17.1 C
New York
Tuesday, December 5, 2023
Home Special നദികൾസ്നേഹപ്രവാഹങ്ങൾ: ഭാരതപ്പുഴ

നദികൾസ്നേഹപ്രവാഹങ്ങൾ: ഭാരതപ്പുഴ

തയ്യാറാക്കിയത്: സുജ ഹരി, തൃപ്പൂണിത്തുറ

“നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ…. “

ഒ എൻ വി എഴുതി, ഗാന ഗന്ധർവ്വൻ യേശുദാസ് പാടിയ ഈ ഗാനമൊന്നു മൂളാത്ത മലയാളിയില്ല ….. നിളയിലൊന്നു നീരാടാൻ കൊതിക്കാത്ത മലയാളിയുമില്ല.

“അറിയാത്ത അൽഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ, അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം”
എന്നെഴുതിയ ‘നിളയുടെ കഥാകാരൻ ‘
എ.ടി.യുടെ വാക്കുകളോർത്തു കൊണ്ട് നമുക്ക് നിളാതീരത്തിലൂടെ യാത്രയാരംഭിക്കാം.

ആനമലനിരകളിൽപ്പെട്ട ത്രിമൂർത്തിമലയിലെ ഗുഹാപരിസരത്തു നിന്നുൽഭവിച്ച് , പാണ്ടി നാട്ടിലൂടെ അൽപ്പം ഒഴുകി, പാലക്കാട് ചുരംവഴി കേരളത്തിലെത്തി പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ കടന്നുവരുന്ന നിള, മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ വച്ച് അറബിക്കടലിൽ ചേരുന്നു. ആകെ 250 കിലോമീറ്റർ നീളമുണ്ടെങ്കിലും കേരളത്തിലവൾ 209 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്നു.
കേരളത്തിലെ നദികളിൽ നീളം കൊണ്ട് രണ്ടാംസ്ഥാനക്കാരിയാണ് നിള.

പരന്നൊഴുകുന്ന പുഴ ‘പരത്തിപ്പുഴ’ പിന്നീട്
ഭാരതപ്പുഴയായെന്നും, നീലഗിരി മലകളുടെ പുത്രിയായ ‘നീല’ പിന്നീട് നിളയായി മാറിയെന്നും കരുതപ്പെടുന്നു. പുരാണങ്ങളിലെ ‘പേരാർ ‘, കേരളത്തിന്റെ നൈൽ, കേരളത്തിന്റെ അമ്മ, തുടങ്ങിയ വിശേഷണങ്ങളും നിളക്കുണ്ട്.
ഗായത്രിപ്പുഴ,ചിറ്റൂർപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ, കുന്തിപ്പുഴ തുടങ്ങി അനേകം പോഷകനദികളും നിളയെ സമ്പന്നമാക്കുന്നു.

ചരിത്രപ്രസിദ്ധമായ ‘മാമാങ്ക ‘ത്തെക്കുറിച്ച് അറിയാത്ത, മലയാളിയുണ്ടാവില്ല;
വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിങ്ങനെയെല്ലാം ചേർന്ന്, പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തിയിരുന്ന ജനകീയ ഉൽസവമായിരുന്നു മാമാങ്കം ! ജനകീയ കാർഷിക-സാംസ്ക്കാരികോത്സവമായ മാമാങ്കത്തിന്റെ രക്ഷാധികാരിയാകുവാനായി, വള്ളുവക്കോനാതിരിയും, സാമൂതിരിയും തമ്മിൽ നടന്ന അധികാര വടംവലിയിലൂടെയും രക്തംചിന്തലിലൂടെയും കേരള ചരിത്രത്തിലെ കറുത്ത ഏടായി അതുമാറി. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണൽപ്പുറത്താണ് മാമാങ്കം അരങ്ങേറിയിരുന്നത്.
പിതൃക്കളുടെ പുണ്യഭൂമിയായി ഇന്നറിയപ്പെടുന്ന തിരുനാവായ, ത്രിമൂർത്തി സംഗമത്തിന്റെ അപൂർവ്വസ്ഥാനം കൂടിയാണ്.

‘നിശ്ശബ്ദതാഴ്വര ‘ എന്നറിയപ്പെടുന്ന
സൈലന്റ് വാലി നാഷണൽ പാർക്കും, തിരുവില്വാമലയിലെ ഐവർമഠവും, പുനർജ്ജനി ഗുഹയും നിളാതീരത്താണ്.

രാഷ്ടീയ സാമൂഹ്യപ്രമുഖരും, സാഹിത്യപ്രതിഭകളുമായ ധാരാളം പേർനിളാതീരത്ത് ജൻമംകൊള്ളുകയും, നിളാതീരവും, കേരളവും, ഭാരതമാമൊന്നാകെയും അവരുടെ കർമ്മഭൂമിയാക്കുകയും ചെയ്തിട്ടുണ്ട്.
മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ, തുള്ളൽ ആചാര്യൻ കുഞ്ചൻനമ്പ്യാർ,
നിളയുടെകവി പി. കുഞ്ഞിരാമൻ നായർ , നിളയുടെ കഥാകാരൻ എം.ടി. വാസുദേവൻ നായർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, എം.ഗോവിന്ദൻ, വി.കെ.എൻ, കെ.പി.കേശവമേനോൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.ശ്രീധരൻ തുടങ്ങി നിരവധി പ്രമുഖർ ഈ പട്ടികയിലുണ്ട്.

ഒ.വി.വിജയന്റെ കൃതികളിൽ നിളയെപ്പറ്റി പരാമർശമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിന്റെ കർമ്മഭൂമിയും, കൊല്ലങ്കോട് കോവിലകത്തിന്റെ ആസ്ഥാനവും നിളാതീരത്ത് തന്നെ.
നിളാതീരത്തുള്ള ക്ഷേത്രങ്ങൾക്കും, ഉൽസവാഘോഷങ്ങൾക്കും കണക്കില്ല.
പ്രസിദ്ധമായ കൽപാത്തി രഥോൽസവം നടക്കുന്ന കൽപാത്തിപ്പുഴ നിളയുടെ കൈവഴിയാണ്

കലാമണ്ഡലത്തിൻ്റെ ചെറുതുരുത്തിയിലെ ആസ്ഥാനം നിളാതീരത്താണ്. ഏറ്റവും നീളം കൂടിയ ജലസേചന അണക്കെട്ടായ മലമ്പുഴയും, ആദ്യത്തെ ഉരുക്കു തടയണയും ഭാരതപ്പുഴയിൽ തന്നെ. നിളയുടെ അസ്തമയതീരമായ പൊന്നാനിയിലെ, വലിയ ജുമാഅത്ത് പള്ളിയും മതപഠനകേന്ദ്രവും പ്രത്യേക പ്രധാന്യമർഹിയ്ക്കുന്നു.

മലയാളത്തിനെ എഴുത്തിനിരുത്തുന്ന, തിരൂരിലെ തുഞ്ചൻപറമ്പും, കയ്ക്കാത്ത കാഞ്ഞിരമരവും, തൊട്ടൊഴുകുന്ന നിള, മലയാളത്തിന്റെ ആത്മാവിലൂടെയൊഴുകുന്ന ജീവിതനദിയാണ്.

ഭാരതപ്പുഴ, നിള, പേരാർ, ദക്ഷിണഗംഗ, ചിറ്റൂർപ്പുഴ, ശോകനാശിനിപ്പുഴ, എന്നിങ്ങനെ ധാരാളം പേരുകളുള്ളതു കൊണ്ടാവാം …..

“ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ
കുന്നലനാടിന്റെ പൊന്നുമോൾക്ക്…. “
എന്ന പ്രസിദ്ധമായ ഗ്രാമീണ ഗാനം പിറവിയെടുത്തത്.

നിളാനദി, മലയാളിക്ക് വെറുമൊരു പുഴയല്ല. തനിമയുടേയും, പാരമ്പര്യത്തിന്റേയും സംസ്കാര വികാസത്തിന്റെയുമെല്ലാം ജൈവപ്രവാഹമാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയനദി വേറെയില്ല.

വേനൽക്കാലത്ത് കണ്ണീർച്ചാലായി ഒഴുകുകയും മഴക്കാലത്ത് കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന ഭാരതപ്പുഴ നേരിടുന്ന പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിന് ഇ. ശ്രീധരൻ്റ അധ്യക്ഷതയിൽ അതിബൃഹത്തായ ഒരു ‘നദിസംരക്ഷണ സമിതി’ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ഒഴുകിത്തീരാത്ത പുഴപോലെ തന്നെയാണ് ഈ പുഴയുടെ വിശേഷങ്ങളും.
പറഞ്ഞാൽ തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രവും നെഞ്ചിൽ ചേർത്തു പിടിച്ചുകൊണ്ട്,
നിള ഒഴുകിക്കൊണ്ടേയിരിക്കുന്നു ……

(തുടരും….)

FACEBOOK - COMMENTS

WEBSITE - COMMENTS

3 COMMENTS

  1. നിളയുടെ ജാതകത്തെ അവതരിപ്പിച്ച തൂലികയ്ക്ക് അഭിനന്ദനങ്ങൾ

    സ്നേഹപൂർവ്വം
    ദേവു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...

യൂത്ത് കോൺഗ്രസ്‌ ഹെൽപ്പ് ഡസ്ക്കിന്‍റെ ഭാഗമായി മഹിളാ കോൺഗ്രസും

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതുമുതൽ ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന യൂത്ത് ഹെൽപ്പ് ഡസ്ക്കിന്‍റെ പ്രവർത്തനങ്ങളിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ഭാഗമായി. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ തോമസ്...
WP2Social Auto Publish Powered By : XYZScripts.com
error: