നരച്ചുകൊരച്ചു പോയ പഴയ കാല ഓർമ്മകളിൽ നിന്നും ഒരു ക്രിസ്തുമസ്സ് ഓർമ്മ തപ്പിയെടുക്കൽ മരുഭൂമിയിൽ കിണറുകുത്തുന്നതു പോലെ കഠിനമാണ്.
എന്നാലും ഒന്നു ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ.
ഞങ്ങൾടെ ഗ്രാമത്തിലെ മാതാവിന്റെ പള്ളിക്ക് നൂറിലധികം വയസ്സുണ്ട്.
ആ പള്ളിയിൽ നിന്നും പുലർച്ചേ അഞ്ചഞ്ചരക്ക് കേൾക്കുന്ന ഭക്തി ഗാനങ്ങൾ കേട്ടുകൊണ്ടാണ് ഞങ്ങൾ ഉണരുക.
ആ പള്ളി മുറ്റത്തെ സ്ക്കൂളിലാണ് പ്രൈമറി വിദ്യാഭ്യാസം നേടിയതും.
ക്രിസ്തുമസ്സിനോടടുപ്പിച്ച് പള്ളിയിലൊരുക്കുന്ന പുൽക്കൂടും , മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്ക് കരോൾ ഗാനങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന മാഷിന്റെ മുഖവും ഓർമ്മയിലുണ്ട്. പേരു മാത്രം തെളിയുന്നില്ല.
ഇത്രയൊക്കെ ആഞ്ഞു വെട്ടിയിട്ടും ഉള്ളിൽ നിന്നും ഓർമ്മയുടെ ഒരിറ്റു കണംപോലും വരുന്നില്ലാല്ലോന്നോർത്തിരിക്കെ മനസ്സു കോളേജു കാലത്തിലേക്ക് പായുന്നു. അവിടുന്നും കിട്ടിയ കൂട്ടുകാരിയാണ് റോസി.
എന്റെ വിവാഹം കഴിയും വരെ എല്ലാവർഷവും അവളുടെ വീട്ടിലായിരുന്നു ക്രിസ്തുമസ്സ് ഊണ്.
റോസിയുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. ആ വലിയ കുടുംബത്തിലെ എല്ലാവരും ക്രിസ്തമസ്സ് ദിനത്തിൽ ഞങ്ങളെ ഊട്ടിയത് രുചികരമായ വിഭവങ്ങൾ മാത്രമല്ല , നിറയെ സ്നേഹവും കൂടിയായിരുന്നു.
എൺപത്തിയാറിൽ കല്യാണം കഴിഞ്ഞ് ബാംഗ്ലൂരിലെ ചെറിയൊരു വാടക വീട്ടിലേക്ക് ജീവിതം പറിച്ചുനട്ടു.
നാടും നാട്ടിലെ വർണ്ണാഭമായ ഉത്സവ മേളങ്ങളും ആഘോഷങ്ങളും കൂട്ടുകാരും വീട്ടുകാരും ഒക്കെ അക്ഷരാർത്ഥത്തിൽ ഒരുപാടു കാതങ്ങൾ ദൂരെയായി.
നീന്താനറിയാത്തൊരാൾ ആഴമുള്ള ജലാശയത്തിൽ വീണു പോയതു പോലെയായിരുന്നു ജീവിതത്തിന്റെ തുടക്കം. അറിയാത്ത ഭാഷ, അറിയാത്ത അയൽപക്കം, അറിയാത്ത ഭക്ഷണ രീതികൾ. പലവട്ടം വാടിത്തളരുകയും പിന്നെ തളിർക്കുകയും, തളരുകയും ഒക്കെ ചെയ്തുകൊണ്ട് ഒരു വിധം ജീവിതച്ചെടി ബാംഗ്ലൂർ മണ്ണിൽ പിടിച്ചു കിട്ടി. ഒടുവിലത് പൂക്കുകയും കായ്ക്കുകയും ചെയ്തു.
എൺപത്തെട്ടിലെ ഒക്ടോബറിലാണ് ഭർത്താവിന് ചെറിയൊരു പനി വന്നത്.
ക്രോസിൻ കഴിച്ചു. പനി മാറി. രണ്ടു നാൾ കഴിഞ്ഞ് വീണ്ടും പനിയായി. പകലൊക്കെ ഓഫീസ്സിൽ പോകുകയും രാത്രി പനിച്ചു വിറച്ചു കിടക്കുകയും പതിവായി.
ആശുപത്രികളും ഡോക്ടർമാരുമായൊന്നും ഒരു പരിചയവുമില്ല. ആകെ അറിയുന്നത് ഒരു വയസ്സുകാരൻ മോനെ കാണിക്കുന്ന ശിശുരോഗ വിദഗ്ധൻ ഡോക്ടർ നാഗഭൂഷനെ ആണ്.
പനി വിട്ടുമാറാതായപ്പോൾ ഈ പറഞ്ഞ ഡോക്ടറെ തന്നെ കാണിക്കാൻ തീരുമാനിച്ചു.
അദ്ദേഹം പറഞ്ഞു ടൈഫോയിഡാകാം.
ഒരാഴ്ച മരുന്നു കഴിക്കുന്നു.
മാറുന്നില്ല.
മലേറിയയാകാം.
വീണ്ടും മരുന്നു മാറ്റി കൊടുക്കുന്നു.
ഒന്നുരണ്ടു മാസത്തിലധികം ഇതു തുടർന്നു. നല്ല ആരോഗ്യവാനായിരുന്നഭർത്താവ് ദിനം പോകെ പോകെ എല്ലുംങ്കോലും മാത്രമായി.
കുഞ്ഞിനേം തോളിലെടുത്ത് മറ്റൊരു കുഞ്ഞിനെ എന്ന വണ്ണം അദ്ദേഹത്തിന്റെ കൈയും പിടിച്ച് ഡോക്ടറുടടുക്കൽ പലവട്ടം കയറിയിറങ്ങി .
ഒരു ദിവസ്സം ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു.
“ഒന്നുകിൽ സെന്റ് ജോൺസുപോലുള്ള ഏതെങ്കിലും ആശുപത്രിയിൽ കാണിക്കൂ . അല്ലെങ്കിൽ നാട്ടിലേക്കു പോകൂ. ഈ കുഞ്ഞുമായി നിങ്ങൾക്ക് ഒറ്റക്ക് ഈ സാഹചര്യം മാനേജ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാകും. “
പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പാണ്. കത്തിലൂടെയാണ് ആശയ വിനിമയം.
ബാംഗ്ലൂരിൽ നിന്നും അയക്കുന്ന എഴുത്ത് മൂന്നു ദിവസമെടുക്കും എറണാകുളത്തെത്താൻ.
മറുപടി കിട്ടാൻ വീണ്ടും മൂന്നുനാൾ.
ഭർത്താവിന്റെ അസുഖ വിവരം വിശദീകരിച്ച് വീട്ടിലേക്കെഴുതി.
ചേട്ടന്റെ മറുപടി വന്നു.
“കഴിയുന്നത്ര വേഗം നിങ്ങൾ നാട്ടിലേക്കു വരൂ.
ഇവിടെ നല്ല ആശുപത്രികൾ ഉണ്ട്.
നിങ്ങൾക്ക് തുണയാകാൻ ഞങ്ങൾ വീട്ടുകാരുണ്ട്”.
1988 ഡിസംബർ ഇരുപത്തി മൂന്നാം തീയ്യതിയാണ് കത്തു കിട്ടുന്നത്.
മറ്റൊന്നും ആലോചിച്ചില്ല . ഇരുപത്തി നാലാം തീയ്യതിയിലെ ഐലണ്ട് എക്സ്പ്രസ്സിൽ ഞങ്ങൾ പെട്ടിയും പ്രമാണവുമായി നാട്ടിലേക്കു തിരിച്ചു.
ക്രിസ്തുമസ്സ് ഈവാണ്. നീണ്ട അവധിയാണ്.
റെയിൽവേ സ്റ്റേഷനിൽ കാലു കുത്താൻ ഇടമില്ല.
ഒരു വയസ്സും രണ്ടുമാസവും മാത്രമായ കുഞ്ഞ്.
നടക്കാൻ പോലും ശേഷിയില്ലാതെ പനിച്ചു വിറച്ചു നിൽക്കുന്ന ജീവിത പങ്കാളി. ഡിസംബറിലെ മരം കോച്ചുന്ന തണുപ്പ്. ഈ പ്രതിസന്ധിയിലൊക്കെ തുണയായി നിന്നത് നല്ല കൂട്ടുകാരും തളരാത്ത മനസ്സുമാണ്.
ജനറൽ കമ്പാർട്ടുമെന്റിൽ എങ്ങനെയോ കയറി പറ്റി. ഭാഗ്യം! ഞങ്ങൾ ഇരുന്നതിന്റെ മേലെ ലഗേജു വെക്കാനുള്ള സ്ഥലം കാലി ! ഒട്ടും ആലോചിച്ചില്ല. അദ്ദേഹത്തെ അവിടെ കിടത്തി.
കുഞ്ഞിനേം മടിയിലിരുത്തി ഉറക്കം എത്തി നോക്കാത്ത കണ്ണുകളുമായി ട്രെയിനിന്റെ ഖടഖട ശബ്ദത്തിന് കാതോർത്തിരിക്കെ , ഈ വണ്ടി തന്റെ നെഞ്ചിലൂടെ ആണ് കയറി ഇറങ്ങുന്നതെന്നു തോന്നി.
നാട്ടിലിപ്പോൾ,
“യേശു പിറന്നു
ഉണ്ണിയേശു പിറന്നു “എന്ന ഗാനവും പാടി കരോളുകാർ വീടുകൾ കയറിയിറങ്ങുന്നുണ്ടാകാം എന്നെല്ലാം ഓർത്തു കൊണ്ട് ,
ഒരു പോള കണ്ണടക്കാതെ ആ കാളരാത്രി ഒരുവിധം കഴിച്ചെടുത്തു.
ദു:ഖിതർക്കും പീഢിതർക്കുമായി രക്ഷകൻ പിറന്ന ദിനത്തിലാണ് എറണാകുളം ലിസ്സി ആശുപത്രിയിൽ ഞങ്ങൾ എത്തുന്നത്.
പത്തൊമ്പതു ദിവസ്സം അവിടെ കിടക്കേണ്ടി വന്നെങ്കിലും അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് അദ്ദേഹത്തിനും ഞങ്ങൾ ടെ ജീവിതത്തിനും പുനർജ്ജന്മം കിട്ടിയ പോലെയായിരുന്നു.
നിറപ്പകിട്ടുള്ള ക്രിസ്തുമസ്സ് ഓർമ്മകൾ പങ്കു വെക്കണംന്നാണ് ഓർത്തതെങ്കിലും ഓർമ്മകൾ എന്നെ കൊണ്ടെത്തിച്ചത് ഇവിടെയാണെട്ടോ.
എന്റെ ചേട്ടൻ അന്ന് അങ്ങനൊരു സഹായ ഹസ്തം നീട്ടിയില്ലായിരുന്നെങ്കിൽ ബാംഗ്ലൂരിൽ ഞങ്ങൾ വലിയൊരു നരകയാതനയിലൂടെ കടന്നു പോയേനെ.
അഞ്ച് വർഷങ്ങൾക്കു ശേഷം, ചക്കയുടെ മുള്ളുകൾ പോലെ മേലു നിറയെ ചിക്കൻ പോക്സുമായി ആറു ദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെയെടുത്ത് ഞങ്ങൾ ഡോക്ടർ നാഗഭൂഷനെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം പറഞ്ഞു.
“നിങ്ങൾ വലിയൊരു യുദ്ധം ജയിച്ചു വന്നവരാണ്. ഇതും ജയിക്കും. “
ഇന്നിപ്പോൾ നിങ്ങളുമായി ഈ ഓർമ്മകൾ പങ്കിടുമ്പോൾ ഒരു നെല്ലിക്ക കഴിച്ച സുഖം.!
മൈഥിലി കാർത്തിക് ✍