17.1 C
New York
Monday, May 29, 2023
Home Special കുമാരനാശാൻ്റെ പ്രണയ സങ്കൽപം - (മുരളി രാഘവൻ)

കുമാരനാശാൻ്റെ പ്രണയ സങ്കൽപം – (മുരളി രാഘവൻ)

കുമാരനാശാനെപ്പറ്റി പറയുന്നതിന് മുമ്പായ് നാം മനസ്സിലാക്കേണ്ടത്, പ്രാചീന കവിത്രയങ്ങളായ എഴുത്തച്ഛൻ, ചെറുശ്ശേരി,കുഞ്ചന്‍നമ്പ്യാര്‍ എന്നിവരെയാണ് .ഇവർക്കു ശേഷം മലയാളസാഹിത്യത്തിൻ്റെ നവീനരായ കവിത്രയഭാഗ്യങ്ങളാണ് കുമാരനാശാനും ഉള്ളൂരും വള്ളത്തോളും. ബലക്ഷയം സംഭവിച്ച മലയാളകവിതാലോകത്തിന് പുതിയ രൂപവും ഭാവവും നൽകിയ ആധുനിക കവിത്രയത്തിലെ പ്രമുഖനായ കവിവര്യനാണ് കുമാരനാശാന്‍.
വള്ളത്തോളിനെ സൗന്ദര്യഗായകനായും ഉള്ളൂർ ധര്‍മഗായകനായും ചിത്രീകരിക്കപ്പെട്ടപ്പോൾ, ആശാൻ ആശയഗാംഭീര്യനായും, സ്നേഹഗായകനായും വിശേഷിപ്പിക്കപ്പെട്ടു.

മണിപ്രവാള സാഹിത്യസംസ്​കാരത്തി​ൻ്റെ ഇരുളടഞ്ഞകാലഘട്ടത്തിനു ശേഷം മലയാള സാഹിത്യത്തിൽ അധ്യാത്​മികതയുടെ സന്ദേശവാഹകനായിരുന്നു എഴുത്തച്ഛൻ. പിന്നീടതുപോലെയാണ്​ കുമാരനാശാ​ൻ ‘കാൽപനികതയുടെ ശുക്രനക്ഷത്രം’
എന്ന വിശേഷണത്തിൽ അദ്ധേഹം മലയാളകവിതയുടെ ഉത്തുംഗപദവിയിൽ ഉപവിഷ്ടനായത്, ഭാവമണ്ഡലത്തിൽ അടിപതറിയ കവനപാരമ്പര്യം ആശാൻ തിരുത്തിയെഴുതി വിപ്ലവം സൃഷ്ടിച്ചു.

സ്​നേഹത്തിൻ്റെയും പ്രണയത്തിൻ്റെയും നവകാവ്യമണ്ഡലത്തിൻ്റെ അമരത്തിരുന്ന്
ആശാൻ മലയാളകവിതയെ നവീകരിച്ചു. ശ്രേഷ്ഠകവിതാപാരമ്പര്യത്തിലുറച്ചു വിശ്വസിച്ചിരുന്ന ഉള്ളൂരും അതിവേഗഗമനം ചെയ്ത ആശാനും സമകാലീനദർശനമുളള വാരായിരുന്നു
മലയാളകവിതയ്ക്ക് കാൽപനികവസന്തംകൽപ്പിച്ച സ്നേഹഗായകനായിരുന്നു
എൻ. കുമാരനാശാൻ.

ആശാൻ്റെ കൃതികൾ മലയാളത്തിൻ്റെ സാമൂഹികജീവിതത്തിൽ വൻ മാറ്റങ്ങളാണ് വരുത്തിയത്.മഹാകാവ്യമെഴുതാതെതന്നെ മഹാകവിപദവി ലഭിച്ച കവിയായിരുന്നു ആശാൻ.1922ൽ മദ്രാസ്​ സർവകലാശാലയിൽ അന്നത്തെ വെയിൽസ്​ രാജകുമാരനാണ് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചത്.

ആശാൻ്റെ ബാല്യകാലം


1873 ഏപ്രിൽ 12ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ എന്ന കുഞ്ഞുകുമാരു ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടിക്കും അമ്മ കാളിയമ്മക്കും പൊതുവെ തന്നെ പുരാണേതിഹാസങ്ങളിലൊക്കെ തികഞ്ഞ അവഗാഹമുണ്ടായിരുന്നു. കുസൃതിക്കുടുക്കയായ കുമാരുവിനെ പാട്ടിലാക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛനെപോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു.

സ്നേഹ ഗായകൻ്റെ തന്നെ വരികളിൽ

“പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍”

ഇവിടെ വെറുതെയാണെങ്കിലും പൂക്കളുടെ ബാല്യം പോലെ തന്നെയാണല്ലോ മനുഷ്യൻ്റെ ബാല്യവും എന്ന വിവക്ഷ കൽപ്പിക്കുകയാണ്.

ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരു. കുമാരുവിനു കഥകളിയിലും ശാസ്​ത്രീയ സംഗീതത്തിലും ഉള്ള താൽപര്യം അച്ഛനിൽനിന്നു ലഭിച്ചതാണ്​.മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു.

കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുകകൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല.

ഗുരുവിൻ്റെ സന്നിധിയിൽ


ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാെൻറ ജീവിതത്തിലെ വഴിത്തിരിവായി. ഒരിക്കൽ കുമാരു സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽതന്നെ ആ മഹായോഗിയും കുമാരുവും പരസ്​പരം ആത്മീയബന്ധത്താൽ ആകൃഷ്​ടരായി. കുമാരുവിെൻറ സ്​തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ആത്മസ്നേഹ ബന്ധത്തിെൻറ തുടക്കമായിരുന്നു അത്.

ശ്രീനാരായണഗുരു ശിഷ്യനെ ഉപരിപഠനത്തിനയച്ചു.
ശ്രീനാരായണഗുരുവി​ൻ്റെ നിർദ്ദേശത്തിൽ കൊൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി.

സാമുദായികദർശനം


ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യസമുദായത്തിലെ അംഗങ്ങളാണ്, ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുള്ളാനും പോകാറില്ല. നമ്മളെപ്പോലെ അത്തരത്തിൽ അനേകർ വേറെയുമുണ്ട്, അവരും അതിനു പോകാറില്ല. ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും. അവരുടെയെല്ലാം നടപടികൾ ഒന്നുപോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റംപറയുന്നതു ശരിയുമല്ല. അങ്ങനെയുള്ള കുറ്റങ്ങളെ തിരുത്തേണ്ടതുണ്ട് അത് സമുദായനേതാക്കളുടെ ജോലിയുമാകുന്നു.’’ എന്നതായിരുന്നു കവിയുടെ സാമുദായിക കാഴ്​ചപ്പാട്​. 44ാം വയസ്സിലായിരുന്നു വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ.

ആശാൻ്റെ കൃതികളിലെ സ്നേഹസങ്കൽപം


കവികളുടെ സ്നേഹമഹാകവിയായിരുന്ന
കാവ്യകലയുടെ അസാധാരണമായ സ്നേഹ വ്യാപ്തിയും മഹത്വവും തിരിച്ചറിഞ്ഞിരുന്ന
ആശാൻ പര്‍വതങ്ങളെയും തിരമാലകൾ സംഗീതമുയർത്തുന്ന സമുദ്രങ്ങളെയും പൂത്തുനില്ക്കുന്ന വനഭൂമികളെയും, നീലാകാശത്തെ നക്ഷത്രങ്ങളെയും,സൗരയൂഥത്തെയുമെല്ലാം കാവ്യസ്പര്‍ശത്താല്‍ ധന്യമാക്കി.മലയാളകവിതയിലെ സ്നേഹസംഗീതത്തിൻ്റെ തുയിലുണര്‍ത്തുപാട്ടുകാരനായിരുന്നു ആശാന്‍.

കവിതകളുടെ അടിസ്ഥാനം സ്‌നേഹമാണെന്നും,നളിനി, ലീല, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തന്‍, മദനന്‍, ആനന്ദന്‍, ബുദ്ധന്‍ എന്നിവരെല്ലാം സ്‌നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്നും, ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്‌നേഹമാണന്നും ഇവര്‍ കാവ്യജീവിതഗന്ധികളായ കഥാപാത്രങ്ങൾ തെളിയിക്കുന്നതും
അദ്ധേഹം സമർത്ഥിച്ചു. ആശാന്‍ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്‌നേഹപ്രഭ വിളങ്ങിനില്‍ക്കുന്നു. സ്‌നേഹം തന്നെയാണ് ജീവിതമെന്നും, അതില്ലാത്തത് സ്‌നേഹരാഹിത്യമരണം തന്നെയാണെന്നും കവിതകളിലുടനീളം കവി സമര്‍ഥിച്ചിരുന്നു.കവിതകളിലെ സ്നേഹം തുളുമ്പുന്നതും പ്രണയവിശേഷണങ്ങളാണ് അതിന് കാരണം
ഇരുപതിനായിരത്തില്‍പരം വരികളിലൂടെ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ് ആശാന്റെ കാവ്യസമ്പത്ത്.

വീണപൂവ് എന്ന കാവ്യത്തിൽ


ഒരു പൂവിന്റെ ജനനം, ശൈശവം, ബാല്യം, യൗവനം, സ്നേഹബന്ധങ്ങൾ, മരണം എന്നിവയെല്ലാം പടിപടിയായി വർണിച്ചിരിക്കുന്ന കവിത. മനുഷ്യജീവിതത്തിന്റെ നശ്വരതയാണ് കവിയുടെ സാരമെങ്കിലും പ്രതിരൂപാത്മകമായ ഒരർഥം ‘വീണപൂവി’നുണ്ട്.

ഹാ പുഷ്പമേ അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ’

‘ ‘ആരോമലാ ഗുണഗണങ്ങളിണങ്ങി, ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹവാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാം”

വീണപൂവില്‍, പുഷ്പവും മനുഷ്യജീവിതവും തമ്മില്‍ വ്യത്യസമൊന്നും ഇല്ലെന്നും, നമ്മളെല്ലാവരും ഒന്നാണെന്നതും,, സൃഷ്ടാവായ ദൈവത്തിന്റെ കരങ്ങള്‍ തന്നെയാകുന്നു നമ്മളെല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് എന്നുമുള്ള സത്യം ഹൃദയാകർഷകമായ ഭാഷയില്‍ കവി സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അതീവ ക്ഷണികമായ പൂവിന്റെ ജീവിതത്തെയും വേര്‍പാടിനെയും ഓര്‍ത്തും കവി വിലപിക്കുകയും ചെയ്യുന്നു.

‘എന്നാലുമുണ്ടെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?’

അതുല്യ മനോഹരമായ ജീവിത ദര്‍ശനം,
ഈ ചിന്താധാര മാനവരാശിയുടെ ഹൃദയങ്ങളെ ഭരിച്ചിരുന്നെങ്കില്‍ ഭൂമിയിലെ മനുഷ്യ ജീവിതം എത്രയോ ധന്യവും, ദാർശനികവും സന്തുഷ്ടപൂര്‍ണ്ണവുമായിരുന്നിരിക്കാം.

സ്‌നേഹഗായകനും ,ആശയഗാംഭീര്യനും, മഹാദാര്‍ശനികനുമായിരുന്ന ഈ മഹാകവി ഇംഗ്ലണ്ടിലോ മറ്റോ ജനിക്കുകയും സാഹിത്യരചന നടത്തുകയും ചെയ്തിരുന്നതെങ്കില്‍ പെഴ്സി ഷെല്ലിയെയും കീറ്റ്‌സിനെയും മില്‍ട്ടനെയും വില്യം വേര്‍ഡ്‌സ് വര്‍ത്തിനെയും പോലെ അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെയും ഹൃദയത്തിൽ ചേർത്തുവെച്ച് ആദരിച്ചിരുന്നിരിക്കും.
ദാര്‍ശനിക മഹാത്മ്യത്തിൻ്റെ പ്രശോഭ പരത്തുന്ന വീണപൂവ് എന്നരൊറ്റ കാവ്യം മാത്രമതിനു ഉദാഹരണമായ് മതിയായിരുന്നു.

മറ്റുള്ളവരുടെ ഗുണഗണങ്ങളെയും സര്‍ഗ്ഗാത്മകമായ കഴിവുകളെയുമൊക്കെ അംഗീകരിച്ചാദരിക്കുവാന്‍ വളരെ വൈമനസ്യമുള്ള സങ്കുചിതമനസ്സുള്ളവരുള്ളവരായിരുന്നു മലയാളികളും, മലയാളസാഹിത്യലോബിയും, ഇക്കാരണത്താല്‍ തന്നെയാകുന്നു മഹാകവികളായിരുന്ന കുമാരനാശാനും, വള്ളത്തോളിനും, ഉള്ളൂരിനും ചങ്ങമ്പുഴയ്ക്കും, കെ.വി. സൈമണുമടക്കമുള്ള പ്രഗത്ഭരും പ്രശസ്തരുമായിരുന്ന മറ്റുപല മലയാള സാഹിത്യപ്രതിഭകള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരവും പുരസ്ക്കാരങ്ങളും തങ്ങളുടെ ജീവിതകാലഘട്ടത്തിൽ ലഭിക്കാതിരുന്നതും.

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

ചൈതന്യമറ്റ് നിലത്തു വീണു കിടന്ന നിസ്സാരമായൊരു പൂവിനെ ഇതിവൃത്തമാക്കി കൊണ്ട് പ്രേമം, പ്രേമഭംഗം, ദുഃഖം, ക്ഷണികത, മരണം മുതലായ മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും പ്രതിഫലിപ്പിച്ചുകൊണ്ട് ഉത്കൃഷ്ടവും മധുരമനോജ്ഞവുമായ ഒരു കാവ്യശില്പം രചിച്ച ആശാന്റെ സര്‍ഗ്ഗശക്തിയെയും അത്ഭുതകരമായ പ്രതിഭാവിലാസത്തെയും നാം എത്ര അഭിനന്ദിച്ചാലും അത് അധികമായിപ്പോകയില്ല.

‘കണ്ണേ മടങ്ങുക, കരഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതു താന്‍ ഗതി സാദ്ധ്യമെന്തു-
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!’
എന്നു പറഞ്ഞുകൊണ്ടാണ് ഈ കവിത അവസാനിപ്പിക്കുന്നതെങ്കിലും നശ്വരമായ മനുഷ്യജീവിതത്തെപ്പറ്റി അത്രയ്ക്ക് നിരാശപ്പെടേണ്ട കാര്യമില്ലെന്നും, ആശാന്‍ നമ്മേ ഓര്‍പ്പിക്കുകയും ചെയ്യുന്നു.

നളിനിയെന്ന രചനയിൽ


നളിനിയും ദിവാകരനും ബാല്യകാലത്തിലെ സുഹൃത്തുക്കളായിരുന്നു. പിന്നീട്
അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയബന്ധവും അതിന്റെ ദുരന്തപൂർണമായ അന്ത്യവും കവിതയിൽ വിവരിച്ചിരിക്കുന്നു.ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത്. നളിനിയുടെയും ദിവാകര​ൻ്റെയും അസാധാരണമായ സ്​നേഹബന്ധത്തിെൻറ കഥയായിരുന്നു നളിനി. ബാല്യകാല സുഹൃത്തായിരുന്ന ദിവാകരന്‍ നാടുവിടുന്നതോടെ നളിനിയ്ക്ക് അതീവ മാനസ്സികദുഃഖമുണ്ടാകുന്നു. മറ്റൊരു പുരുഷനുമായ് വിവാഹനിശ്ചയത്തോടെ അവളും നാടുവിടുന്നു. കാട്ടിലെത്തിയ അവള്‍ ആത്മഹത്യാശ്രമം നടത്തി. ഒരു സന്യാസ്സിയോഗിനി അവളെ രക്ഷിച്ചു. താപസ ജീവിതം നയിച്ചുവന്ന നളിനി യാദൃച്ഛികമായി ദിവാകരയുവയോഗിയെ വീണ്ടും കാണുന്നു. നളിനി പഴയകാര്യങ്ങള്‍ ദിവാകരനെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ‘സ്‌നേഹമാണഖിലസാര മൂഴിയില്‍ .സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍’.
എന്ന് നളിനിയോട് പറഞ്ഞ് അവളെ ഉപേക്ഷിക്കുന്നു. അവള്‍ ബോധരഹിതയായി ദിവാകരൻ്റെ മുന്നിൽത്തന്നെ മരണസായുജ്യമടഞ്ഞു. ഇവിടെ ഒരു സ്ത്രീപക്ഷ കവിയായ് കവി തെറ്റിദ്ധരിപ്പിക്കപ്പെടാമെങ്കിലും ഉദാത്തമായ പ്രണയത്തിൻ്റെ സ്ത്രീരൂപത്തിലൂടെ സ്നേഹദർശനത്തെ ആശാൻ വരച്ചുകാട്ടുകയായിരുന്നു.

ലീലയെന്ന കൃതി


നളിനി’യിലെ നായികാനായകരിൽനിന്ന് വ്യത്യസ്​തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം ‘ലീല’ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദന​ൻ്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
ലീലയെന്ന കൃതിയിൽ.

“സുഖദമയി! വരുന്നിതെങ്ങു നിന്നോ
സഖി,യിത ചമ്പക ഗന്ധ,മെന്തു ചിത്രം!
മുഖരസമിതു മാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ടപോലെ?

എത്ര സുന്ദരമായാണ് സൗന്ദര്യത്തെ
ആശാൻ വർണ്ണിക്കുന്നതെന്ന് നോക്കൂ.
പേർഷ്യൻ കവിയായ ‘നിസാമി’യുടെ ‘ലൈലാ മജ്നു’വിന്റെ ഇതിവൃത്തം സ്വീകരിച്ച് ആശാൻ രചിച്ച കാവ്യമാണ് ലീല. ലീലയുടെയും മദനന്റെയും ദുരന്തപ്രണയമാണ് വിഷയം.ഒരുമിച്ചു കളിച്ചുവളര്‍ന്ന കാലം മുതലേ പരസ്പരം പ്രണയിച്ചവരാണ് മദനനും ലീലയും. ഇരുവരുടെയും അനുരാഗം തിരിച്ചറിയാത്ത മാതാപിതാക്കള്‍ ലീലയെ ഒരുധനികന് വിവാഹം ചെയ്തു കൊടുക്കേണ്ടി വന്ന അവസ്ഥയെയും
കരുണാർദ്രതയോടെ കവനം ചെയ്യുന്നതിൽ
ആശാൻ എന്ന സ്നേഹകവിയുടെ സങ്കൽപം അതീവവികാരതീവ്രതയുള്ളതാണ്.

ചണ്ഡാലഭിക്ഷുകിയും കരുണയും


ബുദ്ധമതസന്ദേശങ്ങ​ളിെല ഉജ്ജ്വലാശയങ്ങൾ ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാതീയാചാരങ്ങളുടെ അർഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.വാസവദത്ത എന്ന സ്​ത്രീക്ക്​ ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിെൻറ കഥപറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ട (നതോന്നത) ഒരു ഖണ്ഡകാവ്യമാണ്.

ദുരവസ്ഥയിൽ പറയുന്നത്


വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്​ടിച്ച ദുരവസ്ഥയാണ് ‘ദുരവസ്ഥ’ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജനത്തിൻ്റെ
കഥയിലൂടെ അ​േദ്ദഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം.

പ്രരോദനം


ആശാൻ്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം ‘പ്രരോദനം’ ആണ്. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന
എ.ആർ. രാജരാജവർമയുടെ നിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണിത്.
ഒട്ടനവധി സ്​തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാെൻറ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിേൻറതായി ഉണ്ട്. കുമാരനാശാെൻറ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1924 ജനുവരി 16ന് പല്ലനയാറ്റിലുണ്ടായ ​ ബോട്ടപകടത്തിൽ അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു. ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പ​ങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേക്ക്​​ മടങ്ങിവരുമ്പോഴായിരുന്നു. തിരുവനന്തപുരം ജില്ലയി​ലെ തോന്നക്കലിൽ ആശാൻ താമസിച്ചിരുന്ന വീടിന്നദ്ദേഹത്തിെൻറ ഓർമയ്ക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്​മാരകത്തിെൻറ ഭാഗമാണ്.
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീഭൂവിലസ്ഥിര-അസംശയ-മിന്നു
നിന്റെയാഭൂതിയെങ്ങു പുനരെങ്ങു
കിടപ്പിതോര്‍ത്താല്‍?
ഒരുപക്ഷേ ആശാൻ്റെ മരണത്തിൽ ഈ കവിവാചകം എത്രയോ അർത്ഥതലമാണ്
നൽകുന്നത്.


“വിസ്മൃതിയിലാണ്ടില്ലെങ്കിലും എത്രയോ
സ്നേഹദർശനത്തിൻ്റെ കാവ്യങ്ങൾക്ക്
സാക്ഷ്യം വഹിച്ച സ്നേഹഗായകൻ്റെ
അകാലമൃത്യു നഷ്ടമാക്കിയ കാവ്യങ്ങൾ
നമ്മൾ തൻ അന്തരംഗങ്ങളിൽ എന്നും
വിരാജിക്കുമൊരു പുഷ്പമതെന്നപോൽ
ആശയഗാംഭീര്യമണഞ്ഞതും സ്നേഹ
ഗായകൻ ജലസംഗീതത്തിന്നാഴങ്ങളിൽ
സ്മൃതിമണ്ഡപങ്ങൾ തീർക്കുന്നുണ്ടാകാം
കവനത്തിൻ സ്നേഹസന്ദേശങ്ങളായ് “


FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ച മലയാളി മനസ്സിന് സന്തോഷം നിറഞ്ഞ നന്ദിയും, ആശംസകളും നേരുന്നു.
    സ്നേഹപൂർവ്വം
    MR

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: