എ.സി.എൻ നമ്പ്യാർ വളരെ ബുദ്ധിമുട്ടിയാണ് ചെക്കോസ്ലൊവോക്യയിലെ പ്രാഗിൽ നിന്ന് ജനീവ വഴി പാരിസിൽ എത്തിയത്. നെഹ്റു ലണ്ടനിൽ നിന്ന് പാരീസിൽ വരുന്നതായി അറിയിച്ചു തപാൽ വന്നിരുന്നു. നെഹ്രുവിന്റെ കൂടെ മകൾ ഇന്ദിരയും ഉണ്ടായിരുന്നു.
1938 ഒക്ടോബർ അവസാനം ആയിരുന്നു ഈ കൂടിക്കാഴ്ച്ച.
നെഹ്റു താമസിച്ചിരുന്നത് ഫ്രഞ്ച് പാർലമെന്റ് മന്ദിരത്തിന്റെ സമീപമുള്ള ഒരു ഹോട്ടലിൽ ആയിരുന്നു.
എ.സി.എൻ നമ്പിയാരെ കണ്ടതും നെഹ്റു പാരിസിലെ പ്രസിദ്ധ മ്യൂസിയത്തിന്റെ പേർ പറഞ്ഞിട്ട് ചോദിച്ചു : മിസ്റ്റർ നമ്പ്യാർ ഈ മ്യുസിയം കണ്ടിട്ടുണ്ടോ? ഇല്ല എന്ന ഉത്തരത്തിന് നെഹ്രുവിന്റെ മറുപടി വന്നു. ഉടൻ അത് പോയി കണ്ടിട്ട് വരിക.
ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം പുറത്തുകാണിക്കാതെ നമ്പ്യാർ മ്യുസിയത്തിലേക്ക് നടന്നു.
അന്ന് ഉച്ചക്ക് നെഹ്റു
എ.സി.എൻ നമ്പ്യാർക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി. ദേശീയ പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ കുറിച്ച് അവർ വിശദമായി ചർച്ച ചെയ്തുകൊണ്ടിരിക്കെ ബേറർ ഒരു കടലാസ് കുറിപ്പ് നെഹ്രുവിന്റെ കയ്യിൽ കൊടുത്തിട്ട്, റെസ്റ്റാറ്റാന്റിന്റെ അങ്ങേ മൂലയിൽ ഇരിക്കുന്ന ആളിനെ ചൂണ്ടി കാണിച്ച് പറഞ്ഞു, ആ വ്യക്തി തന്നു വിട്ടതാണ് എന്ന് അറിയിച്ചു.
അതിൽ അദ്ദേഹത്തിന് നെഹ്റുവിനെ കാണാൻ അനുവാദം ചോദിച്ചുള്ള ഒരു കുറിപ്പായിരുന്നു.
കുറിപ്പ് കൊടുത്തു വിട്ടയാൾ പ്രശസ്ത സാഹിത്യകാരനും, ഫ്രഞ്ച് രാഷ്ട്രീയത്തിലെ പ്രധാനിയും, പിന്നീട് മന്ത്രിയും ഒക്കെ ആയ Andre Malraux ആയിരുന്നു.
നെഹ്റു ഉടൻ തന്നെ സന്തോഷത്തോടെ കൂടി കൂടിക്കാഴ്ചക്ക് അദ്ദേഹത്തിനെ ക്ഷണിച്ചു.
ആന്ദ്രെയുടെ ആദ്യ ചോദ്യം നെഹ്റുവിനെ വല്ലാതെ സ്പർശിച്ചു.
“ബൗദ്ധ വിശ്വാസം ഇന്ത്യയിൽ നിന്ന് അകന്നു പോകാൻ മാത്രം എന്ത് ശക്തിയാണ് ഹൈന്ദവ വിശ്വാസത്തിന് ഉള്ളത് ” എന്നായിരുന്നു ആ ചോദ്യം.
നമ്പ്യാർ പിന്നീട് പറഞ്ഞു:
ആ ചോദ്യം നെഹ്റുവിനെ ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകം എഴുതുന്നതിൽ എത്തിച്ചു.
ആന്ദ്രേ തന്റെ Anti Memoirs എന്ന പുസ്തകത്തിലും ഇത് പറയുന്നുണ്ട്.
ഈ കുറിപ്പിൽ പരാമർശിപ്പിക്കപ്പെട്ട ആന്ദ്രേ പിന്നീട് ലോകമഹായുദ്ധത്തിനു ശേഷം ഡിഗോൾ-ന്റെ മന്ത്രിസഭയിൽ മന്ത്രിയായി.
നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രിയായി.
എ സി എൻ നമ്പ്യാർ എന്ന മലയാളി ഇന്ത്യയുടെ ജർമൻ സ്ഥാനപതിയായി.
ഇന്ദിരാഗാന്ധി ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
ചില അത്ഭുത മുഹൂർത്തങ്ങൾ മഹാന്മാരെ സൃഷ്ടിക്കുന്നു..
ലോകത്തിന് മനോഹരമായ ഒരു പുസ്തകവും കിട്ടി.
“Discovery of India”.
ബോബി മാർക്കോസ്
ചരിത്രസഞ്ചാരി✍
charitrasanchari@gmail.com