ലോക സമാധാനത്തിന് സദ്വാർത്തയുമായി വീണ്ടും ഒരു ‘ക്രിസ്തുമസ് ‘ സമാഗതമായിരിക്കുന്നു. ” അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം ” ഈ വാക്കുകൾ സാന്ത്വന സന്ദേശമായി കർണ്ണപുടങ്ങളിൽ അലയടിക്കും പോലെ … എല്ലാ വർഷങ്ങളിലും ഡിസംബർ മാസമണയുമ്പോൾ എന്റെ മനസ്സും ഗൃഹാതുരതയുണർത്തികൊണ്ട് ബാല്യകാലത്തിലേക്ക് മടങ്ങുക പതിവാണ്. ഞങ്ങളുടെവീടിന് തൊട്ടടുത്ത് പത്തുമക്കളടങ്ങുന്ന ഒരു ക്രൈസ്തവ കുടുബമുണ്ട്. ദിനവും സന്ധ്യാവേളയിൽ ആ കുടുംബം ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുന്ന പതിവു മുടക്കാറില്ല “എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ ” എന്നു തുടങ്ങുന്ന ഗാനത്തോടെ അവർ സന്ധ്യാപ്രാർത്ഥന ചൊല്ലി തുടങ്ങുമ്പോൾ ,ആ പ്രദേശമാകെ ദൈവകരങ്ങളിൽ സുരക്ഷിതമാകും പോലെ പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതിയാണ് ഞങ്ങൾക്ക് ….. കൈ കൊട്ടി ആർത്തുപാടി ഒന്നര മണിക്കൂറോളം മതിമറന്ന് ദൈവത്തോടൊപ്പം വസിക്കുന്ന പ്രതീതി ഉണർത്തി അവരൊന്നാകെ പ്രാർത്ഥനാനിർഭരരാകുമ്പോൾ, ഞങ്ങൾ അയൽവാസികളും മനസ്സുകൊണ്ട് അവരോടൊപ്പം അറിയാതെ ഒഴുകി നീങ്ങും.
ക്രിസ്തുമസിന് , തനി നാട്ടുമ്പുറത്ത് കാരായ ഞങ്ങളുടെ പ്രദേശത്ത് നാളുകൾക്കു മുമ്പേ ‘ ഉണ്ണീശോയുടെ തിരുപ്പിറവി’ അറിയിച്ച് ജാതി മത ഭേദമന്യേ, അന്നൊക്കെ എല്ലാവീടുകളിലും നക്ഷത്രവിളക്കുകൾ പ്രകാശം പൊഴിച്ചു നില്കുന്ന കാഴ്ച സുന്ദരമാണ്. മിക്ക നക്ഷത്രങ്ങളും വീട്ടുകാർ വർണ്ണകടലാസ്സു കൊണ്ട്സ്വയം നിർമ്മിക്കുന്നവയാണ് എന്ന പ്രത്യേകതയുമുണ്ട്. അന്നൊക്കെ കരോൾ സംഘം പെട്രോമാക്സും തെളിച്ച് റോഡിലൂടെ പാട്ടും പാടി നീങ്ങുന്ന കാഴ്ച എക്കാലത്തേയും സുന്ദര ദൃശ്യങ്ങളിലൊന്നായി ഇന്നും മനസ്സിൽ മായാതെയുണ്ട്. അവർ ഞങ്ങളുടെ അയൽവീട്ടിൽ എത്തിക്കഴിഞ്ഞാൽ ഉത്സവപ്രതീതിയാണ്. കുടുംബാംഗങ്ങളുടെഎണ്ണക്കൂടുതൽ കാരണം വന്നവരും നിന്നവരുമായി അവിടെ പൂരപ്പറമ്പിലെ ആൾകൂട്ടം പോലാകും. പാട്ടും പ്രാർത്ഥനയുമൊക്കെ കഴിയുമ്പോൾ കരോൾ സംഘത്തിന് ഭക്ഷണം നൽകുന്ന പതിവുണ്ട്. മിക്ക വർഷങ്ങളിലും ഗോതമ്പു പുട്ടും പാളയംകോടൻ പഴവും കട്ടൻ ചായയുമായിരിക്കും അവിടെവിളമ്പുന്നത്. അവരൊന്നു കഴിച്ചിറങ്ങാൻ എന്റെ കുഞ്ഞു മനസ്സ് വെമ്പലുകൊള്ളും. കാരണം മറ്റൊന്നുമല്ല. അവരൊക്കെ മടങ്ങിയതിനു ശേഷം പരിസരവാസികളായ ഞങ്ങൾക്കും അതിന്റെ പങ്കുലഭിക്കും . ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കവയ്യ.
വാഴയിലക്കീറിൽ , നിറയെ തേങ്ങാപ്പീര ചേർന്ന ചൂടു ഗോതമ്പു പുട്ടും പഴവും പഞ്ചസാരയും ചേർന്ന രുചിമേളം അവാച്യമായൊരനുഭൂതിയാണ് രുചിമുകുളങ്ങൾക്ക് നൽകുന്നത്.
വർഷങ്ങളങ്ങനെ കടന്നുപോയി ബാല്യവും, കൗമാരവും, യൗവ്വനവും പിന്നിട്ട് ഭാര്യയായി , അമ്മയായി ദൈവത്തിന്റെ വരദാനമെന്ന പോലെ അമ്മൂമ്മയുമായി .
രണ്ടായിരത്തി പതിനാറ് ഡിസംബർ ഇരുപത്തി നാലിന് രാവിലെ ഉറക്കമുണർന്ന എന്റെപൂർണ്ണ ഗർഭിണിയായ മകൾ വന്നു പറഞ്ഞു അമ്മേ, എന്തോ ഒരു വല്ലായ്മ തോന്നുന്നു എനിക്ക് ഡോക്ടറെ ചെന്നൊന്നു കാണണം. ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു മോളേ പ്രസവത്തിന് ഇനിയും രണ്ടാഴ്ച കൂടെയുണ്ടെന്നല്ലേ ഇന്നലെ ഡോക്ടർ നിന്നോട് പറഞ്ഞത്. ഒരല്പനേരം കഴിഞ്ഞ് അവൾ വീണ്ടും പറയുന്നു എനിക്ക് ഹോസ്പിറ്റലിൽ പോകണമമ്മേ ഉടൻ ഞങ്ങൾ പുറപ്പെട്ടു.വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് രണ്ടു കിലോമീറ്റർ മാത്രം ദൂരം. കണ്ട പാടേ അതിശയത്തോടെ ഞങ്ങളുടെ കുടുംബ സുഹൃത്തും കൂടിയായ ഡോക്ടർ കാര്യമന്വേഷിച്ചു. അവൾ പറഞ്ഞത് ശ്രദ്ധിച്ചു കേട്ട ഡോക്ടർ പൊടുന്നനെ അവളെ ലേബർ റൂമിലേക്ക് കൂട്ടി കൊണ്ടുപോയി. പത്തു മിനിറ്റ് കഴിഞ്ഞ് ഡോക്ടർമടങ്ങിവന്ന് എന്നോടു പറഞ്ഞു ഇന്നു രാത്രിയിൽ തന്നെ മോൾ ഒരമ്മയാകും. അവൾ ഇവിടെ ഇരിക്കട്ടെ നിങ്ങൾ വീട്ടിൽ പോയി അത്യാവശ്യസാധനങ്ങളുമായി മടങ്ങി വരൂ . രാത്രി ഒരു മണിയോടെ മോൾക്ക് കലശലായ വേദന തുടങ്ങി. ഇതിനിടെ വിദേശത്ത് ജോലി നോക്കുന്ന മരുമകനും തന്റെ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയോടെ പറന്നെത്തി. സമയം ഒച്ചിഴയുന്ന വേഗത്തിലാണെന്നു തോന്നി. ഞങ്ങൾ ആകാംക്ഷാഭരിതരായി ഇരിക്കുകയാണ്. വെളുപ്പിന് നാലുമണിയായപ്പോൾ ഡോക്ടർ ചിരിച്ചു കൊണ്ട് ലേബർ റൂമിനു പുറത്തിറങ്ങി വന്ന് എന്റെ തോളിൽ തട്ടി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു. ഒരു ക്രിസ്തുമസ് സമ്മാനം കിട്ടിയല്ലോ… തൊട്ടുപിന്നാലെ പുൽക്കൂട്ടിലേക്ക് നോക്കി ‘ ഉണ്ണിയേശു വിന്റെ ‘തിരുമുഖം കണ്ട പോലെ സന്തോഷത്തോടെ നഴ്സ് എന്റെ കൈകളിലേക്ക് വെച്ചു തന്ന ഞങ്ങളുടെ പൊന്നുണ്ണിയെ കൺകുളിർക്കെ കണ്ടു.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി എനിക്ക് ‘ക്രിസ്തുമസ് ‘ നൽകുന്നത് ഇരട്ടിമധുരമാണ്. രണ്ടു കേക്കുകൾ ഒരേ സമയം മുറിച്ചാണ് ഞങ്ങൾ ആഘോഷം പൊടിപൂരമാക്കുന്നത്.ക്രിസ്മസ് ആഘോഷവും, ജന്മദിനാഘോഷവും ഒരേ ദിവസം കൊണ്ടാടാൻ കിട്ടുന്ന അസുലഭ ഭാഗ്യത്തെ ഓർത്തു കൊണ്ട് ഇക്കുറിയും ഞങ്ങൾ ഡിസംബർ ഇരുപത്തിഅഞ്ചിനായി കാത്തിരിക്കുകയാണ്
ഉഷാ ആനന്ദ് ✍