ക്രിസ്തുമസ് എന്ന് ഓർക്കുമ്പോഴേ ആദ്യം ഓർമ്മയിൽ വരുന്നത് നേരിയ സുഖമുള്ള തണുപ്പാണ്. ഡിസംബറിലെ മരം കോച്ചുന്ന തണുപ്പ് എന്നൊക്കെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു. പക്ഷെ അത്രയ്ക്കില്ലെങ്കിലും കേരളത്തിലും തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു.
വളരെ ചെറിയ കുട്ടി ആയിരുന്നപ്പോഴുള്ള ഓർമ്മകൾ കിളിമാനൂർ കൊട്ടാരത്തിൽ നിന്നല്ലാതെ മറ്റെവിടെ നിന്നുമാണ് തുടങ്ങുക!
കൊച്ചുകൊട്ടാരത്തിലെ പിൻ വശത്തുള്ള നീളൻ വരാന്തയിൽ, വാതിലിനടുത്തായിട്ടുള്ള ചുമരലമാരിയിൽ വച്ചിരിക്കുന്ന , കുരുമുളകിട്ട് കാച്ചിയ വെളിച്ചെണ്ണ വെള്ള നിറത്തിൽ കട്ടയായിട്ടിരിക്കുന്നത് അത്ഭുതത്തോടെ നോക്കുന്ന, പെറ്റിക്കോട്ടുകാരിയെ എനിക്കിപ്പോഴും കാണാനാകുന്നുണ്ട്.
അമ്മയോടൊപ്പം വടക്കെ കുളത്തിൽ കുളിക്കാനിറങ്ങുമ്പോൾ താടിയെല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടാകും. കുമാരിയും ഉണ്ടാകും കുളക്കടവിൽ.
അടിച്ച് തുടിച്ച് പാട്ട് പാടി, കുളി കഴിഞ്ഞ് അയ്യപ്പൻ കാവിലേയ്ക്ക് വരമ്പത്തു കൂടി നടന്ന് പോകുമ്പോൾ ഇളം പുൽ നാമ്പുകളിലിരുന്ന് നിഷ്ക്കളങ്കതയുടെ മൂർത്തിമത് ഭാവത്തോടെ ചെറുനീർ മണികൾ പുഞ്ചിരിക്കും. അവ കാലിൽ പതുക്കെ ഒന്ന് തൊട്ട് ഇക്കിളിയാക്കും..
തേവാരപ്പുരയിലും വേട്ടേങ്കരക്കാവിലും തൊഴുത് വീട്ടിൽ വന്ന് കുറച്ചു നേരം വെപ്രാളപ്പെട്ട് പാഠങ്ങൾ ഒന്നോടിച്ച് നോക്കും. ക്രിസ്മസ് പരീക്ഷയുടെ ദിനങ്ങളാവും…
സ്കൂൾ അടയ്ക്കുന്ന ദിവസം തന്നെ കൊരട്ടിക്ക്, അച്ഛന്റെ വീട്ടിലേയ്ക്ക് പുറപ്പെടും എന്നുള്ളത് നിശ്ചയമാണ്. പെട്ടി നേരത്തെ തന്നെ അമ്മയും അച്ഛനും കൂടി പായ്ക്ക് ചെയ്ത് വച്ചിട്ടുണ്ടാകും.
അമ്മ RRV ഹൈസ്ക്കൂളിലെ ടീച്ചർ ആയിരുന്നു. ക്രിസ്ത്‌മസ്സിനു സ്കൂൾ അടയ്ക്കുന്ന ദിവസം വൈകുന്നേരം, സ്കൂൾ വിട്ട് വന്ന് കാപ്പി കുടിച്ച് ഞങ്ങൾ യാത്ര പുറപ്പെടും. അമ്മ, അച്ഛൻ, ഞാൻ, നന്ദു, പിന്നെ മൂസ- ഞങ്ങളുടെ ഡ്രൈവർ.
അച്ഛന്റെ കാർ കിളിമാനൂരിൽ ടാക്സി ആയിട്ട് ഓടിച്ചിരുന്നതുകൊണ്ട് ഡ്രൈവർ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. കുടുംബ യാത്രകളിൽ ഡ്രൈവർ ഉണ്ടായിരുന്നുവെങ്കിലും അച്ഛൻ തന്നെയാണു ഡ്രൈവ് ചെയ്യാറുണ്ടായിരുന്നത്.
യാത്രയ്ക്കിടയിൽ, ഏതെങ്കിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കും.
രാത്രിയാകുമ്പോൾ വെളിയിൽ കട്ട ഇരുട്ടായിരിക്കും. ഇന്നത്തെപ്പോലെ കടയും തിരക്കും ജനങ്ങളുമൊന്നുമുണ്ടാവില്ല റോഡിൽ.
അക്കാലത്ത് ഏസി ഉള്ള കാറൊന്നും ഇല്ലല്ലൊ. കാറിന്റെ ജനാല താഴ്ത്തി വച്ചിട്ടാണ് യാത്ര. എനിക്ക് എപ്പോഴും സൈഡ് സീറ്റ് വേണം. ഞാൻ ജനാലയിലൂടെ പുറത്തേയ്ക്ക്, കണ്ണിൽ കുത്തുന്ന ഇരുട്ട് നോക്കി ഇരിക്കും. നേരിയ മഞ്ഞിന്റെ സ്വപ്നങ്ങൾ താലോലിക്കുന്ന ഇളംകാറ്റ് മുഖത്ത് തലോടുന്നുണ്ടാകും. ആ ഒരു കുളിർമ്മ… ഏതൊ സ്വപ്നലോകത്തിലേയ്ക്കെന്നെ കൂട്ടിക്കൊണ്ട് പോകും.
അങ്ങനെ ഇരിക്കുമ്പോൾ, അങ്ങകലെ പാടത്തിന്നക്കരെയുള്ള ചില വീടുകളിൽ ചെറിയ വെളിച്ചം കാണും. നക്ഷത്ര വിളക്ക് തൂക്കിയിട്ടിരിക്കുന്നത് കണ്ട് തുടങ്ങും. എന്റെ കുഞ്ഞു മനസ്സ് സന്തോഷം കൊണ്ട് തുടിക്കും ആ നക്ഷത്ര വിളക്കുകൾ കാണുമ്പോൾ..
വളരെ ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ നോട്ട് പുസ്തകത്തിൽ നിന്നും പേപ്പർ വലിച്ചു കീറി അതിൽ മൂന്നാലു നക്ഷത്രങ്ങളെ വരച്ചാൽ ക്രിസ്തുമസ് ആശംസാ കാർഡുകളായി. അതാണ് കൂട്ടുകാർ പരസ്പരം കൈമാറിയിരുന്നത്.
പിന്നീട് കിളിമാനൂരിൽ പുതിയതായി തുടങ്ങിയ കട “ബ്യൂട്ടീസ് ഷോപ്” – അവിടെ നിന്ന് സ്വർണ്ണ വർണ്ണത്തിലുള്ള മണികളും മെഴുകുതിരിയും മറ്റ് അലങ്കാരങ്ങളും പൂക്കളും ഒക്കെയുള്ള ആശംസാകാർഡുകൾ വാങ്ങി കൂട്ടുകാർക്ക് അയയ്ക്കുമായിരുന്നു. കൂട്ടുകാരുടെ ആശംസാകാർഡുകളെ കാത്തിരിക്കുന്ന ആ ഉദ്ദ്വേഗപൂർണ്ണമായ നിമിഷങ്ങൾ ഞാൻ ദാ ഇപ്പോഴും കൂടി മനസ്സിൽ അറിയുന്നു.
എത്ര സുന്ദരമായ , ഇന്നും മനസ്സിൽ വർണ്ണ മയിൽപ്പീലി പോലെ കാത്ത് സൂക്ഷിക്കുന്ന ആ ഓർമ്മകൾക്ക് മധുരം ഏറെയാണ്.
ശൈലജ വർമ്മ ✍
ലളിതമായ ഭാഷയിൽ കൊച്ചോർമ്മകൾ ക്രിസ്തുമസ് രാത്രികൾ. ആശംസകൾ ശൈലജ
സുന്ദരമായ ഓർമ്മകൾ…. അല്ലേ