ഫാസിസത്തിന്റ മുഖം ആയ മുസ്സോളനിയും .
മാനവികതയുടെയും, കവിതയുടെയും ഗീതാഞ്ജലി ആയ ടാഗോറും തമ്മിലെന്ത്?
കാലം ചിലപ്പോൾ വിരുദ്ധ ധ്രുവത്തിലുള്ളവരെ ചില പ്രിത്യേക നിമിഷത്തിൽ ഒരുമിപ്പിക്കും. അതിന് നിമിഷങ്ങളുടെ ആയുസ്സേ കാണൂ. പക്ഷെ അത് ലോകത്തിന് കൗതുക കാഴ്ചകൾ ഒരുക്കും.
ആത്മനിർവൃതിയിൽ ലയിച്ചിരിക്കുന്ന ടാഗോറിന്റ ഈ ചിത്രം ക്യാമെറയിൽ പകർത്തിയത് ഫാസിസത്തിന്റെ പിതാവ് ബെനിറ്റോ മുസ്സോളനി ആയിരുന്നു.
അടുത്ത കൗതുകം ഈ ചിത്രം ഇന്ന് കേരളത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്.
1926 ൽ റോം സന്ദർശനത്തിനെത്തിയ രവീന്ദ്ര നാഥ് ടാഗോറിനെ ഊഷ്മളമായ വരവേൽപ്പ് മുസ്സോളനി നൽകിയെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
1920 കളും 1930 കളും മുസ്സോളനിയെ ലോകം വാഴ്ത്തുന്ന കാലം. വാഴ്ത്തുപാട്ടുകൾ ചൊരിഞ്ഞത് ബെർണാഡ് ഷായും, വിൻസ്റ്റൺ ചർച്ചിലും മറ്റും.
1925 ലെ ശൈത്യ കാലത്ത് രണ്ടു പ്രമുഖ പണ്ഡിത ശ്രേഷ്ഠർ ടാഗോറിന്റ വിശ്വ ഭാരതി സർവകലാശാലയിൽ വരുന്നു. കാർലോ ഫോർമിച്ചിയും, ഗുസ്സിപ്പി ട്യുസിയും എന്ന പേരിൽ അറിയപ്പെട്ട അവരെ അയച്ചത് മുസ്സോളനി എന്ന ഇറ്റാലിയൻ ഏകാധിപതി ആയിരുന്നു.
വിശ്വ ഭാരതിക്കുള്ള അവരുടെ സേവനങ്ങൾ മുഴുവൻ ഇറ്റാലിയൻ സർക്കാറിന്റെ സൗജന്യമായിരുന്നു. ഇറ്റാലിയൻ സർക്കാർ വിലമതിക്കാനാവാത്ത വലിയ ഒരു പുസ്തക ശേഖരവും, വലിയ ഒരു തുക സംഭാവനയും വിശ്വ ഭാരതിക്ക് നൽകി. ഇതിൽ സന്തുഷ്ടനായി ടാഗോർ മുസ്സോളനിയെ വ്യക്തിപരമായി പ്രകീർത്തിച്ചു ഒരു ടെലിഗ്രാം അയക്കുകയും ചെയ്തു.
വിശ്വ ഭാരതിയിൽ പഠിപ്പിക്കാൻ എത്തിയ ഇറ്റലിക്കാരായ അധ്യാപകർ മുസ്സോളനിക്ക് ഇന്ത്യ എന്ന രാജ്യത്തെ കുറിച്ച് വലിയ അഭിപ്രായം എഴുതി അറിയിച്ചുകൊണ്ടിരുന്നു.
അങ്ങനെ മുസ്സോളനി രവീന്ദ്ര നാഥ് ടാഗോറിനെ ഇറ്റലി സന്ദർശിക്കാൻ ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ചു ടാഗോർ ഇറ്റലിയിലേക്ക് കപ്പൽ മാർഗം 1926 മെയ് 15 ന് യാത്ര തിരിച്ചു.
യാത്ര തിരിക്കുമ്പോൾ ടാഗോർ പറഞ്ഞത് ചരിത്രപുരുഷനായ ഒരു വ്യക്തിയെ കാണുന്നതിന് കിട്ടിയ അസുലഭ അവസരത്തിനെ കുറിച്ചായിരുന്നു.
നേപ്പിൾസ് നിന്ന് റോമിലേക്ക് ട്രെയിൻ മാർഗ്ഗം ആണ് ടാഗോറിനെയും സംഘാംഗങ്ങളെയും മുസ്സോളനി എത്തിച്ചത്. മുസ്സോളനിയെ കണ്ട ടാഗോർ സന്തോഷ ചിത്തനായി പറഞ്ഞു “”മൈക്കൽ ആഞ്ചലോയുടെ പ്രതിമ നിർമാണ സാമിഗ്രി കൊണ്ട് കൊത്തിയെടുത്ത മനസ്സും ശരീരവുമുള്ള ആളാണ് മുസ്സോളനി”” എന്നാണ്.
ടാഗോർ ഇറ്റലിയിൽ വിക്ടർ ഇമ്മാനുവേൽ മൂന്നാമൻ രാജാവിനെ സന്ദർശിച്ചു. ഫ്ലോറൻസ് എന്ന മനോഹര പ്രദേശം കണ്ടു മടങ്ങി
റോമിൽ വെച്ച് ടാഗോർ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് ” The meaning of Art”. ശ്രോതാവായി ബെനിറ്റോ മുസ്സോളനി എന്ന ഫാസിസ്റ്റ് ഏകാധിപതിയും അന്ന് ഉണ്ടായിരുന്നു.
ഈ അവസരത്തിൽ ആണ് മുസ്സോളനിക്ക് വേണ്ടി ടാഗോർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
അതിൽ രണ്ടു ഫോട്ടോയിൽ മുസ്സോളനി തന്റെ കയ്യൊപ്പ് ചാർത്തി ടാഗോറിന് കൊടുത്തു.
അതിൽ ഒരെണ്ണം C.F.ആൻഡ്രൂസ് (ദീനബന്ധു C.F.ആൻഡ്രൂസ് )എന്ന സ്വാതന്ത്ര്യ സമര സേനാനിയിലൂടെ ഗാന്ധിജിയുടെയും, ടാഗോറിന്റെയും ശിഷ്യനായ ഡോ.ജി. രാമചന്ദ്രന്റെ കയ്യിൽ എത്തിയെത്. C.F.ആൻഡ്രൂസ്ന് ടാഗോർ സമ്മാനിച്ച ചിത്രം ഡോ.രാമചന്ദ്രന് സമ്മാനത്തിന്റെ രൂപത്തിൽ C.F.ആൻഡ്രൂസ് കൊടുത്തു . അങ്ങനെ അത് കേരളത്തിൽ,നെയ്യാറ്റിന്കരയിലുള്ള ഡോ. രാമചന്ദ്രന്റ വീട്ടിൽ എത്തി.
അന്താരാഷ്ട്ര തലത്തിൽ ഉള്ള ബെനിറ്റോ മുസ്സോളനിയുടെ പ്രതിഛയാ നിർമാണത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ചാനാടകം എന്ന് ടാഗോർ എന്ന പാവം പച്ച മനുഷ്യന് മനസ്സിലായില്ല.
പിന്നീട് ജനീവയിൽ ചെന്നപ്പോൾ റൊമെയ്ൻ റോളണ്ട് ആണ് ടാഗോറിനോട് മുസ്സോളനിയുടെ പിന്നാമ്പുറ കഥകൾ പറഞ്ഞത്. പക്ഷെ അപ്പോളേക്കും ലോകത്തിനു മുൻപിൽ മുസ്സോളനി തനിക്ക് നേടേണ്ടിയ പ്രതിച്ഛായ ഉണ്ടാക്കിയിരുന്നു..
C.F. ആൻഡ്രൂസ് എന്ന ഇംഗ്ലീഷുകാരൻ സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ട് 1940-ൽ സമയതീരങ്ങൾക്കപ്പുറത്തേക്ക് യാത്രയായി.
ബോബി മാർക്കോസ്
ചരിത്രസഞ്ചാരി ©✍
charitrasanchari@gmail.com