വരാന്ത്യത്തിലെ അവധിദിനങ്ങൾക്ക് പുതിയൊരു അനുഭവം ആവട്ടേന്നു വിചാരിച്ചാണ് സകുടുംബം നാട്ടിൻപുറത്തെ കൊച്ചു വീട്ടിലെത്തിയത്. നഗരത്തിരക്കുകളിൽ നിന്നും വിട്ട് ഇടയ്ക്കിടയ്ക്ക് ഇവിടെ എത്താറുണ്ട് .
ഇമ്മുവുമൊത്ത് ആദ്യം . ഗ്രാമത്തിൻറെ നന്മകൾ ഇന്നും പൂർണ്ണമായും മാറിയിട്ടില്ലാത്ത, ആളുകളും ശീലങ്ങളും കാഴ്ചകളും വഴികളും പുത്തൻ അനുഭവമാണ് ഓരോ യാത്രയിലും .
നാട്യങ്ങളില്ലാത്ത പെരുമാറ്റം. തുറസ്സായ സ്ഥലങ്ങളിലെ കാലി മേച്ചിൽ ഇടങ്ങൾ . ഇന്നും ആടു മാട് വളർത്തലും മുട്ടക്കോഴി പരിപാലനം ഒക്കെ ഈ ഗ്രാമത്തിൻറെ സാധാരണ വരുമാനമാർഗങ്ങൾ ആണ് . പുസ്തകങ്ങളിലും കഥകളിലും മാത്രം കണ്ടിട്ടുള്ള ആടുകളെയും കോഴികളെയും ഇമ്മു സന്തോഷത്തോടെ കൗതുകത്തോടെ നോക്കിനിന്നു . ഭയലേശ മില്ലാതെ അവയുടെ അടുത്തേക്ക് ഓടുന്നത് കണ്ടു.
ഒന്ന് രണ്ട് പുല്ലു നാമ്പുകൾ കുനിഞ്ഞു പറിച്ച് ആടിന് നേരെ നീട്ടുന്നു. പശു ആകട്ടെ കുറ്റിയിൽ കെട്ടിയ നീണ്ട കയറിൽ വട്ടംചുറ്റി പച്ചിലയ്ക്കുവേണ്ടി വേണ്ടി എത്തുന്നു. ഒരു കൈയിൽപിടിച്ച് അവൻ എന്നെയും അങ്ങോട്ട് വലിക്കുന്നുണ്ട്. ഞാനും അല്പം അകലം വിട്ടാണ് നിന്നത്. ഇമ്മന് അങ്ങനെയുള്ള പേടിയൊന്നുമില്ല. അവനറിയില്ലല്ലോ പശുവും ആടും കുത്തുമെന്ന് ! എന്നെ അതിശയിപ്പിച്ചത് അതൊന്നുമല്ല, എൻറെ നേരെ തലകുലുക്കി പേടിപ്പിച്ചു വരുന്ന പശുവോ ആടോ ഇമ്മൂനു നേരെ നോക്കുമ്പോൾ വാത്സല്യത്തിന്റെ ശാന്ത ഭാവമാണ്. സംശയം ഇല്ലാതെയുള്ള കുഞ്ഞിൻറെ പെരുമാറ്റം മൃഗങ്ങൾ പോലും വേഗം തിരിച്ചറിയുന്ന പ്രകൃതിയുടെ മാജിക്!
പെട്ടെന്ന് ചാറിയ മഴയിൽ വട്ടം ചുറ്റിക്കറങ്ങിയ ആടും പശുവും ഒന്നിച്ച് ബ്ബ ബ്ബേ… മ്മ്മേ ..!പൊട്ടിച്ചിരിച്ചു തിരിഞ്ഞുനോക്കി ഇമ്മു വിളിച്ചു പറഞ്ഞു :പശൂം ആടും കുരയ്ക്കുന്നു .
ഞെട്ടിപ്പോയ ഞാനവനെ തിരുത്തി. പശുവിന്റെവിളി കുരയല്ല, അമറൽ ആണ്. ആട് കരയുന്നു -വിളിക്കുന്നു എന്നാണ് പറയുക, ന്റെ ഇമ്മൂ. അവൻറെ കുറ്റമല്ല: ഒരു ആടോ പശുവോ കൺമുന്നിൽ കാണാത്ത, അവയുടെ വിളി കേൾക്കാതെ വീട്ടിനകത്തേ പട്ടിയെയും പൂച്ചയെയും മാത്രമറിയുന്ന കുട്ടിപശു കുരച്ചു എന്നുപറഞ്ഞാൽ എന്നേ പോലെ കേൾക്കുന്നവർക്ക് ചിരിയും കരച്ചിലും ഒന്നിച്ചു വരും.എനിക്കും.കൂടുതൽ അറിയാതെ ഇമ്മുവും ചിരിച്ചു. അയൽക്കാർക്ക് ഓർത്ത് ചിരിക്കാനും ഒരു കഥയായി..
സഹീറ എം