17.1 C
New York
Monday, March 20, 2023
Home Special ഓർമ്മയിലെ ക്രിസ്തുമസ്:-(ലേഖനമത്സരം - 22)

ഓർമ്മയിലെ ക്രിസ്തുമസ്:-(ലേഖനമത്സരം – 22)

വിനീത ബിജു ✍️

ക്രിസ്തുമസ്… ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ പൊൻ സുദിനം…മഞ്ഞു പെയ്യുന്ന ഡിസംബറിലെ കൊടും തണുപ്പിൽ യൂദായിലെ ബത്‌ലഹേമിലെ കാലിതൊഴുത്തിൽ കന്യാമറിയത്തിൽ ഭൂജാതനായ ദൈവപുത്രൻ ക്രിസ്തു…മീറയും കുന്തിരിക്കവും സ്വർണവും കാണിക്കയായി ലഭിച്ച ദൈവപുത്രന്റെ വരവറിയിച്ചു മാലാഖാമാർ പാടി…
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ മനുഷ്യർക്ക്‌ സമാധാനം. “

എന്നിരുന്നാലും ഒരു മലയോരമേഖലയിൽ ഹൈന്ദവ കുടുംബങ്ങൾ വളരെ ചുരുക്കം മാത്രമായി കാണപ്പെട്ട എന്റെ നാട്ടിൽ ക്രിസ്തുമസ് ഞങ്ങൾക്കെല്ലാം ഓണം പോലെതന്നെ ഒരു ദേശീയ ഉത്സവമായിരുന്നു…25 നോമ്പ് തുടങ്ങുന്നത്തോടെ ക്രിസ്തുമസിനെ വരവേൽക്കാൻ എല്ലാ മനസുകളും ഒരേപോലെ ഒരുങ്ങി തുടങ്ങും…

സ്കൂളിൽ പരീക്ഷ തുടങ്ങുന്നതിനു മുൻപേ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കും… പുൽക്കൂട് ഒരുക്കലും ക്രിസ്മസ് ട്രീ അലങ്കാരവും ഒക്കെയായി കുട്ടികളെല്ലാവരും ആഘോഷത്തിമിർപ്പിലാകും…ഓരോ ക്ലാസിലും ക്രിസ്തുമസ് അപ്പൂപ്പന്മാരുടെ മത്സരങ്ങളും കേക്ക് മുറിക്കലും ഒക്കെ ഉണ്ടാകും… അമ്മമാരുടെ ചുവന്ന നൈറ്റിയും സാന്റാക്ലോസിന്റെ മുഖം മൂടിയും ധരിച്ചു പേപ്പറുകളും പഴയതുണികളും കൊണ്ട് വയറും വീർപ്പിച്ചു വടിയും കുത്തിപ്പിടിച്ചു കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പന്മാരായി ക്രിസ്തുമസ് ഗാനങ്ങൾക്കൊപ്പം ചുവടുവയ്ക്കും…

മൈതാനത്തിന്റെ ഒരറ്റത്ത് മരക്കൊമ്പ് മുറിച്ച് കുട്ടികളെല്ലാവരും ചേർന്ന് വിവിധങ്ങളായ ചെറിയ ഗിഫ്റ്റുകളാലും ബലൂണുകളാലും നക്ഷത്രങ്ങളാലും ക്രിസ്മസ് ട്രീ ഒരുക്കും…അവയിൽ നിന്ന് ആകാംഷയും കൗതുകവും നിറഞ്ഞ കണ്ണുകളാൽ ഇഷ്ടമുള്ള സമ്മാനപ്പൊതികൾ കുട്ടികളെല്ലാവരും തിരഞ്ഞെടുക്കും…. മിഠായികളോ പെൻസിലോ പേനയോ ഒക്കെ ആയിരിക്കും അവയിൽ.. എങ്കിലും സന്തോഷത്തിന്റെ ഒരുകൂട്ടം പൂത്തിരികൾ അവിടെ ചിരിയും കളിയുമായ് കത്തിതീരും…
ആ കളിതമാശകളുടെ ഒടുക്കം എങ്ങനെയൊക്കെയോ ക്രിസ്തുമസ് പരീക്ഷയും കഴിഞ്ഞു പോകും…

പരീക്ഷ കഴിഞ്ഞാൽ പിറ്റേദിവസം തൊട്ടു വീടുകളിൽ ക്രിസ്തുമസ് ഒരുക്കങ്ങൾ തുടങ്ങുകയായി… പ്രധാനമായും പുൽക്കൂട് നിർമ്മാണം ആണ്…കാടും മേടും കേറി ഉണക്ക പുല്ലുകളും മറ്റും ശേഖരിക്കും.. പിന്നീട് തോട്ടിറമ്പിൽ നിൽക്കുന്ന ഈറകൾ വെട്ടികൊണ്ടുവരും… എന്റെ വീട്ടിൽ പുൽക്കൂട് നിർമിച്ചിരുന്നില്ലെങ്കിൽ കൂടിയും അടുത്തുള്ള വീടുകളിലെ പുൽക്കൂടുകൾ ഉണ്ടാക്കുന്നതു കാണുവാനും ബലൂണുകൾ ഊതി വീർപ്പിക്കുവാനും ഒരുപാട് ഇഷ്ടമായിരുന്നു…

ക്രിസ്തുമസിന്റെ വരവറിയിച്ചു ആദ്യമെത്തുക നക്ഷത്രങ്ങൾ ആയിരുന്നു… ഓരോ വീടിന്റെയും മുൻപിൽ ഒന്നും രണ്ടും സ്റ്റാറുകൾ മൂവന്തിയാകുന്നത്തോടെ ചിരിപൊഴിച്ചു നിൽക്കും… ചിലത് കണ്ണ് ചിമ്മിയും തുറന്നും പല വർണ്ണങ്ങളാൽ നമ്മെ അമ്പരപ്പിക്കും… പുൽക്കൂടുകൾ മിന്നിയും തെളിഞ്ഞും മാറ്റുകൂട്ടും…വീട്ടുമുറ്റത് വലിയ മരക്കൊമ്പുകൾ മുറിച്ചനാട്ടി ഉണ്ടാക്കിയ ക്രിസ്മസ് ട്രീകളിൽ ചെറുതും വലുതുമായ നക്ഷത്രങ്ങളും ബലൂണുകളും പലതരം വർണ്ണങ്ങളോട് കൂടിയ അലങ്കാര ബൾബുകളും മഞ്ഞണിഞ്ഞ ക്രിസ്തുമസ് രാവുകളെ കൂടുതൽ മാറ്റുകൂട്ടിയിരുന്നു…

ആദ്യകാലങ്ങളിൽ വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്ന ചില വീടുകളിൽ ഈറക്കമ്പുകൾ വളച്ചുണ്ടാക്കി വർണ്ണക്കടലാസുകൾ ഒട്ടിച്ച വലിയ നക്ഷത്രങ്ങൾ വീടിന്റെ ഏതെങ്കിലും മൂലക്കോ വലിയ മരക്കൊമ്പുകളിലൊ മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ അതിനുള്ളിൽ കത്തിച്ചു വെച്ചു തെളിയിക്കാറുണ്ടായിരുന്നു…. കാലം പോകെ പിന്നീടവയെല്ലാം വൈദ്യുതി ബൾബുകളാൽ പ്രകാശിക്കാൻ തുടങ്ങി…പുൽക്കൂട് ഉണ്ടാക്കിയിരുന്നില്ലെങ്കിൽ കൂടിയും ഡിസംബർ എത്തുന്നത്തോടെ എന്റെ വീട്ടിലും കൃത്യമായി നക്ഷത്രം തൂക്കിയിരുന്നു…പുതുവർഷം കഴിഞ്ഞതിനു ശേഷം അത് ഭദ്രമായി അഴിച്ചെടുത്തു സൂക്ഷിച്ചിരുന്നു,..വരും കൊല്ലങ്ങളിലും ഡിസംബറിനെ വരവേൽക്കുവാൻ….

പാതിരാ കുർബാനയും കഴിഞ്ഞെത്തിയാൽ ഡിസംബർ 25 നു അടുത്തുള്ള എല്ലാ ക്രിസ്ത്യൻ വീടുകളിലും നോമ്പു വീടും…. ക്രിസ്തുമസിന്റെ പ്രധാനവിഭവം കേക്ക് ആണ്.. പള്ളിയിൽ പോയെത്തുന്നത്തോടെ കൊതിപ്പിക്കുന്ന മണത്തോടും രുചിയോടുമുള്ള കള്ളപ്പവും പോത്തിറച്ചികറിയും കഴിച്ചു കേക്കും മുറിച്ചു ആഘോഷങ്ങൾ തകൃതിയാക്കും… ഹൈന്ദവ കുടുംബത്തിൽ ജനിച്ച ഞാൻ നോമ്പ് എടുത്തിരുന്നില്ലെങ്കിലും എന്റെ വീട്ടിലും എല്ലാ ക്രിസ്തുമസിനും കേക്ക് മുറിക്കുകയും കള്ളപ്പവും പോത്തിറച്ചിയും ഉണ്ടാക്കുകയും ചെയ്തിരുന്നു….അന്ന് അതിനൊക്കെ പ്രത്യേക ഒരു രസവും സുഖവും ഉണ്ടായിരുന്നു…ജാതി മത വ്യത്യാസങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം എല്ലാ ആഘോഷങ്ങളും എല്ലാ മതസ്ഥരും ഒന്നുച്ചു കൊണ്ടാടിയ നല്ലോർമകാലം…അയൽപക്ക സ്നേഹ- സൗഹൃദങ്ങളുടെ നിഷ്കളങ്ക മുദ്ര….

ക്രിസ്തുമസ് നാളിന്റെ മറക്കാനാവാത്ത ഒരനുഭവമാണ് കരോൾ…ഒപ്പം മത്സരിച്ചുള്ള പടക്കം, മാലപ്പടക്കം, പൂത്തിരി മത്താപ്പ്,കമ്പിത്തിരി, ചക്രം തുടങ്ങിയവയുടെ മേളക്കൊഴുപ്പും…
ക്രിസ്തുമസ് നാളിന്റെ തലേന്ന് രാത്രിയിലാണ് ഉണ്ണിയേശുവിന്റെ വരവറിയിച്ചുകൊണ്ട് കൊട്ടും പാട്ടുമായി കരോൾ സംഘം എത്തുക… എത്ര വൈകിയിട്ടാണെങ്കിലും ഉറങ്ങാതെ അവരെ കാത്തിരിക്കുന്നതിനു ഒരു വല്ലാത്ത സുഖമുണ്ടായിരുന്നു… സ്ഥിരമായി കേൾക്കാറുള്ള കരോൾ ഗാനങ്ങൾ ആകരുതേ ഇത്തവണയും എന്ന് മനമുരുകി പ്രാർത്ഥിക്കാറുണ്ടെങ്കിലും അതെ പാട്ടുകൾ തന്നെ പാടിക്കൊണ്ടാവും ക്രിസ്മസ് പപ്പയും കൂട്ടരും എത്തുന്നത്.. എങ്കിലും അതിലൊരു വിരസത തോന്നിയിട്ടില്ല…

പൂമെത്തയിൽ ശയിക്കുന്ന ഉണ്ണിയേശുവിനെ അകത്തുവെച്ചു കൊട്ടും പാട്ടും ഡാൻസും കഴിഞ്ഞു ചെറിയൊരു പ്രാർത്ഥനയും ചൊല്ലി അവർ പോകുമ്പോൾ കാണിക്കയെന്നോണം ചെറിയൊരു പൈസയും കൊടുക്കും…പിന്നീട് പടക്കവും പൂത്തിരിയും ഒക്കെയായി അവർ അടുത്ത വീട്ടിലേയ്ക്ക്…ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പടക്കം പൊട്ടിക്കൽ സ്ഥിരമായി ഉണ്ടാകും…ചുരുക്കി പറഞ്ഞാൽ ശബ്ദമുഖരിതമായിരിക്കും ഡിസംബർ മാസം.. മഞ്ഞിന്റെയും തണുപ്പിന്റെയും കാപ്പി പൂക്കളുടെയും കുളിർമയും സൗരഭ്യവും നിറഞ്ഞ സുന്ദരിയായ ഡിസംബർ….

മറക്കാൻ പറ്റാത്ത, അത്രത്തോളം മനസിൽ പതിഞ്ഞു നിൽക്കുന്ന നാളുകളാണ് എന്റെ ഓർമയിലെ ക്രിസ്തുമസ് നാളുകൾ… ഹൈറേഞ്ചിന്റെ മണ്ണിൽ പിറന്നതുകൊണ്ടാവാം മഞ്ഞും കോടയും തണുപ്പും കാപ്പിപ്പൂക്കളുംകൊണ്ട് മനോഹരിയായ ഡിസംബറിനെ എന്നും എന്റെ ഹൃദയത്തോട് ചേർത്തു നിർത്തുന്നത്… ഒപ്പം ഏതു കൊടും വേനലിലും കുളിരണിയിക്കുന്ന നിനവുകൾ പകർന്നു തരുന്ന ക്രിസ്മസ് രാവുകളും….

വിനീത ബിജു ✍️

✨️🎂🥧🍰✨️🎉🎊✨️

COMMENTS

142 COMMENTS

 1. കൊള്ളാം വളരെ നന്നായിട്ടുണ്ട്,,,,,
  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 2. അഭിനന്ദനങ്ങൾ പ്രിയ കുഞ്ഞേ : അഭിമാനം തോന്നുന്നു.

 3. എവിടെയൊക്കെയോ നമുക്ക് നഷ്ടമായ കഴിഞ്ഞ കാലത്തിൻ്റെ സ്മരണകൾ…… ഇല്ലായ്മ നിറഞ്ഞ കാലഘട്ടത്തിലെ ക്രിസ്തുമസ് കാഴ്ചകൾ എൻ്റെ ഓർമ്മകളെ വർഷങ്ങൾക്ക് പിറകിലെത്തിച്ചു. ഗതകാലസ്മരണ നിറഞ്ഞ വരികൾ അതി മനോഹരം തന്നെ

 4. വളരെ നന്നായി വിവരിച്ചിട്ടുണ്ട് എല്ലാ ആശംസകളും 👌

 5. മനസ്സിലെ കാഴ്ചകളും ഓർമ്മകളും അതുപോലെ ഭംഗിയായി പകർത്തി എഴുതി എഴുത്തിന്റെ ചാരുതയാകാം ആ visual അതേപടി കണ്ടു congrats ❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 6. മാനവ സ്നേഹത്തിന്റെ വിശ്വ മാതൃകയായ ക്രിസ്മസ് ആഘോഷം ബഹുസ്വര സമൂഹത്തിന്റെ ഉത്സാഹവും ഉത്സവവുമാണ്.
  വിനീത അതു നന്നായി അവതരിപ്പിച്ചു.
  അഭിനന്ദനങ്ങൾ.

 7. മനോഹരം.ക്രിസ്തുമസ് സ്മരണകളിലേക്കു കൈപിടിച്ചുയർത്തുന്ന വരികൾ.
  ലളിതമായ ആഖ്യാനശൈലി. അഭിനന്ദനങ്ങൾ❤️❤️❤️❤️❤️

 8. ഓർമ്മയിലെ ക്രിസ്മസ് വളരെ മനോഹരമാക്കി ഓരോ വയനക്കാരേയും
  തങ്ങളുടെ ചെറുപ്പകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അന്നത്തെ സ്നേഹബന്ധങ്ങളെ ഒരിക്കൽ കൂടി ഓർമ്മിക്കുവാൻ ഈ ലേഖനം അവസരമൊരുക്കി. അന്നത്തെ ഇല്ലായ്മ കരുത്തും വല്ലായ്കകളും മൂടിവച്ചു കൊണ്ടു ആഘോഷങ്ങളിലുള്ള പന്കുചേരൽ. മഞ്ഞുമൂടിയ കുന്നിൻ താഴ്വാരങ്ങളും കോടക്കാറ്റിന്റെ അനുഭൂതിയും ഹൃദ്യമാക്കി👌
  ആശ൦സകൾ🙏💖

 9. വാക്കുകൾക്കൊണ്ട് വരച്ചിട്ട ഒരു ക്രിസ്മസ് ഓർമ്മച്ചിത്രം… നന്നായി….

 10. വളരെ നല്ല രീതിയിൽ തന്നെ ക്രിസ്മസ് അനുഭവങ്ങൾ,എന്നാൽ ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ വിവരിച്ചിരിക്കുന്നു.വളരെ ഒതുക്കി തന്മയത്ത ത്തോടെയുള്ള സ്വാനുഭവങ്ങൾ ഏറെ ആസ്വാദ്യകരം 🌹

 11. വേറിട്ട ശൈലിയിലുള്ള അവതരണം.
  ഓർത്തെടുത്ത ക്രിസ്തുമസ് നാളുകൾ അതീവഹൃദ്യമായി അവതരിപ്പിച്ചു.
  ആശംസകൾ❣️

 12. “അഭിനന്ദനങ്ങൾ , നമുടെ ഒരോ ആഘോഷങ്ങളും മതങ്ങളിലേയ്ക്കും ജാതികളിലേയ്ക്കും ചുരുങ്ങി പോകുന്ന ഈ കാലഘട്ടത്തിൽ മലയാളികൾ ജാതിയും മതവും ഒന്നും നോക്കാതെ എല്ലാവരും ഒത്തൊരുമിച്ച് ഓണവും കൃസ്തുമസും പെരുന്നാളും ആലോഷിച്ചിരുന്ന ആ നിഷ്കളങ്ക ബാല്യത്തിന്റെ മധുരമൂറും ഓർമ്മപ്പെടുത്തലുകൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. Thank you very m much🌹🌹🌹

 13. മികച്ച ലേഖനം ഒരു നിമിഷം സ്കൂളിൽ പഠിച്ചിരുന്നകാലത്തെ ക്രിസ്മസ് ആഘോഷവേളകളിലേക്ക് തിരിച്ചു പോയ്‌ അഭിനന്ദനങ്ങൾ

 14. ഓരോ ആഘോഷങ്ങളും നമ്മിലെ മാതാതീത നന്മകളുടെ വിളംബര വേളകളാണ്.!

  നല്ലെഴുത്തിന് അനുമോദനങ്ങൾ

 15. Very good vineetha teacher congratulations Jesus Christ is the savior of the world not only for Christians but for the whole world . thank you thank you so much

 16. മനോഹരമായ ഒരു നഖചിത്റം. ഒരു ശില്പം പോലെ മനോഹരം. അഭിനന്ദനങ്ങൾ…

 17. ഓർമകൾ വീണ്ടും പൊടിതട്ടി എടുക്കാൻ സഹായിച്ചതിന് ഒരുപാട് നന്ദി വിനീത…. വളരെ നന്നായിട്ടുണ്ട് എഴുത്ത്…

 18. പഴയകാല ക്രിസ്തുമസ് കാലത്തേക്ക് ഓർമ്മകൾ കെണ്ടെത്തിച്ച രചന വളരെ നന്നായിട്ടുണ്ട് വിനീത
  ഈ നക്ഷത്രമുണ്ടാക്കലും
  കരോളും ക്രിസ്തുമസ് അപ്പൂപ്പനെ പ്രതിക്ഷിച്ചുറങ്ങാതിരുന്ന ആ കുട്ടിക്കാലം
  ഇന്നെവിടെയോ നഷ്ടപ്പെട്ടു പോയി
  രചനയ്ക്ക് ‘
  അഭിനന്ദനങ്ങൾ
  ആശംസകൾ

 19. തിരിച്ചു കിട്ടാത്ത ഒരു നല്ല നർമ്മയുടെ കാലത്തിന്റെ ചില നല്ല ഓർമ്മകൾ……..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ വാഹനാപകടം; രണ്ട് മരണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33) നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24)എന്നിവരാണ് മരിച്ചത്. ഞായറാഴ്ച...

മലയാളികൾക്ക് എയർഇന്ത്യയുടെ എട്ടിന്റെ പണി! യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചു

തിരുവനന്തപുരം : യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് കുറയുന്നു. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി കുറച്ചു. ഇതോടെ ആഴ്ചയിൽ 21...

പത്തൊൻപതാമത് നന്മ കുടിവെള്ള പദ്ധതി MLA ആബിദ് ഹുസൈൻ തങ്ങൾ ആലിൻചുവട് നിവാസികൾക്ക് സമർപ്പിച്ചു.

കോട്ടയ്ക്കൽ. വിപി മൊയ്‌ദുപ്പ ഹാജിയുടെ നന്മ കുടിവെള്ള പദ്ധതി കുറ്റിപ്പുറം മഹല്ല് സമസ്ത മുസാഅദ സെന്ററിന്റെ ശ്രമഫലമായി ആലിൻചുവട് നിവാസികൾക്കായി ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടനം നിർവഹിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം...

നഗരസഭാ ബജറ്റ്

കോട്ടയ്ക്കൽ. 68,19,37601 രൂപ വരവും 67,46,14262 രൂപ ചെലവും കണക്കാക്കുന്ന നഗരസഭാ ബജറ്റ് ഉപാധ്യക്ഷൻ പി.പി.ഉമ്മർ അവതരിപ്പിച്ചു. സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റെന്ന അവകാശവാദം ഭരണപക്ഷം ഉന്നയിക്കുമ്പോൾ, അടിസ്ഥാന പ്രശ്നങ്ങളെ വിസ്മരിച്ച ബജറ്റെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: