തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ
കവിതകളിലെ കാല്പനികതയ്ക്കു പലപ്പോഴും മാറ്റു കൂട്ടുന്ന ഒന്നാണ് സ്വപ്‌നങ്ങൾ. കാല്പനികരായ കവികളുടെ കവിതകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്ന്. സ്വപ്നങ്ങളുടെ ചിറകേറി സഞ്ചരിച്ചിരുന്ന മലയാളത്തിന്റെ പ്രിയ കവി പി ഭാസ്കരൻ മാസ്റ്ററുടെ ഓർമ്മദിനമായിരുന്നു ഫെബ്രുവരി 25. മലയാളിയുടെ പ്രിയ കവി മാത്രമായിരുന്നില്ല അദ്ദേഹം, മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് അതിമനോഹരവും അനശ്വരവുമായ ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ഒരു ഗാനരചയിതാവ് കൂടിയായിരുന്നു. മലയാളിയുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന വരികൾ പലതും ഭാസ്കരൻ മാസ്റ്ററുടെതാണ്.
മാഷിന്റെ ഇഷ്ടവിഷയങ്ങളിൽ ഒന്ന് ‘സ്വപ്നം’ ആണെന്ന് അദ്ദേഹം എഴുതിയ ചില പ്രസിദ്ധങ്ങളായ ചലച്ചിത്ര ഗാനങ്ങളിലൂടെ വായിച്ചെടുക്കാൻ കഴിയും. അത്തരം ചില ഗാനങ്ങളെ ഓർമ്മിച്ചെടുക്കയാണ് ഇവിടെ.
‘എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ വന്നിറങ്ങിയ രൂപവതീ…
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..’ എന്ന പാട്ടിൽ കാമുകന്റെ സ്വപ്നലോകത്തെ എത്ര മനോഹരമായാണ് കവി വർണ്ണിച്ചിരിക്കുന്നത്!
‘സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണ്ണചിറകുകൾ വീശി
പ്രത്യുഷനിദ്രയിലിന്നലെ ഞാനൊരു ചിത്രപതംഗമായ് മാറി… ” കാവ്യഭാവനയുടെ വർണ്ണച്ചിറകുകൾ വിരിച്ചു നിൽക്കുന്ന ഈ ഗാനം ഒരു സുന്ദരസ്വപ്നം പോലെ മനോഹരമാണ്.
ഒരു ചിത്രശലഭത്തെ പോലെ സുന്ദരമായി, സ്വതന്ത്രമായി പറന്നു നടക്കുന്ന നായികയുടെ സ്വപ്നലോകത്തെ വിവരിക്കുന്നതാണ് ഒരു മെയ്മാസപ്പുലരിയിൽ എന്ന ചിത്രത്തിലെ ‘പുലർകാല സുന്ദരസ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി…’ എന്ന ഗാനം. ‘നീരദ ശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി, ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി..’ എന്ന് കവി പാടുമ്പോൾ കേൾവിക്കാരനും അതിമനോജ്ഞമായ ആ സ്വപ്നലോകത്തെത്തുന്നു.
‘സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം…’ എന്ന ഗാനത്തിലൂടെ സ്വപ്നമാലിനിയുടെ തീരത്ത് സങ്കല്പങ്ങളിലുള്ള സുന്ദരമായൊരു കൊച്ചു കല്യാണമണ്ഡപം കവി തീർക്കുന്നു.
‘ഇന്നലെ മയങ്ങുമ്പോൾ – ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു’ വർണ്ണകിനാവിന്റെ ചിലൊമ്പലി കേട്ട് മയക്കം വിട്ടുണർന്നു എന്ന് കവി പാടുമ്പോൾ ആ കാവ്യ സൗകുമാര്യത്തെ നമിക്കാതെ വയ്യ!
‘ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ…’
നായകന്റെ അടുത്തെത്താൻ കൊതിക്കുന്ന നായികയുടെ അഭിലാഷത്തിന് സ്വപ്‌നച്ചിറകുകളേകുന്നു കവി.
സ്വപ്നങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുന്നതിലൂടെ മാത്രമേ ഹൃദയങ്ങളും പങ്കുവയ്ക്കാനാവൂ എന്ന ആശയമാണ്
‘സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം’ എന്ന ഗാനം.
സ്വപ്നങ്ങൾക്ക് വിഷാദഛായ പകരുന്ന ഗാനമാണ് ‘സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ..’ എന്ന പാട്ട്.
‘കണ്ണുനീർക്കുടം തലയിലേന്തി
വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോൾ
സ്വർണ്ണമുകിലേ.. സ്വർണ്ണമുകിലേ..
സ്വപ്നം കാണാറുണ്ടോ?’ എന്ന് കവി പാടുമ്പോൾ കണ്ണുനീർക്കുടം തലയിലേന്തി നടക്കുന്ന മേഘങ്ങൾക്ക് സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി നടക്കുന്ന മനുഷ്യരുടെ ഛായയല്ലേ എന്ന് കേൾവിക്കാരനും തോന്നിപ്പോകും.
ഭാവനാസമൃദ്ധമായ വരികൾ കൊണ്ട് മലയാളിയെ സ്വപ്നലോകത്തിലെത്തിച്ച ഭാസ്കരൻ മാസ്റ്റർ ഓർമ്മയായിട്ട് പതിനാലുവർഷങ്ങൾ. എങ്കിലും സുന്ദരസ്വപ്‌നങ്ങളുടെ വർണ്ണച്ചിറകേറി ഇന്നും അദ്ദേഹം മലയാളിമനസ്സുകളിൽ ജീവിക്കുന്നു.
പി.ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങളിലെ സ്വപ്നസാന്നിദ്ധ്യങ്ങളെ നിരീക്ഷിച്ചെഴുതിയത്, നല്ലൊരു സ്മരണാഞ്ജലിയായി!! -അഭിനന്ദനങ്ങൾ !!
വളരെ നന്ദി 🙏
നല്ല ലേഖനം ദിവ്യ.. ഭാസ്‌ക്കരൻ മാഷിന്റെ ഗാനങ്ങളിലെ സ്വപ്നങ്ങളെ വായനക്കാരിലേക്ക് എത്തിച്ചതിന് ആശംസകൾ 🌹🌹🌹
വളരെ നന്ദി 🙏
ഭാസ്കരൻ മാസ്റ്റർ, മലയാളിയുടെ ഒരു അഹങ്കാരമാണ്. വയലാർ, ഒഎൻവി, തുടങ്ങി മറ്റു മഹാരഥന്മാർ ഈ രംഗത്ത് ഉണ്ടു് എന്നത് വാസ്തവം . എങ്കിലും മാസ്റ്ററുടെ വരികളിൽ പലതും മനസ്സിൽ എന്നും തങ്ങി നൽകുന്നവയാണ്. മാസ്റ്ററുടെ ഓർമകൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം !!
വളരെ നന്ദി 🙏
സ്വപ്നങ്ങളിലൂടെ പി.ഭാസ്കരനെ അനുസ്മരിക്കുമ്പോൾ തീർച്ചയായും ആ ധന്യമായ കലാകാരന്റെ നേർ ചിത്രം ദിവ്യ കാട്ടിത്തന്നു. കല്പാന്തകാലം മലയാളികളുടെ മനസ്സിൽ ഭാസ്കരൻ മാസ്റ്ററുടെ വരികൾ എന്നുമുണ്ടാവും.
ആശംസകൾ ദിവ്യ
വളരെ നന്ദി 🙏
നല്ല സ്മരാഞ്ജലി. ഒരു മധുര സ്വപ്നം പോലെ മനോഹരം.