെള്ളപ്പാക്കം പ്രവചനാതീതമാണ്. കാരണം നിരവധി ചെറു നദികളും ചെറുകനാലുകലും മീനച്ചിലാറ്റിൽ ചേരുന്നുണ്ട്.
കാവണാർ എന്നും ഇതിനുപേരുണ്ട്. കോട്ടയത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്നതും കൃഷിയാവശ്യത്തിനുപയോഗിക്കുന്നതും
മീനച്ചിലാറ്റിലെ ജലമാണ്. അദ്ധ്വാനശീലരായ
ജനങ്ങളാണ് മീനച്ചിലാറിന്റെ തീരവാസികൾ.
അരുവിത്തുറ സെന്റ് ജോർജ് പള്ളി, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ചേർപ്പുങ്കൽ ഉണ്ണിമിശിഖാ പള്ളി, താഴത്തങ്ങാടി തുടങ്ങിയ ഇടങ്ങളാണ് മീനച്ചിലാറിന്റെ കരയിലെ പ്രധാനപ്പെട്ട മതസ്ഥാപനങ്ങൾ.
വർഷക്കാലത്ത് ഭീകരരൂപിണിയാവുന്ന നദി വേനലിൽ വറ്റിവരളുന്നു. പാലായിലെ വെള്ളപ്പൊക്കത്തിൻ്റെ തീവ്രത
വർദ്ധിപ്പിക്കുന്നത് മീനച്ചിലാറാണ്. ഇത് പരിഹരിക്കുന്നതിനായി മീനച്ചിലാർ – മീനന്തറയാർ -കൊടുരാർ നദീസംയോജന പദ്ധതി നടപ്പിലാക്കിക്കെണ്ടിരിക്കുന്നു.
വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും, അനധികൃത മണൽവാരലും പുഴയുടെ മനോഹാരിത നഷ്ടപ്പെടുത്തുന്നുണ്ട്.
മീനച്ചിലാറ്റിലെ മത്സ്യബന്ധനം പ്രദേശവാസികൾക്ക് ഉത്സവം പോലെയാണ്.
മറ്റേതൊരു നദിയേയും പോലെ മീനച്ചിലാറും, തീരവാസികൾക്ക് ജീവനും ജീവിതവുമേകി, അനുസ്യൂതം
ഒഴുകിക്കൊണ്ടേയിരിക്കുന്നു.
സുജഹരി (കടപ്പാട്)
നന്നായിട്ടുണ്ട്. ആശംസകൾ
സന്തോഷം …❤️
മീനച്ചിലാറിന്റെ തീരങ്ങളിൽ ഒത്തിരി ഒത്തിരി ഓർമ്മകൾ എനിക്ക് ഉണ്ട്. പ്രവാസി ആയ വായനക്കാർക്ക് ഇവിടെ ദൂരെ ഇരുന്നു,സ്വച്ഛന്ദമായി ഒഴുകുന്ന അവളെ അണിയിച്ചു ഒരുക്കി, മുന്നിൽ കൊണ്ട് വന്ന തൂലികയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സ്നേഹപൂർവ്വം ദേവു
സ്നേഹം 🌹🌹🌹