കെ.വി. വാസുദേവൻ
വാസ്തുശാസ്ത്ര വിധി പ്രകാരം പണിത തറവാടുകളിൽ വേറിട്ട അടുക്കളപ്പുര പോലെയൊരു തീണ്ടാരിപുര. അതിനകത്തൊരു പുല്ലുപായയും മൺകൂജയും..
അകത്ത് അന്നം ഭുജിച്ച് പുറത്ത് പോയി അപ്പിയിട്ട പൂർവികരുടെ കാലത്ത്.. വാസ്തുവിനെ മറികടന്നുള്ള കോൺക്രീറ്റ് കൂടുകൾ പെരുകിയതോടെ പുറത്തു പോയി അന്നം ഭുജിച്ചുവന്ന് കിടപ്പറക്കരികിൽ അപ്പിയിടുന്ന പിന്മുറക്കാർ തച്ചു തകർത്തു പഴഞ്ചൻരീതികളൊക്കെ..
“ആ”നാളുകളിൽ പെണ്ണിനു വീട്ടുപണികളിൽ നിന്ന് പൂർണ്ണമോചനം. വിശ്രമമേകിയ തീണ്ടാരിമുറികൾ ഇന്ന് മറവിയിൽ…
ആർത്തവ ശുദ്ധി തന്നെ ജനനേതാക്കൾക്കു കമ്പം… ഇപ്പോളവർ യാത്രയിലാണ്. ജനഹിത പരിശോധന അടുത്തതോടെ… യാതക്കിടയിൽ സ്വയം തയ്യാറാക്കിയ വേദികളിൽ ഘോരഘോരം… തൃശൂർ കുടമാറ്റം കണക്കെ ഒന്നു തീർന്നാൽ മറ്റൊന്ന്.. അവർ കൗശലപൂർവ്വം എടുത്തിടുന്നതും പെണ്ണിന്റെ അശുദ്ധി.. പരമോന്നത നീതിപീഠത്തിന്റെ പൂർണ്ണ വിധി കാത്തു കിടക്കുന്ന വിഷയത്തിൽ നാളെയീ ഇത്തിരിക്കുഞ്ഞൻ ദേശത്തു നിയമനിർമ്മാണം എന്ന മോഹന വാഗ്ദാനം ഉയർത്തി ശുഭ്രവസ്ത്രദാരികൾ!!. ഇരുളിന്റെ മറവിൽ കാക്കിക്കൂട്ടോടെ പെൺപാദസ്പർശ നവോത്ഥാനസ്വപ്നം പൂത്തുലയിക്കാൻ ശ്രമിച്ചു കൈപൊള്ളിയ വിപ്ലവ യോദ്ധാക്കൾ വെച്ചു നീട്ടുന്നത് പുനർ സത്യവാങ്മൂലം.. !!
വിധി വന്ന നാളുകളിൽ നിയമനിർമ്മാണ സാധ്യത അസ്ഥാനത്താക്കിയ ആർഷ ആചാര സംരക്ഷകർ. ഭൂസ്വത്തും, സംവരണവും കൊണ്ടു പാർശ്വവൽക്കരിക്കപ്പെട്ട സമുദായാഗങ്ങൾക്ക് വേണ്ട മറുവഴി കാട്ടാതെ നാമജപപുണ്യം ഉറപ്പു വരുത്തുന്ന സവർണ നേതൃത്വം..
നവോത്ഥാനത്തിലൂടെ വർണ്ണ മേധാവിത്വം കടലിൽ തള്ളാൻ അവസരം കാത്ത് ചില സംഘടനകളും…
ചുരിദാറിനു മീതെ ക്ഷേത്ര പരിസരത്തു നിന്നും വാടകക്കെടുത്ത ഒറ്റമുണ്ട് ചുറ്റി കൃഷ്ണ ദർശനം പൂകിയ ഗോപികമാർ.. ഋതുക്കൾ മാറിമാറി അമ്മയും അമ്മൂമ്മയുമായിപ്പോൾ ചുരിദാർ വേഷത്തിൽ ഗുരുപവനപുരി പ്രവേശമിപ്പോൾ . അതു കാണുമ്പോൾ ഉറപ്പിക്കാം.. നിയമമോ, വാങ്മൂലമോ, വിധിന്യായങ്ങളോ അല്ല ഇച്ഛാശക്തിയാണ് പ്രധാനമെന്ന്..
സർവ്വാദരണീയനായ എഴുത്തുകാരൻ ചെറുകാടിന്റെ ആത്മകഥ ‘ജീവിത പാത’. അതിൽ അദ്ദേഹം പരോക്ഷമായി ചൂണ്ടി പറയുന്ന ഒരു രംഗമുണ്ട്. കുളിക്കാനിറങ്ങി മുങ്ങിത്തോർത്തി കയറിയ തമ്പുരാന്റെ ദേഹത്ത് അടിയാളൻ ചാമി കഴുകാൻ കൊണ്ടു വന്ന മഹിഷി വെള്ളം തെറിപ്പിച്ചു. “അയിത്തായല്ലോ ചാമീ.. ‘എന്നോതി വീണ്ടും മുങ്ങിത്തോർത്താൻ ഒരുമ്പിട്ട തമ്പ്രാനോട് ചാമി പറയുന്നു “അയിത്തമൊക്കെ ഇപ്പോൾ ഇല്ലാതാവും തമ്പുരാനേ.. സ്വാമികൾ പറഞ്ഞത് തമ്പുരാൻ കേട്ടിട്ടുണ്ടോ.? “എന്ത്? ” “ഒരു ദൈവം ഒരു മനുഷ്യൻ ” “ആരാ ഈ സ്വാമി? ” “ശ്രീ നാരായണ ഗുരു സ്വാമികളെ തമ്പുരാൻ കേട്ടിട്ടില്ലേ..? സ്വാമി ശങ്കരാചാര്യരെക്കാളും കേമനാ..തീയ്യനാണ്.”
ഇത് കൂടാതെ “കുമാരനാശാനെ പ്പറ്റി കേട്ടിട്ടില്ലെങ്കിൽ പിന്നെ തമ്പുരാൻ എന്ത് തമ്പുരാനാണ്.. !!” എന്നും ചാമി തുടർന്നു.
നവോത്ഥാന നാളുകളിൽ അതു പിറക്കാതെ പോവില്ല.. മാറ്റങ്ങളും. നിമിത്തം പോലെ അതിനൊരു നേതൃ പാടവം പിറവി കൊള്ളും.
തീണ്ടാരിപ്പുര താണ്ടി സുരക്ഷാ ഉപാധിയോടെ നമ്മുടെ പെണ്മക്കൾ വ്യായാമകസർത്ത് ആർത്തവ ദിനങ്ങളിൽ.. മനു സ്വരം പോലെ രജസ്വല ആറു ചുവടകലത്തിലല്ല അവരിന്നു അകത്തളങ്ങളിലും തൊഴിലിടത്തും… എന്നിട്ടും ശുദ്ധാശുദ്ധി തിട്ടൂരങ്ങളോടെ ചിലർ..
മുറ പ്രകാരം “ആ” നാളുകളിൽ കടും വേദനയോടെ പെണ്ണ് തുപ്പുന്ന ചോരക്കട്ടകളാണുണ്ണീ.. നിന്റെ പിറവി ഹേതു. അമ്മ തുപ്പിയ രക്തചിന്തുകളാണുണ്ണീ.. നിനക്ക് ലാളിക്കാൻ കുഞ്ഞനിയത്തിയെ സമ്മാനിച്ചതും..
പെണ്ണ് വരികളാൽ, മൊഴികളാൽ, ഇടപെടലുകളാൽ തിളങ്ങട്ടെ .അവളിൽ അശുദ്ധി ചികയാതിരിക്കുക. അവൾ നിന്റെ അമ്മ പെങ്ങന്മാരിൽ ഒരുവൾ.
മൺസൂൺ പൊഴിയും വരെ അനുഷ്ഠാനപ്രിയരാവുന്നു വിവിധ വർണ്ണ കോടികൾ. വോട്ടു ബാങ്കിൽ കണ്ണും നട്ട്. ശാക്തീകരണവും, നവോത്ഥാ നവും മയക്കിക്കിടത്തി…. മഴപെയ്ത് മുറുകിയാൽ നമുക്ക് ഒത്തു ചേർന്ന് മുഴക്കാം. ഇപ്പോൾ മൗനവാല്മീകങ്ങളിൽ അടയിരിക്കുന്ന ലിംഗനീതി ജ്വിഹ്വകൾക്കൊപ്പം… മുറവിളി ഉയർത്താം “സമത്വ സുന്ദര കേരളത്തിനായി”. ആർത്തവരക്തം പൊഴിയട്ടെ ആരോഗ്യ മാനവ വിഭവ ശേഷിക്കായ്…
വാസുദേവൻ KV