17.1 C
New York
Monday, September 27, 2021
Home Special ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം -11

ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം -11

✍ചരിത്രസഞ്ചാരി©

കുടിയേറിയവരും – കുടിയിറങ്ങിയവരും

ആ കാളവണ്ടി നിറയെ വീട്ടു സാമാനങ്ങളാണ്. പെട്ടി, കിടക്ക ചെമ്പു പാത്രം, ചീനച്ചട്ടി, തകരവിളക്ക്, തഴപ്പായ്, കോഴിക്കൂട്, കപ്പി, കയർ, തട്ടി എന്ന് വേണ്ട വേലിത്തറിപോലും ആ ചക്കടാവണ്ടിയുടെ മേൽക്കൂര മുട്ടുമാറു വാരിവലിച്ചു കൂട്ടിയിട്ടിരിക്കുന്നു…… “പതിനൊന്നു ആണുങ്ങൾ, എട്ടു പെണ്ണുങ്ങൾ, ആറു കുഞ്ഞുങ്ങൾ, എല്ലാംകൂടി ഇരുപത്തിയഞ്ചുപേർ.” ചെറിയാന്റെ മകൻ ജോൺ ആ സംഘത്തിലെ അംഗങ്ങളുടെ കണക്കെടുത്തുകഴിഞ്ഞു.

എസ്. കെ. പൊറ്റെക്കാട്ടിന്റെ “വിഷകന്യക” എന്ന നോവലിന്റെ തുടക്കത്തിലേ ചില വരികളാണ് മുകളിൽ എഴുതിയത്.

കോട്ടയത്തിന്റെ സമതലങ്ങളിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സംഭവിച്ചുകൊണ്ടിരുന്ന ഒരു കുടിയേറ്റചിത്രത്തിന്റെ നേർപതിപ്പ് .

രണ്ട് ലോകമഹായുദ്ധങ്ങൾ നടന്നത് കോട്ടയത്തല്ലായിരുന്നുവെങ്കിലും, അതിന്റെ അലയൊലികൾ കുടിയേറ്റത്തിന്റെ വിത്ത് പാകി. കോട്ടയത്ത്‌ നിന്ന് മലബാറിലേക്കും, ഹൈറേഞ്ചിലേക്കും നടന്ന കുടിയേറ്റങ്ങൾ ദാരിദ്ര്യവും, പട്ടിണിയും, ക്ഷാമവും, സാമ്പത്തിക മാന്ദ്യവും സൃഷ്ട്ടിച്ച അരക്ഷിതാവസ്ഥയിൽ നിന്നായിരുന്നു. ജോലിയെടുത്തു ജീവിക്കുക എന്ന ശക്തമായ ലക്ഷ്യബോധവും, അചഞ്ചഞ്ചലമായ ധൈര്യവുമാണ് ഓരോ കുടിയേറ്റക്കാരനെയും നയിച്ച വികാരം.

രിക്കൽ ഒരു മെത്രാച്ചൻ :

കോട്ടയത്തുള്ളൊരു മെത്രാച്ചനായിരുന്നു 1943-ലെ ഒരു സംഘടിത കുടിയേറ്റത്തിന്റെ പിന്തുണയും, പ്രോത്സാഹനവും. കോട്ടയം രൂപതയുടെ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവായിരുന്നു 1943 ഫെബ്രുവരി 2ന് തുടങ്ങിയ പുറപ്പാടിന്റെ ശില്പി. ആശയം മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ പ്രൊഫസ്സർ വി. ജെ ജോസഫ്.

തിരുവതാംകൂറിന്റെ പലഭാഗത്തും നിന്നുമുള്ള കോട്ടയം രൂപതയുടെ അജഗണങ്ങളിൽ പെട്ട എഴുപത്തിരണ്ട് കുടുംബങ്ങളിൽ നിന്നുള്ള,
ഇരുന്നൂറോളം പേരടങ്ങുന്ന ഒരു സംഘം തങ്ങളുടെ ജീവിതസമ്പാദ്യങ്ങൾ അത്രയും ചേർത്തുവെച്ചോരു യാത്രയായിരുന്നു അത്‌.
AD 345-ൽ 72 കുടുംബക്കാരുമായി എത്തിയ ക്നായി തൊമ്മന്റെ കുടിയേറ്റത്തിനെ അനുസ്മരിച്ചായിരുന്നു എണ്ണം നിശ്ചയിച്ചത്.

കുടിയേറ്റത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ അന്ന് രാവിലെ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹത്തിനായി കോട്ടയത്തെത്തി. യാത്രക്കായി എത്തിയവർ കൊണ്ടുപോകാനുള്ള സാധനങ്ങൾ കെട്ടിപ്പെറുക്കി ഭാണ്ഡങ്ങളിൽ കരുതിയിരുന്നു. പ്രാർത്ഥനകൾക്കും, ഒരുമിച്ചുള്ള ഭക്ഷണത്തിനും ശേഷം കോട്ടയത്തെ ബോട്ട് ജെട്ടിയിൽ നിന്ന് എറണാകുളത്തെത്തിയവർ അവിടെ തങ്ങി. പിറ്റേന്ന് ട്രെയിനിൽ ഷൊർണൂരിലേക്ക്. അടുത്ത ദിവസത്തെ കാഞ്ഞങ്ങാടിനുള്ള മദ്രാസ് മെയിലിനായി രാത്രി മുഴുവനുള്ള കാത്തിരിപ്പ്. മറ്റു നാടുകളിൽ നിന്ന് എത്തിയ കുടിയേറ്റക്കാരും അവരോടൊപ്പം കൂടി. നൂറുകണക്കിനായുള്ള ആൾക്കാർ ഒരു നല്ല നാളെയെ സ്വപ്നം കണ്ട് തങ്ങളുടെ കുട്ടികളെയും, കുടുംബത്തിനെയും, ഭാണ്ഡകെട്ടുകളെയും തടുത്തുപിടിച്ച് അവിടെ ഉറങ്ങി. പിറ്റേന്നുള്ള ട്രെയിനിൽ വൈകുന്നേരത്തോടുകൂടി കാഞ്ഞങ്ങാട് എത്തിയവർ മാതാവിന്റെ നാമത്തിലുള്ള പള്ളിഷെഡിൽ വിശ്രമിച്ചു.

അല്പനേരത്തെ വിശ്രമത്തിനു ശേഷം, രാത്രിയിൽ തന്നെ കാൽനടയായും, കാളവണ്ടിയിലുമായി യാത്രയുടെ അവസാന ഭാഗത്തോട് അടുത്തുകൊണ്ടിരുന്നു. മൂന്നു ദിവസത്തെ യാത്ര സൃഷ്ട്ടിച്ച ക്ഷീണവും, തളർച്ചയും വകവെക്കാതെ വാഗ്ദത്ത ഭൂമിയായ രാജപുരം ലക്ഷ്യമാക്കി തിടുക്കപ്പെട്ടവർ നടന്നു. ഇരുപത്തിയാറ് കിലോമീറ്ററിനപ്പുറം ഒരു കനാൻ ദേശം അവരെ കാത്തിരിക്കുന്നതായി അവർക്ക് തോന്നിയിരുന്നിരിക്കാം.

നാലാം ദിവസം രാജപുരത്തെത്തിയപ്പോൾ, അവർക്കായി തയാറാക്കിയിരുന്ന ഭക്ഷണം കഴിച്ചവർ ആശ്വാസത്തോടെ സ്വപ്‌നം കണ്ടുറങ്ങി.

കുടിയേറ്റം സാക്ഷാത്കരിക്കാൻ പ്രൊ. വി. ജെ ജോസഫ്, ഫാദർ.മാത്യു ചെറുശ്ശേരി എന്നിവർ കൂട്ടായി യത്നിച്ചു. കക്കാട്ട് മഠം വക രണ്ടായിരം ഏക്കർ സ്ഥലം, ഏക്കറൊന്നിന് എട്ട് രൂപക്ക് വാങ്ങി കുടിയേറ്റത്തിനെത്തിയവർക്ക് നൽകി. ഒരു കുടുംബത്തിന് പന്ത്രണ്ടര ഏക്കർ.

ആദ്യം താമസിക്കാനായി തങ്ങൾക്ക് കിട്ടിയ സ്ഥലങ്ങളിൽ ഷെഡ്ഡുകൾ കെട്ടിയുയർത്തി. പല സംഘങ്ങളായി തിരിഞ്ഞ് ഒരോർത്തക്കായി ചെറു ഷെഡ്ഡുകൾ കൂട്ടായി പണിതു. ഒരു വീടിനു ശേഷം അടുത്തത് എന്ന ക്രമത്തിൽ, താളത്തിൽ ഒരുമയുടെ സംഘഗാനം അവിടെ മുഴങ്ങി. എല്ലാ കുടുംബത്തിനും ഇരുന്നൂറ്റിഅൻപത് ഓടുകൾ വീതം പ്രൊഫ.ജോസഫ് കരുതിയിരുന്നു.

ജനിച്ച നാട്ടിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് , പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങിയ കർഷകരുടെ കർമോൽസുകമായ ജീവിതം തുടങ്ങിയത് ചെറിയ ഷെഡ്ഡുകളിലായിരുന്നു.

നാട്ടിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറി വിത്തുകൾ വിതച്ച് പുതിയ ഭൂമിയിൽ കൃഷിയുടെ ആദ്യ പാഠങ്ങൾ എഴുതി. പതുക്കെ, പതുക്കെ മണ്ണിനോടാവർ ഇഴുകിച്ചേരാൻ തുടങ്ങി.

ഭൂമിയിലെ കിടപ്പാടം കൂടാതെ മരങ്ങളിൽ ഏറുമാടങ്ങൾ കെട്ടിയൊരുക്കിയത് രാത്രികാലങ്ങളിലെ കാട്ടുമൃഗങ്ങളുടെ അക്രമണത്തിനെ ഭയന്നായിരുന്നു. നോക്കി നിൽക്കെ തങ്ങൾ വളർത്തുന്ന ആടുമാടുകളെ പുലിയും, മലമ്പാമ്പും കടിച്ചു പറിച്ചു. പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നപ്പോൾ ഗീവർഗീസ് പുണ്യാളച്ചനോട് കരഞ്ഞു പ്രാർത്ഥിച്ചു.

പച്ചപിടിച്ചുതുടങ്ങിയ ജീവിതത്തിലേക്ക് മലേറിയ എന്ന ക്ഷണിക്കാതെയെത്തിയ അഥിതി കണ്ണീർചാലുകൾ തീർത്തു. സൈക്കിളിൽ എത്തിയ പള്ളീലച്ചൻ ഓരോ വീടിന്റെ മുൻപിലും എത്തി സൈക്കിൾബെല്ലടിച്ചു. അസുഖക്കാർക്കായി മംഗലാപുരത്തു നിന്ന് എത്തിച്ച കൊയ്ന ഗുളികകളും, മറ്റു മരുന്നുകളും കൊടുത്തു. ഗുരുതരാവസ്ഥയുള്ള അഞ്ചും, ആറും രോഗികളെ കയറ്റിയ “കാളവണ്ടി ആംബുലൻസ്” ശനിയാഴ്ചകളിൽ കാഞ്ഞങ്ങാടിനും, മംഗലാപുരത്തിനും പോയിക്കൊണ്ടിരുന്നു. ചിലർ അസുഖം ഭേദമായി തിരിച്ചു വന്നു. മറ്റുചിലർ കാഞ്ഞങ്ങാട്ടെ മാതാവിന്റെ പള്ളിയിൽ അടക്കപ്പെട്ടത് നാട്ടിൽ അറിഞ്ഞത് കൂട്ടത്തിൽ
പോയവർ തിരിച്ചു നാട്ടിലെത്തിയപ്പോഴാണ്.

വീണ്ടും ജീവിക്കാനായി അവർ മണ്ണ് ഉഴുതുമറിച്ചു.
അലക്സാണ്ടർ ചൂളപ്പറമ്പിൽ മെത്രാച്ചൻ വീണ്ടും മടമ്പത്തേക്കും, റാണിപുരത്തേക്കും കുടിയേറ്റങ്ങൾക്ക് വിളക്ക് തെളിയിച്ച് മുൻപേ നടന്നു. മടമ്പത്ത് “അലക്സ്‌ നഗർ” കോളനി കെട്ടിയുയർത്തി കുടിയേറ്റക്കാരുടെ അനന്തരതലമുറ മെത്രാനെ ഓർത്തുകൊണ്ടിരിക്കുന്നു.

രാജയത്തോടെ കുടിയിറക്കം :

കുടിയിറക്കം എന്നൊരു പ്രതിഭാസവും പലപ്പോഴും സംഭവിച്ചു. അത് ചരിത്രത്തിൽ രേഖപ്പെടുത്തിയില്ല. തകർന്ന മനസ്സുകളിൽ ആ കഥകൾ എരിഞ്ഞടങ്ങി.

താമരശേരി രൂപതയുടെ ആദ്യ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ “ദൈവം നമ്മോടുകൂടി” എന്ന പുസ്തകത്തിലെ കണ്ണീരിൽ ചാലിച്ച ഒരു ജീവിതകഥയിലൂടെ കുടിയിറക്കത്തിന്റെ കഥ അനാവൃതമാകുന്നു..
അയ്മനകാരൻ ഔസേഫിന്റെ കഥ..

“”ഭാര്യ അന്നമ്മയോടും, മക്കളോടുമൊപ്പം 1926 മെയ്‌ മാസത്തിൽ “മൂന്നാംകയ്യിൽ” സ്ഥലം വാങ്ങി താമസമാരംഭിച്ചു. കിടക്കാൻ കുടിലും, ഏറുമാടവും അവരുണ്ടാക്കി.

കാടുവെട്ടിത്തെളിച്ച് നെല്ലും, വാഴയും, ചേമ്പും പയറുമെല്ലാം നട്ടു….. അഞ്ചുമാസം കഴിഞ്ഞു.. ഒരു പ്രഭാതത്തിൽ അവർ കണ്ടത് കൃഷിയെല്ലാം ആന നശിപ്പിച്ചതാണ്. മൂത്തമകൻ കുഞ്ഞുവർക്കിയുടെ രണ്ടു മക്കളെ മലമ്പനി ബാധിച്ചു. ഒരാഴ്ചക്കകം തലേന്നും, പിറ്റേന്നുമായി രണ്ടുപേരും മരിച്ചു. അപ്പനും, അമ്മയും തന്നെ തങ്ങളുടെ പിഞ്ചുമക്കളെ കുഴിവെട്ടി സംസ്കരിച്ചു. അന്ത്യകൂദാശ നൽകാൻ വൈദീകനില്ല. സങ്കടം പങ്കുവയ്ക്കാൻ ആരുമില്ല. രണ്ടാഴ്ച കഴിഞ്ഞു കുഞ്ഞുങ്ങളുടെ അമ്മയും മരിച്ചു…..നിസ്സഹായനായ ആ മനുഷ്യൻ ഒരു രാവും, പകലും മുഴുവൻ കരഞ്ഞു..

ഒരു ദിവസം ഔസേപ്പിന്റെ പെണ്മക്കൾ മോളിയും, ടെസ്സിയും മീൻ പിടിക്കുകയായിരുന്നു. എവിടെനിന്നോ ഉരുൾപൊട്ടിവന്ന മലവെള്ളപ്പാച്ചിലിൽ അവർ അകപ്പെട്ടു. കല്ലുകളുടെകൂട്ടത്തിൽ ചതഞ്ഞരഞ്ഞ് ആ യുവതികളുടെ അസ്ഥിയും, മാംസവും മലബാറിലെ നദികളിലേക്ക്, അവിടുന്ന് അറബിക്കടലിലേക്ക് ഒഴുകി. അധികം വൈകാതെ ഔസേപ്പിന്റെ ഭാര്യ അന്നമ്മയും, തോമസിന്റെ ഭാര്യ റോസിയും മലമ്പനി പിടിപെട്ടു മരിച്ചു……കൃഷിയൊന്നും ശേഷിക്കുന്നില്ല. 10 അംഗങ്ങളുണ്ടായിരുന്ന കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് മൂന്നുപേർ മാത്രം. കൊഴിഞ്ഞുവീണ സ്വപ്‌നങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ കണ്ണീരോടെ കാഴ്ചവെച്ചിട്ട് ശൂന്യമായ കരങ്ങളോടും, അതിലേറെ ശൂന്യമായ മനസ്സോടുംകൂടെ ഔസേപ്പും, കുഞ്ഞുവർക്കിയും, തോമസും അയ്മനത്തേക്ക് മടങ്ങി. “”

പ്രകൃതിയും, രോഗങ്ങളും എതിർ ടീമിലെ കളിക്കാരായപ്പോൾ കുടിയിറങ്ങിവരുടെ കഥ പരാജയങ്ങളുടേതായതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല.

ചരിത്രസഞ്ചാരി©
charitrasanchari@gmail.com

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: