(ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)
തയ്യാറാക്കിയത്: അജി സുരേന്ദ്രൻ. കോതമംഗലം.
ഇന്ന് ഫെബ്രുവരി 21 … അഭ്രപാളിയിലെ മാതൃവാത്സല്യം ആറന്മുള പൊന്നമ്മ ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു. വാത്സല്യനിധിയായ അമ്മയായും,മുത്തശ്ശിയായും ജനമനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന പകരക്കാരില്ലാത്ത അതുല്യപ്രതിഭ.
1914 മാർച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി പത്തനംതിട്ടയിലെ ആറന്മുളയിലായിരുന്നു ജനനം. സുകൾ വിദ്യാഭ്യാസത്തിന് ശേഷം ബന്ധുകൂടിയായ കൃഷ്ണപിള്ളയെ വിവാഹം കഴിച്ചു.
തന്റെ ഒമ്പതാമത്തെ വയസ്സിൽ അച്ഛൻ മരിച്ചു.നന്നേ കുട്ടിക്കാലത്തു തന്നെ കർണ്ണാടക സംഗീതം അഭ്യസിച്ചിരുന്നു. പതിനാലാമത്തെ വയസിൽ പാലായിലെ പ്രൈമറി സ്കൂളിൽ സംഗീതാധ്യാപികയായി. പിന്നീട് സ്വാതി തിരുന്നാൾ മ്യൂസിക് അക്കാദമിയിൽ തുടർ പoനത്തിനു ശേഷം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
500 ൽ ലേറെ സിനിമകളിൽ അഭിനയിച്ച പൊന്നമ്മ മലയാളികളുടെ മനസ്സിലെ ഐശ്വര്യം വഴിയുന്ന നന്മ നിറഞ്ഞ മുത്തശ്ശിയായിരുന്നു. സ്നേഹവാത്സല്യം തുളുമ്പുന്ന മുഖശ്രീയും, വേറിട്ട ശബ്ദവും കൊണ്ട് എന്നും ഏറെ ജന ശ്രദ്ധയാകർഷിച്ചിരുന്നു.
പ്രശസ്ത പിന്നണി ഗായകൻ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷമി എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ട് പൊന്നമ്മ അഭിനയരംഗത്തേക്ക് കടന്നു വന്നു. അഭിനയ മികവുകൊണ്ട്പിന്നീട് നാടകങ്ങളിൽ നിറസാന്നിധ്യമായി.
അതിനു ശേഷം 1950ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് ചേക്കേറി. അമ്മ കഥാപാത്രത്തെ പൂർണ്ണതയിലേക്ക് കൊണ്ടുവരാൻ ഇവർക്ക് കഴിഞ്ഞു.പിന്നീട് തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ അമ്മ എന്ന ചിത്രത്തിലും അമ്മവേഷം തന്നെ അണിയാൻ ഭാഗ്യമുണ്ടായി.പിന്നീട് തേടി വന്ന തെല്ലാം അമ്മ വേഷങ്ങളായിരുന്നു.
അഴിയാത്ത ബന്ധങ്ങൾ, പത്താം ഉദയം, തീക്കടൽ, ഓപ്പോൾ, ഹൃദയം ഒരു ക്ഷേത്രം, വിരുതൻ ശങ്കു, കാവാലം ചുണ്ടൻ, കണ്ടം ബെച്ച കോട്ട്, സിന്ദൂരരേഖാ, ആകാശദൂത് ,അച്ചുവേട്ടന്റെ വീട്, രാരീരം, ജനാധിപത്യം, ലേലം, കഥാപുരുഷൻ പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങി
എത്രയെത്ര സിനിമകളിൽ വേഷമിട്ട പൊന്നമ്മ നാലു തലമുറക്കൊപ്പം അമ്മയായും, മുത്തശ്ശിയായും തിളങ്ങി നിന്നു.
1995 ൽ അടൂരിന്റെ കഥാപുരുഷൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.2005 ൽ മലയാള സിനിമയിലെ സമഗ്ര സംഭാവനക്കുള്ള കേരള സർക്കാരിന്റെ ജെ.സി.ഡാനിയേൽ പുരസ്കാരവും, നിരവധി സംസ്ഥാന ബഹുമതികളും അവരെ തേടിയെത്തി.കൂടാതെ കേരള സംഗീത നാടക അക്കാദമി അവാർഡ് ,ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു.
ഗൗരീശങ്കരം എന്ന സിനിമയിലാണ് ആറന്മുള പൊന്നമ്മ അവസാനമായി അഭിനയിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 2011 ഫെബ്രുവരി 21 ന് നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ ,വാത്സല്യം കിനിഞ്ഞു നിൽക്കുന്ന അമ്മ ഈ ലോകത്തോട് വിട പറഞ്ഞു.നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ് ആറന്‍മുള പൊന്നമ്മ. ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.....