സൈലൻ്റ് വാലിയെന്ന നിശ്ശബ്ദ
താഴ് വരയുടെ നിഗൂഢതകളിലെവിടെയോ രൂപം കൊള്ളുന്ന കാട്ടുപുത്രിയാണു കുന്തിപ്പുഴ!
‘പുഴകൾ …. മലകൾ … പൂവനങ്ങൾ
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ’ എന്ന് വയലാർ രാമവർമ്മ എഴുതിയ മനോഹരമായ വരികൾ
കുന്തിപ്പുഴയെക്കുറിച്ചാണെന്ന് നമുക്ക് തോന്നിപ്പോകും.
ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയായ തൂതപ്പുഴയുടെ പോഷക നദിയാണ് “കുന്തിരിക്കപ്പുഴ” അഥവാ കുന്തിപ്പുഴ.
ഇരുകരയിലും തിങ്ങി നിൽക്കുന്ന കുന്തിരിക്ക വൃക്ഷങ്ങൾ, പുഴയ്ക്ക് കുന്തിരിക്കപ്പുഴയെന്ന പേരു നൽകിയെന്നും, പിന്നീട് ആ പേര് ലോപിച്ച് കുന്തിപ്പുഴയായെന്നും കരുതപ്പെടുന്നു.
ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതിൽ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. നിശ്ശബ്ദതയുടെ താഴ്‌വരയിൽ നിന്നുള്ള നേർത്ത കുളിരുറവകളാണ് പുഴയായി മാറുന്നത്. പുഴ പൂർണരൂപത്തിലാവുന്നിടത്ത് വച്ചിരിയ്ക്കുന്ന വനം വകുപ്പിന്റെ ബോർഡിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു :-
“കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ,
ഈ മലന്താഴ്‌വാരത്തിലൂടെ ഒഴുകി, കാടിന്റെ തണുപ്പിൽ നിന്ന്, മലമുകളിൽ നിന്ന് പുറത്തുകടക്കുന്ന യാത്ര ഇവിടെ തുടങ്ങുന്നു. ഈ ഗർത്തത്തിനൊടുവിൽ പാത്രക്കടവും കടന്ന് മണ്ണാർക്കാട് സമതലങ്ങളിലേക്ക് കുത്തിയൊഴുകുന്നു. ഇവിടെ വച്ച് ഈ ഒഴുക്ക് എന്നെന്നേക്കുമായി നിലയ്‌ക്കുമായിരുന്നു. സൈലന്റ് വാലി ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥാനമിതായിരുന്നു…”
തൂതപ്പുഴയുടെ കിഴക്കേ കരയിൽ രണ്ടു കിലോമീറ്ററും, പടിഞ്ഞാറെക്കരയിൽ അഞ്ചു കിലോമീറ്ററുമാണ്, സൈലന്റ് വാലി ദേശീയോദ്യാനം. കണ്ണീരുപോലുള്ള വെള്ളമാണ് കുന്തിപ്പുഴയുടെ പ്രത്യേകത. താഴ്‌വരയുടെ കിഴക്കൻ ചെരിവിൽ നിന്നുത്ഭവിക്കുന്ന കുന്തൻചോലപ്പുഴ, കരിങ്ങാത്തോട്, മദ്രിമാരൻതോട്, വലിയപാറത്തോട്, കുമ്മന്തൻ തോട് എന്നീ ചോലകൾ പുഴയെ പുഷ്ടിപ്പെടുത്തുന്നു.
പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം !!
1857ലാണ് ബ്രിട്ടീഷ് സസ്യശാസ്‌ത്രജ്ഞനായ റോബർട്ട് വൈറ്റ്, സൈലന്റ് വാലിയിൽ എത്തുന്നത്. ചീവീടുകളുടെയും മണ്ണട്ടകളുടെയും ചിലപ്പില്ലാത്തതും, മാമരങ്ങൾ കുടപിടിക്കുന്ന മഴക്കാടുകൾ നിറഞ്ഞതും, മഹാമൗനത്തിൽ ആണ്ടുകിടക്കുന്നതുമായ താഴ്‌വരയെ അദ്ദേഹം । “സൈലന്റ് വാലി” എന്നു പേരുവിളിച്ചതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ഈ പ്രദേശത്തിന്റെ മലയാളപ്പേര് സൈരന്ധ്രിവനം എന്നായിരുന്നുവത്രേ! പാണ്ഡവരുടെ വനവാസകാല കഥയുമായാണ് ഈ പേരിനു ബന്ധം. പഞ്ചപാണ്ഡവരും പത്‌നി ദ്രൗപദിയും മനോഹരമായ ഈ താഴ്വാരത്തിലെ, പുഴക്കരികിലുള്ള ഗുഹയിൽ തങ്ങിയിരുന്നുവെന്നും, ദ്രൗപദിയുടെ മറ്റൊരു പേരായ സൈരന്ധ്രി എന്ന വാക്കിൽ നിന്നാണ് സൈരന്ധ്രി വനമെന്ന പേര് ലഭിച്ചതെന്നും കഥകളുണ്ട്.
വൈദ്യുതി ബോർഡിന്റെ ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കങ്ങൾ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുമൂലമാണ് ഉപേക്ഷിച്ചത്.
1985 ൽ അന്നത്തെ പ്രധാനമന്ത്രി
രാജീവ് ഗാന്ധി, ദേശീയോദ്യാനമായി പ്രഖ്യാപിച്ച സൈലന്റ് വാലിയിൽ, വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടുവ, സിംഹവാലൻ കുരങ്ങ് തുടങ്ങി അപൂർവ്വ സസ്തനികളും, സവിശേഷ ജീവജാലങ്ങളുമുണ്ട്.
പുഴക്ക് ആഴം തീരെകുറവാണ്. കഴിഞ്ഞ പ്രളയശേഷം കുന്തിപുഴയുടെ,
‘തത്തേങ്ങലം ‘ ഭാഗത്ത്, പുഴ ഗതിമാറിയൊഴുകി, മനോഹരമായ ഒരു “ബീച്ച് ” രൂപപ്പെട്ടിട്ടുണ്ട്. അതിനടുത്തായുള്ള കുന്തിപ്പുഴ തൂക്കുപാലവും, പാലത്തിൽ നിന്നുള്ള കാഴ്ചകളും വർണ്ണനാതീതമത്രെ.
ഗ്രാമ്യവിശുദ്ധിയോടെ, നാട്ടാരുടെ പ്രിയങ്കരിയായി, ജന്മരഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ച ഗൂഢസ്മിതമോടെ, നിളയെ നീരണിയിച്ച്, ഈ കാനനസുന്ദരി കളകളമൊഴുകിക്കൊണ്ടേയിരിക്കുന്നു.
സുജ ഹരി.✍
കളകളമൊഴുകുന്ന പുഴയുടെ കഥ, വിഭവസമൃദ്ധമായ അറിവിന്റെ സദ്യ വിളമ്പി. സ്നേഹപൂർവ്വം ദേവു ❤️🙏
സന്തോഷം …. ദേവൂ ❤️💚❤️
കുന്തിപ്പുഴ യുടെ കുളിര് ഉള്ളിൽ നിറഞ്ഞപോലെ…നന്നായി എഴുതി…ഇനിയും എഴുതൂ…എലിസബത്ത്