വീട്ടിലെ നാലു ചുവരിന്റെ മടുപ്പ് മാറ്റാനാണ് വൈകുന്നേരം ഇമ്മൂനേം കൂട്ടി നടക്കാനിറങ്ങിയത്. തിരക്കില്ലാത്ത നാട്ടുവഴി അവസാനിക്കുന്നത് വയലിലേക്കാണ്.മുമ്പൊക്കെ വിശാലമായ പാടശേഖരം ഇപ്പോൾ നികന്ന് നാമമാത്രമായി ത്തീർന്നു.വലിയ വീടുകളും റോഡും ഒക്കെ ഉയർന്നു.എന്നാലും പച്ചപ്പിന് കുറവൊന്നുമില്ല:മണ്ണിട്ടുയ ർത്തിയ റോഡിനിരുവശവും ചെറിയ കൈത്തോടും ഇനിയും നികത്താത്ത തുണ്ട് വയൽ പച്ചപ്പും ഇടയ്ക്കുണ്ട്. ചതുപ്പു പോലെ പുല്ലും അൽപ്പം നെൽകൃഷിയും ബാക്കിയുണ്ട്. പുരയിടമായി മാറിയ ഇടം റബ്ബറും , തെങ്ങും നിറഞ്ഞു . തെങ്ങിന് ഇപ്പോൾ മണ്ഡരിയും ! ഇടയ്ക്ക് പ്ലാവും ആഞ്ഞിലിയും കൊക്കോയും ജാതിയും തുടങ്ങി സമ്മിശ്ര വിളകൾ. പച്ചപ്പ് കെട്ടുപോയില്ല.
സായന്തന വെയിൽ തിളക്കം പച്ചപ്പിനു മേൽ ഒളിച്ചു കളി നടത്തുന്നു. ആഴമില്ലാത്ത ചെറു തോട്ടിൽ വെള്ളമൊഴുന്നത് കാണാൻ ഇടയ്ക്കിടെ ഇമ്മു എത്തി നോക്കുന്ന കണ്ട് ഞാനും നോക്കി. തക്കം നോക്കിയിരുന്ന് ചെറു മീനിനെ കൊത്തി പറക്കുന്നു , പൊൻമാൻ സുന്ദരി . ഇന്നത്തെ അത്താഴം കുശാലായോ? വൈകി കിട്ടിയ ഇര ഒന്നിന് പശിയാറ്റി മറ്റൊന്നിന്റെ അന്ത്യം. പരസ്പരുത്തിന്റെ പാട്ടാണോ തോട്ടിലെ വെള്ളം കേൾപ്പിച്ച ഒഴുക്കിന്റെ ചെറിയ പാച്ചിൽ . മീനുകളായ നെറ്റിപ്പൊട്ടനും തുപ്പലുകൊത്തിയും , കരട്ടിയും കുറുവായും ഒക്കെയുണ്ട് അക്കൂട്ടത്തിൽ . അക്വേറിയത്തിലെ ചില്ലു കൂട്ടിലെ സുന്ദര മത്സ്യങ്ങളെക്കാൾ സന്തോഷം ഇവയ്ക്കുണ്ടന്ന് തോന്നി.
ജീവിതത്തിന്റെ ആകസ്മികതയെ സ്വീകരിച്ച് സ്വതന്ത്രമായി ഒഴുക്കിനെതിരേ നിന്ന് വാപിളർന്ന് വാലിളക്കിതുള്ളിക്കളിച്ച് മുന്നോട്ട് ഒഴുക്കിനൊപ്പം ! ഒരു നീർക്കോലിയോ പൊൻമാനോ കൊക്കോ (മീൻപിടിക്കാൻ ഇന്ന് കുട്ടികളില്ല. ചില്ലു കൂട്ടിലെ സ്വർണ്ണ മീനുകളാണവർ ) ചാടിവീഴാം . ആർക്ക് ആരെ എന്ന അനിശ്ചതത്വത്തിലും ജീവന്റെ പ്രയാണം കണ്ട് ഇമ്മു സന്തോഷത്തോടെ ചിരിച്ചു. ഞാനും.. ബുദ്ധന്റെ ചിരി പോലെ ..
സഹീറ എം