തയ്യാറാക്കിയത്: സുജ ഹരി, തൃപ്പൂണിത്തുറ
“പെരിയാറേ പെരിയാറേ
പർവതനിരയുടെ പനിനീരേ
കുളിരുംകൊണ്ടു കുണുങ്ങിനടക്കുന്ന മലയാളിപെണ്ണാണു നീ…….!”
സഹ്യന്റെ മടിയിൽ നിന്നിറങ്ങി കാടും മലയോരങ്ങളും താണ്ടി, പാദസരങ്ങൾ കിലുക്കി, ഏവർക്കും തനുവും തണുവുമേകി കുണുങ്ങിയൊഴുകി കൃഷിയ്ക്കും വൈദ്യുതിക്കുമായി ജലമേകിയൊഴുകുന്ന ഈ “പെരിയആറ് ” മലയാളിയുടെ ജീവിതത്തെയും സാംസ്കാരിക ചരിത്രത്തെയും തൊട്ടുതലോടിയാണ് ഒഴുകുന്നത്.
കേരളത്തെ കേരളമാക്കുന്ന പെരിയാർ, കേരളത്തിലെ ഏറ്റവും നീളംകൂടിയതും (244 കിലോമീറ്റർ) ഏറ്റവും കൂടുതൽ വെള്ളം ഉൾക്കൊള്ളുന്ന നദിയുമാണ്.
ശിവഗിരിക്കുന്നുകളിൽ നിന്നാരംഭിച്ച്, മൂന്നാറിൽ വച്ച്, മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളഎന്നീ കൈവഴികൾ ചേർന്നു സംഗമിച്ച്, ‘മൂന്നാറി’ന് മനോഹരമായ ആ പേര് സമ്മാനിച്ച് ഇടുക്കി ജില്ലയിൽ നിന്നിറങ്ങി, എറണാകുളം ജില്ലയിലൂടെ ഒഴകുന്ന പെരിയാർ ‘ആലുവാപ്പുഴ’ എന്ന പേരിലും അറിയപ്പെടുന്നു.
ഇടുക്കി, എറണാകുളം ജില്ലകളെ ഫലഭൂയിഷ്ഠമാക്കി കടന്നുപോകുന്നതും
കേരളത്തിൽ ഏറ്റവും കൂടുതൽ കൈവഴികളുമുള്ള പെരിയാറിന്റെ, ആദ്യ കൈവഴിയായ മുല്ലയാർ പെരിയാറുമായി സംഗമിക്കുന്ന സ്ഥലത്താണ്, വിവാദമായ (നമുക്കൊരു പ്രയോജനവുമില്ലാത്ത), ‘മുല്ലപ്പെരിയാർ ഡാം’ . ഭൂതത്താൻമാർ
കെട്ടാൻശ്രമിച്ച് പൂർത്തിയാക്കാത്ത അണക്കെട്ടെന്ന ഐതിഹ്യമുള്ള, ‘ഭൂതത്താൻകെട്ട്’ അണക്കെട്ടും അതിനോടനുബന്ധമായുള്ള വിനോദസഞ്ചാരകേന്ദ്രവും പെരിയാറ്റിലാണ്.
പ്രശസ്തവിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ, എറണാകുളം ജില്ലയിലെ ‘പാണിയേലി പോര്’ ഇക്കോടൂറിസം കേന്ദ്രം, മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് പ്രൊജക്റ്റ്, പെരിയാർ വന്യമൃഗസങ്കേതം,
തട്ടേക്കാട് പക്ഷിസങ്കേതം,
തീർത്ഥാടന കേന്ദ്രമായ ‘മലയാറ്റൂർ കുരിശുമുടി’, ആദിശങ്കരന്റെ ജൻമസ്ഥലമായ കാലടി, അദ്വൈതാശ്രമം, കോടനാട് ആനക്കളരി, ആലുവ ശിവരാത്രിമഹോത്സവവും പിതൃബലിപൂജകളും നടക്കുന്ന ആലുവാമണപ്പുറം,
” സ്ത്രീകളുടെ ശബരിമല ” യായ തിരുവൈരാണിക്കുളം ക്ഷേത്രം തുടങ്ങി
നിരവധി ആരാധാനാലയങ്ങൾ പെരിയാറിൻ്റെ തീരത്തുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ഡാമായ,
ഇടുക്കി ആർച്ച് ഡാം ഉൾപ്പെടെ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ളതും ‘കേരളത്തിന്റെ ജീവരേഖ’ എന്നറിയപ്പെടുന്ന പെരിയാറിലാണ്.ശങ്കരാചാര്യർ ‘പൂർണ്ണ’ എന്നു വിളിച്ചതും അർത്ഥശാസ്ത്രത്തിൽ ‘ചൂർണ്ണി ‘ എന്ന പേരിൽ പരാമർശിക്കുന്നതും പെരിയാർ തന്നെ.
ആലുവയിലെത്തുന്ന പെരിയാർ അവിടെ
വച്ച് രണ്ടായി പിരിയുകയും ഒരു കൈവഴി ‘മംഗലംപുഴ’യെന്ന പേരിൽ ചാലക്കുടിപ്പുഴയുമായി സന്ധിക്കുകയും, കൊടുങ്ങല്ലൂർ തടാകത്തിൽ ചേർന്ന് അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നു. മറുകൈവഴി ‘മാർത്താണ്ഡൻപുഴ’യെന്ന പേരിലൊഴുകി വേമ്പനാട്ടു കായലിലും പതിക്കുന്നു. കേരളത്തിലെ അപൂർവ നെൽവിത്തിനങ്ങളായ പൊക്കാളികൃഷി വ്യാപകമായി നടക്കുന്നത് ഈ പ്രദേശങ്ങളിലാണ്.
AD 1341-ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ, മണ്ണടിഞ്ഞ് പുരാതന ഭാരതത്തിലെ തുറമുഖമായിരുന്ന ‘മുസിരിസ് നശിക്കുകയും ഇന്നത്തെ ‘കൊച്ചി’ തുറമുഖം ഉടലെടുക്കുകയും ചെയ്തതായി കരുതപ്പെടുന്നു.
പിന്നീട് 1924-ൽ അതായത്, മലയാള വർഷം 1099ൽഉണ്ടായ വെള്ളപ്പൊക്കമാണ് 99’ലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെട്ടത്.
ഏതു പുഴയും നേരിടുന്ന വേനൽക്കാലമെലിച്ചിലും, മഴക്കാലത്തെ വെള്ളപ്പൊക്കവും പെരിയാറിലുമുണ്ട്; ഇതുകൂടാതെയാണ് വ്യവസായ മേഖലയിൽ നിന്ന് പുഴയിലേക്ക് ഒഴുക്കുന്ന രാസമാലിന്യം മൂലമുണ്ടാകുന്ന അധിക പ്രശ്നങ്ങൾ !
രാസമാലിന്യങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞൊഴുകുന്ന വിഷലിപ്തമായ ഒരു നദിയാണിന്ന് പെരിയാർ. നദീസംരക്ഷണ സമിതിക്കൊപ്പം കൂട്ടായ പ്രവർത്തനങ്ങളിലൂടെ പെരിയാറിനെ
പഴയ സുന്ദരിയാക്കുവാൻ നമുക്ക് പ്രയത്നിക്കാം.
അടുത്തിടെ ഉണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളിൽ അവൾ നമ്മെ ചെറുതായി ദുഃഖിപ്പിച്ചെങ്കിലും, ഇപ്പോഴുമവൾ നമ്മുടെ പ്രിയപ്പെട്ടവൾ തന്നെ!
വയലാർ രാമവർമ്മ എഴുതിയതു പോലെ ആയിരം പാദസരങ്ങൾ കിലുക്കിക്കൊണ്ട് അവളിന്നുമൊഴുകുന്നു …..
“ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകീ… “
(കടപ്പാട്) സുജ ഹരി
പട്ടി എന്നാൽ തമിഴിൽ ഗ്രാമം. അതുകൊണ്ട്
മാട്ടുപ്പട്ടിയാണ് – മാട്ടൂപ്പെട്ടിയല്ല.
ok sir
സ്നേഹം … സന്തോഷം
അറിവിന്റെ ഈ ലേഖനത്തിന് തൂലികയ്ക്ക് അഭിനന്ദനങ്ങൾ! ഇന്നത്തെ തലമുറ അറിയാതെ പോകുന്ന വിവരങ്ങൾ ഇങ്ങനെ എങ്കിലും അവരുടെ ചെവികളിൽ എത്തട്ടെ… ആശംസകളോടെ.. അടുത്ത ലേഖനത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ദേവു
സന്തോഷം … ദേവൂ 🌹