ജാതി ചിന്തഎന്ന സങ്കല്പം ചരിത്രാതീത കാലം മുതലേ ഉണ്ട്.ഒരു പക്ഷെ മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ. ജാതി മത വിദ്വേഷങ്ങൾക്കു വേണ്ടി പോർക്കളത്തിൽ ഇറങ്ങിയ നമുക്ക് നഷ്ടമായത് എത്രയോ വിലപ്പെട്ട ജീവനുകളാണ്…..!
ചാതുർവർണ്യം നിലനിന്ന കാലത്താണ് സഹോദരൻ അയ്യപ്പൻ എന്ന മനുഷ്യസ്നേഹി നമുക്കിടയിലേക്ക് സാന്ത്വനമായി കടന്നു വന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ മുഖഛായ മാറ്റിയ അപൂർവ്വപ്രതിഭകളിൽ ഒരാളായിരുന്നു ഇദ്ദേഹം. സാമൂഹിക പരിഷ്കർത്താവ്, വിപ്ലവകാരി, കവി, ഭരണകർത്താവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ.അയ്യപ്പൻ എന്ന സഹോദരൻ അയ്യപ്പൻ.
എറണാകുളത്തെ ചെറായിയിലെ കുംബളത്തുപറമ്പിൽ കൊച്ചാവു വൈദ്യരുടേയും, ഉണ്ണൂലിയുടേയും മകനായി 1889 ആഗസ്റ്റ് 21നായിരുന്നു ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അയ്യപ്പൻ മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാഹിത്യത്തിൽ ബി. എ ബിരുദവും നേടി.
വിദ്യാഭ്യാസ കാലത്ത് തന്നെ സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്ന ജന വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊതു വേദികളിൽ മുഴങ്ങിയ ശബ്ദം അയ്യപ്പന്റേതായിരുന്നു.
കോഴിക്കോട്ടേക്കു പോയി പഠിച്ചപ്പോളാണ് അദ്ദേഹത്തിന്റെ ചിന്തയിൽ ആധുനിക പ്രവണതകൾ ഉടലെടുത്തത് .
മഹാകവി കുമാരനാശാനുമായുള്ള സമ്പർക്കം ഒരു സാധാരണക്കാരനായ അദ്ദേഹത്തെ അധ:സ്ഥിതരുടെ സഹോദരനാക്കി മാറ്റി.
കേരള നവോദത്ഥാനത്തിന്റെ പിതാവായ ശ്രീ നാരായണ ഗുരുവിന്റെ തത്വ ചിന്തകളിൽ ആകൃഷ്ടനായ അയ്യപ്പൻ അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ശിഷ്യൻ ആയി തീർന്നു. കേരള സമൂഹത്തെ ശക്തമായി ബാധിച്ച ജാതീയതയെ എതിർക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇദ്ദേഹം ഇതിനോട് അനുകൂലിക്കുന്ന ചെറുപ്പക്കാർക്ക് ഒത്തുചേരുന്നതിനായി 1917 ൽസഹോദര സംഘം രൂപീകരിച്ചു. ജന ഹൃദയങ്ങളിൽ ഇടംതേടിയ ജാതി ചിന്തയെ തുടച്ചു നീക്കുന്നതിനുവേണ്ടി 1928ൽ അയ്യപ്പൻ ”യുക്തിവാദി ” എന്നാ പേരിൽ ഒരു മാസികയും പ്രസിദ്ധീകരിക്കുകയുണ്ടായി.
ഈഴവ സമുദായത്തിൽ ജനിച്ച ഇദ്ദേഹം തൊട്ടുകൂടാത്തവരാലും, മറ്റുള്ളവരാൽ അവഗണിക്കപ്പെട്ടിരുന്ന ദളിതരേയും ചേർത്ത് മിശ്ര ഭോജനം നടത്തി. ഇത് ചില സാമൂഹ്യപരിഷ്കർത്താക്കളയും മേലാളന്മാരെയും ചൊടിപ്പിച്ചു. പുലയരേയും, ഈഴവരേയും സംഘടിപ്പിച്ചുകൊണ്ടു മിശ്രഭോജനം നടത്തിയ അയ്യപ്പനെ ”പുലയൻ അയ്യപ്പൻ ” എന്ന് വിളിച്ചു പരിഹസിക്കുകയും ചെയ്തു.
1928ൽ തന്നെ കൊച്ചി നിയമസഭയുടെ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും വിജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാ സാമാജികൻ എന്ന നിലയിൽ കഷ്ടതയനുഭവിക്കുന്ന നിർദ്ധനരായ പാവങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായി.
ശ്രീ നാരായണ ഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”, ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന പ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ” എന്ന് ഭേദഗതി വരുത്തി.
അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പൻ .പഠിച്ചു ജോലി നേടുന്നതിനേക്കാൾ പ്രധാനമായി അദ്ദേഹം കണ്ടത് ജാതി വ്യത്യാസമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാനായിരുന്നു. ആ കാരണം ഒന്നുകൊണ്ടു മാത്രമാണ് വർഷങ്ങൾ കടന്നു പോയിട്ടും സഹോദരൻ അയ്യപ്പൻ നമ്മുടെ മനസുകളിൽ ഇന്നും ജീവിക്കുന്നത്.
യുക്തിചിന്തയും, സാഹോദര്യവും ഉയർത്തിപ്പിടിച്ച കേരള നവോത്ഥാനത്തിലെ ഒരിക്കലും അണയാത്ത നക്ഷത്രമായി മാറിയ സഹോദരൻ അയ്യപ്പൻ 1968 മാർച്ച് 6 ന് നമ്മെ വിട്ടു പിരിഞ്ഞു.
ഒരിക്കലും മായ്ക്കാനാവാത്ത ഓർമ്മയ്ക്ക് മുന്നിൽ ആദരവോടെ പ്രണാമം ……