സുമ റോസ്, ഇടുക്കി
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ ഡോ.സി.വി രാമൻ 'രാമൻ പ്രഭാവം' എന്ന വിസ്മയാവഹമായ കണ്ടുപിടുത്തം ലോകത്തിന് സമർപ്പിച്ചത് 1928 ഫെബ്രുവരി 28ന് ആയിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ്റെ (NCSTC) ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ ആഘോഷിക്കുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ചന്ദ്രശേഖര അയ്യർ -
പാർവതി അമ്മാളു ദമ്പതികളുടെ മകനായി 1888 നവംമ്പർ 7 നാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചത്.
നമ്മുടെ രാജ്യത്തിൻ്റെ യശസ്സ് ആഗോളതലത്തിലുയർത്തിയ കണ്ടെത്തലായിരുന്നു രാമൻ പ്രഭാവം. ഒരു കപ്പൽയാത്രയിൽ കടൽവെള്ളത്തിന് നീല നിറമുണ്ടായതെങ്ങനെ? എന്ന സി.വി രാമൻ്റെ സംശയമാണ് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലേയ്ക്കും മഹത്തായ ഈ കണ്ടെത്തലിലേയ്ക്കും അദ്ദേഹത്തെ നയിച്ചത്. സുതാര്യമായ ഒരു ദ്രാവകത്തിലൂടെ ഏക വർണപ്രകാശം കടത്തിവിട്ടാൽ പുറത്തു വരുന്ന പ്രകാശത്തിൻ്റെ തരംഗദൈർഘ്യം വ്യത്യസ്തമായിരിക്കുമെന്ന് സി.വി രാമൻ തെളിയിച്ചു. ഇതാണ് രാമൻ പ്രഭാവം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ കണ്ടുപിടുത്തം 1930ൽ ഭൗതിക ശാസ്തത്തിലെ അത്യുന്നത ബഹുമതിയായ നോബൽ സമ്മാനത്തിന് അദ്ദേഹത്തെ അർഹനാക്കി. ഭൗതിക ശാസ്ത്രത്തിൽ ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ് ഡോ.സി.വി രാമൻ.
ഒരോ വർഷവും പ്രാമുഖ്യമുള്ള പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും ദേശീയ ശാസ്ത്ര ദിന പരിപാടികൾ ആസൂത്രണം ചെയ്യപ്പെടുക. 2021 ലെ ദേശീയ ശാസ്ത്ര ദിനത്തിൻ്റെ വിഷയം "ഫ്യൂച്ചർ ഓഫ് സയൻസ് ടെക്നോളജി ആൻഡ്' ഇന്നൊവേഷൻ (STI): ഇംപാക്റ്റ്സ് ഓൺ എജ്യൂക്കേഷൻ, സ്കിൽസ് ആൻഡ് വർക്ക് " എന്നതാണ്.
മനുഷ്യൻ്റെ സാമൂഹ്യക്ഷേമത്തിനും നന്മക്കും ശാസ്ത്ര രംഗത്തെ പ്രവർത്തനങ്ങളും ശ്രമങ്ങളും നേട്ടങ്ങളും പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക, നമ്മുടെ ദൈനംദിന ജീവിതത്തിൽ ശാസത്രത്തിൻ്റെ ആവശ്യകതയും പ്രായോഗികതയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുക, തുടങ്ങിയവ ശാസ്ത്ര ദിനാചരണം ലക്ഷ്യമിടുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി സ്കൂൾ, കോളേജ്, ദേശീയ- സംസ്ഥാന ഗവേഷണ സ്ഥാപനങ്ങൾ എന്നിവങ്ങളിൽ സെമിനാർ, ശാസത്രപ്രദർശനം, ഡിബേറ്റ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടത്തപ്പെടുന്നു
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര മേളയായാണ് ദേശീയ ശാസത്ര ദിനം ആചരിക്കുന്നത്.
ഓരോ ശാസ്ത്ര ദിനവും അനുബന്ധ പ്രവർത്തനങ്ങളും നമ്മുടെ രാജ്യത്തിൻ്റെ ശാസ്ത്ര മേഖലയെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് നയിക്കട്ടെ.
സുമ റോസ്
ഇടുക്കി