ഗണേഷ് സുന്ദരം: ഗാനങ്ങളുടെ കൂട്ടുകാരൻ..!
സിനിമയെ ലക്ഷ്യംവെച്ച് സംഗീതപഠനം നടത്തിയവരായിരുന്നില്ല പഴയ പലപ്രമുഖ ഗായകരും. കുടുംബത്തിന്റെ സംഗീത പാരമ്പര്യം സ്വന്തമായ അഭിരുചി, അഭിനിവേശം ഇതൊക്കെയായിരുന്നു പ്രധാന കാരണങ്ങൾ…! പിന്നീട് സാഹചര്യങ്ങളും അവരുടെ കഴിവുകളും അവരെ സിനിമയിലെത്തിച്ചിരിക്കാം.
ഭക്തിഗാനകാസറ്റുകളിലും നാടകം, സീരിയൽ എന്നിവയുൾപ്പെടെ അയ്യായിരത്തിൽപരം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗണേഷ് സുന്ദരത്തെ സിനിമാ ലോകം ശ്രദ്ധിച്ചത് മറ്റൊരു പുതിയ സംഗീതസംവിധായകനി ലൂടെയാണെന്നുള്ളത്, സിനിമാരംഗം വാണിരുന്ന ചില മേൽക്കോയ്മകളെ അടയാളപ്പെടുത്തുന്നു.

”പതിനേഴ് സിനിമകളിൽ പതിനേഴ് ഗാനങ്ങൾ. അതെല്ലാം ടോപ്- ടെൻ ഹിറ്റ് ചാർട്ടിൽ പെടുന്നവ.” – സംഗീത സംവിധായകൻ ബിജിബാലിനോടുള്ള കടപ്പാട് പ്രകടിപ്പിച്ചു കൊണ്ട് തന്നെ ഗണേഷ് സുന്ദരം അഭിമാനംകൊണ്ടു.
ഗണേഷിന്റെ ഭാഷയിൽ, ”സിനിമാ സംഗീതത്തെ കുലപതികളുടെ പാട്ടുകൾ ദൂരെനിന്ന് ആരാധനയോടെ കേൾക്കാനല്ലാതെ തങ്ങൾക്ക് അപ്രാപ്യമായിരുന്ന സിനിമാമേഖലയിലെത്തിപ്പെടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു.”
കുട്ടിക്കാലം മുതലുള്ള ചിട്ടയായ സംഗീത പഠനവും മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനവും, ജീവിതം സംഗീതത്തിലൂടെയെന്ന് ഉറപ്പിച്ചിരുന്നു.
പക്ഷേ, എങ്ങിനെയെന്നുള്ള ചോദ്യങ്ങൾ ഇടയ്ക്കിടെ തലയുയർത്തുമായിരുന്നു.
മിലിറ്ററി ഉദ്യോഗസ്ഥനായ അച്ഛനും, അധ്യാപികയായ അമ്മയും, സഹോദരനും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് തന്നെ സംഗീതത്തെ ഉപാസിച്ചു.
പ്രീഡിഗ്രിക്ക് ശേഷം, സാങ്കേതികവിദ്യാ പഠനത്തിന് ചേർന്നതും, പിന്നീട് കോളേജ് ജീവിതം തിരിച്ചുപിടിച്ച് യൂണിവേഴ്സിറ്റി താരമായതുമെല്ലാം മനസ്സിലെ സംഗീതത്തിന്റെ അടക്കാനാവാത്ത തിരതള്ളൽ കൊണ്ടുതന്നെ!
ഇതിനിടെ AIR-ൽ ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
എയ്ഞ്ചൽ വോയ്സ് എന്ന പ്രൊഫഷണൽ ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകരിൽ ഒരാളായി നിരവധി വേദികളിൽ പാടി.

ശേഷം സ്വന്തമായി ഒരു ഓർക്കസ്ട്ര രൂപീകരിക്കുകയും കേരളത്തിലാകമാനം ഗാനമേളകൾ അവതരിപ്പിക്കുകയും ചെയ്തു.
ഇതിനിടെ പ്രശസ്ത ഗായകർ ആലപിച്ചിരുന്ന ഭക്തിഗാനങ്ങളെല്ലാം ചേർത്ത് ഒരു ‘ലൈവ് ആൽബം’ നിർമ്മിക്കുകയും, പ്രശസ്ത താരം സുരേഷ് ഗോപിയെക്കൊണ്ട് പ്രകാശനം ചെയ്യിക്കുകയുമുണ്ടായി.
ഗായകൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയ നാളുകളായിരുന്നു അത്. ഈ സമയം ”അമ്മ കാസറ്റ്സ് ” എന്നൊരു നിർമ്മാണകമ്പനി ഗണേഷ് സുന്ദരത്തെ സമീപിക്കുകയും ഭക്തിഗാന കാസറ്റിൽ പാടണമെന്ന് താല്പര്യപ്പെടുകയും ചെയ്തു.
ഗണേഷിന്റെ ജാതകം തിരുത്തിക്കുറിച്ച ”ഗുരുതി പൂജ” (ചോറ്റാനിക്കര ദേവി ഗീതങ്ങൾ)യുടെ പിറവിയായിരുന്നത്.
വർഷങ്ങൾക്ക് മുമ്പുതന്നെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുതീർത്ത ഗുരുതി പൂജ ആൽബം ചോദിച്ച് ഇന്നും ആളുകൾ കടയിൽ എത്തുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു!
‘ഗുരുതിപൂജ’യുടെ റിലീസിംങ്ങോടുകൂടി
ഭക്തി ഗാന രംഗത്തെ ”ട്രെൻഡ്സെറ്റ് മേക്ക”റായി ഗണേഷിനെ പലരും വിശേഷിപ്പിച്ചിരുന്നു!
സിനിമയിലേക്കുള്ള ആദ്യ വഴിതുറന്നത് ഇളയച്ഛനാണ്. സിനിമ വിജയിക്കാത്തതു മൂലം ഗാനവും ശ്രദ്ധിക്കപ്പെട്ടില്ല. ഇളയച്ഛന്റെ സുഹൃത്ത്കൂടിയായ നിസാറിന്റെ ചിത്രത്തിലായിരുന്നു ആദ്യം പാടിയത്.
സംഗീതമാണ് വഴിയെന്നുറപ്പിച്ച്, ഇതിനകം, ഗണേഷ് ജീവിതസഖിയെ കണ്ടെത്തിയിരുന്നു.
മാതാപിതാക്കളെപ്പോലെ ഒരു സർക്കാർ ജോലിക്ക് ശ്രമിക്കാമായിരുന്നിട്ടും താൻ സംഗീതവഴി തെരഞ്ഞെടുത്തത് ശരിയായിരുന്നോയെന്ന് പലപ്പോഴും ശങ്കിച്ചു പോയിരുന്നു.
എന്നാൽ ”ഗുരുതിപൂജ” ഹിറ്റായതോടെ ഭക്തി ഗാന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ഗായകനായി ഗണേഷ് സുന്ദരം മാറിക്കഴിഞ്ഞു.
അതിനോടൊപ്പം തന്നെ രാഘവൻ മാസ്റ്റർ, ദേവരാജൻമാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, എന്നിവർക്കുവേണ്ടി യഥാക്രമം നാടകം, ക്വയർ സോങ്സ്, ട്രാക്ക് സോങ്സ്… എന്നിവയും പാടുകയുണ്ടായി.
സിനിമാലോകം തനിക്ക് അപ്രാപ്യമായ ഒന്നാണെന്ന് കരുതിയ നാളുകളിലാണ്, പുത്തൻ ട്രന്റുമായി ഗാന സംവിധാനരംഗത്തേക്ക് ബിജിബാൽ ചുവടുറപ്പിച്ചതും,
”മിന്നാമിന്നിക്കൂട്ടത്തി”ൽ ഒരു സംഘഗാനം പാടാൻ ഗണേഷ് സുന്ദരത്തെ ക്ഷണിക്കുന്നതും.
”താരാജാലം ”എന്ന പാട്ട് ഹിറ്റായിരുന്നെങ്കിലും ശബ്ദ കൂട്ടത്തിൽ തന്റെ ശബ്ദം വേണ്ടത്ര ശ്രദ്ധനേടിയോ എന്ന് സംശയം?!
പിന്നീടാണ്, മമ്മൂട്ടി നായകനായ ‘ലൗഡ്സ്പീക്കറി”ൽ പാടിയ (പനചൂരാന്റെ രചന) ”ചങ്ങഴിമുത്തുമായി” എന്ന ഗാനം (സിനിമയില്ലെങ്കിലും) ശ്രദ്ധേയമായത്.

പിന്നീടുള്ളത്, സിനിമാലോകത്ത് വിരചിക്കപ്പെട്ടത് ചരിത്രങ്ങൾ…!
പതിനേഴ് സിനിമകളിൽ പതിനേഴ് ഗാനങ്ങൾ…., എല്ലാം ബിജിബാൽ നൽകിയ അവസരങ്ങൾ….!!
കായൽക്കരയിൽ….. (വെനീസിലെ വ്യാപാരി) നവയുഗയവനിക… (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ) ഹിമകണമുതിരും…. (വയലിൻ) പുഞ്ചിരി കണ്ണുള്ള… (വെള്ളിമൂങ്ങ) കണ്ണിലെ പൊയ്കയിൽ… (തൊണ്ടിമുതലും ദൃക്സാക്ഷികളും), ഇവയെല്ലാം ഗണേഷിന്റെ ഹിറ്റുകളിൽ ചിലതുമാത്രം.
”പുഞ്ചിരിക്കണ്ണുള്ള.. ” എന്ന ഗാനത്തിന് സ്റ്റേറ്റ് അവാർഡിനുള്ള സാധ്യത ചിലരെങ്കിലും പ്രവചിച്ചിരുന്നെങ്കിലും, ചില സാങ്കേതികതയുടെ പേരിൽ വഴിമാറി പോവുകയായിരുന്നു എന്നാണ് ലഭിച്ച വിവരം.
എങ്കിലും ഫ്ലവേഴ്സ് ടിവി ഫിലിം ഫെസ്റ്റിവെലിൽ 2017 ലെ മികച്ച ഗായകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
അഫ്സൽ യൂസഫ് ജോൺസൻ കോട്ടയം എന്നീ സംഗീത സംവിധായകർക്ക് വേണ്ടിയും സിനിമയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
”എല്ലാം ദൈവനിയോഗം” -തന്റെ ഇതുവരെയുള്ള നേട്ടങ്ങളെ ഗണേഷ് വിലയിരുത്തുന്നു.
ഒപ്പം ഒരു ദുഃഖവും പങ്കുവച്ചു. അന്തരിച്ച ജോൺസൻ മാസ്റ്ററോടും, എം. ജി. രാധാകൃഷ്ണൻ ചേട്ടനോടും ചേർന്ന് പ്രവർത്തിക്കാനാവാതിരുന്നത്….!
ലൈലു ശിഖാമണിയാണ് സംഗീതത്തിലെ ആദ്യഗുരു. പിന്നീട് ദീർഘനാൾ, S.K. സുബ്രഹ്മണ്യം, ടോമി തോമസ് എന്നിവരുടെ ശിക്ഷണത്തിലും, കാഞ്ഞങ്ങാട് ശ്രീനിവാസൻ, കാവാലം ശ്രീകുമാർ, എന്നിവർക്കു കീഴിലും പരിശീലനം നേടിയിട്ടുണ്ട്.
ഭാര്യസ്മിതയോടും മക്കളായ ശങ്കർഗണേഷ് ശ്രീധർഗണേഷ് (ഇരുവരും മൾട്ടിമീഡിയ, ആനിമേഷൻ രംഗത്ത് പരിശീലനം നടത്തുന്നു.) എന്നിവരോടൊപ്പം തൃപ്പൂണിത്തുറയിലാണ് താമസം. ”ജനി” എന്നപേരിൽ മ്യൂസിക് അക്കാദമിയും നടത്തിവരുന്നു.

നല്ല ലേഖനം. ആശംസകൾ
മികച്ചൊരു ഗായകനെ മികച്ച രീതിയിൽ തന്നെ പരിചയപ്പെടുത്തി 👏👏👍👍