ഭൂഗോളത്തിൽ മനുഷ്യവംശം പിറന്നുവീണ ഉർവ്വരതയുടെ മണ്ണാണ് ആഫ്രിക്കൻ വൻകരയും കോംഗോനദീതടവും !
അവിടെ പിറന്നുവീണ്, അവിടെനിന്നു പുറപ്പെട്ട മനുഷ്യനാണ് യൂറോപ്പിലും, ഇന്ത്യയിലും, ഏഷ്യയിലും, അമേരിക്കയിലുമൊക്കെ എത്തി, അതതു നാട്ടുകാരായത്. ഉത്തരധ്രുവത്തിൽ നമ്മൾ ചേക്കേറിയിട്ട് വെറും 500 വർഷം കഴിയുന്നതേയുള്ളു.
നൈല്‍നദി കഴിഞ്ഞാല്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ വളര്‍ത്തിയ പ്രധാന നദിയാണു കോംഗോ.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (പഴയ സയര്‍), സാംബിയ, എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലെ
‘ലുവാലബ’ നദിയിൽ നിന്നുത്ഭവിച്ച്, അംഗോള, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, സാംബിയ, കോംഗോ, കാമറൂണ്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി, അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു.
ആമസോൺ വനം പോലെ, ലോകത്തിൻ്റെ ശ്വാസകോശങ്ങളിലൊന്നായി കോംഗോ വനം അറിയപ്പെടുന്നുവെങ്കിലും, വനവിസ്തൃതിയും, ഭൂമിയിലെ ഓക്സിജൻ നിർമ്മാണവും സംബന്ധിച്ച കൗതുകം നിറഞ്ഞ ചില പഠനങ്ങളുണ്ട്.
ഇന്ത്യയിലെ ഗോദാവരീതീരത്തുള്ള ബസ്തർ വനമേഖലയ്ക്ക് കേരളത്തോളവും, വലുപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുള്ള കോംഗോ വനമേഖലയ്ക്ക് ഭാരതത്തേക്കാളും വിസ്തൃതിയുണ്ട്. എന്നാൽ ഏറ്റവും വലിയ മഴക്കാടായ ആമസോണും, രണ്ടാമതുള്ള കോംഗോയുമടക്കം ഭൂമിയിലെ മുഴുവൻ വനവും മരവും ചേർന്നുൽപ്പാദിപ്പിക്കുന്ന ഓക്സിജൻ വെറും ഇരുപത് ശതമാനം മാത്രമാണെന്നും, ബാക്കി 80 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് കടലിലെ പായലായ പ്ളാംഗ്ടണുകളാണ് എന്നതുമാണത്.
ലോകത്തിലെ വൻ നദികളിലൊന്നായ കോംഗോനദിക്ക് 4700 കിലോമീറ്റർനീളമുണ്ട്. നീളത്തിന്റെ കാര്യത്തിൽ നൈലിന് തൊട്ടുപിന്നിലും, ലോകത്ത് ഒൻപതാം സ്ഥാനത്തുമാണ്.
നീണ്ട കാലം നദീമുഖത്ത് ആധിപത്യമുറപ്പിച്ചിരുന്ന ‘മാനിക്കോംഗ’ കൾ എന്ന പുരാതന കോംഗോ സാമ്രാജ്യത്തിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചതത്രെ. കുറിയ മനുഷ്യരായ ‘പിഗ്മികൾ’ ഉൾപ്പടെ നിരവധി ഗോത്ര വിഭാഗങ്ങൾക്ക്, ഈ നദി ഉപജീവനമേകുന്നുണ്ട്.
ജലപ്രവാഹത്തിലും, മഴക്കാടുകളുടെ വിസ്തൃതിയിലും, നദീതട വിസ്തീർണ്ണത്തിലും, ആമസോണിന് പിന്നിൽ രണ്ടാം സ്ഥാനക്കാരിയാണ് കോംഗോ.
ലോകത്തിലെ ഏറ്റവും ആഴമുള്ളതും ദുരൂഹതകൾ നിറഞ്ഞതുമായ നദിയാണ് കോംഗോ. ചിലയിടങ്ങളില്‍ 220മീറ്ററോളം ആഴവും, പത്തുമൈലോളം വീതിയുമുള്ള
നദിയുടെ ആഴങ്ങൾ, അത്യപൂർവ്വജീവികൾ നിറഞ്ഞ “അത്ഭുതലോകമെന്നാണ് ” നിരീക്ഷകർ പറയുന്നത്.
‘ഗോലിയാത്ത്’ എന്നുപേരുളള ഭീകരമൽസ്യമുൾപ്പടെ അതിവിശിഷ്ട മൽസ്യ – ജൈവസമ്പത്തു നിറഞ്ഞതാണ് ഈ നദിയും തീരവും. ചിമ്പാൻസി, ഗോറില്ല, ആഫ്രിക്കൻ ആനകൾ തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം.
ആഫ്രിക്കയില്‍ ഏറ്റവും ഒഴുക്കുള്ള നദികളില്‍ ഒന്നായ കോംഗോ, ഭൂമധ്യരേഖയെ രണ്ടു പ്രാവശ്യം മറികടക്കുന്നുമുണ്ടത്രെ !
ഒട്ടേറെ പോഷകനദികളുള്ള കോംഗോയുടെ പ്രധാന പോഷക നദികൾ ഉബാംഗി, സംഘ, കസല്‍, അരുവിമി എന്നിവയാണ്. നാല്‍പതോളം ജലവൈദ്യുത പദ്ധതികളും നിരവധി ജലപാതങ്ങളും ഇതിലുണ്ട്. ബ്രിട്ടീഷ് പര്യവേക്ഷകൻ ‘ഹെൻറി മോർട്ടൻ സ്റ്റാൻലി’യുടെ പേരിലുളള ‘സ്റ്റാൻലി വെള്ളച്ചാട്ടം’ കോംഗോ നദിയുടെ ഉറവിടപ്രദേശത്താണ്. ഇരുട്ടിന്റെ ഈ
താഴ് വാരം ഒട്ടേറെ സിനിമകൾക്കും, സാഹിത്യകൃതികൾക്കും പശ്ചാത്തലമായിട്ടുണ്ട്.
മനുഷ്യോൽപത്തിയുടെ രഹസ്യങ്ങളുറങ്ങുന്ന ഇരുണ്ട
താഴ്വരകളിലൂടെ, അടിത്തട്ടിൽ അൽഭുത ലോകമൊരുക്കി, തികഞ്ഞ രൗദ്രഭാവത്തോടെ കോംഗോനദി തന്റെ ദീർഘപ്രയാണം തുടരുന്നു ….
(കടപ്പാട്)
സുജ ഹരി ✍
ഭാരതപ്പുഴയുടെ മനോഹാരിത വർണ്ണിച്ചുകൊണ്ട് ഫെബ്രുവരി 4 മുതൽ മലയാളിമനസ്സിലൂടെ മുടങ്ങാതെ ഒഴുകിത്തുടങ്ങിയ സുജ ഹരിയുടെ “നദികൾ സ്നേഹപ്രവാഹങ്ങൾ” ഇന്നിവിടെ പൂർണ്ണമാവുകയാണ്. പ്രധാനപ്പെട്ട നദികളുടെ ചരിത്രവും ഉത്ഭവവും, അവയുടെ പ്രാധാന്യവും വിവരിച്ചുകൊണ്ട് വായനക്കാർക്ക് അറിവുപകർന്ന സുജ ഹരിയുടെ നല്ലമനസ്സിന് മലയാളിമനസ്സ് കുടുംബത്തിന്റെ നന്ദി..🙏
‘നദികൾ സ്നേഹപ്രവാഹങ്ങൾ’ എന്ന എന്റെ
പരമ്പര ഒരു വർഷമായി വായിച്ചു പ്രോൽസാഹനം നൽകിയ മലയാളി മനസ്സിലെ സ്നേഹം നിറഞ്ഞ
വായനക്കാർക്കും, പ്രിയ സാരഥികൾക്കും
പ്രത്യേകിച്ച് രാജു സാറിനും, എന്നെ ഈ മഹനീയവേദിയിേലേക്ക് ആനയിച്ച ദേവു മാഡത്തിനും …. നിറഞ്ഞ നന്ദിയും
സ്നേഹവും ….🙏🙏🙏❤️❤️🙏🙏🙏