17.1 C
New York
Friday, January 21, 2022
Home Special കൊലക്കളം ആക്കണോ കലാലയങ്ങൾ..? (കാലികം)

കൊലക്കളം ആക്കണോ കലാലയങ്ങൾ..? (കാലികം)

ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുമ്പോൾ മുതൽ അമ്മയും അച്ഛനും ആനന്ദത്തിന്റെ പരകോടിയിലാണ്. ആ കുഞ്ഞിനെക്കുറിച്ചു നൂറ് നൂറ് സ്വപ്നങ്ങൾ കണ്ടുതുടങ്ങും. ഒരു രാജകുമാരനായോ രാജകുമാരിയായോ വളർത്താൻ ആഗ്രഹിക്കും അതിനായി അഹോരാത്രം പണിയെടുക്കും. കൈ വളരുന്നോ കാൽവളരുന്നോഎന്ന്‌ നോക്കിയിരിക്കും. അവന്റെയൊ അവളുടെയോ ആദ്യ കരച്ചിൽ, ആദ്യമായി പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി, അങ്ങനെ ഓരോ നിമിഷവും അവർക്കൊപ്പം. വളർച്ചയുടെ ഓരോ പടവിലും ചോരയും നീരും അവരുടെ വളർച്ചയ്ക്കായി വളവും വെള്ളവുമായി നൽകും. അവരുടെ ഓരോ വിജയങ്ങളും ആത്മ നിർവൃതിയോടെ ആസ്വദിക്കും. ഓരോ ക്ലാസ്സ് പിന്നിടുമ്പോഴും കഠിനമായി പ്രയത്നിക്കും അവരുടെ ഭാവി ശോഭനമാക്കാൻ. എന്നിട്ട് ഒരുനാൾ അവർ ജീവിതത്തിൽ ആഗ്രഹിച്ചപോലെ പഠനം പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ കാപാലികരുടെ കൊലക്കത്തിക്ക് ഇരയാവുക. എത്ര ഹൃദയഭേദകമാണ് അത്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച അരും കൊല… രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപെട്ടു… പ്രബുദ്ധ കേരളം ഈ കൊടും പാതകത്തെ ഏതൊക്കെ രീതിയിൽ നേരിട്ടു എന്നും എങ്ങനെ ഒക്കെ പ്രതികരിച്ചു എന്നും നമ്മൾ കണ്ടു….

ജീവിതം എന്തെന്ന് അറിയും മുൻപ് ജീവൻ കവർന്നെടുത്ത കാട്ടാളൻ ഒരു മനസാക്ഷിക്കുത്തുമില്ലാതെ നെഞ്ചുംവിരിച്ചുനിന്നത് ഉന്നതങ്ങളിലെ സ്വാധീനം രക്ഷപ്പെടുത്തുമെന്ന ധൈര്യം കൊണ്ടാകും. എന്നാൽ കരൾ ഉരുകി കരയുന്ന ഒരു അമ്മയുടെയും അച്ഛന്റെയും അനിയന്റെയും വേദനയുടെ ആഴം അളക്കാൻ ആർക്ക് കഴിയും. ആയുസിന്റെ ബലം കൊണ്ട് തല നാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടി രണ്ട് വിദ്യാർഥികൾക്ക്. മരണം ഇരന്നു വാങ്ങി എന്ന്‌ പറഞ്ഞു നേതാവ് പരിഹസിച്ചപ്പോൾ ചുറ്റുംനിന്ന മറ്റ് നേതാക്കളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിജയോന്മാദത്തിന്റെതായിരുന്നു. ഒരു നിമിഷം അവനവന്റെ വീട്ടിലേക്ക്, മക്കളിലേക്കു ഒന്ന് നോക്കിയെങ്കിൽ അങ്ങനെ പറയാനുംചിരിക്കാനും കഴിയുമായിരുന്നോ. കുട്ടിക്കൂരങ്ങന്മാരെ ചൂട് ചോറ് വാരിപ്പിച്ചു രസിക്കുന്ന വിവരം കെട്ട നേതൃത്വം നാടിനെ കുട്ടിച്ചോറാക്കും എന്നതിൽ സംശയമില്ല.

ആശയങ്ങൾ കൊണ്ട് പ്രതിഷേധിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയത്തിലെ മാന്യതയും മര്യാദയും. ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുക എന്നത് മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവർത്തിയാണ്. മൃഗങ്ങളും വിശപ്പടക്കാൻ അല്ലാതെ വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ മറ്റ് മൃഗങ്ങളെ കൊല്ലാറില്ല. പച്ചമാംസത്തിൽ കത്തി ആഴ്ത്തി രസിക്കുന്ന മനോനിലയിലേക്ക് മനുഷ്യൻ അധപ്പതിച്ചിരിക്കുന്നു. സഹജീവികളെ അധികാരത്തിനു വേണ്ടിയും സ്വന്തം നിലനിൽപ്പിനായും കൊന്നൊടുക്കുന്ന നീതിശാസ്ത്രം മനസിലാകുന്നില്ല.

ഒരു നേതാവിന്റെയും മക്കൾ തെരുവിൽ കൊലക്കത്തിക്കു ഇരയാകുന്നില്ല. ആരെയും ആക്രമിക്കുന്നില്ല. പിടഞ്ഞുതീരുന്നതും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ നരകിക്കുന്നതും സാധാരണക്കാരന്റെ മക്കളാണ്. ഒരു കുടുംബത്തിന്റെ ഏകപ്രതീക്ഷയാണ്. താൽക്കാലികമായ സഹായങ്ങൾ അവരുടെ ആജീവനാന്ത ദുഃഖത്തെ കുറയ്ക്കില്ല. പാർട്ടി ഏതും ആകട്ടെ.. രക്ത സാക്ഷികളുടെ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും ഭാര്യമാരുടെയും, മക്കളുടെയും കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനു ഒരേ നിറമാണ്, ചോരയുടെ നിറം. അവരുടെ ദുഃഖത്തിന് അതിർവരമ്പുകൾ ഇല്ല.

ഇനിയെങ്കിലും കൊല കത്തികൾ താഴെയിടാൻ നേതാക്കൾ അണികളോട് ആവശ്യപ്പെടുക, അല്ലാതെ ആയുധമെടുക്കാൻ ആജ്ഞാപിക്കരുത്. കൊന്നു തള്ളിയിട്ടു ഇരന്നു വാങ്ങിയെന്നു ഊറ്റംകൊള്ളരുത്. അധികാരത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാതായി പലർക്കും. കാലം കാത്ത് വയ്ക്കുന്ന ഒരു കാവ്യനീതി ഏവരെയും കാത്തിരിക്കുന്നു എന്ന്‌ മറക്കാതിരുന്നാൽ നന്ന്…. കൊലയാളിക്കും ഉണ്ടാകുമല്ലോ ഒരൂ കുടുംബം. അവിടെയും കാണും കണ്ണുനീർ വാർത്തു കാത്തിരിക്കുന്ന കുറെ മനുഷ്യർ..

നേതാക്കൾ ആജ്ഞാപിക്കുന്ന എന്ത് തോന്നിവാസത്തിനും ഏറാൻ മൂളാൻ നിൽക്കുന്ന യുവതയോടു ഒന്നേ പറയാനുള്ളു.. പല്ല് കൊഴിഞ്ഞ സിംഹങ്ങളുടെ ഗർജ്ജനകളെ മുഖവിലക്കു എടുക്കും മുൻപ് ഒന്ന് ആലോചിക്കുക. തെറ്റും ശരിയും എന്താണെന്നു സ്വയം ബോധ്യമായാൽ നേതാക്കളെ കൂടി മനസിലാക്കി കൊടുക്കുക. ഒരു നല്ല ഗൃഹനാഥൻ തന്റെ കുടുബത്തിലെ എല്ലാവരുടെയും അഭിപ്രായം പ്രധാന വിഷയങ്ങളിൽ എങ്കിലും ചോദിക്കാറുണ്ട്. മക്കളോടും അഭിപ്രായം ആരായും. നല്ലതെന്നു തോന്നിയാൽ അവരുടെ അഭിപ്രായവും സ്വീകരിക്കും. ഇവിടെയും നേതാക്കൾക്കും യുവതയെ കൂടി ഉൾപ്പെടുത്തി പ്ലാനും പദ്ധതികളും നടപ്പിലാക്കാം. അത് മറുപക്ഷത്തെ ഇല്ലായ്മ ചെയ്തു കൊണ്ടല്ല, അവരെക്കാൾ മെച്ചപ്പെട്ട ആശയങ്ങൾകൊണ്ട് ആയിരിക്കണം. അതിന് യോജിച്ച മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടാകണം.

ഒരു പാർട്ടിയെയും എടുത്തു പറഞ്ഞു ആരുടേയും വിദ്വേഷം സമ്പാദിക്കണമെന്ന്ആഗ്രഹമില്ല. ഏത് പാർട്ടിക്കാർ കൊന്നാലും ഏത് പാർട്ടിക്കാർ മരിച്ചാലും ആ വീട്ടുകാർക്ക് മാത്രമാണ് നഷ്ടം. ഒരു സ്മൃതി മണ്ഡപം കെട്ടിയതു കൊണ്ടോ സാമ്പത്തിക സഹായം നൽകിയാലോ തീരുന്നതല്ല ആ വീട്ടുകാരുടെ വേദനയും നഷ്ടവും. 1981 ൽ സൈമൺ ബ്രിട്ടോ എതിർ പാർട്ടിക്കാരുടെ ആക്രമണത്തിൽ നട്ടെല്ല് തകർന്നു മരണം വരെ വീൽചെയറിൽ കഴിയേണ്ടി വന്നു.

കേരള ഹൈക്കോടതി 19വർഷം മുൻപ് കലാലയ രാഷ്ട്രീയം നിരോധിച്ചതാണ്. അരനൂറ്റാണ്ടിനിടയിൽ കലാലയ മുറ്റത്ത്‌ പിടഞ്ഞു തീർന്നത് നൂറോളം കുരുന്നുകളുടെ ജീവനുകൾ. ജീവിക്കുന്ന രക്ത സാക്ഷികൾ അനേകമുണ്ട്. ത്യാഗമനോഭാവവും സാമൂഹ്യ ബോധവും വളർത്താൻ ലക്ഷ്യമിട്ട വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ മാതൃ സംഘടനയുടെ മൗനാനു വാദത്തോടെ അക്രമവും അരുംകൊലകളും നടത്തുന്നു. മിക്കപ്പോഴും ക്യാമ്പസിനു പുറത്ത് നിന്നുള്ള വരുടെ കൊലക്കത്തിക്കു ഇരയാകുന്നു കുട്ടികൾ.

വിദ്യാലയങ്ങളിൽ സംഘടനകൾക്ക് യോഗം ചേരാൻ അവകാശം ഇല്ലെന്നും വിദ്യാർഥികൾ ക്രിമിനൽ പ്രവർത്തനം ക്യാമ്പസ്സിൽ നടത്തിയാൽ മറ്റേത് കുറ്റവാളികളോട് പോലീസ് പെരുമാറുന്നതുപോലെ പെരുമാറാം എന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. രണ്ട് പതിറ്റാണ്ടിനിടയിൽ ആറോളം ഉത്തരവുകൾ കോടതി പുറപ്പെടുവിച്ചു. 2003 ലേ വിധിയിൽ കോളേജിൽ രാഷ്ട്രീയപ്രവർത്തനം നിരോധിക്കാനും സംഘടനാ യോഗങ്ങൾ വിലക്കാനും മാനേജ് മെന്റുകൾക്കു അധികാരമുണ്ട്. 2004 ലേ വിധി അനുസരിച്ചു സമരം, ഘോരാവോ, ധർണ്ണ, ബന്ദ്, തുടങ്ങിയവ നിയമവിരുദ്ധമാണ്.
2006 ൽ കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിച്ചു. പരാതി കിട്ടിയാൽ പോലീസ് ഇടപെടണം എന്ന്‌ വിധിച്ചു.

നേതാക്കൾ രാഷ്ട്രീയത്തിന് വളകൂറിനുള്ള മണ്ണ് കണ്ടെത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണെന്ന് കോടതി രൂക്ഷ വിമർശനം നടത്തിയത്, 2006 ൽ കോളേജുകളിൽ പാർലമെന്ററി രീതിയിൽ തെരഞ്ഞെടുപ്പു നടത്താൻ അനുമതി തേടിയുള്ള ഒരു ഹർജിയിൽ ആണ്. 2013ൽ ക്യാമ്പസുകളിൽ സംഘടനകളുടെ ബാനറുകളും, കൊടികളും പാടില്ലെന്ന് താക്കിത് ചെയ്ത കോടതി കലാലയങ്ങളിൽ സമാധാനാന്തരിക്ഷം നില നിർത്തണമെന്ന മുൻഉത്തരവുകൾ നടപ്പിലാക്കണമെന്ന് അന്ത്യശാസനം നല്കി. 2020ൽ കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥി സംഘടനകൾ സമരവും ധർണ്ണയും പ്രകടനവും ഘോരാവോയും നടത്തുന്നത് നിരോധിച്ചു ക്യാമ്പസുകൾക്ക് പോലീസ് സംരക്ഷണം നൽകണം എന്നും പഠനം തടസപ്പെടുത്തുന്നത് വിദ്യാഭ്യാസ അവകാശ ലംഘനം ആണെന്നും കോടതി വിധിയുണ്ട്.

എന്തൊക്കെ വിധികളും ഉത്തരവുകളും ഉണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ അവരുടെ വിദ്യാർത്ഥി സംഘടനകളിൽ അമിതമായി ഇടപെടുന്നു. അവരുടെ ആജ്ഞാനുവർത്തികൾ മാത്രമായി വിദ്യാർഥികളെ മാറ്റുന്നു. ഈ സ്ഥിതി അതീവ ഗുരുതമായ, ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കും. ചിന്തിക്കാൻ യുവതക്കു കഴിയാത്തിടത്തോളം ഇത്‌ തുടർക്കഥയാകും. നല്ല ബുദ്ധി തോന്നട്ടെ അവർക്ക് എങ്കിലും.
കൊലകത്തി നമുക്കുവേണ്ടെന്നു അവർ തീരുമാനിക്കട്ടെ..

ജിത ദേവൻ ✍️

COMMENTS

2 COMMENTS

  1. നമ്മുടെ ലേഖനങ്ങൾ പലപ്പോഴും ഓരേ വിഷയം ആണ്.പക്ഷേ രണ്ടും രണ്ടു രീതിയിൽ.ഇനിയെങ്കിലും നിയന്ത്രണമുണ്ടായില്ലെങ്കിൽ മരണം തുടർകഥയാവും. രാഷ്ട്രീയം വേണ്ട എന്നല്ല മുതിർന്ന പാർട്ടിക്കാരുടെ ചട്ടുകമാവരുത്. ആശയങ്ങൾ കൊണ്ടു യുദ്ധം ചെയ്യട്ടെ ആയുധങ്ങൾ ഒഴിവാക്കട്ടെ. പൊളിറ്റിക്കൽ ഇടപെടൽ കൂടുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ

    • ശരിയാണ് മിക്കപ്പോഴും ഒരേ വിഷയങ്ങൾ ആണ് നമ്മൾ തെരഞ്ഞെടുക്കുന്നത്.. കലാലയ രാഷ്ട്രീയം വേണം പക്ഷെ മാതൃ സംഘടനകൾ അമിതമായി ഇടപെടാൻ പാടില്ല. ആശയപരമായി ഏറ്റുമുട്ടട്ടെ. ആയുധം ഉപേക്ഷിക്കുക, ക്യാമ്പസുകളിൽ പുറത്തുള്ളവർ കയറാൻ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: