“അച്ചൻകോവിലാറു വിളിച്ചൂ
കൊച്ചലക്കൈ നീട്ടി… “
ശ്രീകുമാരൻ തമ്പി എഴുതി ഇളയരാജയുടെ സംഗീതത്തിൽ
എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച മനോഹര ഗാനത്തിന്റെ അലയൊലികൾക്ക് കാതോർത്ത്, അച്ചൻകോവിലാറിൻ തീരത്തു കൂടി നമുക്ക് യാത്ര തുടങ്ങാം ….
മധ്യകേരളത്തിലെ ഒരു പ്രധാന നദിയാണ്
അച്ചൻകോവിലാർ. അച്ചന്‍കോവില്‍ കുന്നുകളില്‍ നിന്ന് ഉത്ഭവിയ്ക്കുന്നതു കൊണ്ടാവാം ഈ നദിയ്ക്ക് അച്ചൻകോവിലാർ എന്ന പേരു വന്നത്.
കൊല്ലം ജില്ലയിലെ പശുക്കിടാമേട് , രാമക്കൽതേരി, ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉത്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ച് രൂപം കൊള്ളുന്ന അച്ചൻകോവിലാർ, തിരുവല്ല, മാവേലിക്കര, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. ഏകദേശം 112 കി.മീ. ഒഴുകി ഇതിന്റെ ഒരു ഭാഗം ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് പമ്പാനദിയിൽ ലയിക്കുന്നു. മാവേലിക്കരയിൽ വെച്ച് വീണ്ടും പല കൈവഴിയായി തിരിയുകയും വേമ്പനാട് കായലിൽ പതിക്കുകയും ചെയ്യുന്നു.
ഗതിമാറ്റിയൊഴുക്കുകയെന്ന അപൂർവ്വ പ്രതിഭാസത്തിനും ഈ നദി ഇരയായിട്ടുണ്ട്….
AD 1700നും AD 1800നും ഇടയിൽ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ്, കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി വെണ്മണി, ബുധനൂർ, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാറിനെ, വെണ്മണിയിലെ ശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി, വെട്ടിയാർ (വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കിയതായി ചരിത്രം പറയുന്നുണ്ട്.
വലംചുഴി എന്ന സ്ഥലത്തു വച്ച് നദി ഒരേ സമയം കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന, അപൂർവ്വ പ്രതിഭാസവും ഈ നദിയിൽ കാണാൻ കഴിയുന്നതായി പറയുന്നുണ്ട്.
കോന്നി , പത്തനംതിട്ട നഗരങ്ങൾ ഈ നദീതീരത്താണ്. പത്തനംതിട്ട ജില്ലയിലാണ് പ്രശസ്തമായ ശബരിമല അയ്യപ്പക്ഷേത്രം. പന്തളം രാജാക്കന്മാരുടെ ആസ്ഥാനവും, ശബരിമല ശ്രീ അയ്യപ്പൻ വളർന്നതായി ഐതിഹ്യമുള്ളതുമായ പന്തളം കൊട്ടാരം, സീറോ മലബാർ സഭാ ദേവാലയങ്ങൾ, മുസ്ലിം പള്ളികൾ എന്നിവയും അച്ചൻകോവിലാറിന്റെ തീരത്തുണ്ട്.
തീരങ്ങളിൽ കരിമ്പുകൃഷി വ്യാപകമാണ്.
കേരളത്തിലെ മറ്റു നദികളെപ്പോലെതന്നെ അച്ചൻകോവിലാറും മണൽ വാരൽ, ആറ്റിനുള്ളിലെ കൃഷി, നഞ്ചിടീൽ തുടങ്ങിയ ചൂഷണങ്ങളാലും, മാലിന്യ പ്രശ്നങ്ങളാലും പ്രതിസന്ധിയനുഭവിക്കുന്നു.
കാലവർഷവും വെള്ളപ്പൊക്കവും ഇടയ്ക്കൊക്കെ തീരാദുരിതം സമ്മാനിക്കുമെങ്കിലും തീരവാസികളുടെ പ്രിയപ്പെട്ടവളായി പമ്പയുടെ ആരോമൽ തോഴിയായി, അവൾ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു…..