തയ്യാറാക്കിയത്: സുജ ഹരി, തൃപ്പൂണിത്തുറ
മലയാളത്തിന്റെ ‘മഞ്ഞ നദി’ ചാലിയാറിന്റെ മനോഹര തീരത്തു കൂടിയായാലോ
ഇന്നത്തെ യാത്ര…
തമിഴ്നാട്ടിലെ ഇളമ്പലേരിക്കുന്നുകളിൽ നിന്ന് ഉത്ഭവിച്ച്, മലപ്പുറം, കോഴിക്കോട്
ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ
പതിക്കുന്ന ചാലിയാറിന് 169 കിലോമീറ്റർ നീളമുണ്ട്. കേരളത്തിലെ നദികളിൽ വലിപ്പത്തിൽ നാലാം സ്ഥാനമാണ് ഇവൾക്കുള്ളത്.
ചോലയാർ എന്ന പേര് ചാലിയാർ ആയതായി പറയുന്നു. അഴിമുഖത്തോടടുക്കുമ്പോൾ
ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
ഇരുവഴിഞ്ഞിപ്പുഴ, ചെറുപുഴ, എങ്ങപ്പുഴ, കരിമ്പുഴ എന്നിവയാണ് പ്രധാന പോഷകനദികൾ.
കോഴിക്കോട്ടുകാരുടെ ജീവജലമാണ് ചാലിയാർ. നിലമ്പൂർ കാടുകളെ ഹരിതാഭമാക്കി എടവണ്ണ, അരീക്കോട് , കീഴ്പറമ്പ്, ചെറുവാടി,മാവൂർ , ഫറൂഖ് , ബേപ്പൂർ എന്ന വിടങ്ങളിലൂടെ ഒഴുകി ബേപ്പൂരിനടുത്തു വച്ച് അറബിക്കടലിൽ പതിക്കുന്നു
ബ്രിട്ടീഷുകാരുടെ കാലത്ത് നിലമ്പൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് തേക്ക് കടത്തുവാനായി ഉപയോഗിച്ച നദി എന്ന നിലയിലും പ്രശസ്തമാണ്.
കേരളത്തിലെ ഏറ്റവും മലിനമായ നദി എന്ന കുപ്രസിദ്ധിയോടൊപ്പം തന്നെ, വായു – ജല മലിനീകരണത്തിനെതിരെ സമരം നടത്തി വിജയിച്ചു എന്നെ സുപ്രസിദ്ധിയും സ്വന്തമായുള്ള ഏക നദിയും ചാലിയാർ തന്നെ. തെക്കേ ഇന്ത്യയിൽ ആദ്യമായി കയാക്കിംഗ് മൽസരം നടത്തിയത് ചാലിയാറിലെ ‘ തുഷാരഗിരി ‘ വെള്ളച്ചാട്ടത്തിലായിരുന്നു.
ചാലിയാറിന്റെ തീരത്തുണ്ടായിരുന്ന ‘മാവൂർ
ഗ്വാളിയോർ റയോൺസ് ‘ എന്ന സ്ഥാപനമായിരുന്നു ചാലിയാറിനെ മലിനമാക്കിയതിൽ പ്രധാന പങ്കു
വഹിച്ചത്. കെ.എ. റഹ്മാന്റെ നേതൃത്വത്തിലുള്ള
ചാലിയാർ സംരക്ഷണ സമിതി നടത്തിയ
നിരന്തര പ്രക്ഷോഭങ്ങളുടെയും സത്യാഗ്രഹങ്ങളുടെയും ഫലമായി 2001-ൽ ഗ്വാളിയോർ റയോൺസ് അടച്ചു പൂട്ടുകയും
കേരളക്കരയിൽ പുഴ മലിനീകരണത്തിനെതിരെയുള്ള വിജയിച്ച, ആദ്യ സമരമാവുകയും ചെയ്തു. ഈ സമരം മാതൃകയാക്കിയാണ് പലയിടത്തും നദീ
സംരക്ഷണ സമിതികൾ രൂപം കൊണ്ടത്.
പുഴയിലെ ബീച്ച് എന്നറിയപ്പെടുന്ന, പ്രശസ്തമായ
‘മുറിഞ്ഞമാട് ബീച്ച് ‘ ചാലിയാറിലാണ്
ചാലിയാർ തീരത്താണ് (നിലമ്പൂർ ) കേരളത്തിൽഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ളത്. നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം , തുഷാരഗിരി വെള്ളച്ചാട്ടം (കോഴിക്കോട്), ഫാറൂഖ് പട്ടണം,
ഉരു നിർമ്മാണകേന്ദ്രങ്ങൾ
തുടങ്ങിയവ ചാലിയാർ തീരങ്ങളെ സമ്പന്നമാക്കുന്നു. മലപ്പുറം ജില്ലയിലിലെ
നിർദിഷ്ട കരിമ്പുഴ വന്യമൃഗസങ്കേതവും
ചാലിയാർ തീരത്താണ്. അഴിമുഖത്താണ് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം. ചാലിയാറിലെ മീൻപെരുമ കേൾവികേട്ടതാണ്. പക്ഷേ കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ ചാലിയാറിന്റെ സ്വഭാവിക ഒഴുക്ക് നിലച്ച്, മൽസ്യങ്ങൾക്കും മറ്റു ജൈവ സമ്പത്തുകൾക്കും വൻതോതിൽ നാശം സംഭവിച്ചതായി തീരവാസികൾ പറയുന്നു.
പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴ, മുക്കത്തെ ചുറ്റി ഒഴുകുന്നു.
മൊയ്തീൻ – കാഞ്ചനമാല ; അനശ്വര പ്രണയത്തിന്റെ പേരിൽ പ്രസിദ്ധമായ ഇരുവഴിഞ്ഞിപ്പുഴയെ അറിയാത്ത മലയാളിയുണ്ടാവില്ലല്ലോ…!
തടിവ്യവസായത്തിനു കേൾവി കേട്ടതും, പശ്ചിമഘട്ടത്തിലെ, കോഴിക്കോട് ചേരിക്കളത്തൂർ നിന്നാരംഭിച്ച് അറബിക്കടലിൽ പതിക്കുന്നതുമായ കല്ലായിപ്പുഴയെ ( 40 KM) ഒരു കനാൽ വഴി ചാലിയാറിനോട് ബന്ധിപ്പിച്ചിരിക്കുന്നു. നമ്മുടെ പ്രിയ നടൻ മാമുക്കോയയുമായി ബന്ധപ്പെടുത്തിയേ കല്ലായിപ്പുഴയെ ഓർമ്മിക്കാൻ കഴിയു. അദ്ദേഹത്തിന്റെ ജീവിതം കല്ലായിപ്പുഴയുടെ തീരത്തായിരുന്നുവല്ലോ…
നൻമയും തിൻമയും വിളയുന്ന എത് നദിയെയും പോലെ, ചാലിയാറും,
ഒരുപാട് രഹസ്യങ്ങളൊളിപ്പിച്ചു കൊണ്ട് തീരനിവാസികൾക്ക് ജീവനും, ജീവിതവും നൽകി, അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
(കടപ്പാട്) സുജ ഹരി