വിശുദ്ധ ബൈബിളിൽ ലുക്കോസ് 2=10,11 പറയുന്നു. ” സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. “
ലോകത്തിലേക്ക് വന്ന സമാധാനത്തിന്റെ പ്രതിനിധിയായിരുന്നു യേശു.ലോക ജനത്തെ പാപത്തിൽ നിന്ന് മോചനം കൊടുക്കാൻ തന്റെ രക്തവും ജീവനും യാഗമായി നൽകിയ സമാധാന പുത്രൻ. ആ ദൈവപുത്രന്റെ ജന്മദിനം ജാതിമത ഭേദമന്യേ ലോകമെങ്ങും ആഘോഷിക്കുന്നു.
ഓർമ്മയിലെ ക്രിസ്തുമസ്സ് ദിനങ്ങളിലൂടെ സഞ്ചരിച്ചാൽ സന്തോഷവും വേദനയും നിറഞ്ഞ കാലഘട്ടം.വീടിനടുത്തുള്ള ക്രിസ്ത്യൻ കുടുംബം ബേബിച്ചായൻ, അമ്മിണിയമ്മ, അച്ചായൻ, സിൽബി ചേച്ചി, മേഴ്‌സി ചേച്ചിയും അടങ്ങുന്ന കുടുംബമായിരുന്നു. ആ വീട്ടിലെ ക്രിസ്തുമസ്സ് ആഘോഷങ്ങൾക്കൊപ്പം ഞങ്ങളും ചേരും.
കുട്ടികളായ ഞങ്ങൾ ഓണം കഴിഞ്ഞു ക്രിസ്തുമസ്സ് കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഡിസംബർ മാസത്തിലെ തണുപ്പും, ബാല്യ നിഷ്കളങ്കതയും, ഗൃഹാതുരുത്വത്തിന്റെ തീഷ്ണതയുമിന്നും മനസ്സിന്റെ ചിപ്പിക്കുള്ളിൽ സ്നേഹാമൃതത്തിന്റെ മധുരം നിറയുന്നു..
ആദ്യ ആഴ്ചയിൽ തന്നെ പത്തു പൈസ തുട്ടുകൾ നക്ഷത്ര വിളക്ക് ഒരുക്കുവാനുള്ള വർണ്ണ കടലാസുകൾ വാങ്ങാൻ സമ്പാദിക്കും. ആ പൈസകൾ കൊണ്ടാണ് നാലു വീടുകളിലേക്കുള്ള നക്ഷത്രങ്ങൾ ഉണ്ടാക്കുന്നത്. പരസ്പരം സ്നേഹത്തോടെ ഒത്തൊരുമയോടെയെല്ലാം വീതിച്ചെടുക്കും. സ്കൂളിൽ പോയി വന്നാലെല്ലാവരും ചേർന്നു നക്ഷത്രം ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനുള്ളിൽ കത്തിക്കുവാനുള്ള മണ്ണെണ്ണ വിളക്കും, തോരണങ്ങളും തയ്യാറാക്കി വെയ്ക്കുമിതാണ് ക്രിസ്തുമസ്സിനുള്ള ആദ്യ ഒരുക്കങ്ങൾ.
ഓരോ വർഷവും കുഞ്ഞേശുവിന്റെ, കന്യാമറിയത്തിന്റെ, ആട്ടിടയന്മാരുടെ, ആടുകളുടെ രൂപമെല്ലാം ചെളിയിൽ ഉണ്ടാക്കിവെയ്ക്കും. കച്ചിയും, പുല്ലും, പനയോല കൊണ്ടുണ്ടാക്കുന്ന പുൽക്കൂടുയെത്ര ഒരുക്കിയാലും ത്യപ്തി വരാതെ ക്രിസ്തുമസ്സ് തലേരാത്രിയിലും ഒരുക്കങ്ങൾ തുടരും.
ഇന്നും വേദനയോടെ ഓർക്കുന്ന ക്രിസ്തുമസ്സ് തലേ രാത്രിയിൽ വിളക്ക് കത്തിച്ചു നക്ഷത്രത്തിന്റെയകത്തുവെച്ചു തിരിച്ചിറങ്ങുമ്പോൾ എങ്ങുനിന്നോ പാറി വന്ന കാറ്റു ഞങ്ങളുടെ സ്വപ്നമാകുന്ന നക്ഷത്രം നൊടിനേരം കൊണ്ടു കമ്പികൾ മാത്രം അവശേഷിപ്പിച്ചു കത്തി ചാമ്പലായി. ഞങ്ങളുടെ നിലവിളികൾ കേട്ട് ചുറ്റുവട്ടത്തെ വീടുകളിലുള്ളയെല്ലാവരും എന്റെ വീട്ടിലെത്തി. സമാധാനത്തിന്റെ വാക്കുകളിൽ എല്ലാവരും ആശ്വാസവും, സ്വാന്തനവും പകർന്നു.
അന്ന് ഞാനും അനിയത്തിയും, അനിയനും കരഞ്ഞു തീർത്ത വേദനയ്ക്കു ഇന്നും ഓർമ്മകളിലെ വസന്തത്തിന്റെ നഷ്ട സുഗന്ധമായിരുന്നു.
ബന്ധുക്കളായ കുട്ടികൾ കരോൾ ഗാനങ്ങൾ പാട്ടയിൽ കൊട്ടി ക്രിസ്തുമസ്സ് അപ്പൂപ്പനായി ഒരാളെ തെരഞ്ഞെടുത്തു ചുറ്റുവട്ടത്തെ ബന്ധു വീടുകളിൽ പോകും. അവിടെ നിന്നൊക്കെ കിട്ടുന്ന ചില്ലറ തുട്ടുകൾ അടുത്ത വർഷത്തേയ്ക്ക് വർണ്ണ കടലാസ്സുകൾ വാങ്ങാനുള്ള മുതൽക്കൂട്ടാണ്. പിന്നീട് അച്ഛൻ വാങ്ങുന്ന ചെറിയ കേക്കും, വർഷത്തിൽ ഒരു പ്രാവശ്യം മാത്രം വാങ്ങി കറിവെയ്ക്കുന്ന പോത്തിറച്ചിയുടെയും കള്ളപ്പത്തിന്റെ രുചിയുമിന്നും മായാതെ നാവിൽ വരാറുണ്ട്.
ഇപ്പോളും മായാതെ മങ്ങാതെ ഹൃദയത്തിൽ സ്നേഹമായി യേശു വാഴുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും സമാധാനത്തിന്റെയും, നന്മയുടെയും,ഐശ്വര്യത്തിന്റെയും ക്രിസ്തുമസ്സ് ആശംസകൾ 🙏
പ്രീതി രാധാകൃഷ്ണൻ ✍
Super
സ്നേഹം ♥️
Super
🤩🤩
സ്നേഹമാർന്ന ഓർമ്മയുടെ ഒരു പാട് മധുരങ്ങൾ . ഇടയ്ക്ക് കയറി കീഴടക്കുന്ന ചില അഭിശപ്ത ദു:ഖ നിമിഷ ചിന്തകൾ, എല്ലാം ജീവിതത്തിന്റെ എങ്കിലും അവയ്ക്കിടയിൽ കൂടുതൽ നിറയ്ക്കുന്നത് ഈ വിധം കദനങ്ങൾ തന്നെ …..
Nice
നല്ലെഴുത്ത്