17.1 C
New York
Thursday, March 23, 2023
Home Special ഓർമ്മ ചെപ്പ്‌ തുറന്നപ്പോൾ-15

ഓർമ്മ ചെപ്പ്‌ തുറന്നപ്പോൾ-15

ശൈലജ വർമ്മ, ആസ്‌ത്രേലിയ ✍

റൂബി അങ്കിളും മണിച്ചിത്രത്താഴും, 56 ശീട്ടുകളിയും യാത്രകളും

മക്കളുടെ ബാല്യകാലത്ത്‌ ഞങ്ങൾ സിംഗപ്പൂരിലായിരുന്നു താമസിച്ചിരുന്നത്‌. കൂട്ടുകുടുംബം പോലെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന സുഹൃത്തുക്കളായിരുന്നു അവിടെ ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം. അഛനമ്മമാർ കൂട്ടുകാരാണെന്നതുപോലെ മക്കളും അടുത്ത കൂട്ടുകാർ തന്നെ ആയിരുന്നു.

‘Sleep over’ നു – കൂട്ടുകാരുടെ വീട്ടിൽ താമസിക്കുവാൻ പോകുന്നത്‌ അവധിക്കാലത്ത്‌ പതിവായിട്ടുള്ള പരിപാടിയായിരുന്നു. സുഹൃത്തുക്കളുടെ മക്കൾ ഞങ്ങളുടെ വീട്ടിലും sleep over ന്‌ എല്ലാ അവധിക്കാലത്തും വരുമായിരുന്നു.

ഒരിക്കൽ കിരൺ, ജിതൻ, ഹരി, പ്രിയങ്ക, സന്ധ്യ എന്നിവർ അമ്മുവിന്റെ വീട്ടിൽ sleep over നു പോയി. കുറേ നേരം വീടിനുള്ളിലും വെളിയിലും ഉള്ള കളികളൊക്കെ കഴിഞ്ഞപ്പോൾ എല്ലാവരും കൂടി ഇരുന്ന് ‘മണിച്ചിത്രത്താഴ്‌’ സിനിമ കണ്ടു. പിന്നെ കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു കുട്ടികൾ.. പ്രേതകഥകളങ്ങനെ പൊടിപ്പും തൊങ്ങലും വച്ച്‌ പറഞ്ഞു കൊണ്ടിരുന്നു അവർ…

ഇനി കിടക്കാം. പക്ഷേ…കിടക്കുന്നതിനു മുമ്പ്‌ മൂത്രം ഒഴിക്കണം. ആർക്കും സ്വീകരണ മുറിയിൽ നിന്നും ബാത്ത്‌ റൂമിലേയ്ക്ക്‌ ഒറ്റയ്ക്ക്‌ പോകാൻ വയ്യ. അവസാനം എല്ലാവരും കൂടി ക്യൂ ആയിട്ട്‌ പോകാമെന്ന് തീരുമാനിച്ചു. ഒരാൾ ബാത്ത് റൂമിന്റെ ഉള്ളിലും മറ്റുള്ളവർ വെളിയിലും..

“ഛിൽ….ഛിൽ…ഛിൽ”….
ചിലങ്കയുടെ ശബ്ദം..അടുത്തടുത്ത്‌ വരുന്നുണ്ടോ…?

“അയ്യോ…അയ്യോ… പ്രേതം…”
കുട്ടികൾ എല്ലാരും കെട്ടിപ്പിടിച്ച്‌ കണ്ണും പൂട്ടി നിൽപ്പായി…

ശബ്ദം പെട്ടെന്ന് നിന്നു… കുട്ടികൾ പതുക്കെ പതുക്കെ കണ്ണു തുറന്ന് നോക്കിയതേയുള്ളൂ… അതാ… വീണ്ടും…

‘ഛിൽ….ഛിൽ…ഛിൽ…’
‘അയ്യോ… പിന്നേം…
കുട്ടികളെല്ലാവരും പേടിച്ച്‌ കെട്ടിപ്പിടിച്ച്‌ അവിടെ തന്നെ നിൽപ്പായി.

അപ്പോൾ മറിയാമ്മ ഇടപെട്ടു… ” റൂബിച്ചേട്ടാ… മതി”.

അപ്പോൾ അതാ… റൂബി അങ്കിൾ കൈയ്യിൽ കിലുങ്ങുന്ന ഒരു മണിയുമായി പ്രത്യക്ഷപ്പെടുന്നു..

“അഛാ…” അമ്മു നിന്നു ചിണുങ്ങി…

‘റൂബി അങ്കിൾ’…. കുട്ടികൾ എല്ലാരും കൂടി ചുറ്റും കൂടി….

ഒരിക്കൽ ഞങ്ങളും റൂബി ഫാമിലി, രാധാകൃഷ്ണൻ ഫാമിലി സാലി ഫാമിലി യും ആയിട്ട്‌ രണ്ടുമൂന്നു ദിവസത്തേയ്ക്ക്‌ മലേഷ്യയിലെ ജോർ ബാറു ( Johor Bahru) വിനടുത്തുള്ള ഒരു ഹോം സ്റ്റേ യിൽ പോയി. അവിടെ ഒരിടത്ത്‌ ‘Go Carting ചെയ്യുന്നതിനുള്ള സ്ഥലമുണ്ട്‌. ഞങ്ങൾ അവിടെ എത്തിയപ്പോൾ വൈകുന്നേരമായതു കൊണ്ട്‌ പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ Go Carting നു കൊണ്ടുപോകാമെന്നും നേരത്തെ എണീക്കണം എന്നുമൊക്കെ റൂബി അങ്കിൾ കുട്ടികളോട്‌ ശട്ടം കെട്ടി.

രാത്രിയിൽ കുട്ടികൾക്ക്‌ റൂബി അങ്കിളിന്റെ കൂടെ കിടന്ന് ഉറങ്ങിയാൽ മതി എന്നും പറഞ്ഞ്‌ കുട്ടികൾ റൂബിയുടെ കൂടെ കൂടി. രാവിലെ ഞങ്ങൾ സ്ത്രീകൾ അടുക്കളയിൽ കയറി കാപ്പി ചായ പറ്റിപാടികൾ തുടങ്ങുമ്പോഴേയ്ക്കും ജിതൻ മോനു, അഞ്ചു വയസ്സുകാരൻ എണീറ്റ്‌ വന്ന് കാര്യമായിട്ട്‌ പറയുകയാണ്‌

” ആന്റീ, റൂബി അങ്കിളിന്‌ കാപ്പി ആയോ? “
ഇതിപ്പൊ എന്താന്ന് ആലോചിച്ചു നിൽക്കുമ്പോൾ വന്നൂ അടുത്ത കമന്റ്‌
” എന്നിട്ട്‌ വേണം നമ്മൾക്ക്‌ Go carting ന്‌ പോകാൻ”..
റൂബി അങ്കിളായിരുന്നു കുട്ടികളുടെ ഹീറോ. റൂബി അങ്കിൾ കുട്ടികളോട്‌ തമാശ പറഞ്ഞ്‌ അവരുടെ ഇഷ്ടത്തിന്‌ നിൽക്കും. അതുകാരണം കുട്ടികൾക്ക്‌ റൂബി അങ്കിളിന്റെ കൂടെ പോകാൻ വല്ല്യ ഇഷ്ടമായിരുന്നു.

എല്ലാരും കൂടി കൂട്ടച്ചിരിയായി.
എല്ലാവരും വേഗം റെഡിയായി go carting ന്‌ കുട്ടികളെ- കിരൺ, ജിതൻ, അപ്പു, അമ്മു, ബാലു – കൊണ്ടുപോയി.

ആ കുഞ്ഞിമക്കളൊക്കെ ഇന്ന് വളർന്ന് വലുതായി നല്ല രീതിയിൽ ജീവിതം നയിക്കുന്നത്‌ കാണുമ്പോൾ ഞങ്ങൾ അഛനമ്മമാരുടെ മനസ്സ്‌ സന്തോഷം കൊണ്ടും കൃതഞ്ജത കൊണ്ടും നിറയുന്നു.

സിംഗപ്പൂരിൽ വച്ച്‌ എല്ലാ വീക്കെൻഡിലും ഞങ്ങൾ കുടുംബസമേതം ഒത്തുകൂടുമായിരുന്നു. വെള്ളിയാഴ്ച്ചകളിൽ രാത്രി 56 ശീട്ടുകളി ഉണ്ടാകും. ഓരോരുത്തരുടെ വീടുകളിലായി ടേൺ വച്ചായിരിക്കും കളി. ബാബുവേട്ടൻ, റൂബി, സോമൻ, മുരളി, ശശി, പ്രകാശ്‌ മേനോൻ, ഇവരാണ്‌ സ്ഥിരം കളിക്കാർ. എന്റെ അച്ഛൻ സിംഗപ്പൂരിൽ ഉള്ള സമയമാണെങ്കിൽ അച്ഛനും കളിക്കാൻ കൂടും. ഈ ശീട്ടുകളിക്കാരെല്ലാവരും തന്നെ REC ( NIT), CET പൂർവ്വവിദ്യാർത്ഥികളും റാങ്ക്‌ ഹോൾഡേഴ്സും ഉയർന്ന ജോലിയും ബിസിനസ്സ്‌ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയവരും ആയിരുന്നു എന്ന കാര്യം കൂടി പങ്കു വയ്ക്കട്ടെ. ” എഞ്ചിനീയറിംഗ്‌ കോളജുകളിൽ ഒക്കെ ശീട്ടുകളിയല്ലെ പഠിപ്പിച്ചിരുന്നത്‌” എന്ന് അവർ തമാശ പറയുമായിരുന്നു.

മറ്റ്‌ പലരും 56 കളിക്ക്‌ കൂടിയിരുന്നു. സാലി, എന്റെ കസിൻ കൃഷ്ണകുമാർ( കുട്ടൻ), പൈലോ, ബാബു, ആര്യൻ നമ്പൂതിരി, രാമചന്ദ്രൻ എന്നിവരും 56 കളിയിൽ മാറിമാറി പങ്കെടുത്തിരുന്നു.

56 കളിക്കാനായി എല്ലാവരും ഫാമിലിയായിട്ടാണ്‌ കൂടാറുള്ളത്‌. പുരുഷന്മാർ 56 കളിക്കുമ്പോൾ കുട്ടികളും- (കിരൺ, ജിതൻ, അമ്മു, അപ്പു, ശിൽപ, സ്നേഹ, മായ, കൊച്ചു സ്നേഹ) വീഡിയോ ഗെയിം ഉൾപ്പെടെ പലതരം കളികളുമായി തിരക്കിലാകും. ഞങ്ങൾ സ്ത്രീകൾക്കുണ്ടോ സമയം കളയാൻ പ്രയാസം… വർത്തമാനം പറഞ്ഞ്‌ തീരലില്ലല്ലൊ. മറിയമ്മ, ഞാൻ, ശോഭ, മിനി, മീര, റീന, ഞങ്ങളും ആ കൂടിച്ചേരലുകൾ നന്നായി ആസ്വദിച്ചിരുന്നു.

മൂന്നാമത്തെ മോൻ ഹരിക്കുട്ടൻ തീരെ ചെറിയ കുഞ്ഞായിരുന്ന സമയത്ത്‌ ഇങ്ങനെയുള്ള രാത്രി കൂടലുകൾക്ക്‌ പോകുമ്പോൾ മോനുള്ള diapers, wipes, changing mat, ബിബ്ബ്‌, ഭക്ഷണം, പാൽപ്പൊടി, ഫ്ലാസ്ക്കിൽ തിളച്ച വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം , ടവലുകൾ, കുഞ്ഞുടുപ്പുകൾ എന്നിവ അടങ്ങിയ ബാഗുമായിട്ടായിരുന്നു യാത്ര.

അക്കാലത്ത്‌ പാൽക്കുപ്പികൾ ചൂടാറാതെ ഇട്ടുവയ്ക്കാൻ ഇൻസുലേറ്റഡ്‌ ആയ ഒരു ബോട്ടിൽ ഹോൾഡർ കിട്ടുമായിരുന്നു. അത്‌ ഉപയോഗിച്ചിരുന്നു. മൈക്രോവേവ്‌ ഉണ്ടായിരുന്നുവെങ്കിലും ആരും തന്നെ കുഞ്ഞുങ്ങളുടെ പാല്‌ അതിൽ വച്ച്‌ ചൂടാക്കിയിരുന്നില്ല. Enfolac, S-26, Nan ഒക്കെ ആയിരുന്നു അന്നത്തെ ബേബി ഫോർമുല ബ്രാൻഡുകൾ.

രാവിലെ നാലു മണിയൊക്കെയാകും ശീട്ടുകളി മതിയാക്കുമ്പോൾ. ഒരിക്കൽ റൂബിയുടെ യിഷൂനിലെ വീട്ടിൽ നിന്നും 56 കളി കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേയ്ക്ക്‌ പോകാനായി ഷൂസ്‌ ഇടുമ്പോൾ ജിതൻ മോനു ചോദിച്ച ഒരു ചോദ്യമുണ്ട്‌ ” അച്ഛാ… ഇനി നമ്മള്‌ എങ്ങോട്ടാ പോണേ…?”
ഇപ്പോഴും ഞങ്ങൾ കൂട്ടുകാർ ഒത്തുചേരുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ്‌ ചിരിക്കാറുണ്ട്‌.

ശീട്ടുകളിക്ക്‌ ആളു തികഞ്ഞില്ലെങ്കിൽ നറുക്ക്‌ വീഴുന്നത്‌ മറിയമ്മയ്ക്കാണ്‌. മറിയമ്മ എന്തു ഡിമാന്റ്‌ മുന്നോട്ടു വച്ചാലും ശീട്ടുകളി മുടങ്ങാതിരിക്കാനായി റൂബി അതെല്ലാം അംഗീകരിക്കും. എത്ര സ്വർണ്ണമാലയും വളയും കമ്മലും ആ ഇനത്തിൽ മറിയമ്മയ്ക്ക്‌ കിട്ടിയിട്ടുണ്ടെന്നോ..! ശ്ശേ … ഈ കളി നേരത്തെ പഠിച്ചു വയ്ക്കേണ്ടതായിരുന്നു, എന്ന് ബാക്കിയുള്ള സ്ത്രീജനങ്ങൾ പറയാറുണ്ടായിരുന്നു.

എല്ലാ ശനിയാഴ്ച്ചകളിലും ഞങ്ങൾ Toa Payoh Vairavimada Kali Amman Temple ൽ പോകുമായിരുന്നു. അപ്പോഴൊക്കെ നവഗ്രഹ പ്രതിഷ്ഠയ്ക്ക്‌ എള്ളുതിരി കത്തിക്കുകയും ചെയ്യുമായിരുന്നു.

സിംഗപ്പൂരിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്‌. Killiney Road ൽ ആയിരുന്ന ക്ഷേത്രം റെയിൽ വേ നിർമ്മാണത്തിനു വേണ്ടി സ്ഥലമെടുക്കുമ്പോൾ മാറ്റി Toh Payoh ൽ നിർമ്മിക്കപ്പെട്ടതാണ്‌.

ഞങ്ങൾ മോസ്കോവിലായിരിക്കുമ്പോൾ ശനിയാഴ്ച്ചകളിൽ Red Square ൽ ഉള്ള St Mary’s Cathedral ൽ പോയി മെഴുകുതിരി കത്തിക്കുകയും ചെയ്തിരുന്നു. South Korea ലും Myanmar ലും താമസിക്കുമ്പോൾ ബുദ്ധക്ഷേത്രങ്ങളിലേയ്ക്കായിരുന്നു പോയിരുന്നത്‌. എല്ലാ ദൈവങ്ങളും ഒന്ന് തന്നെ. പ്രപഞ്ചം ഒന്ന് എന്ന് വിശ്വസിക്കാനാണ്‌ ഇഷ്ടം. വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും വ്യക്തിഗത താൽപ്പര്യങ്ങൾ മാത്രം.

തിരിച്ച്‌ സിംഗപ്പൂരിലേയ്ക്ക്‌ എത്തട്ടെ. അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ ആ Toa Payoh ക്ഷേത്രത്തിൽ മാത്രമേയുള്ളൂ. പിന്നീട്‌ ഗുരുവായൂരപ്പനും വന്നൂ അവിടേയ്ക്ക്‌.

ഞങ്ങൾ വൈകുന്നേരം അഞ്ചര മണിയാകുമ്പോൾ ക്ഷേത്രത്തിലെത്തിയാൽ 9 മണി വരെ ഒക്കെ അവിടെ ഉണ്ടാകും. ഞങ്ങൾ, റൂബി ഫാമിലി, സോമൻ ( PS Menon), രത്നവും പ്രിയങ്കയും ഐ എസ്‌ അങ്കിളിന്റെ കൂടെ വരും. അങ്ങനെ നല്ല രസായിട്ട്‌ അവിടെ കൂടും. കുട്ടികൾക്കും ബഹുരസം.

മണ്ഡലക്കാലം തുടങ്ങിയാൽ എന്നും പടി പൂജ വഴിപാട്‌ പതിവുണ്ടായിരുന്നു. ഓരോ ദിവസവും ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ്‌ നടത്താറുള്ളത്‌. മകരവിളക്കിന്‌ വളരെ വിപുലമായ പരിപാടികളായിരിക്കും അമ്പലത്തിൽ ഉണ്ടാവുക. ശോഭ, ശിൽപ, ഞാനും കിരൺ, ജിതൻ – ഞങ്ങൾക്ക്‌ മകരവിളക്ക്‌ സമയത്തെ വലിയ ഭജനയിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. അതുകൊണ്ട്‌ അയ്യപ്പ ഭജനകൾ കുട്ടികൾ ചെറുപ്പത്തിൽ തന്നെ ഹൃദിസ്ഥമാക്കിയിരുന്നു.

ഒരിക്കൽ സിംഗപ്പൂരിലേയും ജെ ബി ( Johor Bahru, Malaysia) യിലേയും കൂട്ടുകാരെല്ലാവരും കൂടി ഒരു ബസ്‌ വാടകയ്ക്ക്‌ എടുത്ത്‌ ജന്റിംഗ്‌ ഹൈലാൻഡിലേയ്ക്ക്‌ ( Genting Highlands) ലേയ്ക്ക്‌ ഒരു ട്രിപ്പ്‌ പോയി. ശരിക്കുമൊരു ആഘോഷമായിരുന്നു. JB യിലെ ഉണ്ണിയും സണ്ണിയുമായിരുന്നു ട്രിപ്പ്‌ ആസൂത്രണം ചെയ്ത്‌ നടപ്പാക്കിയത്‌. പാട്ടും ബഹളവും തമാശയുമായുള്ള യാത്ര മറക്കാൻ പറ്റില്ല.

പിന്നീടൊരിക്കൽ Tioman Island ലേയ്ക്ക്‌ ഒരു ട്രിപ്പ്‌ പോയി. കടൽ വളരെ പ്രക്ഷുബ്ദ്ധമായിരുന്നതിനാൽ അന്ന് എല്ലാവരും ച്ഛർദ്ദിച്ച്‌ അവശരായി. എന്റെ അച്ഛനും അമ്മയും അന്ന് കൂടെ ഉണ്ടായിരുന്നു. അന്താക്ഷരിയും ശീട്ടുകളിയും രാത്രിയിൽ പകൽ മുഴുവൻ ബീച്ചിലും.

അന്നൊരു അബദ്ധം പറ്റിയത്‌ ഓർക്കുമ്പോൾ… അയ്യോ..

ഞങ്ങളുടെ മുറിയിൽ അച്ഛനും അമ്മയ്ക്കും കുടിക്കാൻ ചൂടുവെള്ളത്തിനായി ഒരു ജഗ്ഗിൽ ചൂടു വെള്ളവും മറ്റൊരു ജഗ്ഗിൽ തണുത്ത വെള്ളവും വച്ചിരുന്നു, മിക്സ്‌ ചെയ്ത്‌ കുടിക്കാനായിട്ട്‌.

അന്താക്ഷരിക്കിടെ, ആരാണെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മയില്ല, മാത്തച്ചനൊ, ദിനേഷൊ, ശ്രീകുമാറൊ ആണ്‌, തിളച്ച വെള്ളം വെച്ചിരുന്ന ജഗ്ഗെടുത്ത്‌ ഒറ്റ കുടിക്കൽ.. ആലോചിക്കാൻ വയ്യ. ആശുപത്രിയിൽ കൊണ്ടുപോയി എന്നാണോർമ്മ.

സുഹൃത്തുക്കളുമായി ധാരാളം ചെറുയാത്രകൾ ചെയ്യുവാൻ സാധിച്ചത്‌ ഭാഗ്യമായി കാണുന്നു. എന്തെല്ലാം പുതിയ അറിവുകളും ജീവിതപാഠങ്ങളും നമ്മൾ സ്വായത്തമാക്കുന്നു അല്ലെ…

ഒട്ടേറെ സുഹൃത്തുക്കളുടെ സൗഹൃദ വലയത്തിലായിരുന്നു സിംഗപ്പൂരിലെ ജീവിതം. എല്ലാവരേയും ഹൃദയത്തോട്‌ ചേർത്ത്‌ വയ്ക്കുന്നു.

ശൈലജ വർമ്മ, ആസ്‌ത്രേലിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: