നമുക്കാ പഴയ അങ്കണത്തിലേക്കു പോകാം!
യൂണിഫോമുകളില്ലാതിരുന്ന പഴയ കാലത്തേക്ക്!
പുത്തൻമണക്കുന്ന പുസ്തകത്തിനെയും നോട്ടുബുക്കിനേയും പത്തു പൈസായുടെ റബ്ബർ ബാൻറിട്ട് ജൂണിലെ മഴനനയ്ക്കാതെ ഷർട്ടിനുള്ളിലൂടെ കടത്തി ബട്ടൻസ്സ് പൊട്ടാറായി, ഗർഭിണിയെപ്പോലെ നടന്നു പോകുന്ന കുട്ടികളെ കാണുന്നുണ്ടോ നിങ്ങളവിടെ?
കടത്തുവള്ളത്തിൽ ഓരോ വങ്കിലും അള്ളിപ്പിടിച്ചിരുന്ന് അച്ചൻകോവിലാറിന്റെ മലരികൾ തരണം ചെയ്തു മറുകര തേടുമ്പോൾ പൊഴിയുന്ന ചാറ്റൽ മഴയിൽ, ആറ്റിലെ ചായക്കളറുള്ള വെളളത്തിൽ മഴത്തുള്ളികൾ വൃത്തങ്ങൾ വിരിയിച്ചുതരുന്നത് നോക്കിയിരിക്കുന്ന പന്ത്രണ്ട് കരന്റേയും, പന്ത്രണ്ടുകാരിയുടേയും ഭീതിയാർന്ന മിഴിയിലെ കൗതുക ഭാവങ്ങൾ ഓർമ്മയിലേക്കെത്താറില്ലേ?
പതിനൊന്നരയ്ക്ക് ഉപ്പുമാവ് പുരയിൽ നിന്നും കടുകുതാളിക്കുന്ന മണംവരുന്നുണ്ടോ? വട്ടമരങ്ങൾ പുത്തൻ ഇലകൾ വിരിയിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തി കണ്ടുവച്ച്, കാവുതാണ്ടി സ്കൂളിലെത്തിയ ദിവസങ്ങൾ മറവിയിൽ നിന്നും തോട്ടി കെട്ടി നമുക്ക് വലിച്ചെടുക്കാം…
അധികമൊന്നും പഠിക്കാത്ത അച്ഛനെയും അമ്മയേയും പറ്റിച്ച് “ഡ്രിൽ ” ബുക്കിന് പൈസാ വാങ്ങി ഐസുവാങ്ങിത്തിന്ന കൗമാരം ഓർമ്മ വരാൻ വേറെയെന്താണു വഴി, ആ പള്ളിക്കൂടത്തെ ഓർക്കാതെ?
ഇന്നലെ ഇടിയിട്ടവനുമായി കൂട്ടുചേർന്ന് പറങ്കാവിൽക്കയറി നീറുകടികൊള്ളുമ്പോൾ പരസ്പരം, ആ പുളിയുറുമ്പിനെ പെറുക്കിയെടുത്ത് സഹായിക്കുകയും, കിട്ടുന്ന പറങ്ങാണ്ടി വിറ്റുകിട്ടിയ ഐസ് ഒടിച്ച് തുല്യമായി പങ്കിട്ട് ബെല്ലടിക്കും മുന്നേ ക്ലാസ്സിലേക്കോടുന്ന കുട്ടിക്കുറുമന്മാരെ നിങ്ങൾ കാണുന്നുണ്ടോ ഇപ്പോൾ ? അതെ വൈരാഗ്യങ്ങൾക്ക് പിരിയഡുകളുടെ മാത്രം നീളമുള്ള പള്ളിക്കൂട കാലം മധുരിക്കുന്നതായിരുന്നില്ലേ?
ക്വഥനാങ്കവും, ദ്രവണാങ്കവും, പൂരിതലായനി, നേർപ്പിച്ചലായനിയെന്നൊക്കെകേട്ട്, വായും പിളർന്നിരിക്കുന്ന മതിയായ രീതിയിൽ പല്ലു തേക്കാത്ത ഉമിക്കരി പറ്റിപ്പിടിച്ച മഞ്ഞപ്പലുള്ള കൂട്ടുകാരന്റെ വായ്നാറ്റത്തെ ശപിച്ചുകൊണ്ട്, അവനെ നീക്കിയിരുത്താൻ ഡസ്ക്കിൽ കോമ്പസു കൊണ്ട് അതിർത്തി വരച്ചിടുന്ന കുന്നായ്മ ഓർമ്മ വരുന്നുണ്ടോ? ഹ ഹ ഹ
അണുബോംബ് പൊട്ടിക്കുന്ന തൂറാതെവരുന്ന വൃത്തികെട്ടവനെ ഊച്ചാങ്കുഴൽ വച്ച് തെരഞ്ഞുപിടിക്കാൻ ശ്രമിക്കവേ, തെറ്റിപ്പോയ നിഗമനത്താൽ ഇടിവാങ്ങാം ഇടയ്ക്കിടെ. അങ്ങനെ നടന്നവന്മാരിൽ ഇന്ന് ഡോക്ടറും എൻ ജിനിയറും ഒക്കെയായത് തമാശ രൂപേണയോർക്കുമ്പോൾ സ്വയം പഠിക്കാതെ പോയ വിവരക്കേടിനെയോർത്ത്, ആരുംകാണാതെ ചെവിക്കുകിഴുക്കാം..,
ഡസ്കിലെ ചരിഞ്ഞ, അഭിമുഖമായ ഭാഗത്ത് ബ്ലേഡുകൊണ്ട്, SFI, KSU, ABVP എന്നെഴുതി തോറ്റു കിടന്ന സമര നേതാക്കന്മാരേ ഓർമ്മയിലെത്തിക്കാം. ലൗ ചിഹ്നം വരച്ച് ചുവന്ന മഷികൊണ്ട് ഹൈലൈറ്റ് ചെയ്തതും , പിടിക്കപ്പെട്ടപ്പോ ക്ലാസിന്റെ വാതിലിൽ കാവൽ നിന്നു കാൽ തളർന്നതും ഓർക്കാം…
ചെൽപ്പാർക്കും, ക്യാമലും, ബിസ്മിയും, കിസ്മത്തും, നട് രാജ് പെൻസിലും, “തൊട റബ്ബറും ” സൊസൈറ്റിയിലെ പൾപ്പ് തെളിഞ്ഞു കാണുന്ന വിലകുറഞ്ഞ നോട്ടുബുക്കും, ഫോർ ലൈനും, ഇരട്ട വരയനും, പകർത്തു ബുക്കും, മഷി ലീക്കാകുന്ന 30 പൈസായുടെ ബോൾ പോയിന്റ് പെന്നുകളും ഓർക്കാം. മഷിപുരണ്ട് ഇടാൻ പോലും കഴിയതാവുന്ന പോക്കറ്റുകൾ ഉള്ള ഷർട്ടും ചുവട് കിഴിഞ്ഞ നിക്കറും ഓർക്കാതെ പോകുന്നതെങ്ങനെ?
ഉച്ചയൂണിന് മരച്ചീനിപുഴുങ്ങിയതും കാന്താരിയുടച്ച ചമ്മന്തിയും കൊണ്ടുപോയി ആരും കാണാതെ ഒറ്റക്കിരുന്നു കഴിച്ചിരുന്ന വറുതിക്കാലവും, കല്ലൂർക്കാടൻ റേഷനരിയുടെ മക്കടിച്ച മണവും, ചമ്മന്തിയും, കടുമാങ്ങയും, മൊട്ടപൊരിച്ചതും, ചിരത്തോരനും, നിത്യവഴുതനയും മാറിമാറി വരുന്ന ഉച്ചയൂണ് ഓർക്കാം. പൈപ്പിൻ ചുവട്ടിലെ തള്ളും വെള്ളംകോരിയൊഴിക്കലും, പിന്നീടത് ഇടിയായി പരിണമിക്കുന്നതും , ബട്ടൻസ്പൊട്ടിയ ഉടുപ്പുമായി വീട്ടിലെത്തി മടപ്പൊളികൊണ്ടുള്ള തല്ല് വീട്ടിൽനിന്നും കിട്ടുന്നതും ഓർക്കാം ….
നാലുമണിയ്ക്കത്തെ തിരിച്ചു പോക്കിൽ കൊത്താപ്പാതി കഴിച്ചകാലം ഈ നിപ്പാക്കാലത്ത് പേടിയില്ലാതെയോർക്കാം. നടവരമ്പിൽ പുസ്തകം വച്ച് കണ്ടത്തിൽ വീണ് മന:പൂർവ്വം തെന്നിവീണ് അവധിയെടുക്കാം. തുലാക്കണ്ണൻ വരാൽ വെള്ളമെടുക്കുന്ന കെതിരക്കണ്ടങ്ങളിൽ തടമുണ്ടാക്കി വാഴത്തടയിൽ പള്ളത്തി കോർത്ത ചൂണ്ടയിട്ട് നാലുമണിക്ക് സ്കൂൾ വിട്ടു വരുമ്പോൾ വെട്ടിക്കിടക്കുന്നവരാലിനെ അന്യോന്യം ഉയർത്തിക്കാട്ടി മത്സ്യബന്ധനം നടത്താം. ആമ്പലും അരളയും നിറഞ്ഞ വെള്ളം കയറിയ പാടത്ത് വിളഞ്ഞ ആമ്പക്കായ പറിക്കാനിറങ്ങി അസ്ഥാനത്ത് അട്ടപിടിക്കുമ്പോൾ അലറിക്കൊണ്ട് പുരയ്ക്കു ചുറ്റുമോടാം…..
അവധിക്കാലത്ത്, ഒരിക്കലും മിണ്ടിയിട്ടില്ലാത്ത സഹപാഠിനികളെയോർത്ത് മച്ചിൽ നോക്കിക്കിടന്ന് നഷ്ടബോധത്തോടെ, ശ്രാവണപൗർണ്ണമി സൗന്ദര്യമേ പാടാം…
ഓർമ്മകളുടെ നൂറായിരം നിധികുംഭങ്ങളൊളിപ്പിച്ച പള്ളിക്കൂടത്തത്തിന്റെ ജൂൺ മഴയിൽ നനഞ്ഞു കിടക്കുന്ന മണ്ണ്, അറിവിനോടൊപ്പം പവിഴപ്പുറ്റുമൊളിപ്പിച്ച സമുദ്രമാണ് നമുക്കൊക്കെ.
മരിക്കുവോളം മറക്കാൻ കഴിയാത്ത മഹനീയമായ ഇടം !
എൻ.കെ. അജിത് ആനാരി✍