17.1 C
New York
Sunday, April 2, 2023
Home Special ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം - (4)

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (4)

ഡോളി തോമസ്, കണ്ണൂർ ✍

ജോസഫ്, തന്റെ ഗർഭിണിയായ ഭാര്യ മറിയത്തെയും, കൂട്ടി പേരെഴുതിക്കാൻ യൂദയായിലെ പട്ടണമായ ബത്ലഹേമിലേയ്ക്ക് പോയി. വഴിമധ്യേ മറിയത്തിനു, പ്രസവവേദന അനുഭവപ്പെട്ടു. സത്രങ്ങളിൽ ഇടം കിട്ടാതെ ഒരു കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ മറിയം, യേശുവിനെ പ്രസവിച്ചു. ആ സമയം ഒരു പുതിയ നക്ഷത്രം കിഴക്ക് ഉദിച്ചു!. രക്ഷകന്റെ, വരവിനായി കാത്തിരുന്ന ജനതയ്ക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി ആ നക്ഷത്രം, വിളങ്ങി നിന്നു. യേശുവിന്റെ ജനനം മാലാഖമാർ ആദ്യം അറിയിച്ചത് ആട്ടിടയരെയാണ്. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”. ഇതായിരുന്നു മാലാഖമാരുടെ ആദ്യ സന്ദേശം. യുഗങ്ങളായി മനുഷ്യരാശി കാത്തിരുന്ന ദൈവപുത്രന്റെ ജനനം; ഇന്നും ശോഭ മങ്ങാതെ ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു. കുട്ടികൾക്കാണ് ഈ ആഘോഷം ഏറെ ആഹ്ലാദം പകരുന്നത്!. അതുകൊണ്ടു തന്നെ ക്രിസ്മസ് ഓർമ്മകൾ എന്നും കുട്ടിക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആകാശത്തിലെ താരകങ്ങൾ ഒന്നായി ഭൂമിയിലേക്ക് ഇറങ്ങി വന്ന പ്രതീതിയാണ് ക്രിസ്മസ് രാവു സമ്മാനിക്കുന്നത്!. യേശു പിറന്ന പുൽത്തൊഴുത്തിന്റെ പ്രതീകമായി പുൽക്കൂടും, നക്ഷത്രത്തിന്റെ പ്രതീകമായി നക്ഷത്രവിളക്കുകളും കൊണ്ട് ഭവനങ്ങൾ അലങ്കരിക്കപ്പെടുന്നു.

പുല്ല് കൊണ്ടും, ഈന്തിന്റെ ഓലകൾ കൊണ്ടുമാണ് സാധാരണ പുൽക്കൂടുകൾ നിർമ്മിക്കുക. ഈന്തിന്റെ ഓലയാണ് ഉപയോഗിയ്ക്കുന്നതെങ്കിൽ പുൽക്കൂട് ഉണ്ടാക്കുന്ന ദിവസമാണ് ഓലകൾ ശേഖരിക്കുക. പുല്ല് നേരത്തെതന്നെ ശേഖരിച്ചു ഉണക്കി വയ്ക്കും. പാറപ്പുറത്തു കാണുന്ന ‘മുളി’ എന്ന ഒരിനം പുല്ലാണ് മലബാർ പ്രദേശത്ത് ഉപയോഗിക്കുക. കുട്ടികൾ എല്ലാവരും കൂടി ആഘോഷമായി പുല്ലു ശേഖരിച്ചു ചെറിയ കെട്ടുകളായി തലയിൽ ചുമന്നുകൊണ്ടുവന്നു മുറ്റത്ത് ഉണക്കാനിടും. ക്രിസ്മസ് പരീക്ഷ കഴിയാൻ കാത്തിരിപ്പാണ് പിന്നെ. ഒന്നാം തീയതി തന്നെ നക്ഷത്രങ്ങൾ തൂക്കിയിട്ടുണ്ടാവും. വൈദ്യുതി ഇല്ലാത്ത കാലം. ഈറ്റ വെട്ടി ചട്ടക്കൂട് ഉണ്ടാക്കി വർണ്ണക്കടലാസ് ഒട്ടിച്ചു അഞ്ചു കോണുകളിലും തൊങ്ങലും ചാർത്തി മണ്ണിലെ താരകങ്ങൾ മാവിൻ കൊമ്പുകളിലും, മറ്റും ഗമയിൽ അങ്ങനെ തൂങ്ങിക്കിടക്കും. വെളിച്ചത്തിനായി ചിരട്ടയിൽ മണ്ണു നിറച്ചു മെഴുക് തിരി കത്തിച്ചു വയ്ക്കും. മെഴുകുതിരി മറിഞ്ഞു വീണു കത്തിക്കരിഞ്ഞ നക്ഷത്രങ്ങൾ ഉണ്ടാവും. അതു കാണുമ്പോൾ ചിലർക്ക് അയ്യോ പാവം! ചിലർക്ക് ചിരി. ആൺകുട്ടികൾ കൂവും!. ക്രിസ്മസിന്റെ തലേന്ന് ആകുമ്പോളേ
ക്കും വർണ്ണക്കടലാസുകൾ, മഞ്ഞും, വെയിലും കൊണ്ട് നിറം ഇളകിയിട്ടുണ്ടാവും. അത് മാറ്റി വേറെ കടലാസ് ഒട്ടിക്കുക ശ്രമകരമായ ജോലിയാണ്. പടക്കം വാങ്ങി ഞങ്ങൾ കാണാതെ പപ്പ, ഒളിച്ചു വെയ്ക്കും. പടക്കം പൊട്ടിക്കൽ, മത്താപ്പ് കത്തിക്കൽ എന്നിവ പപ്പയും; കമ്പിത്തിരി മാത്രം ഞങ്ങൾക്കും. ഇരുപത്തി നാലാം തിയതി വൈകുന്നേരം ആവുമ്പോൾ മസാലയിൽ വേവുന്ന ബീഫ്, പന്നി, എന്നിവയുടെയും; വട്ടയപ്പത്തിന്റെയും, കള്ളപ്പത്തിന്റെയുമൊക്കെ മണം അന്തരീക്ഷത്തിൽ ഒഴുകിപ്പരക്കും.

പാതിരാ കുർബ്ബാനയ്ക്ക് ചെറു സംഘങ്ങൾ ആയാണ് പള്ളിയിൽ പോവുക. മുതിർന്നവർ നാട്ടുവർത്തമാനങ്ങളും, കുട്ടികൾ കളിയും ചിരിയുമായി കിടുകിടെ വിറയ്ക്കുന്ന തണുപ്പിൽ പള്ളിയിലേക്ക് നീങ്ങുന്നു. മുതിർന്നവരുടെ കൈകളിൽ വെളിച്ചത്തിന് ടോർച്ചോ, ചൂട്ടുകറ്റയോ ഉണ്ടാവും. തണുപ്പ് കൊണ്ടു കുട്ടികൾ തമ്മിൽ കെട്ടിപ്പിടിച്ചാണ് നടക്കുക. പള്ളിയിൽ ഇരിക്കുമ്പോൾ പരമാവധി ചേർന്നിരിക്കും. ക്രിസ്മസിന്റെ തിരുക്കർമ്മങ്ങൾ അതീവ ഹൃദ്യമാണ്. ഉണ്ണിയേശുവിനെ, തീ കായിക്കുന്ന ഒരു ചടങ്ങുണ്ട്. അതിന് മുന്നിൽ നിൽക്കാൻ കുട്ടികൾ മത്സരിക്കും. ചടങ്ങും കാണാം ഉണ്ണീശോയുടെ കൂടെ തീയും കായാം. എന്നതാണ് ഉദ്ദേശം. കുർബ്ബാനയ്ക്ക് ശേഷം തിക്കിത്തിരക്കി ഉണ്ണിയെ മുത്തി തിരിച്ചു വരുമ്പോൾ, വഴിയിലുള്ള വീടുകളിലൊക്കെ കയറി പുൽക്കൂട് കാണുക ഒരു രസമായിരുന്നു.

പിറ്റേന്നാണു പുൽക്കൂട് അലങ്കരിക്കൽ. ഏറ്റവും നല്ല പുൽക്കൂടിനു സമ്മാനമുണ്ട്. വൈകിട്ട് കരോൾ വരുമ്പോളാണ് മാർക്കിടുക. അപ്പോഴേക്കും എല്ലാം ഏറ്റവും ഭംഗിയാക്കണം. പുൽക്കൂടും, ട്രീയും അലങ്കരിക്കുന്ന തിരക്കിൽ ഭക്ഷണം കഴിക്കൽ മാറ്റിവയ്ക്കും. പിന്നെ വല്യമ്മച്ചി നിർബ്ബന്ധിച്ചാണ് ഭക്ഷണം കഴിക്കുക. ക്രിസ്മസിന് അങ്ങനെ വിരുന്നുകാരൊന്നും വരാറില്ല. എങ്കിലും രണ്ടാൾ ഉണ്ടാവും എല്ലാ ക്രിസ്മസിനും മുടങ്ങാതെ. ‘പാല’യും, ഭാര്യ ‘പുത്തരിച്ചി’യും. ആദിവാസി കോളനിയിലെ വേട്ടുവ സമുദായത്തിൽ പെട്ടവർ. പാല, ഞങ്ങളുടെ വീട്ടിൽ നിത്യ സന്ദർശകനാണ്. ക്രിസ്മസിനും, വിശേഷദിവസങ്ങളിലും ഭാര്യയെയും കൂട്ടി വരും. അവരെ കാണുന്ന മാത്രയിൽ ഞങ്ങൾ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞ് അവരുടെ വരവറിയിക്കും. അതു കേൾക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഒരു ചിരിയുണ്ട്; പിന്നീടൊരിക്കലും ആരുടെ മുഖത്തും ആ ചിരി കണ്ടിട്ടില്ല. പുൽക്കൂട് എന്താന്ന് അറിയില്ലെങ്കിലും ഞങ്ങൾ ചെയ്യുന്നത് നോക്കി പാല, അഭിപ്രായമൊക്കെ പാസാക്കും. അവർക്ക് കാപ്പിയും പലഹാരങ്ങളും ഉച്ചയൂണും കൊടുക്കും. മക്കൾക്കുള്ളത് കൊടുത്തും വിടും. വിവാഹശേഷം വീട്ടിലുള്ളവർക്ക് നന്നായി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ ആണ് മറ്റെന്തിനേക്കാളും എനിക്കിഷ്ടം. പിന്നെ മക്കളുടെ കൂടെ പുൽക്കൂടൊരുക്കലും.

ഒത്തിരി രസകരങ്ങളായ അനുഭവങ്ങൾ ഉണ്ടെങ്കിലും ഞങ്ങളെ കണ്ണീരിൽ ആഴ്ത്തിയ ഒരു ക്രിസ്മസ് ആയിരുന്നു 1980 ലേത്. എന്റെ പ്രിയപ്പെട്ട വെല്ലിച്ചാച്ചൻ ഞങ്ങളെ വിട്ടകന്ന ഡിസംബർ മൂന്ന്!. പെട്ടെന്നൊരു നെഞ്ചുവേദന; രാത്രി തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ വൈകിപ്പോയിരുന്നു. ഹോസ്പിറ്റലിൽ, എന്റെ കൈകൾ നെഞ്ചോട് ചേർത്തു പിടിച്ചു വെല്ലിച്ചാച്ചൻ, ഈ ലോകം വിട്ടുപോയി!. വെല്ലിച്ചാച്ചന്റെ ലോകം ഞാനും, എന്റെ ലോകം വെല്ലിച്ചാച്ചനും ആയിരുന്നു. എനിക്കായി വെല്ലിച്ചാച്ചൻ ഉണ്ടാക്കിയ നക്ഷത്രത്തിന്റെ ചട്ടക്കൂട് അനാഥമായി മുറ്റത്തു കിടന്നു. എല്ലാ വെളിച്ചവും അണഞ്ഞു. കണ്ണീരുണങ്ങിയ കുറെ മുഖങ്ങൾ മാത്രം ബാക്കിയായി. എന്റെ ഓർമ്മയിൽ എന്നും നൊമ്പരം നിറഞ്ഞ ഒരു ക്രിസ്മസ്!.

ഡോളി തോമസ്, കണ്ണൂർ

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

  1. നന്നായിരിക്കുന്നു. തട്ടും തടവും ഇല്ലാതെ… ഒരു കാലഘട്ടത്തെ അവതരിപ്പിച്ചിരിക്കുന്നു 🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: