ബെത് ലേഹാമിലെ കാലിത്തൊഴുത്തിൽ യേശുകൃസ്തു പിറന്നതിന്റെ ഓർമ്മക്കാണല്ലോ എല്ലാ വർഷവും ഡിസംബർ ഇരുപത്തിയഞ്ചിന് നമ്മൾ കൃസ്തുമസ്സ് ആഘോഷിക്കുന്നത്. അതോടനുബന്ധിച്ചു കിട്ടുന്ന പത്തു ദിവസത്തെ അവധിക്ക് കളിച്ചു തിമിർക്കുന്നതിൽ പരം കൃസ്തുമസ്സുമായി എനിക്ക് യാതൊരു വൈകാരിക ബന്ധവും ഇല്ലായിരുന്നു.
അതിനു പ്രത്യേക കാരണമായിട്ട് എനിക്കു തോന്നുന്നത് , ഞങ്ങളുടെ നാട് വെറും നാട്ടിൻപുറവും അയൽപക്കത്തോ തൊട്ടു ചുറ്റുവട്ടത്തോ കൃസ്തുമത വിശ്വാസികൾ ഇല്ലാതിരുന്നതും ആകാം.
എന്നിരുന്നാലും ഞങ്ങൾടെ വീടിനു മുന്നിലെ ഇടവഴിയിലൂടെ എല്ലാ ഞായറാഴ്ചകളിലും വൃത്തിയായ വസ്ത്രം ധരിച്ചും, ഞൊറിവെച്ച ചട്ടയും മുണ്ടുമുടുത്തു കാതിൽ വീതിയുള്ള കടുക്കനുമിട്ടു കൂട്ടം കൂട്ടമായ് കുടുംബമൊന്നടക്കം പള്ളിയിൽ പോയി വരുന്നവരുടെ, നിറഞ്ഞ ചിരിയും കലപില വർത്തമാനങ്ങളും , ഞങ്ങളെകാണുമ്പോൾ അവർ പകർന്ന നിറപുഞ്ചിരിയും ഒക്കെ തെളിഞ്ഞ ഓർമ്മകൾ ആണ്.
കുരുത്തോലപ്പെരുന്നാളിൽ കുരുത്തോലയും, കുരിശു തൊട്ടും മെഴുകുതിരി കത്തിച്ച് കുരിശ്ശിന്റെ വഴിയും തേടിയുള്ള ഘോഷയാത്രയും,
പാതിരാക്കുർബ്ബാനയും കഴിഞ്ഞ് പോകുന്നവരുടെ സംസാരവും കൃസ്തുമസ്സിന് ആശംസകളുമായി പപ്പാഞ്ഞിയും കൂട്ടരും വരുന്നതുമൊക്കെയായിരുന്നു പണ്ട് കാലത്തെ ഓർമ്മകളുടെ അവശേഷിപ്പുകൾ.
ഞങ്ങളുടെ പാടത്ത് പടവലവും പാവലും കൃഷി ചെയ്തിരുന്ന വേലാൻവാപ്പനെ കാണാൻ രാവിലെ സ്ഥിരമായി അച്ഛൻ പോകുമ്പോഴെല്ലാം അച്ഛന്റെ വാലു പോലെ ഞാനും എന്റെ അനിയത്തിയും അനിയനും പാടവരമ്പിലൂടെ പുല്ലിൽ പറ്റി നിൽക്കുന്ന മഞ്ഞുതുള്ളികളെ കണ്ണിലിറ്റിച്ചും കറുപ്പും വെളുപ്പും ചേർന്ന തുമ്പിക്കു പുറകെ ഓടിയും കളിക്കുന്നതിനിടയിലാണ്, പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് വെളുത്തു തടിച്ചു കുറുകിയ മാത്യു എന്ന ആൾ സ്ഥലം വാങ്ങിയെന്നറിഞ്ഞത്. വളരെ വേഗം അദ്ദേഹം അവിടെ വീടു വെക്കാനും തുടങ്ങി.
നെൽച്ചെടികൾ സ്വർണ്ണ വർണ്ണത്തിൽവിളഞ്ഞു നിന്ന പാടവരമ്പിൽ കൂടി അച്ഛനൊപ്പം അവിടേക്ക് നടന്നെത്തുമ്പോൾ ആദ്യമായി കല്ലിടുന്നതിനു വേണ്ടി വാരം കോരിയിട്ട് ചരടുകൾ കെട്ടി മുറികൾക്കായി തിരിച്ചിട്ട ചാലുകളിൽ ചാടിക്കളിച്ചും വിളഞ്ഞു കിടക്കുന്ന നെല്ലോലകൾക്കു മീതെ കൂട്ടമായി പറക്കുന്ന തുമ്പികൾക്കു പുറകെ പാഞ്ഞും നിരനിരയായി നിൽക്കുന്ന തെങ്ങുകളിൽ ആറ്റക്കിളികൾ കൂട്ടിയ കൂടിലേക്ക് ഉറ്റുനോക്കിയും ദിനങ്ങൾ കൊഴിയവെ; ‘ മാത്യുച്ചേട്ടന്റെ വീടുയരുകയും ഭാര്യയും ആറുമക്കളുമൊത്ത് വീട്ടിൽ താമസമാരംഭിക്കുകയും ഞങ്ങൾ ഇരു കുടുംബവും നല്ല കൂട്ടുകാരാവുകയും ചെയ്തു.
അവരുടെ പുതിയ വീട്ടിലെ ആദ്യത്തെ കൃസ്തുമസ്സിന് കുട്ടികളായ ഞങ്ങളെ ക്ഷണിക്കുകയും വീട്ടിലേക്ക് വിഭവ സമൃദ്ധമായ ഭക്ഷണമെത്തിക്കുകയും ക്കെ ചെയ്ത ഓർമ്മയാണ് എന്റെ മനസ്സിലെ ആദ്യത്തെ കൃസ്തുമസ്സ് ഓർമ്മ.
പെരുന്നാളിന്റെ മുന്നൊരുക്കമായി മുളയും കമ്പുകൊണ്ടും തീർത്ത നക്ഷത്രങ്ങൾ പല നിറത്തിലുള്ള വർണ്ണക്കടലാസ്സുകൾ കൊണ്ട് ഒട്ടിച്ചുള്ള വാൽ നക്ഷത്രങ്ങളും അതിൽ മണ്ണെണ്ണവിളക്ക് കത്തിച്ചുവെച്ചും മെഴുകുതിരി കത്തിച്ചും ഉയരത്തിലുള്ള മരത്തിലെ ഏതെങ്കിലും കൊമ്പുകളിൽ തൂക്കിയും വൈക്കോലും ഉണങ്ങിയ പുല്ലും ഒക്ക ചേർത്ത് മനോഹരമായ പുൽക്കൂടുണ്ടാക്കി അതിൽ അലങ്കാര കടലാസുകൾ തൂക്കി മാതാവിനൊപ്പം ഉണ്ണിയേശുവിനേം ആട്ടിൻപറ്റങ്ങളേം ഒക്കെ യഥാസ്ഥാനങ്ങളിൽ വെച്ച് , നക്ഷത്രവുമൊരുക്കി …കൃസ്തുമസ്സ് രാവുകളെ വർണ്ണ മനോഹരമാക്കിയ കാഴ്ചകൾ ഇന്നും മനസ്സിൽ തെളിഞ്ഞു കത്തുന്നു.
അന്ന് ശബരിമല നോയമ്പിനോടനുബന്ധിച്ച് നാൽപ്പത്തൊന്നു ദിവസം സന്ധ്യയ്ക്ക് അമ്പലങ്ങളിൽ പോയി തൊഴുതു മടങ്ങും വഴി, വിശാലമായ പാടങ്ങൾക്കപ്പുറം നല്ല പ്രൗഢിയോടെ നിറപ്പകിട്ടുള്ള നക്ഷത്രങ്ങൾ ടെ പ്രഭയിൽ മുങ്ങി നിൽക്കുന്ന അവരുടെ വീടിന്റെ രാത്രി ഭംഗി എത്ര വർണ്ണിച്ചാലും മതിയാകില്ല.
പിന്നീടങ്ങോട്ട് ഞങ്ങൾക്കൊപ്പം നാടും വളർന്നു. ടാറിട്ട റോഡും പൈപ്പു വെള്ളവും കറണ്ടിൽ തെളിയുന്ന വെളിച്ചവും ഒക്കെ വന്നെത്തുകയും ചെയ്തതോടെ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറി.
ജീവിത നിലവാരം മെല്ലെ ഉയർന്നതോടൊപ്പം കൂട്ടുകാരും വീട്ടുകാരുമൊത്തുള്ള ആഘോഷങ്ങൾക്കു പഞ്ഞമില്ലാതായി.
അന്ന് ആഘോഷമായി കൊണ്ടാടിയ കൃസ്തുമസ്സ് വിഭവങ്ങൾ തനി നാടൻ രീതിയിലായിരുന്നെങ്കിൽ, ഇന്ന് മാറ്റുരക്കാൻ പറ്റാത്ത പുത്തൻ വിഭവങ്ങളുടെ സമൃദ്ധിയിലായി.
എല്ലാറ്റിനുംമാറ്റങ്ങൾ വന്നു.
ഗ്രാമം നഗരമായപ്പോൾ പാടങ്ങൾ,തോടുകൾ, എന്തിന് പുഴകൾ വരെ നിരത്തിയതിൻമേൽ വീടുകൾ നിറഞ്ഞു.
. ആഘോഷങ്ങളേതുമാകട്ടെ അതിന് മുൻപത്തേക്കാൾ പകിട്ടേറിയെങ്കിലും എല്ലാം ഒരു ചടങ്ങായി ഒതുങ്ങിപ്പോയി എന്നു തന്നെ പറയാം.
പണ്ടത്തെ ഗ്രാമീണത്തനിമ നിറഞ്ഞ, നിഷ്ക്കളങ്കത നിറഞ്ഞ, ആ കാലഘട്ടത്തിലേക്ക് ഇനി ഒരിക്കലും മടക്കമില്ലാത്ത ഓർമ്മകളുമായി കൃസ്തുമസ്സ് ഈ ഡിസംബറിൽ വീണ്ടും വന്നെത്തുമ്പോൾ അന്നത്തെ കൊച്ചു കുട്ടിയാവാൻ വെറുതെ കൊതിച്ചു പോകുന്നു ഞാൻ.
സലിലമ്മ പ്രദീപ് (സലി പ്രദീപ്)✍
മാത്യു ചേട്ടന് ക്യാൻസർ ബാധിച്ചതിനാല്‍ വീടു താമസം കഴിഞ്ഞു അഞ്ചാം വര്‍ഷം മുതല്‍ ക്രിസ്സ്തുമസ് വിഭവങ്ങള്‍ മുടങ്ങി, അപ്പോഴൊക്കെ നമ്മുടെ അമ്മയുടെ വക താറാവ് കറിയും വെള്ള യ പ്പ വും കൊണ്ടുപോയി കൊടു ക്കു മാ യി രു ന്നു
ഓര്‍മ്മകള്‍ മരിക്കുന്നില്ല.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. നല്ല ശൈലി. ബെസ്റ്റ് Wishes