കുറ്റ്യാടിപ്പുഴ
മഞ്ഞണിഞ്ഞ വയനാടൻ
മലനിരകളുടെ മാനസപുത്രി ;
കുറ്റ്യാടിപ്പുഴയുടെ;
മനോഹരതീരത്തിലൂടെ ….
കേരളത്തിലെ പ്രധാന നദികളിലൊന്നായ
കുറ്റ്യാടിപ്പുഴ പശ്ചിമഘട്ടത്തിലെ നരിക്കോട്ട (വയനാട് ) മലകളിൽ നിന്നാരംഭിക്കുന്നു..
കോഴിക്കോട്, വടകര, കൊയിലാണ്ടി വഴി
74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന പുഴ , വടകരക്ക് ഏഴു കിലോമീറ്റർ തെക്ക് മാറി കോട്ടയ്ക്കൽ എന്ന സ്ഥലത്തു വച്ച് അറബിക്കടലിൽ ചേരുന്നു.
പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദിയ്ക്ക് കോട്ടപ്പുഴ എന്നും, മൂരാട് എത്തുമ്പോൾ മൂരാട് പുഴയെന്നും അറിയപ്പെടുന്നു
കടന്തറ പുഴയാണ് കുറ്റ്യാടിപ്പുഴയുടെ ജീവനാഡി. നിടുവാൽ, കൂവപ്പൊയിൽ പുഴകൾ മൂത്താട്ടുപുഴയിൽ സംഗമിച്ച് കടന്തറപ്പുഴയുമായി ചേർന്ന് മഹാപുഴയായി മാറി കുറ്റ്യാടിപ്പുഴയിലെത്തുന്നു. ഓണിപ്പുഴ, തൊട്ടിൽപ്പാലം പുഴ, കടിയങ്ങാട്പുഴ എന്നിവയാണ് മറ്റു പോഷക നദികൾ .
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയും, കക്കയം ഡാമും കുറ്റ്യാടിപ്പുഴയിലാണ്.
ജൈവ വൈവിധ്യങ്ങളുടെ കലവറയും ഇക്കോ ടൂറിസം കേന്ദ്രവുമായ ജാനകിക്കാട്, പ്രകൃതി മനോഹരമായ പെരുവണ്ണാമൂഴി ഡാം, തച്ചോളി ഒതേനന്റെ പേരിൽ പ്രശസ്തമായ ലോകനാർകാവ്, പുരാതന സ്മൃതികളുണർത്തുന്ന ഫാത്തിമമാതാ കാത്തലിക് ചർച്ച്, സാമൂതിരിമാരുടെ ധീര പടനായകൻ കുഞ്ഞാലിമരയ്ക്കാരുടെ സ്മാരകം, യുദ്ധസ്മാരകമായ വെള്ളിയാങ്കല്ല്, സാൻഡ് ബാങ്ക് , നിഗൂഢതകളുടെ തീരമായ സൈലന്റ് ബീച്ച്; തുടങ്ങി ചരിത്ര പ്രധാന്യമുള്ള നിരവധി
സംഭവങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഇടങ്ങൾക്കും കുറ്റ്യാടിപ്പുഴയും പരിസരവും ആതിഥ്യമരുളുന്നു.
മൂരാട് പുഴയിൽ കോട്ടയ്ക്കൽ ഭാഗത്ത് കുഞ്ഞാലിമരയ്ക്കാർ സ്ഥാപിച്ച കോട്ട, പോർച്ചുഗീസുകാർ തകർക്കുകയുണ്ടായി. പുരാതനമായ കോട്ടയുടെ അവശിഷ്ടങ്ങളും, പഴയ യുദ്ധോപകരണങ്ങളും അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഇന്നും സൂക്ഷിക്കപ്പെടുന്നു.
2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിയെത്തുടർന്ന് കുറ്റ്യാടിപ്പുഴയിലെ മൂരാട്ഭാഗത്ത് അറബിക്കടലിനോട് പുഴ ചേരുന്നയിടങ്ങളിൽനിന്ന് വെള്ളമൊന്നാകെ ഇറങ്ങിപ്പോയി അടിത്തട്ടു തെളിഞ്ഞത് പ്രദേശവാസികളുടെ ഭയം നിറഞ്ഞ ഓർമ്മയാണ്.
പ്രളയവും മാലിന്യപ്രശ്നങ്ങളും ഈ സുന്ദരിയുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുന്നു. പുഴ വറ്റിവരണ്ടാൽ തീരവാസികളുടെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥയുമുണ്ട്.
ഇടയ്ക്കിടെ കലിതുള്ളി തീരം കയ്യേറി
വിലപ്പെട്ടതെല്ലാം കവർന്നെടുക്കുന്ന സ്വഭാവമുണ്ടെങ്കിലും, പ്രിയപ്പെട്ടവരുടെ പ്രിയങ്കരിയായി അവൾ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
സുജ ഹരി✍ ( കടപ്പാട്)