ശാരി യദു✍️
അസാധാരണമായ വഴിയിലൂടെ മാനവരാശിയും കാലവും കടന്നുപോവുകയാണ്. കോവിഡ് 19ന്റെ ആക്രമണം മനുഷ്യരാശിയിൽ അനുദിനം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. “നിങ്ങൾ യുദ്ധമുഖത്താണ്. ഇവിടെ നിന്ന് നിങ്ങൾക്ക് ജയിക്കണമെങ്കിൽ ആദ്യം നിങ്ങൾ ശത്രുവിനെക്കുറിച്ച് പഠിക്കണം. അത്രയുമായാൽ 50% യുദ്ധം ജയിച്ചു എന്ന് പറയാം”.1917ലെ റഷ്യൻ വിപ്ലവകാലത്ത് ലെനിന്റെ വാക്കുകളാണിവ.2019 ൽ ലോകത്താകമാനം ഭീതിയിലാഴ്ത്തിയ കോവിഡ് 19 നെ ഏതാനും മാസങ്ങൾക്ക് ഭാരത് ബയോടെക് ലെ വിദഗ്ദർ covaxin എന്ന മരുന്ന് കണ്ടുപിടിച്ചതോടെ 50% യുദ്ധം നാം ജയിച്ചതായി അനുമാനിക്കാം.
കൊറോണയിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടോ എന്നത് പ്രസക്തമായൊരു ചോദ്യമാണ്. 1990-91 സോവിയറ്റു യൂണിയന്റെ പതനകാലത്ത് അമേരിക്ക കൊറോണ വൈറസിനെ ഉപയോഗിച്ച് ഇറാഖിനെ തകർക്കുമെന്ന് അമേരിക്കയുടെ കൊടിയ ശത്രുവായ സദ്ദാം ഹുസൈൻ പറയുകയുണ്ടായിരുന്നു.
സോവിയറ്റിന്റെ പതനവും അമേരിക്കൻ ഏകമുഖ ലോകക്രമവും തനിക്കു ശക്തിയായൊരു എതിരാളിക്കുള്ള അവസരം തുറന്നു തന്നു. ചൈനയാണ് അതിനർഹത നേടിയത്. 1949 മുതൽ ചൈന കമ്മ്യൂണിസ്റ്റ് രാജ്യമാണ്. വർഗ്ഗശത്രു മുതലാളിത്തവും. അമേരിക്ക -ചൈന വിദ്വേഷത്തിന്റെ ഫലമായാണ് ഡൊണാൾഡ് ട്രംപ് കോവിഡിനെ ചൈനീസ് വൈറസെന്ന് ആക്ഷേപിച്ചത്. ഇതിൽ പ്രകോപിതനായ ചൈന കൊറോണ വൈറസ് അമേരിക്കയിൽ നിന്നാണുണ്ടായതെന്നും വുഹാനിലേക്ക് പടർന്നതിനു പിന്നിൽ അമേരിക്കൻ സൈന്യം ആയിരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ മാന്ത്രാലയം വക്താവ് ലിജിയൻ സൗ തിരിച്ചടിച്ചു. 2019 ലാണ് വൈറസ് ശ്രദ്ധയിൽപ്പെട്ടത്.
'രാഷ്ട്രീയത്തിൽ നിന്ന് രാഷ്ട്രീയം എടുത്ത് മാറ്റാൻ പറ്റില്ല' എന്ന് പ്രസക്തമായൊരു ചൊല്ലുണ്ട്. കൊറോണയിൽ രാഷ്ട്രീയം പാടില്ലെങ്കിലും ഇതിനെതിരെയുള്ള കൈകാര്യം ചെയ്യൽ വരുംകാല തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ കൊറോണയിൽ രാഷ്ട്രീയം മാറ്റിവെക്കാൻ പറ്റാത്ത കാര്യമാണ്.
രാജ്യത്ത് ആദ്യമായി കോവിഡ് 19 ബാധിച്ചു മരണം രേഖപ്പെടുത്തിയത്ത് സൗദിയിൽ നിന്നും കർണാടകയിലെത്തിയ 76 വയസ്സുകാരനാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന അവസരത്തിൽ ശക്തമായ നടപടിക്രമങ്ങൾ സ്വീകരിച്ചു. സംസ്ഥാന സർക്കാർ ലോക്‌ഡൗൺ കർശനമാക്കി. എന്നാൽ ലോക്ഡൗണിനെ പോലും തങ്ങൾ അനുകൂലമായി മാറ്റുന്നുവെന്ന് കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറാണ് ആരോപണമുന്നയിച്ചത്. 21ദിവസത്തെ ലോക്‌ഡൌൺ പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് ഭക്ഷണവും റേഷനും എത്തിച്ചതിന്റെ പേരിലായിരുന്നു ഈ വിരോധാഭാസം.
മാരകമായ കൊറോണ വൈറസിനെ ഏത് രീതിയിൽ നേരിടണമെന്ന ആവലാതിയിൽ ഭരണപക്ഷം പകച്ചു നിൽക്കുമ്പോൾ ഇതിന്റെ ഗൗരവം കുറച്ചുകാണിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇക്കാരണത്താൽ പലരും കൊറോണ വൈറസിനോട് അലസത കാണിച്ചു എന്ന് തന്നെ പറയാം. പ്രശസ്തിക്കു വേണ്ടി ആരോഗ്യമന്ത്രി സാഹചര്യങ്ങളെ വളച്ചൊടിച്ചെന്നും കേരളത്തിൽ കോവിഡ് 19 അപകടസാധ്യത ഇല്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഭരണപക്ഷം കൊറോണ പടരുന്നതിൽ കണ്ടുപിടിച്ചതൊക്കെയും വ്യാജപ്രചാരണമെന്നും പ്രതിപക്ഷം മുദ്ര കുത്തി. ലീഗ് അനുഭാവിയും കോവിഡ് ബാധിതനുമായ കാസർഗോഡ് സ്വദേശി നടത്തിയ ഊരുചുറ്റലും ഇതിന് ഉത്തമ ഉദാഹരണമാണ്.
മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമം മാത്രമല്ല കോവിഡ് വരാതിരിക്കാനും പകരാതിരിക്കാനുമുള്ള വിചിത്രമായ പല കാര്യങ്ങളും പലരും അവതരിപ്പിച്ചിട്ടുണ്ട്.
അതിനിടയിൽ ഏറെ ചർച്ചയായ ചില കാര്യങ്ങളുണ്ട്. അണുനാശിനിയുടെ ഉപയോഗം ഒരു മിനുട്ടിൽ കൊറോണ വൈറസിനെ നശിപ്പിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഇൻജെക്ഷൻ വഴി ശരീരത്തിൽ പ്രവേശിപ്പിച്ചുകൂട എന്ന പേരിൽ ട്രംപിന്റെ വാദം ഏറെ വിവാദമായിരുന്നു. കൂടാതെ അൾട്രാ വയലറ്റ് രശ്മികൾ രോഗികളുടെ ശരീരത്തിൽ പതിപ്പിക്കുന്നതും ട്രംപിന്റെ കണ്ടുപിടുത്തമായിരുന്നു. ശാസ്ത്രജ്ഞന്മാർ അതൊക്കെയും തള്ളിക്കളയുകയും ചെയ്തിരുന്നു.
ട്രാക്ടർ ഓടിക്കുന്നതും മദ്യപാനവും കോവിഡ് ബാധ തടയുമെന്നതാണ് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെക്കോയുടെ വാക്കുകൾ. കോവിഡ് ഒരു സാദാരണ പനി ആണെന്നും 90% ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെന്നാണ് പാകിസ്ഥൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ വാദം. ജനങ്ങളുടെ പ്രാർത്ഥന കാരണമാണ് രാജ്യത്ത് നിന്ന് രോഗബാധ ഇല്ലാതായതെന്നാണ് ടാൻസാനിയൻ പ്രസിഡന്റ് മാഗ്‌ഫുലിയുടെ വാദം. ആസ്സാമിലെ ബി ജെ പി നിയമസഭാംഗമായ സുമൻ ഹരിപ്രിയയുടെ വാദം കോവിഡ് രോഗം സുഖപ്പെടുത്താൻ ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്നതും ഏറെ ചർച്ച നടന്ന വസ്തുതയാണ്.
കൊറോണക്കാലത്തെ വിലക്കയറ്റം ചരിത്രാതീതമായൊരു സംഭവമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്തുവകകൾക്ക് ആവോളം വില കയറ്റി സാദാരണക്കാരായ ജനങ്ങളെ ദ്രോഹിച്ചിട്ടുണ്ട്.ഇപ്പോൾ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിത്യേന കൂടുകയും പാചകവാതകത്തിന് മാസംതോറും വില വർധിച്ചും കേന്ദ്ര ബി ജെ പി സർക്കാർ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. 2021ൽ 35 ദിവസത്തിനുള്ളിൽ എട്ട് തവണ ഇന്ധനവില കൂട്ടി. പാചക സിലിണ്ടറിന് ഇപ്പോൾ 25 രൂപയാണ് കൂട്ടിയത്. കോവിഡ് പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ ജീവിതത്തിൽ ഭയാനകമായ അവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മോദി സർക്കാർ.
മറ്റൊരു ചൂഷണം വിദേശത്ത് ജോലി ചെയ്യുന്നവർക്കെതിരെയാണ്. ഫെബ്രുവരി 18 ന് കേന്ദ്ര സർക്കാർ ഇറക്കിയ പുതിയ നിബന്ധന ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾ യാത്രയുടെ 72 മണിക്കൂറിനകം RTPCR കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റു കരുതണം. കൂടാതെ വിമാനത്താവളത്തിലിറങ്ങിയാൽ ഉടനെ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് നിർബന്ധമാക്കിയിരിക്കുന്നു. ഉയർന്ന വിമാനയാത്രക്കൂലി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ദുരിതവും. ഫെബ്രുവരി 26ന് വിദേശത്തു നിന്നെത്തുന്നവർക്ക് സൗജന്യമായി RTPCR പരിശോധന നടത്തുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇനി തിരഞ്ഞെടുപ്പിലേക്കുള്ള ദൂരമാണ്. പൊള്ളയായ വാഗ്ദാനങ്ങളിൽ വീഴാതെ തിരിച്ചറിവുകളുടെ കണക്കുകൾ കൂട്ടിക്കിഴിച്ചു നല്ലൊരു ഭരണത്തിനായി സമ്മതിദായക അവകാശം രേഖപ്പെടുത്താം.
ശാരിയദു
ഇതു തികച്ചും രാഷ്ട്രീയ പ്രേരിത സംവാദം.
കൂടുതലും ഇടതുമുന്നണി ഗവൺമെൻറിനെ അനുകൂലിച്ചു മാത്രം എഴുതിയ സംവാദം.
എന്നാൽ വർത്തമാന കാലത്തിലെ ചില സംഭവങ്ങൾ എനിക്കും പറയാൻ ഉണ്ട്.
1,പെട്രോൾ ഡീസൽ വില അതാത് കമ്പനികൾ വർന്ധിപ്പിച്ചു കേണ്ടേയിരിക്കുമ്പോൾ ആ കമ്പനികളിൽ നിന്നു ഓരോ സംസ്ഥാന സർക്കാരും നികുതി ഇനത്തിലും കൊവിഡ് Secess ലുമെല്ലാം ഇളവ് വരുത്തിയോ അല്ലെങ്കിൽ തുക ഒഴിവാക്കി വസ്തുവിൻ്റെ വില മാത്രം ഇടാക്കി കമ്പനികളോട് പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിനാകും. കേന്ദ്ര നികുതി ജനങ്ങൾക്ക് വേണ്ടി സർക്കാർ വഹിക്കുകയും ചെയ്യണമായിരുന്നു.
2, കോവിഡ് മാനന്ദണ്ഡം കോവിഡ് മാനദണ്ഡം എന്നു പറയുന്നതല്ലാതെ പല ജില്ലകളിലും പ്രത്യേകിച്ച് വ്യവസായ, മെട്രോ നഗരം ആയ എറണാകുളത്ത് ഒട്ടും തന്നെ ഇല്ല എന്നു പറയാനാകും. കാരണം ഞാൻ അത് കാഴ്ച കണ്ടറിഞ്ഞതാണ്. കൃത്യമായ സാമൂഹിക അകലമോ ,മാസ്ക് ൻ്റെ ഉപയോഗമോ കാര്യമായി ജനങ്ങൾ ഉൾക്കൊണ്ട് ചെയ്യുന്നില്ല.
ഇത്തരം കാര്യങ്ങളിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലെന്ന അവസ്ഥയാണുള്ളത്.
3. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി വേണ്ടെന്ന് വച്ച കിറ്റ് പുന്ന സ്ഥാപിച്ചിത് ഈ ഫെബ്രുവരിയിലാണ്. അതിൽ തിരഞ്ഞെടുപ്പ് ഉദ്ദേശം മാത്രമാണെന്ന് പറയാതെ പറയാനാകും.