17.1 C
New York
Monday, September 27, 2021
Home Special ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം -10

ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം -10

✍️ചരിത്രസഞ്ചാരി ©

– കുര്യൻ റൈറ്റർ –
മലയാളി തുടങ്ങിയ ഇംഗ്ലീഷ് പത്രവും, മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ തുടക്കവും
..

നസ്രാണി ദീപികയ്ക്കും, മനോരമയ്ക്കും മുൻപേ ഒരു കോട്ടയംകാരൻ ഒരു ബ്രിട്ടീഷുകാരൻ സായിപ്പുമായി ചേർന്ന് ഒരു ഇംഗ്ലീഷ് പത്രം തുടങ്ങി ! അതിനോടനുബന്ധിച്ച് ഒരു മലയാള പത്രവും തുടങ്ങി ! സാഹസികൻ !

ചരിത്രം വിരാമചിഹ്നങ്ങളിലൊന്നും ഒതുങ്ങാതെ ഒഴുകികൊണ്ടിരുന്നു. ചിലർ അതുവരെ നടക്കാത്ത നടവഴികളിലൂടെ നടന്ന് പുതു ലോകങ്ങളിൽ എത്തി. ലോകത്തിനും, മലയാളക്കരക്കും പുതിയ കാഴ്ചകൾ അത്ഭുതങ്ങളുടെ പെരുമഴയായി പെയ്ത കാലഘട്ടമായിരുന്നു പതിനെട്ടാം നൂറ്റാണ്ട്.

കോട്ടയത്തെ പ്രമുഖ കുടുംബമായ “കുന്നുമ്പുറത്തായ അക്കര” തറവാട്ടിലെ സി. കുര്യൻ എന്ന കുര്യൻ റൈറ്റർ സി.എം.എസ് പാതിരിമാർ നടത്തിയിരുന്ന ഗ്രാമർ സ്കൂളിലെ പഠനത്തിനുശേഷം കൊച്ചി രാജ്യത്തെത്തി, പുതിയ വഴികളിലൂടെ നടന്ന് കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രം തുടങ്ങി. അവർ അതിന്
” The Western Star” എന്ന് പേർ നൽകി.

1845 കാലത്ത് കൊച്ചിയിൽ എത്തിയ സി.കുര്യൻ അന്നത്തെ പ്രശസ്തമായ യൂറോപ്യൻ സ്ഥാപനമായ “ആസ്പിൻവാൾ”കമ്പനിയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. കുറച്ചു നാൾ ഉദ്യോഗത്തിൽ ഇരുന്നതിന് ശേഷം സ്വന്തമായി കൊപ്ര കച്ചവടത്തിലേക്കും, യൂറോപ്യൻ കമ്പനികൾക്കായി വെളിച്ചെണ്ണ വ്യാപാരത്തിലേക്കും തിരിഞ്ഞു. തുടർന്നങ്ങോട്ട് തൊട്ടതൊക്കെ പൊന്നാക്കി , കച്ചവട സാമ്രാജ്യങ്ങൾ പടുത്തുയർത്തി, കുര്യൻ റൈറ്റർ
സമ്പന്നതയുടെ കൊടുമുടികൾ കാൽചുവട്ടിലാക്കി.

അച്ചടി ബിസിനസിന്റെ തുടക്കം1860-ൽ “മലബാർ അച്ചടികമ്പനി ക്ലിപ്തം” എന്ന അച്ചടിക്കമ്പനിയുടെ രൂപീകരണത്തിൽ ആയിരുന്നു. അക്കര കുര്യൻ റൈറ്റർ സ്ഥാപിച്ച പ്രസ്തുത സ്ഥാപനത്തിന്റെ മറ്റു ഓഹരി ഉടമകൾ ദേവ്ജി ഭീംജി സേട്ട്, ഇട്ടൂപ് റൈറ്റർ, ജോസഫ് ഇട്ടിയേര, സി. വർഗീസ്, ചൗക്കപ്പറമ്പിൽ സി. കുര്യൻ, ജോസഫ് ഈപ്പൻ റൈറ്റർ തുടങ്ങിയവർ ആയിരുന്നു. ഈ പ്രസ്ഥാനത്തിലൂടെ അച്ചടിവ്യവസായത്തിൽ സി.കുര്യൻ എന്ന കുര്യൻ റൈറ്റർ എത്തി.

അങ്ങനെയിരിക്കെ , കൊച്ചി സംസ്ഥാനത്തെ പോലീസ് കമ്മിഷണർ ആയിരുന്ന H.W. ബ്രൗണിന്റെ മാതുലൻ, ബാരിസ്റ്റർ. പോൾ മെൽവിൻ വാക്കർ സായിപ്പും, ഗുജറാത്തി വണിക് പ്രമുഖനായ ദേവ്ജി ഭീംജിയും, കുര്യൻ റൈറ്ററും ചേർന്ന് “വെസ്റ്റേൺ സ്റ്റാർ പ്രസ്സ്” എന്നൊരു സ്ഥാപനം തുടങ്ങി. അത്‌ 1862-ൽ കൊച്ചിയിൽ ആയിരുന്നു. കുര്യൻ റൈറ്ററുടെ മുഖ്യമുതൽമുടക്കോടെ ആണ് പ്രസ് യാഥാർഥ്യമായത്. അചിരേണ പ്രസ്തുത പ്രസ്സിൽ നിന്ന് “ദി വെസ്റ്റേൺ സ്റ്റാർ ” എന്നൊരു ഇംഗ്ലീഷ് പത്രം മലയാളം സംസാരിക്കുന്ന നാട്ടിൽ നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങി. ഒരു മലയാളിയുടെ മുഖ്യ മുതൽമുടക്കോടെ തുടങ്ങിയ ഇംഗ്ലീഷ് പത്രമായി “ദി വെസ്റ്റേൺ സ്റ്റാർ ” ചരിത്രത്തിൽ ഇടം പിടിച്ചു. പത്രത്തിന്റെ പത്രാധിപരായി എത്തിയത് സർ.ചാൾസ് ലാസൺ എന്ന പ്രഗത്ഭനായിരുന്നു. ഇദ്ദേഹം പിൽക്കാലത്തു പ്രശസ്ത ഇംഗ്ലീഷ് പത്രമായ ” മദ്രാസ് മെയിലി”ന്റെ പത്രാധിപരായി.

അക്കാലത്തെ തിരുവതാംകൂർ ഭരണത്തിനെ നിശിതമായി വിമർശിച്ചുകൊണ്ട് ലേഖനങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ ഈ പ്രസിദ്ധീകരണം തന്റേടം കാണിച്ചു. അതിൽ ഭരണ നേതൃത്തിന് എതിരെ ലേഖനങ്ങൾ എഴുതിയ ജി. പരമേശ്വരപിള്ളയെയും, സഹപാഠികളെയും കോളേജിൽ നിന്ന് നിർബന്ധപൂർവം വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ ഭരണകർത്താക്കൾ ഇടപെട്ടത്, നാട്ടുരാജ്യങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, പത്രപ്രവർത്തനത്തിനും എതിരെയുള്ള ആദ്യ നടപടിയായി ചരിത്രകാരന്മാർ രേഖപ്പെടുത്തി.

“ദി വെസ്റ്റേൺ സ്റ്റാർ” എന്ന ഇംഗ്ലീഷ് പത്രത്തിന്റെ വരിക്കാരിൽ പ്രമുഖർ ഡെൽഹിയിലിരിക്കുന്ന ബ്രിട്ടീഷ് വൈസ്രോയിയും, മദ്രാസിലിരിക്കുന്ന ബ്രിട്ടീഷ് ഗവർണ്ണറും, തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റ് സായിപ്പും ഒക്കെ ആയിരുന്നത് പത്രത്തിന്റെ ഉന്നതനിലവാരത്തെ സൂചിപ്പിക്കുന്നു.

റോയൽ സൈസിലുള്ള നാലു പേജുകളിലായി വെസ്റ്റേൺ സ്റ്റാർ മാസത്തിൽ രണ്ടു വീതം പ്രസിദ്ധീകരിക്കപ്പെട്ടു. ഏഴുകോളത്തിലായി വാർത്തകൾ അച്ചടിക്കപ്പെട്ടു. പല വാർത്തകൾക്കും തലക്കെട്ടില്ലായിരുന്നു. വിദേശത്തു നിന്നെത്തുന്ന വാർത്തകളും, പത്രവരിക്കാർ എഴുതി അയക്കുന്ന വാർത്തകളും , പാശ്ചാത്യ കമ്പനികളുടെയും, മരുന്നുശാലകളുടെയും പരസ്യങ്ങളുമായിരുന്നു ഉള്ളടക്കം. വരിക്കാർക്ക് പത്രം നേരിട്ടയച്ചുകൊടുക്കുന്ന സമ്പ്രദായം ആയിരുന്നു. വില ഒരണ.

ഇതേ അച്ചടിശാലയിൽ നിന്ന് “പശ്ചിമാതാരക” എന്ന മലയാള പത്രം 1864 ഓഗസ്റ്റ് മുതൽ അച്ചടി തുടങ്ങി. പുകടിയിൽ ഇട്ടൂപ് റൈറ്റർ, ടി. ജെ. പൈലി എന്നിവർ പത്രാധിപ ജോലി നിർവഹിച്ചു. കല്ലൂർ ഉമ്മൻ പിലിപ്പോസ് ആശാൻ, ഇട്ടൂപ് റൈറ്റർക്ക് ശേഷം പശ്ചിമാതാരകയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1888 – ൽ മരണമടയുന്നത് വരെ ഫിലിഫോസ് ആശാൻ പശ്ചിമതാരകയുടെ പത്രാധിപത്യത്തിൽ തുടരുന്നതായി കാണുന്നു. യാക്കോബായ വിഭാഗത്തിൽ നിന്ന് മാറി ആംഗ്ലിക്കൻ സഭാവിശ്വാസം സ്വീകരിച്ച ഉമ്മൻ പിലിപ്പോസ് ആശാൻ സഭകളിലെ പുരോഗമനപരമല്ലാത്ത സഭാതത്വങ്ങളെ എതിർക്കാൻ പശ്ചിമാതാരക എന്ന പത്രത്തെ ഉപയോഗിച്ചതായി കാണപ്പെടുന്നു. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ ശക്തിയുക്തം വിമർശിക്കുന്ന പത്രമായി പശ്ചിമാതാരക മാറി.

പശ്ചിമ താരക – കേരള പതാക :

കൊച്ചിയിൽ പനക്കൽ ഐയിപ്പുരുവിന്റെ പാണ്ടികശാലയിൽ പുലിക്കോട്ടിൽ മാർ ദീവന്യാസോസിസ് മെത്രാപോലിത്ത സെന്റ് തോമസ് പ്രസ്സ് എന്ന പേരിൽ ഒരച്ചുകൂടം സ്ഥാപിച്ചു. ഇവിടെ നിന്ന് കൊച്ചി അമരാവതിയിലുള്ള മംഗലത്ത് കുഞ്ഞുണ്ണി ആശാൻ “കേരള പതാക” എന്ന പേരിൽ 1870-ൽ ഒരു പത്രം തുടങ്ങി. കേരള പതാകയുടെ ആവിർഭാവത്തോടെ പശ്ചിമാതാരകയുടെ പ്രചാരം കുറഞ്ഞു തുടങ്ങി. പിന്നീട് പശ്ചിമാതാരകയും, കേരള പതാകയും ഒരുമിച്ചു കുറച്ചുകാലം പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് പേര് “പശ്ചിമാതാരക കേരള പതാക” എന്ന് മാറ്റപ്പെട്ടു. പക്ഷെ അധികം താമസിയാതെ കേരള പതാക നിർത്തലാക്കുകയും, വീണ്ടും “പശ്ചിമാതാരക” പഴയതുപോലെ പ്രസിദ്ധീകൃതമാവുകയും ചെയ്തു. ഡബിൾ റോയൽ സൈസിൽ നാലു പേജുകൾ ഓരോ ലക്കത്തിലും ഉണ്ടായിരുന്നു. ലേഖകന്മാർ അന്ന് “ലേഖനൻമാർ “എന്ന് വിളിക്കപ്പെട്ടു.

‘സ്വ.ലെ’ കളും, “സ്വന്തം പ്രതിനിധി”-കളും ഇല്ലാതിരുന്ന കാലത്ത് വായനക്കാർ അയച്ചുകൊടുത്ത വാർത്തകൾ “രണ്ടു കണ്ണൻ”, “കണ്ട സാക്ഷി” എന്നൊക്കെയുള്ള പേരിൽ അച്ചടിക്കപ്പെട്ട ഭൂതകാലം മലയാള പത്രപ്രവർത്തനത്തിന് അന്നുണ്ടായി.

1879-ൽ പശ്ചിമതാരക പത്രത്തിൽ ഇങ്ങനെ ഒരറിയിപ്പു വന്നു :

” മിസ്റ്റർ വോക്കർ മരിച്ചുപോയിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന സ്വതന്ത്ര അഭിപ്രായമനുസരിച്ച് ഈ കടലാസ് പ്രസിദ്ധം ചെയ്തു കൊണ്ടു പോകാൻ മിസ്സിസ് വി.എം.വോക്കറും, സി.കുരിയനും നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു”.

1061 ഇടവം 31ന് അറുപതു വയസ്സ് തികയുന്നതിന്ന് മുൻപ് കുര്യൻ റൈറ്റർ എന്ന സി.കുര്യൻ പത്രലോകത്തോടും , വലിയ കച്ചവടസാമ്രാജ്യത്തോടും , സാമുദായിക പ്രവർത്തനത്തിനോടും യാത്രപറഞ്ഞ് കോട്ടയം പുത്തൻ പള്ളി സെമിത്തേരിയിലേക്ക് നടന്നിറങ്ങി.

ശവസംസ്കാരത്തിന് ആചാരപ്രകാരം മുഖം മറയ്‌ക്കേണ്ട തുണി കരുതാതിരുന്നതിനാൽ പരുമല തിരുമേനി തന്റെ സ്ലീബായിൽ കെട്ടിയിരുന്ന ചുവന്നപട്ട് എടുത്ത് മുഖം മൂടുകയാണുണ്ടായത്.

സി.കുര്യൻ റൈറ്ററുടെ മരണശേഷം സഹോദര പുത്രനായ സി.ജെ.കുര്യൻ പത്രാധിപത്യം ഏറ്റെടുത്തു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് പത്രം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ചു. സി.ജെ കുര്യന്റെ മരണശേഷം പുത്രൻ അഡ്വക്കേറ്റ് സി.പൗലോസ്, വെസ്റ്റേൺ സ്റ്റാറിന്റെ പ്രസിദ്ധീകരണാവകാശം തോമസ് പോൾ എന്നൊരാൾക്ക് വിറ്റതായി കാണുന്നു. കുറച്ചു കാലം തോമസ് പോൾ നടത്തിയിരുന്നു.

റോബിൻ ജെഫ്രി “നായർ മേധാവിത്വത്തിന്റെ പതനം” എന്ന തിരുവതാംകൂറിന്റെ സാംസ്‌കാരിക ചരിത്രപുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “1860 കളിലെ ഏതാനം കൊല്ലങ്ങളിലെ വെസ്റ്റേൺ സ്റ്റാർ പത്രത്തിന്റെ പ്രതികൾ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ ഉണ്ടന്ന് പറയപ്പെടുന്നു. എൺപതു കൊല്ലക്കാലത്തോളം പ്രസിദ്ധീകരിച്ച ആ പത്രത്തിന്റെ അവശേഷിക്കുന്ന പ്രതികൾ അവ മാത്രമാണ് “.

മലയാളിയുടെ ജീവിതയാത്രകൾ തുടങ്ങുന്നു :

1817-ൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കോട്ടയത്തെത്തി. അന്ന്, കോട്ടയത്ത് സി. എം. എസ് പാതിരിമാർ നടത്തുന്ന ഗ്രാമർ സ്കൂളിലും, സി.എം.എസ് കോളേജിലും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർ വേദപുസ്തകത്തിലെ പുറപ്പാടിന്റെ പുസ്തകം വായിച്ച് അന്യനാടുകളിലേക്ക് ജീവിതം കെട്ടിപ്പടുക്കാനുള്ള യാത്ര തുടങ്ങി. സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഇംഗ്ലീഷ് എന്ന ഭാഷ കയ്യിൽ പിടിച്ചവർ പുതിയ മേച്ചിൽപുറങ്ങൾ തേടി അലയാൻ തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കോട്ടയത്ത്‌ നിന്ന് ഇംഗ്ലീഷ് പഠിച്ചവർ വേമ്പനാട് കായലിലൂടെ കൊച്ചി എന്ന വാണിജ്യനഗരം ലക്ഷ്യമാക്കി വള്ളത്തിൽ തുഴഞ്ഞു. ആദ്യാവസരങ്ങൾ നൽകിയത് അടുത്ത രാജ്യമായ കൊച്ചിയിൽ യൂറോപ്യൻമാർ തുടങ്ങിയ കച്ചവട സ്ഥാപനങ്ങളാണ്.

അതികാലത്തെഴുന്നേറ്റ് സായിപ്പിന്റെ പണ്ടികശാലയുടെ മുമ്പിൽ ജോലിക്കായി വന്നവർ വരിവരിയായി നിന്നു. കുതിരവണ്ടിയിൽ എത്തിയ സായിപ്പിന്റെ മുമ്പിൽ ഭവ്യതയോടെ കൈകൂപ്പി നിന്ന ചെറുപ്പക്കാരുടെ ഇടയിൽ നിന്ന് “Good Morning Sir” എന്ന് പറഞ്ഞവരെ സായിപ്പ് അടുത്തേക്ക് വിളിച്ചു. What is your name ? എന്ന് ഇംഗ്ലീഷിൽ ചോദിച്ചതിന് ഉടൻ മറുപടിയായി പേര് പറഞ്ഞവർക്ക് ജോലികിട്ടി. ദ്വിഭാഷികളായും, റൈറ്റർമാരായും ആദ്യ ജോലികൾ തരപ്പെട്ടു. ജീവിതം പച്ചപിടിക്കാൻ തുടങ്ങി. വിദ്യാഭ്യാസം ജീവിതത്തിന് കുടപിടിച്ച് , തണലൊരുക്കുന്നത് മലയാളി അന്ന് കണ്ടു.

മലയാളിയുടെ വിദേശജോലിക്കുള്ള ഭാഗ്യജാതകം “Good Morning Sir “എന്ന ആശംസാപ്രയോഗത്തിലൂടെ എഴുതി തുടങ്ങി.

തിരുവതാംകൂറുകാരൻ കൊച്ചീ രാജ്യത്ത് ജോലിക്ക് പോയപ്പോൾ മലയാളിയുടെ പ്രവാസ ജീവിതം തുടങ്ങി. അതിന് കാരണമായത് ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യമായിരുന്നു.

കൊച്ചിയിലെ യൂറോപ്യൻ കമ്പനികളിൽ ജോലി ലഭിച്ച കോട്ടയംകാർ എഴുത്തുകാർ എന്നർത്ഥമുള്ള “റൈറ്റർ” എന്ന പേരിലാണ് അറിയപ്പെട്ടത്. തങ്ങളുടെ സ്ഥാപനങ്ങളിലെ കണക്കെഴുത്തു മാത്രമല്ല യൂറോപ്യൻമാരും, നാട്ടുകാരും തമ്മിലുള്ള കച്ചവടത്തിന്റെ പാലമായി വർത്തിക്കാനുള്ള ഉത്തരവാദിത്വം” റൈറ്റർ “എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഇവർക്കായിരുന്നു. കാലം ചെന്നപ്പോൾ ഇവരിൽ പലരും സ്വന്തമായി വ്യാപാരവ്യവസായങ്ങളിൽ ഏർപ്പെടുകയും സമ്പന്നൻമാരാകുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാളി മലയായിലേക്കും (മലേഷ്യ ), സിങ്കപ്പൂരിലേക്കും, ബർമയിലേക്കും ജോലി തേടി യാത്ര തുടർന്നു. മലയായിലെ റബ്ബർതോട്ടങ്ങളിൽ അവർ സുഭാഷ് ചന്ദ്രബോസ് എന്ന പ്രതിഭാസത്തിനെ കുറിച്ച് റേഡിയോയിലൂടെ കേട്ടു . അങ്ങനെ കാത്തുകാത്തിരുന്ന ആ കാലവർഷകൊടുംങ്കാറ്റ് 1943 ജൂൺ 13 മുതൽ പൂർവേഷ്യയാകെ ആഞ്ഞടിക്കാൻ തുടങ്ങി. തങ്ങൾ ജോലി ചെയ്യുന്ന തോട്ടങ്ങളിൽ നിന്ന് മലയാളിയും, തമിഴനും, ആന്ധ്രക്കാരനും, ബീഹാറിയും, ബംഗാളിയും തന്റെ കുഞ്ഞു കുട്ടികളും, സ്ത്രീകളുമായി ദിവസങ്ങളോളം നടന്ന് , ബോട്ട് കയറി ബോസ് എന്ന ഇതിഹാസത്തിനെ കാണാൻ സിംഗപ്പൂരിലെത്തി. ജൂലൈ 9-ന് സിംഗപ്പൂരിലെ “ഫാരർ പാർക്കിൽ” സംഘടിക്കപ്പെട്ട സമ്മേളനത്തിൽ ഏതാണ്ട് അറുപതിനായിരത്തിൽപരം ജനങ്ങൾ കോരിച്ചൊരിയുന്ന മഴയത്ത് ഒരൊറ്റ കുട പോലും നിവർക്കാതെ മൂന്നു മണിക്കൂർ നേരം ബോസിന്റെ പ്രസംഗം കേട്ടു !!

“നിങ്ങളെന്നെ അനുഗമിച്ചാൽ നിങ്ങളെ ഞാൻ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാം” എന്നാഹ്വാനം കേട്ട കോട്ടയംകാരായ എൻ.എൻ പിള്ളയും, കൂട്ടുകാരും തിരിച്ചു മലയായിലെ റബ്ബർ തോട്ടത്തിലേക്ക് പോകാതെ സുഭാഷ് ചന്ദ്ര ബോസിന്റെ INA യിൽ ചേരാൻ ക്യു നിന്നു…

1950 -കൾ മുതൽ ലോഞ്ചിൽ കയറി “പേർഷ്യ”-ക്ക് അറബിപ്പൊന്നു തേടി മലയാളി പോയി തുടങ്ങി. എണ്ണപണം തേടിയുള്ള മലയാളിയുടെ യാത്ര പിന്നീട് ബോംബെ വിമാനത്താവളം വഴിയായപ്പോൾ ജയന്തി ജനതക്ക് തുരുമ്പിന്റെ നിറമായിരുന്നു.മണവും അത് തന്നെയായിരുന്നു. എൺപതുകളിൽ പേർഷ്യ എന്ന പേര് ദുബായ് എന്ന് മാറ്റിവിളിച്ചു.

1960-കളിൽ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യൻ പള്ളികളിൽ വായിച്ച മെത്രാൻ കല്പനകളിലൊന്ന് പെൺകുട്ടികളെ നഴ്സിംഗ് പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. പുതിയ തൊഴിൽ സാദ്ധ്യതകളുടെ വരവറിയിച്ചത് മെത്രാൻമാരായിരുന്നു. അങ്ങനെ നഴ്സിംഗ് പഠിച്ച ആതുരശുശ്രുഷയുടെ വെള്ളരിപ്രാവുകൾ ഇന്ത്യയുടെ പല നഗരങ്ങളിൽ ജോലിസാധ്യത കണ്ടെത്തി. എഴുപതുകളുടെ രണ്ടാം പകുതിയിൽ അവർ പല ലോകത്തിലേക്ക് പറന്നിറങ്ങി.

എൺപതുകളുടെ രണ്ടാം പകുതിയിൽ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഉന്നത പടവുകൾ നടന്നുകയറിയ മലയാളി ലോകത്തിന്റെ എല്ലാ കോണിലേക്കും യാത്ര തുടർന്നു. ഇന്നും തുടരുന്നു….

ഇന്ത്യയിൽ, പഞ്ചാബികൾ കഴിഞ്ഞാൽ ലോകം മുഴുവൻ ജീവസന്ധാരണത്തിനായി യാത്ര ചെയ്തത് മധ്യതിരുവതാംകൂറുകാരാണന്ന് എം. പി. നാരായണപിള്ള എഴുതി. ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ കണ്ട സാഹസികതയുടെ വീറും, വിയർപ്പിന്റെയും ഗന്ധവുമുള്ള കാഴ്ചകളാണ് അങ്ങനെ എഴുതാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ചത്.

✍️ചരിത്രസഞ്ചാരി ©
charitrasanchari@gmail.com

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...

അബ്ദുൽ മജീദ്‌ റാവുത്തർ (68) നിര്യാതനായി

ജിദ്ദ: ആലപ്പുഴ ചുനക്കര തെരുവിൽമുക്ക്‌ കിണറുവിളയിൽ പരേതരായ സുലൈമാൻ റാവുത്തർ, ഹവ്വഉമ്മ ദമ്പദികളുടെ മകൻ അബ്ദുൽ മജീദ്‌ റാവുത്തർ (68) നാട്ടിൽ ഹൃദയ സംബന്ധമായ അസുഖത്താൽ നിര്യാതനായി. വളരെക്കാലം ജിദ്ദയിലെ അബ്ദുൽ ലത്തീഫ്...
WP2Social Auto Publish Powered By : XYZScripts.com
error: