എല്ലാ ക്രിസ്തുമസ് രാവുകളും കരോൾ ഗാനങ്ങളും മനസ്സിലേക്ക് കൊണ്ടുവരുന്നത് ഈർക്കിലിയും വട്ടപ്പശയും വർണ്ണക്കടലാസുമായി ഞങ്ങളുടെ ഒപ്പം കൂടിയ അച്ഛന്റെ ഓർമ്മകൾ , പൊന്നമ്മാമ സ്നേഹത്തോടെ തരുന്ന ആവിയിൽ പുഴുങ്ങിയ കേക്കിന്റെയും ആട്ടിൻ സൂപ്പിന്റെയും ഗന്ധം.. ഇലഞ്ഞികൾ പൂക്കുന്ന ഇടവഴികളുള്ള എന്റെ നാട്ടിലേക്കു ഇനിയെന്നാണ് ഒരു മടക്കയാത്ര ?
മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടിട്ടു അനേക വർഷങ്ങളായിയെങ്കിലും ഓണവും വിഷുവും പോലെ ഓടി വന്നു ഓർമയുടെ ഉന്മാദത്തിൽ മുക്കി എന്നോ കഴിഞ്ഞുപോയ ഒരു ബാല്യം തിരിച്ചു തരാൻ ആകാശത്തു നിന്ന് ഭൂമിയേലേക്ക് ഇറങ്ങിവരുന്ന ആ വെള്ള താടിക്കാരനെ പോലെ മറ്റാർക്കാണ് കഴിയുക ?
ഡിസംബർ മനസ്സിലേക്ക് കൊണ്ട് വരുന്നത് ഗൃഹാതുരത്വമാണ്
പരീക്ഷയുടെ ചൂടിൽ നിന്ന് രക്ഷപ്പെടുന്നത് തന്നെ ക്രിസ്മസ് അപ്പൂപ്പന്റെ പഞ്ഞി പോലെ നനുത്ത താടിയും ചുവന്ന വെൽവെറ്റ് കുപ്പായയും തരുന്ന കുളിർമയുടെ ഓർമ്മയിലാണ്, ആദ്യമായി ക്രിസ്മസ് വിളക്കുണ്ടാക്കാൻ അച്ഛൻ പഠിപ്പിച്ചതും ഏട്ടന്മാരും ഞാനും കൂടെ ഉണ്ടാക്കിയ വർണക്കടലാസിന്റെ ക്രിസ്മസ് വിളക്കു തൂക്കാൻ മത്സരിച്ചു മുറ്റത്തെ പ്ലാവിൽ അവരോടൊപ്പം വലിഞ്ഞു കേറിയ എനിക്ക് മരംകേറിയെന്ന പേര് വീണതും , നാട്ടിലെ പ്രതാപി ആയിരുന്ന അപ്പന്റെ വീട്ടിൽ നിന്ന് വർഷത്തിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന വെള്ളയപ്പവും ആവിയിൽ പുഴുങ്ങിയ ക്രിസ്മസ് കേക്കും വെളുത്ത ചിരിയോടെ സ്വീകരിച്ചിട്ടു അപ്പന്റെ ഭാര്യ അച്ഛന്റെ കളിക്കൂട്ടുകാരിയായിരുന്നു എന്ന അമ്മയുടെ അടക്കം പറച്ചിലും, അച്ഛൻ മരിച്ചു പോയ വർഷം കയറാതെ പോയ ക്രിസ്മസ് കരോളിന്റെ പുറകെ ഒന്ന് കേറിട്ടു പോ എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ഓടിയ ഞാനും.. ….മുഖം മൂടി പൊക്കി കൊച്ചു പോ ഞങ്ങൾ വരാം എന്ന് പറഞ്ഞപ്പോ ക്രിസ്മസ് ഫാദറിന് കരുണാകരൻ സാറിന്റെ മുഖം ..അന്തിച്ചു നിൽക്കുന്ന ഞാൻ …
വർഷങ്ങൾ ഏറെ ആകുന്നു നീ വരാതായിട്ട് ഇപ്രാവശ്യം ക്രിസ്തുമസ്സിനു നാട്ടിലുണ്ടാകില്ലേ എന്ന് അടുത്ത കൂട്ടുകാരിയുടെ സന്ദേശം വാട്സപ്പിൽ ..എങ്ങിനെ വരാൻ പറ്റും മകളുടെ വിവാഹത്തിന്റെ കടങ്ങൾ തീരട്ടെ പിന്നെ നോക്കാം എന്ന മറുപടിയോടെ എന്നിലെ പ്രവാസി, മുറിയുടെ മൂലയ്ക്ക് എന്നെ കാത്തിരിക്കുന്ന കുബൂസിലേക്ക് , ഓടിയടുക്കുന്ന പാറ്റകളെ നീക്കിക്കളഞ്ഞു വയറുനിറക്കാൻ പാടുപെട്ടങ്ങനെ …നരച്ച ചുവരിലെ ഗന്ധത്തിൽ, നിറം മങ്ങിയ പുതപ്പിന്റെ അടിയിൽ ഏതെങ്കിലും ഒരു ക്രിസ്തുമസിന് എന്റെ നാട്ടിലെത്താം എന്ന തീരുമാനത്തോടെ ….ഉറക്കത്തിലേക്ക്
✍️ജ്യോതി നായർ
ജ്യോതിയുടെ ക്രിസ്തുമസ് ഓർമ്മകൾ വേദന നിറഞ്ഞത്. ആശംസകൾ
നന്നായിട്ട് എഴുതി. നോവ് നൽകുന്ന ക്രിസ്തുമസ് ഓർമ്മകൾ
🙏🏻🙏🏻
കൊള്ളാo, എഴുത്ത്കാരിക്ക് ഒരായിരം ക്രിസ്മസ് ആശംസകൾ. എഴുത്ത് തുടരുക. എൻ്റെ ‘ ആശംസകൾ.