പിൻവിളി പോലെ പിന്തുടരുന്ന ഓർമ്മളാണ് ഇന്നിന്റെ പ്രചോദനം..ഒരു പുഞ്ചിരികൊണ്ട് ഓർമ്മകളുടെ കൂടുതുറന്നു വിടാൻ കഴിയുന്നവർ ഭാഗ്യമുള്ളവർ തന്നെ..പോയകാലത്തിന്റെ ഉപ്പുരസം പേറുന്നവർക്ക് ഓർമ്മകൾ ഇന്നും തുറക്കാൻ പാടില്ലാത്ത നിലവറകൾ തന്നെയാണ്..
എന്റെ ക്രിസ്മസ് ഇഷ്ട്ടഭക്ഷണത്തിനുള്ള കാത്തിരിപ്പിന്റെ ആവേശമായിരുന്നു…ഇന്നത്തെ ഭാഷയിൽ വല്ലതുമൊക്കെ കടിച്ചുപറിക്കാൻ കിട്ടുന്ന ദിവസം…പിന്നെ കൂട്ടുകാരൊത്തു പുൽക്കൂടും പടക്കവും പൊട്ടിക്കാൻ അയൽവക്കത്തെ വീട്ടിൽ രാത്രിയിൽ പോകാൻ അനുവാദം കിട്ടുന്ന ദിവസം…
നക്ഷത്രങ്ങളുടെ ഒപ്പം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ചേച്ചിയും അച്ചാച്ചനും മാത്രം ഉള്ള ആ വീട് ഇന്നും എനിക്കുവേണ്ടി തുറന്നു കിടക്കുന്നു…ക്രിസ്തുമസ് ക്രിസ്ത്യാനികളുടെ ആണെന്ന ധാരണയുള്ള എന്റെ വീട്ടുകാർ ഓണത്തിന് സദ്യ അവർക്കും കൊടുത്തു.. ഒരു ബാർട്ടർ സമ്പ്രദായം ആയി തുടർന്നിരുന്നു.കേക്ക് കഴിക്കുന്ന വർഷത്തിലെ ഒരു ദിവസം ആയിരുന്നു അന്ന്..ഇന്ന് എല്ലാദിവസവും കുട്ടികൾ കേക്ക് ഉണ്ടാക്കുമ്പോൾ എല്ലാവരും ഒത്തുകൂടിയ ആ നല്ല ദിവസത്തിന്റെ ഓർമ്മകൾ എന്നിൽ നക്ഷത്രക്കണ്ണു ചിമ്മുന്നു..
ഇല്ലായ്‌മകളുടെ കാലത്തു കിട്ടുന്ന എന്തും എന്നും മധുരമുള്ള ഓർമ്മയാകും..ചേച്ചി നൽകിയിരുന്ന അപ്പവും സ്റ്റൂവും മീൻ കറിയുടെയും ഒന്നും അടുത്തെത്താൻ ഇന്നത്തെ ഒരു കറിക്കും പറ്റില്ല കാരണം അതിൽ ചേർത്തിരുന്ന കൂട്ട് സ്നേഹമായിരുന്നു…കരോളുവരുമ്പോൾ ബലൂണോ മുട്ടായിയോ കിട്ടുമല്ലോ എന്നൊരു സന്തോഷം ഇപ്പോഴും ബലൂണിനോടുള്ള ഇഷ്ട്ടത്തിൽ തുടിച്ചു നിൽക്കുന്നു..കിട്ടുന്നത് ക്രിസ്തുമസ് അപ്പൂപ്പൻന്റെ കൈയിൽ നിന്ന് ആണല്ലോ എന്ന സന്തോഷം…
അയൽവാസികൾ പരസ്പരം സ്നേഹവും ഒരുമയും കൊണ്ട് ആഘോഷിച്ചിരുന്ന പലതും ഇന്ന് fb പോസ്റ്റിലൂടെ കാണുന്ന അവസ്ഥയായി..ഇനിയുള്ള ക്രിസ്തുമസ്സിൽ അച്ചാച്ചൻ കൂടെയില്ലെങ്കിലും ഒരു നക്ഷത്രമായ് ചേച്ചിയുടെ പുൽക്കൂടിന് മുകളിൽ ഉണ്ടാവുമെന്ന് എനിക്കറിയാം..എങ്കിലും പഴയകാലത്തിന്റെ ഇതുപോലുള്ള നന്മയോർമ്മകൾ എന്നും ജീവിതച്ചൂടിൽ പെയ്യുന്ന ഹിമകണം തന്നെയാണ്….
സരിത എൻ എസ്സ് ✍