ചാലക്കുടിപ്പുഴ…..
ചാലക്കുടിപ്പുഴയിലെ ഓളപ്പരപ്പിലൂടെ വഞ്ചിയൂന്നി പാതിവഴിയിൽ
നമ്മെ വിട്ടുപോയ ‘ചാലക്കുടിക്കാരൻ
ചങ്ങാതി’ യെ ഓർത്തുകൊണ്ട് നമുക്കീ പുഴയോരത്തു കൂടി യാത്രയാരംഭിയ്ക്കാം…
തമിഴ്നാട്ടിലെ ആനമലയിൽ നിന്നുൽഭവിച്ച്,
കാടും മേടും ഗ്രാമങ്ങളും നഗരങ്ങളും താണ്ടി, ചിലപ്പോൾ ശാന്തയായും, മറ്റു ചിലപ്പോൾ സംഹാരരുദ്രയായും ഒഴുകിയൊഴുകി, അറബിക്കടലിൽ ചേരുന്ന, ചാലക്കുടിപ്പുഴയ്ക്ക് 145 കിലോമീറ്റർ നീളമുണ്ട്. കേരളത്തിലെ നദികളിൽ നീളം കൊണ്ട് അഞ്ചാം സ്ഥാനമാണിവൾക്ക്..
‘പെന്നൈ ‘ എന്നാണ് പുരാണങ്ങളിൽ ഈ നദി അറിയപ്പെടുന്നത്. ഷോളയാർ എന്നും പേരുണ്ട്.
പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കാരപ്പാറ, ആനക്കയം എന്നിങ്ങനെ നിരവധി കൊച്ചരുവികൾ ചേർന്ന് രൂപം കൊള്ളുന്ന ചാലക്കുടിപ്പുഴ; പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ, പത്തു ലക്ഷത്തോളം പേർക്ക് ദാഹജലവും ജീവിതവുമേകുന്നു.
പരിസ്ഥിതി വൈവിധ്യം കൊണ്ടും അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ കൊണ്ടും അനുഗൃഹീതമാണ് ചാലക്കുടിപ്പുഴ ഏഴാറ്റുമുഖം എന്ന സ്ഥലത്താണ്
പുഴ ഏറ്റവും മനോഹരിയാകുന്നത്
ആഗോള പ്രശസ്തിയാർജിച്ചതും, പ്രകൃതി മനോഹരവും, കേരളത്തിലെ ‘ നയാഗ്ര’ എന്നറിയപ്പെടുന്നതുമായ, അതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്.
ഷോളയാർ, പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതികൾക്കു പുറമെ, നിർദ്ദിഷ്ട അതിരപ്പിള്ളി, ആനക്കയം പദ്ധതികൾ ചാലക്കുടിപ്പുഴയിലാണ്.
ജൈവ വൈവിധ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതാണ് ഇവൾ. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വയിനം ജീവികളും ,സസ്യങ്ങളും, മൽസ്യങ്ങളുമുള്ള പുഴ കേരളത്തിൽ മൽസ്യസമ്പത്തിലും മുന്നിൽ നിൽക്കുന്നു. ആനത്താരകളും, കാടുകളും തുരുത്തുകളുമെല്ലാമുള്ള അതിവിശിഷ്ടമായ ആവാസവ്യവസ്ഥ ഇന്നും നിലനിൽക്കുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലാണ്. ‘കാടർ’ എന്ന ആദിവാസി വിഭാഗത്തിന്റെ ജീവനോപാധി ഈ പുഴയാണ്
കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ കേന്ദ്രവും പാലിയത്തച്ചന്റെ നാടുമായ ചേന്ദമംഗലം, അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള ജൂതപ്പള്ളി, സിൽവർസ്റ്റോം… ഡ്രീം വേൾഡ്, വാട്ടർ തീം പാർക്കുകൾ എന്നിവയും ചാലക്കുടിപ്പുഴത്തീരത്താണ്.
മറ്റേതു പുഴയേപ്പോലെയും, മാലിന്യത്തിൽ മുങ്ങി ഒഴുക്കു നിലച്ച പുഴയെ സംരക്ഷിക്കുവാനായി, ‘ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ‘ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്.
ആലുവയിൽ വച്ച് രണ്ടായി പിരിയുന്ന പെരിയാറിന്റെ, ഒരു കൈ വഴിയായ ‘മംഗലം പുഴ’ യിൽ, ‘ ഇലന്തിക്കര’ വച്ച്
ചാലക്കുടിപ്പുഴ ചേരുകയും, പതിനഞ്ചു കിലോമീറ്ററോളം പെരിയാറുമായി കൈകോർത്ത് ഒഴുകി, അറബിക്കടലിൽ ലയിക്കുകയും ചെയ്യുന്നു.
ചാലക്കുടിപ്പുഴയിൽ വള്ളംകളി നടത്തുന്നതിന് നേതൃത്വം നൽകിയ ; അന്തരിച്ച നമ്മുടെ പ്രിയ നടൻ കലാഭവൻ മണിയുടെ സ്മരണകളുമായി അവൾ ഒഴുകിക്കൊണ്ടേയിരിക്കുന്നു …..പ്രിയ ചങ്ങാതിയുടെ ഈരടികളെ നെഞ്ചേറ്റിക്കൊണ്ട്…
ചാലക്കുടിച്ചന്തക്കു പോകുമ്പം
ചന്ദനച്ചോപ്പുള്ള…….
സുജ ഹരി (കടപ്പാട്)
പുഴപോലൊഴുകുന്ന വായനാസുഖംനൽകിയ മനോഹരമായ എഴുത്ത് ആശംസകൾ സുജ🙏♥️♥️♥️💐💐💐🌹🌹🌹
പുഴയൊഴുകുന്ന വഴിയേ വായനക്കാരെ കൈപിടിച്ച് നടത്താൻ കഴിഞ്ഞ തൂലികയ്ക്ക് അഭിനന്ദനങ്ങൾ ❤️🙏
സ്നേഹപൂർവ്വം ദേവു
സ്നേഹം …. സന്തോഷം
കൂട്ടുകാരെ ❤️❤️