ഷൈലജ കണ്ണൂർ
ബാല്യത്തിന്റെ അവധിക്കാലത്തിമർപ്പിൽ ഓർമ്മത്താളുകളിലെ വിഷുവിന് എന്നും പത്തരമാറ്റ് തിളക്കമാണ്. മനസ്സിൽ ബാല്യത്തിന്റെ ഗൃഹാതുരതയുടെ പോയ്പോയ മാമ്പഴ കാലത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കർണികാരത്തിന്റെ കാന്തിയുടെയും, നന്മയുടെ കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെ വിഷുപ്പുലരി ഒന്നുകൂടി വരവായി..
ടെക്നോളജിയുടെ കാലത്തുള്ള
ഇന്നത്തെ കുട്ടികളുടെ വിഷു എല്ലാം ഒരു പൊങ്ങച്ചം മാത്രമല്ലേ.
വിഷുവിന്റെ ഐതിഹ്യത്തെ കുറിച്ചോ, മാഹാത്മ്യത്തെ കുറിച്ചോപറഞ്ഞ് കൊടുക്കാൻ മുത്തശ്ശി മാരില്ലാത്തതാണ് ഇപ്പോഴത്തെ അണുകുടുംബത്തിന്റെ പോരായ്മ്മ..
എന്റെ ബാല്യം എന്നും എനിക്ക് വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ് ജീവിതത്തിൽ അച്ഛനില്ലാത്തതിന്റെ നഷ്ടം എപ്പോഴും വിഷുകാലത്തായിരുന്നു ഞാൻ അനുഭവിച്ചത്.. അയല്പക്കത്തുള്ള കുട്ടികൾക്കൊക്കെ അവരുടെ അച്ഛൻ വിഷുക്കോടിയും പടക്കങ്ങളും വാങ്ങി കൊടുക്കുമ്പോൾ ഞാൻ സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട്.എന്നാലും എനിക്ക് അമ്മയോട് ഒരു ദേഷ്യവും തോന്നിയിട്ടില്ല..
വിഷു ആവുമ്പോഴേക്കും അമ്മയുടെ വേനൽ കൃഷിയുടെ വിളവെടുപ്പ് എടുക്കാറായിട്ടുണ്ടാവും. വെള്ളരി, ചെറുപയർ, വൻപയർ,ഉഴുന്ന് ഇതെല്ലാം അമ്മയുടെ കൃഷിയിടത്തിലെ വിഭവങ്ങൾ ആണ്..
പിന്നെ വലിയൊരു കീറാമുട്ടിയാണ് പുര കെട്ടിമേയൽ. അതുകഴിയുമ്പോഴേക്കും പാവം അമ്മ പാപ്പരായിട്ടുണ്ടാവും. പിന്നെ എവിടുന്നാണ് പൊട്ടാസൊക്കെ മേടിക്കേണ്ടത്. ഞാനും ഏട്ടനും അയല്പക്കകാർ പൊട്ടാസ് പൊട്ടിക്കുന്നത് കാണാൻ പോകുക മാത്രം മിച്ചം.
വിഷുക്കാലങ്ങളിൽ വശ്യമനോഹരിയായി കണിക്കൊന്ന നിറയെ പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. അത് കാണാൻ അതിന്റെ ചുവട്ടിൽ പോയി കണ്ണിമയ്ക്കാതെ നോക്കി നിൽക്കും.
അപ്പൊ ഞാൻ കൊന്നപ്പൂവ് ഉണ്ടായ ഐതിഹ്യം ഓർക്കും..
ഗുരുവായൂർ അമ്പലത്തിൽ എന്നും ഭഗവാനെ തൊഴാൻ വരുന്ന കുട്ടിക്ക് ശ്രീകോവിലിനുള്ളിലുള്ള ഭഗവാന്റെ അരയിൽ ധരിച്ച നിറയെ തോങ്ങലും മണികളുമുള്ള വെട്ടി തിളങ്ങുന്ന സ്വർണ്ണ അരഞ്ഞാണം വളരെ ഇഷ്ടമായി. എന്നും നടയ്ക്കൽ വന്നു കൈകൂപ്പി നിൽക്കുന്നതിനിടയ്ക്ക് അരഞ്ഞാണത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് കുട്ടി കണ്ണനോട് നിഷ്കളങ്കമായി പറഞ്ഞുകൊണ്ടിരുന്നു
” കണ്ണാ, എന്തു ഭംഗിയാണ് നിന്റെ അരഞ്ഞാണം കാണാൻ എനിക്കും ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ”
ഒരു ദിവസം കണ്ണൻ കുട്ടിയുടെ മുന്നിൽ പ്രത്യക്ഷനായി അരഞ്ഞാണം ഊരി കൊടുത്തു. വളരെ സന്തോഷത്തിൽ കുഞ്ഞ് അതും അരയിൽ ഇട്ട് തുള്ളിച്ചാടി വീട്ടിലെത്തി. അമ്പലത്തിൽ പൂജ സമയത്ത് കണ്ണന്റെ അരഞ്ഞാണം
കാണാഞ്ഞ് തിരച്ചിൽ തുടങ്ങി. അങ്ങിനെ തിരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അരയിൽ നിന്നും അരഞ്ഞാണം കണ്ടെടുത്തു. അത് ആ കുഞ്ഞു മോഷ്ടിച്ചതായി എല്ലാവരും മുദ്ര കുത്തി. നാണക്കേട് സഹിക്കാഞ്ഞ് ആ കുഞ്ഞിന്റെ പിതാവ് തിരു നടയ്ക്കൽ വെച്ച് കുഞ്ഞിനെ പൊതിരെ തല്ലുവാൻ തുടങ്ങി. ഭഗവാൻ ശ്രീ കോവിലിൽ നിന്നും ഇറങ്ങിവന്ന് തനിക്ക് സമ്മാനിച്ചതാണ് എന്ന് കുട്ടി എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കാൻ തയ്യാറായില്ല. കുട്ടി സങ്കടം സഹിക്കാതെ കൃഷ്ണനെ ഭജിച്ച് അരഞ്ഞാണം ഊരി വലിച്ചെറിഞ്ഞു. അത് അമ്പല പരിസരത്തിന്റെ ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടന്നു. ഉടനെ ശ്രീകോവിലിനുള്ളിൽ നിന്നും ഒരു അശരീരി ഉണ്ടായി.. ” അരുതരുത് ” കുഞ്ഞിനെ ഇനി തല്ലരുത് അരഞ്ഞാണം അവന് സമ്മാനിച്ചത് ഞാനാണ്.
എല്ലാവരും സ്തബ്ദരായി നില്ക്കവേ ആ മരം പൂത്തുലഞ്ഞു.. നിറയെ അരഞ്ഞാണങ്ങൾ ഊരിയിട്ടതുപോലെ മഞ്ഞപ്പൂക്കളും. മോട്ടുകളും ഉള്ള പൂങ്കുലകൾ.അറ്റത്ത് അരഞ്ഞാണമണികൾ എന്ന് തോന്നിക്കുന്ന പൂമൊട്ടുകൾ.. അന്നുമുതൽ ഭഗവാന് പ്രിയപ്പെട്ടതായി ആ പൂക്കൾ..
ഇത് എന്റെ അമ്മ എനിക്ക് പറഞ്ഞ് തന്ന ഐതിഹ്യകഥ.. ❤
രാത്രി കാലമായാൽ അയൽവക്കം പൊട്ടാ സുകൾ കൊണ്ട് നിറയും. അയൽവക്കത്തെ വലിയ തറവാട്ടിൽ ഒരുപാട് പൊട്ടാസുകൾ വാങ്ങുമായിരുന്നു. അത് പൊട്ടിക്കുന്നത് കാണാൻ ഞങ്ങളും പോകുമായിരുന്നു..ആ തറവാട്ടിൽ നിന്നാണ് ചെറുപ്പത്തിൽ ഞങ്ങളൊക്കെ കണികണ്ടിരുന്നത്.
അവിടുത്തെ അമ്മ തലേദിവസം തന്നെ പിറ്റേന്ന് കണിവെക്കെണ്ടുന്നത് ഒരുക്കി വെക്കും.
കൃഷ്ണവിഗ്രഹം പലകയിൽ ഇരുത്തി, പിന്നെ ഓട്ടുരുളിയിൽ ഓരോന്നായി എടുത്തു വയ്ക്കും. ഗ്രന്ഥ കെട്ട്, കോടിമുണ്ട്,വെള്ളി സ്വർണ്ണം ആഭരണങ്ങൾ,, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്നപ്പൂക്കൾ, ചക്ക, മാങ്ങ, ആ സമയത്ത് ഉണ്ടാക്കുന്ന പച്ചക്കറികൾ, തേങ്ങാ പൊട്ടിച്ച് അതിന്റെ കുഴികളിൽ കുഞ്ഞു അരി കിഴികൾ, രണ്ടു വലിയ ഓട്ടു വിളക്കുകൾ, പുത്തൻ തുണി. ഇതെല്ലാം ഒരുക്കി വെക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ വീട്ടിൽ പോയി കിടന്നുറങ്ങുന്നത്..
ചിലപ്പോൾ കിടന്നാൽ ഉറക്കം വരില്ല. പിറ്റേ ദിവസത്തെ കൈനീട്ടം ഓർത്ത്.
പിറ്റേദിവസം അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് കാണിക്കാണാൻ ഓടും.
ചെല്ലുമ്പോൾ തറവാട്ടിലെ അമ്മ കണിയൊരുക്കി അവരുടെ മക്കളെ ഓരോരുത്തരെയായി കണ്ണുപൊത്തി കണി കാണാൻ കൊണ്ടുവരും.. ആ നിമിഷം ഞാൻ മനസ്സിൽ ഓർക്കാറുണ്ട് ഞാനും ആ വീട്ടിലെ കുട്ടി ആയിരുന്നെങ്കിൽ എന്ന്..
എല്ലാവരും കണി കണ്ടു കഴിയുമ്പോൾ തരുന്ന കൈനീട്ടം സ്വീകരിച്ചു.. അടുത്ത വീട് ലക്ഷ്യമാക്കി കൈനീട്ടം വാങ്ങാൻ ഓടും..
ഈ കൈനീട്ടം കിട്ടുന്ന പൈസ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു സിനിമയ്ക്ക് പോകുമായിരുന്നു.. മേടമാസത്തിലെ ചൂടിൽ ഒന്നര കിലോമീറ്റർ നടന്നുവേണം തിയേറ്ററിൽ എത്താൻ.. ഇന്നത്തെ കുട്ടികൾ എസിയുടെ കുളിർമയിൽ ജീവിക്കുമ്പോൾ അന്ന് ഞങ്ങൾക്കൊക്കെ കിട്ടിയ ബാല്യകാല ഓർമ്മകൾ ഇന്നത്തെ എയർകണ്ടീഷനേക്കാളും കുളിർമയുള്ള ഓർമ്മകളാണ്…
മീനരാശിയിൽ നിന്നു സൂര്യൻ അടുത്ത രാശിയായ മേടത്തിലേക്ക് പോകുന്നതാണത്രേ വിഷു സംക്രമം.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസം ആണത്രേ വിഷുവായി ആഘോഷിക്കുന്നത്.
തിന്മയെ തോൽപ്പിച്ച് നന്മ വിജയിക്കുന്നതാണ് എല്ലാ ആഘോഷങ്ങളുടെയും കഴമ്പ്.
ധാന്യങ്ങളുടെയും,വിളവെടുപ്പിന്റെയും സമയവും. അടുത്ത തലമുറയെ സ്വാർത്ഥത ഇല്ലാത്തവരായി വളർത്താനും ആയിരുന്നു കൊടുക്കൽ വാങ്ങലുകളിലൂടെ കൈമാറിയിരുന്നത്. പരസ്പര ധാരണയും, കരുതലും, സ്നേഹവാത്സല്യങ്ങളും, സൗഹാർദവും ആയിരുന്നു അന്നത്തെ കാലത്ത് ഉണ്ടായിരുന്നത്.
വിഷു അന്നും ഇന്നും എന്റെ മനസ്സിൽ കാഴ്ചയുടെയും അനുഭവങ്ങളുടെയും കണികൾ നിറയ്ക്കുന്നു.
ആകുലതകൾ നിറഞ്ഞ ഇപ്പോഴത്തെ വിഷു ആഘോഷമാക്കാൻ മനസ്സ് സജ്ജമല്ലെങ്കിലും. ആഘോഷങ്ങൾ എപ്പോഴും ആഘോഷിച്ചു തീർക്കുക തന്നെ വേണം..
എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ❤❤❤