ശ്യാമള ഹരിദാസ്
16-ആം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ധീര യോദ്ധാവാണ് ആരോമൽ ചേകവർ. വടക്കൻ പാട്ടുകളിലൂടെയാണ് അദ്ദേഹത്തിന്റെ ആയോധന പാടവത്തെ വാഴ്ത്തുന്ന കഥകൾ പ്രചരിച്ചത്.
ജീവിതം
കടത്തനാട് നാട്ടുരാജ്യത്തെ പ്രശസ്ത തീയർ തറവാടായ പുത്തൂരം തറവാട്ടിൽ കണ്ണപ്പചേകവരുടെ മകനായി ജനിച്ച ആരോമൽ ചേകവർക്ക് ഉണ്ണിയാർച്ച എന്ന സഹോദരിയും ഉണ്ണിക്കണ്ണൻ എന്ന സഹോദരനും ഉണ്ട്. കണ്ണപ്പനുണ്ണി എന്നാണ് ആരോമൽ ചേകവരുടെ മകന്റെ പേര്. അമ്മാവന്റെ മകളായ കുഞ്ചുണ്ണൂലി മികവിൽ മികച്ചേരിൽ തുമ്പോലാർച്ച എന്നിവരാണ് ഭാര്യമാർ. കുഞ്ചുണ്ണൂലിയിൽ ജനിച്ച കണ്ണപ്പനുണ്ണിയെക്കൂടാതെ തുമ്പോലാർച്ചയിലും ഒരു മകനുണ്ട്. തന്റെ മച്ചൂനനായ ചന്തുവിനൊപ്പം കളിച്ചു വളർന്ന ആരോമൽ ചന്തുവിന് ഉണ്ണിയാർച്ചയോടുള്ള ഇഷ്ടം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം ആർച്ചയെ ആറ്റുമണമേൽ കുഞ്ഞിരാമനു സംബന്ധം ചെയ്തു കൊടുത്തു.
മരണം
കീഴൂരിടത്തിലെ ഉണിക്കോനാരും മേ ലൂരിടത്തിലെ ഉണിച്ചന്ത്രാരും തമ്മിൽ മൂപ്പുതർക്കമുണ്ടായി; വയറ്റാട്ടിയുടെ സാക്ഷിമൊഴിയും നാടുവാഴികളുടെ ഒത്തുതീർപ്പുശ്രമങ്ങളും വിഫലമായി. ഉഭയകക്ഷികളും പരസ്‌പരം അങ്കപ്പോരു നടത്തി പ്രശ്‌നം പരിഹരിക്കണം എന്ന് തീരുമാനിക്കപ്പെട്ടു. ഉണിക്കോനാർ പുത്തൂരംവീട്ടിലെ ആരോമൽച്ചേകവരെ സമീപിച്ച് തനിക്കുവേണ്ടി അങ്കംവെട്ടണമെന്നഭ്യർഥിച്ചു. 22 കാരനായ ആരോമൽ ചേകവർക്ക് അങ്കവിദ്യകളെല്ലാം സ്വായത്തമായിരുന്നു; എങ്കിലും ഒരിക്കലും അങ്കം വെട്ടിയിരുന്നില്ല. എന്നാൽ അങ്കപ്പോരിനുള്ള ക്ഷണം, വിശേഷിച്ചും ആദ്യത്തേത്, നിരസിക്കുന്നത് തറവാട്ടുമഹിമയ്‌ക്കു ചേരുന്ന നടപടിയല്ലെന്ന് ആരോമൽ കരുതി. മാതാപിതാക്കളും ഭാര്യമാരും മറ്റ് ബന്ധുമിത്രാദികളും ആരോമലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇണിക്കോനാർക്കുവേണ്ടി അങ്കം വെട്ടാനുള്ള തീരുമാനത്തിൽനിന്നും ആരോമൽ പിന്മാറിയില്ല. അങ്കത്തിൽ തനിക്കു സഹായിയായി മച്ചുനനായ ചന്തുവിനെക്കൂടി കൂട്ടാൻ ആരോമൽ തീരുമാനിച്ചു. അങ്കത്തിന് ഉണിച്ചന്ത്രാർ ആശ്രയിച്ചത് അരിങ്ങോടൻ ചേകവരെയാണ്; അരിങ്ങോടൻ അങ്കവിദ്യയിലെന്നപോലെ ചതിപ്രയോഗത്തിലും ചതുരനാണ്. അങ്കത്തട്ട് പണിയുന്ന തച്ചനെ സ്വാധീനിച്ച് അയാൾ അതിന്റെ നിർമ്മാണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടാക്കി; ആരോമലിന്റെ സഹായിയായ ചന്തുവിനെയും പാട്ടിലാക്കി.
അങ്കപ്പോര് (പൊയ്‌ത്ത്) ആരംഭിക്കുന്നതിനു മുമ്പ് ആരോമൽ അങ്കത്തട്ടിൽ കയറി ചില അഭ്യാസപ്രകടനങ്ങൾ നടത്തി. അങ്കത്തട്ടിന്റെ ന്യൂനതകൾ എളുപ്പം കണ്ടുപിടിക്കാനും അത് പരിഹരിപ്പിക്കാനും ആരോമൽച്ചേകവർക്ക് കഴിഞ്ഞു. അങ്കം തുടങ്ങി; അരിങ്ങോടർ പതിനെട്ടടവും പയറ്റി. നാഭിയിൽ മുറിവേറ്റെങ്കിലും ആരോമൽ പരാജിതനായില്ല. ചന്തുവിന്റെ ചതിമൂലം അങ്കമധ്യത്തിൽവച്ച് മുറിഞ്ഞുപോയ തന്റെ ചുരികയുടെ അർധഭാഗം കൊണ്ട് ആരോമൽ അരിങ്ങോടരുടെ തലകൊയ്‌തു വീഴ്‌ത്തി. നാഭിയിലെ മുറിവിൽനിന്നും രക്തംവാർന്നുതളർന്ന ആരോമൽ ചന്തുവിന്റെ മടിയിൽ തലവച്ചുകിടന്നു മയങ്ങിപ്പോയി. ഈ പതനം ചന്തുവിന് അവസരമായി. സ്വാർഥപൂർത്തിക്ക് വിലങ്ങടിച്ചുനിന്ന ആരോമലിനോടുള്ള പ്രതികാരവാഞ്‌ഛ ചന്തുവിൽ ആളിക്കത്തി; അരിങ്ങോടരുമായി പുലർത്തിയിരുന്ന രഹസ്യധാരണ അതിൽ എണ്ണ പകർന്നു. ചന്തു കുത്തുവിളക്കെടുത്ത് ആരോമലിന്റെ മുറിവിൽ ആഞ്ഞുകുത്തിയശേഷം ഓടിയൊളിച്ചു. ആരോമൽ പല്ലക്കിൽ പുത്തൂരംവീട്ടിൽ എത്തിക്കപ്പെട്ടു. അമ്മാവന്റെ മകളായ തുമ്പോലാർച്ചയിൽ തനിക്കുണ്ടായ കണ്ണപ്പനുണ്ണിക്ക് എല്ലാവിധ വിദ്യാഭ്യാസവും നല്‌കണം എന്ന അന്ത്യാഭിലാഷം അനുജനെ അറിയിച്ചതിനുശേഷം ആരോമൽചേകവർ മൃതിയടഞ്ഞു.