ഓർമ്മച്ചെപ്പ് തുറന്നുനോക്കുമ്പോൾ ,കത്തിനിൽക്കുന്ന നക്ഷത്രശോഭയുണ്ട് ഇന്നും എന്റെ ക്രിസ്തുമസ് രാവുകൾക്ക്.. അതിൽ കരോൾഗാനങ്ങൾ വജ്രശോഭയോടെ , കുപ്പിവള കിലുക്കത്തോടെ, ഡ്രമ്മിന്റെ ചെകടടിപ്പിക്കുന്ന ശബ്ദത്തോടെ മനസിന്റെ അടുക്കുകളിൽ നിറഞ്ഞുതുളമ്പി കാതിൽ ഇമ്പം നിറയ്ക്കുന്നുണ്ട്. ഡിസംബറിലെ കുളിരു നിറഞ്ഞ
സായന്തനങ്ങളിൽ, അമ്പലദീപങ്ങളുടെ വർണ്ണാഭനുകരാൻ അമ്മയുടെ കൈയുംപിടിച്ചു നടന്നുപോകുന്ന സമ്പന്നനാളുകളിൽ റോഡിന്റെ ഇരുവശങ്ങളിലും മിന്നിത്തിളങ്ങുന്ന ഭൂമിയിലെ താരങ്ങളായ നക്ഷത്രങ്ങളിലാണ് എന്റെ കണ്ണുകൾ പലപ്പോഴും ഉടക്കി നിന്നിരുന്നത്. അവയുടെ ചന്തം തണുത്തരാവുപോലെ എന്റെ മനസിലും കുളിരുകോരിയിരുന്നു.
ഞാനൊരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ ഡിസംബർ ഇരുപതിനാണ് ഭൂജാതയായത് എന്നതും എന്നെ ഡിസംബറിനോടും, ക്രിസ്തുമസിനോടും കൂടുതൽ ആഹ്ലാദമുളവാക്കി. എന്റെ വീട്ടിന് ഇരുപുറവുമുള്ള സ്നേഹസമ്പന്നരായ ക്രിസ്ത്യാനികൾ, ക്രിസ്തുമസ് സദ്യയുണ്ണാൻ അവരുടെ ഭവനങ്ങളിലേയ്ക്ക് ക്ഷണിക്കുക പതിവായിരുന്നു. അതിൽ അച്ഛന്റെ സുഹൃത്തും (കിരിയാൻസാർ)എന്റെ കൂട്ടുകാരികളും(ബിനി,ബീന)ഉള്ള കുടുംബത്തിലായിരുന്നു എനിക്ക് പോകാൻ ഏറെയിഷ്ടം.
അത്രയ്ക്ക് ഭക്ഷണപ്രിയ ഒന്നും അല്ലാത്ത,മെലിഞ്ഞു കൃശഗാത്രിയായ എനിക്ക് അന്ന് ഇറച്ചിയെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറുമായിരുന്നു. അതിനുമൂലകാരണം ഞങ്ങളുടെ വീട്ടിൽ ഇറച്ചി വാങ്ങുകയോ, കറിവെയ്ക്കുകയോ ചെയ്തിരുന്നില്ല. പ്രത്യേകിച്ചും ബീഫ്. അഥവാ ആരെങ്കിലും കറി തന്നാൽതന്നെ വാഴയിലവെട്ടിക്കൊണ്ടുവന്നു കഴിച്ചോണം എന്നതായിരുന്നു അമ്മ നിഷ്ക്കർഷിച്ചിരുന്നത് .എങ്കിലും അമ്മ ഒരിക്കൽപോലും ഞങ്ങളെ കഴിക്കുരുതെന്ന് വിലക്കിയിരുന്നില്ല.
ഞങ്ങൾ സമപ്രായക്കാരായ ഒരുപിടി കൂട്ടുകാർ അവിടെ സദ്യയുണ്ണാൻ വന്നണയുമായിരുന്നു. അവിടെ വലിയവീട്ടിൽ കൂട്ടുകാരികളുടെ അമ്മയായ കുഞ്ഞമ്മടീച്ചർ ഞങ്ങളെ ഇലയുടെ മുന്നിലിരുത്തിയാൽ ‘ഇറച്ചി ‘തന്നെയാണ് എന്റെ മനസിൽ നിറഞ്ഞുനിന്നത്..വിളമ്പിതന്നതിനുശേഷം ടീച്ചറുടെ കസേരയിട്ടുള്ളയിരുപ്പ് പലപ്പോഴും ആസ്വദിച്ചു കഴിക്കാൻ ഒരു തടസംതന്നെയായിരുന്നു. (ടീച്ചർ പിന്നെയും വിളമ്പിത്തരാനാണ് ഇരിക്കുന്നത് എന്ന് അറിയാമെങ്കിലും അന്നു പേടിയായിരുന്നു) ടീച്ചർ ഒന്ന് എഴുന്നേറ്റു പോയിരുന്നെങ്കിലെന്ന് പലവട്ടംമനസ് അന്ന് ആഗ്രഹിച്ചിരുന്നു. ഇറച്ചിവേണമോയെന്നു ടീച്ചർ ചോദിച്ചാലും അന്നു നാണത്താൽ ‘വേണ്ടാ’ എന്നു പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് ഖേദത്തോടെയും, ഒപ്പം ചിരിയോടെയും ഓർത്തുപോകുന്നു.
ഉച്ചയൂണിനുശേഷം ഞങ്ങൾ കൂട്ടുകാരെല്ലാവരും ചേർന്ന് ഓരോരോ കളികളിൽ ഏർപ്പെട്ടിരുന്നു. ആൺകുട്ടികളും, പെൺകുട്ടികളുംചേർന്നുളള ഒളിച്ചുകളി, കസേരകളി അമ്മയും കുഞ്ഞും(പെൺകുട്ടികൾമാത്രം)ഇതൊക്കെയായിരുന്നു പ്രധാന വിനോദങ്ങൾ. സന്ധ്യമയങ്ങുമ്പോഴെ വീട്ടിലേയ്ക്കു മടങ്ങുകയുള്ളു. ഒരിക്കലും മാതാപിതാക്കൾ വൈകിയതിന് വഴക്കുപറയില്ലായിരുന്നു. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെ മഴവില്ലുവിരിഞ്ഞുനിന്നിരുന്ന, സുഗന്ധമുള്ള ഓർമ്മകൾ…..
ഇന്ന് അമേരിക്കയിലും എന്റെ ക്രിസ്തുമസ് രാവുകൾ വർണ്ണശോഭയോടെ തിളങ്ങിനിൽക്കുന്നു. അന്നത്തെ ഊർജ്ജം ഇന്നും മനസിൽ നിറയുന്നുണ്ട്. ഓർമ്മയുടെ ലില്ലിപൂക്കൾ ഇന്നും മഞ്ഞിൽ പെയ്തിറങ്ങി പുത്തൻ നാമ്പുകളായി മനസിൽ പൊട്ടിക്കിളർക്കാറുണ്ട്. ഇവിടെ ടെക്സാസിലെ ഹൂസ്റ്റണിൽ ഞങ്ങൾ മലയാളി കുടുംബങ്ങൾ ഒത്തുചേർന്നു വീടുകൾതോറും കയറിയിറങ്ങി കരോൾപാട്ടുകൾ പാടിയും, വീടും പരിസരവും അലങ്കരിച്ചും പുണ്യദിനത്തെ മഞ്ഞുപൊഴിയുന്ന ആഹ്ലാദത്തോടെ നെഞ്ചിൽ കുടിയിരുത്താറുണ്ട്. സദ്യവട്ടങ്ങൾ ഒരുക്കാറുണ്ട്. കിരിയാൻസാറിനെയും കുടുംബത്തെയുംഓർക്കാറുണ്ട്, മനസുകൊണ്ട് നന്ദികുറിക്കാറുണ്ട്.. പക്ഷേ….അന്നത്തെ ഇറച്ചിക്കറിയോളം സ്വാദ് ഇന്ന് നാവിൽ നിറയുന്നില്ലെന്നുമാത്രം.
സമ്മാനങ്ങൾ ഒന്നും കിട്ടാതിരുന്ന അകാലത്തെ ഏറ്റവും വലിയ സമ്മാനമായിരുന്നു ‘ആശംസ കാർഡുകൾ’. ആശംസ കാർഡുകളുടെ കൈമാറ്റം മനസിനെ വളരെയധികം ഹരം പിടിപ്പിക്കുന്ന ഒന്നായിരുന്നു അക്കാലത്ത്. ആരെങ്കിലും കാർഡ് അയയച്ചാൽ എന്തു സന്തോഷമായിരുന്നെന്നോ!! അവ വലിയ നിധിപോലെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. പൈസ ഉള്ളതുപോലെ വാങ്ങിതിരിച്ചയയ്ക്കാനും അന്ന് സമയം കണ്ടെത്തിയിരുന്നു. അവ നൽകുന്ന സ്നേഹസ്പർശം മനസിൽ മഴത്തുള്ളിക്കിലുക്കം സമ്മാനിച്ചിരുന്നു.
ഇന്നത്തെ കുട്ടികൾക്ക് ഇത്രത്തോളം ആഹ്ലാദം കിട്ടുന്നുണ്ടോ? അവരെ മറ്റുഭവനങ്ങളിലേയ്ക്ക് മാതാപിതാക്കൾ അയയ്ക്കാറുണ്ടോ? ജാതി ചിന്ത വെടിഞ്ഞുളള അന്നത്തെ സ്നേഹവും സാഹോദര്യവും നമുക്ക് പുലർത്താൻ സാധിക്കുന്നുണ്ടോ ? ഇത്തരം കാര്യങ്ങൾ ചിന്തനീയംതന്നെ.
നമ്മൾ ഒരുപാട് മാറിപ്പോയി. മാറ്റിയെടുക്കുന്നവർ എന്തുനേടുന്നു.? നന്മയൂട്ടിയുറപ്പിച്ചിരുന്ന നാടിനെ നശിപ്പിക്കുന്നവരെ നമ്മൾ തിരച്ചറിയുകതന്നെവേണം. ഓണവും, ബക്രീദും, ഈസ്റ്ററും ക്രിസ്തുമസ് നമ്മിൽനന്മയുടെപൂക്കൾവിതരട്ടെ..ദൂരത്തിരുന്നും നമുക്ക് സ്നേഹസന്ദേശങ്ങൾ കൈമാറാം. കൈ കോർത്ത് മനസുകൊണ്ട് ഒന്നാവാം. സ്നേഹത്തിരി തെളിക്കാം.
ക്രിസ്തുമസ് ദിനത്തിന്റെ വരവ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ മനുഷ്യസ്നേഹികൾക്കും ദൈവപുത്രന്റെ തിരുനാമത്തിൽ ആശംസകൾ നേരുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.🙏
ഒത്തിരിസ്നേഹത്തോടെ,
✍️ അമ്പിളി പ്രകാശ്, ഹ്യൂസ്റ്റൺ
നല്ല ഓർമ്മകൾ !! ഇന്ന് എല്ലാം അന്യമായിക്കഴിഞ്ഞിരിക്കുന്നു !! അന്നെല്ലാം ക്രിസ്മസും ഓണവും പെരുന്നാളും സ്വാമി കഞ്ഞിയും കുടിക്കുമ്പോൾ ഒരു ജാതി ചിന്തയും ഇല്ലായിരുന്നു നമ്മുടെ നാട്ടിൽ , ഇന്ന് എല്ലാം മാറിയിരിക്കുന്നു , അല്ലെങ്കിൽ മാറ്റി കൊണ്ടിരിക്കുന്നു !! തിരിച്ചു വരട്ടെ ആ നല്ല ദിനങ്ങൾ . നല്ല ഓർമ്മകൾ ചേച്ചീ 👏👏
പ്രത്യേകിച്ചും ക്രിസ്മസ് കാർഡിന്റെ ഓർമ്മകൾ 🥰..ഇനിയും ഒരുപാട് എഴുതുവാൻ നല്ല അനുഭവങ്ങളും ഓർമകളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
Liju Joseph
കൊള്ളാം