17.1 C
New York
Wednesday, January 19, 2022
Home Special ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം - (1)

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻ
വയ്യ.

അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്. അന്നത്തെ കാലത്ത് ഒരു ക്രിസ്തുമസിനും എന്റെ വീട്ടിൽ കേക്ക് മുറിച്ചതായി എനിക്ക് ഓർമയില്ല. അപ്പൻ പണിക്കു പോകുന്ന വീട്ടിൽനിന്നും ക്രിസ്തുമസിന്റെ അന്ന് വൈകുന്നേരം അവര് അപ്പന്റെ കൈയ്യിൽ ആളെണ്ണം കണക്കാക്കി കൊടുത്തു വിടുന്ന കേക്കിൻ കഷ്ണം. അതാണ് ങ്ങങ്ങളുടെ ക്രിസ്തുമസ് കേക്ക്. അന്നും പതിവുപോലെ അപ്പൻ കേക്ക് കഷ്ണങ്ങൾ കൊണ്ടുവന്നു. ഞങ്ങൾ മക്കൾ മൂന്നു പേരും അമ്മയും അപ്പനും കൂടി അത് കഴിക്കും. എന്നാൽ എല്ലാ വീട്ടിലെയും പോലെ ഒരു വലിയ ക്രിസ്തുമസ് കേക്ക് മേടിച്ചു മുറിക്കുക എന്റെ സ്വപ്‍നം ആയിരുന്നു. ഞാൻ അപ്പനോട് കാര്യം പറഞ്ഞു. അപ്പൻ തന്റെ മടിയിൽ നിന്നും ഉള്ള കാശ് എടുത്തു തന്നിട്ട് പറഞ്ഞു. കവലക്കു പോയി മേടിച്ചു കൊണ്ടുവരാൻ. ഞാൻ ഞങ്ങളുടെ ഗ്രാമത്തിലെ കവല ലഷ്യമാക്കി സന്തോഷത്തോടെ നടന്നു. അല്ല ഓടുകയാരുന്നു. ക്രിസ്തുമസ് കേക്ക് മേടിച്ചു കൊണ്ടുവരുവാനുള്ള സന്തോഷത്താൽ ഉള്ള ഓട്ടം.

കവലയിലെ ആ ബേക്കറിയിൽ നിന്നും അപ്പൻ ഇടക്ക് പച്ച റൊട്ടിയും മൊരിച്ച റൊട്ടിയും റെസ്‌കും മേടിക്കാറുണ്ട്. അങ്ങനെ അപ്പന്റെ കൂടെ പോയിട്ടുള്ളതു കൊണ്ട് എനിക്ക് കട അറിയാം. വീട്ടിൽ നിന്നും കവലക്ക് ഒന്നര കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും പൈസയുടെ മടുപ്പുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും മിക്കപ്പോഴും നടക്കുകയാണ് പതിവ്. ഞാൻ കേക്കുമായി തിരികെ വരുന്നതും കാത്ത് അനിയനും പെങ്ങളും ഇരിക്കുന്ന കാര്യംകൂടി ഓർത്തപ്പോൾ എന്റെ ഓട്ടത്തിന് വേഗം കൂടി. മാത്രമല്ല ഇരുട്ട് ആയി തുടങ്ങുകയും ചെയ്തു. റോഡിന്റെ ഇരു സൈഡിലുമുള്ള വീടുകളിൽ പല വർണ്ണങ്ങളിലുമുള്ള നഷത്ര വിളക്കുകൾ തൂങ്ങി കിടക്കുന്നു. പടക്കം പൊട്ടുന്നു. പക്ഷേ അതിൽ ഒന്നിലും എന്റെ കണ്ണുകൾ ഉടക്കിയില്ല. കാരണം ക്രിസ്തുമസ് കേക്ക് മേടിച്ച് വീട്ടിൽ കൊണ്ടുവന്നു മുറിക്കാനായി ഞാൻ ബേക്കറി ലഷ്യമാക്കിയുള്ള ഓട്ടത്തിൽ ആണല്ലോ. ഞാൻ ബേക്കറിയുടെ മുന്നിൽ എത്തി. കേക്ക് മേടിക്കാനുള്ള ആളുകളുടെ തിരക്ക്.

എന്നെ കടക്കാരൻ കണ്ടെങ്കിലും തിരക്ക് ഒന്നു കുറഞ്ഞപ്പോൾ ആണ് കണ്ണാടി അലമാരയിൽ നോക്കി കേക്കിന്റെ ഭംഗി ആസ്വദിച്ചു നിക്കുന്ന എന്നോട് എന്തിനാടാ വന്നത് എന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു ഒരു കേക്ക് വേണം. കേക്ക് തരുന്നതിനു മുമ്പ് അയാൾ എന്റെ കൈയിലെ പൈസ മേടിച്ച് എണ്ണി നോക്കി. എന്നിട്ട്അയാൾ എന്നെ നോക്കി പറഞ്ഞു. ഇത്‌ ആറു രൂപയെ ഉള്ളു. ഒൻപതു രൂപ വേണം എന്ന്. എന്റെ കൈയിൽ ഇത്രയുമേ ഉള്ളു എന്ന് പറഞ്ഞപ്പോൾ അയാൾ ആ പൈസ എന്റെ കൈയിൽ തിരികെ തന്നിട്ട് പറഞ്ഞു. ഈ പൈസക്ക് കേക്ക് കിട്ടത്തില്ല എന്ന്. ഒറ്റ നിമിഷം കൊണ്ട് എന്റെ കേക്ക് സ്വപ്നം പൊലിഞ്ഞു. കരച്ചിലിന്റെ വക്കിലെത്തിയ ഞാൻ കേക്കുമായി വരുന്ന ഏട്ടനെയും കാത്ത് വീട്ടിൽ ഇരിക്കുന്ന അനിയനെയും പെങ്ങളെയും ഓർത്ത് നിരാശനായി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അയാൾ എന്നെ വിളിച്ചു. ഇങ്ങുവാടാ. ഞാൻ സന്തോഷത്തോടെ തിരിഞ്ഞപ്പോൾ അയാൾ പറഞ്ഞു. ആ പൈസ ഇങ്ങു താ. ഓ ഞാൻ വിചാരിച്ചു അപ്പൻ ഇടക്കു കടയിൽ ചെല്ലാറുള്ളതുകൊണ്ട് ബാക്കി പൈസ അപ്പനോട് വാങ്ങിച്ചോളാം എന്നും പറഞ്ഞു കേക്ക് തരാൻ പോകുവാരിക്കും എന്ന്. അയാൾ അലമാര തുറന്ന് ബട്ടർ പേപ്പറിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന അഞ്ചാറു കഷ്ണം കേക്ക് ഒരു കവറിൽ ഇട്ടു തന്നു. ഒരു ക്രിസ്തുമസ് കേക്ക് എന്ന സ്വപ്നം ബാക്കി ആക്കി നിരാശയോടും സങ്കടത്തോടും ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.

ക്രിസ്തുമസ് തലേന്ന് സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ എല്ലാ വീടുകളിൽ നിന്നും പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ മക്കൾ മൂന്ന് പേരും മുറ്റത്തു ഇറങ്ങി നിൽക്കും. മറ്റു വീടുകളിലെ പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാൻ. കാരണം ഞങ്ങളുടെ വീട്ടിൽ പടക്കം മേടിക്കാൻ ഉള്ള സമ്പത്തികം അന്നില്ല. അകലെ പൊട്ടുന്ന പടക്കത്തിന്റെ ശബ്ദം കേൾക്കാനേ കഴിയുമായിരുന്നുള്ളു. എന്നാൽ അടുത്ത വലിയ വീട്ടിലെ ആ വലിയ മനുഷ്യൻ അവരുടെ വീട്ടിൽ മേടിച്ചിരിക്കുന്ന പടക്കം പൊട്ടിക്കുന്നതിനു മുമ്പ് ങ്ങങ്ങളെ വിളിക്കും. ഞങ്ങൾ മക്കൾ മൂന്നു പേരും പോകും. അവിടെ ആ മനുഷ്യൻ അവരുടെ മക്കളോടൊപ്പം അത് പൊട്ടിച്ച് ആസ്വദിക്കുമ്പോൾ അടുത്ത് നിന്ന് ഞങ്ങൾ അത് കണ്ട് ആസ്വദിക്കും.എന്നിട്ട് നേരം വെളുത്തു കഴിയുമ്പോൾ ഞാൻ പോകും. തലേ ദിവസം അവിടുത്തെ ചാമ്പ മരത്തിന്റെ കമ്പിൽ കെട്ടി പൊട്ടിച്ച മാ ലപ്പടക്കത്തിൽ നിന്നും പൊട്ടാതെ താഴെ വീണു കിടക്കുന്ന ബീഡി കുറ്റി പോലുള്ള പടക്കം പെറുക്കാൻ. അത് വീട്ടിൽ കൊണ്ടുവന്നിട്ടു പൊട്ടിക്കാൻ ശ്രെമിക്കും. മഞ്ഞുകൊണ്ട് തണുത്തു കിടന്നതായതുകൊണ്ട് അത് എവിടെ പൊട്ടാൻ. പിന്നെ എന്തു ചെയ്യും എന്ന് ചോദിച്ചാൽ ആ പടക്കം പൊളിച്ചു അതിനുള്ളിലെ കരിമരുന്നു മൊത്തം ഒരു പേപ്പറിൽ നിരത്തിയിട്ടു അത് വെയിലത്ത്‌ വെച്ചു ഉണങ്ങി ചൂട് പിടിച്ചു കഴിയുമ്പോൾ അതിനു തീ കൊടുക്കും. അത് ആളി കത്തുന്നത് കണ്ടു ആസ്വദിക്കുന്നതോടു കൂടി ആ വർഷത്തെ ഞങ്ങളുടെ പടക്കം പൊട്ടീര് കഴിയും.ഒരു പ്രാവശ്യം മറ്റൊരു വീട്ടിൽ നിന്നും ഇതു പോലെ പടക്കത്തിന്റെ പൊട്ടാത്ത കുറ്റി തപ്പി പെറുക്കി പോന്നപ്പോൾ അവരുടെ വീട്ടിൽ നിന്നും ആരോ ഉറക്കെ പറയുന്നത് കേട്ടു. ആരോ തരി പെറുക്കാൻ വന്നന്ന്. പിന്നീട് ഞാൻ അവിടുന്ന് പടക്കത്തിന്റെ പൊട്ടാത്ത കുറ്റി (അവരുടെഭാഷയിൽ തരി)പെറുക്കാൻ പോയിട്ടില്ല. പിന്നീട് ഈ വീടുകളിൽ അവർ അവരുടെ പറമ്പിലെ കരിയില കൂട്ടി കത്തിക്കുമ്പോൾ അതിനുള്ളിൽ നിന്നും അന്ന് പൊട്ടാതെ കിടന്ന ചില പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കാൻ നല്ല രസം ഉണ്ട്. ആ കരിയില മുഴുവൻ കത്തി തീരുന്നതു വരെ അതിന്റെ അരികിൽ ഇരിക്കും പടക്കം പൊട്ടുന്നതു കേൾക്കാൻ. അത് ഒരു രസം ആയിരുന്നു.

അന്ന് ഏറു പടക്കം എന്ന പേരിൽ ഒരു പടക്കം ഉണ്ട്. ഇന്ന് ഈ പടക്കം ഇല്ല. അന്ന് എല്ലാ മാടകടയിലും ഈ ഏറു പടക്കം മേടിക്കാൻ കിട്ടും. ഒന്നിന് പത്തു പൈസ ആണ് വില. ഈ ഏറു പടക്കം മേടിച്ച് പല വികൃതി പിള്ളാരും ഏതെങ്കിലും വീടിന്റെ പിന്നാമ്പുറത്തു ചെന്നിട്ടു അവരുടെ വീടിന്റെ ഭിത്തിയിലോ മതിലിലോ എറിഞ്ഞു പൊട്ടിക്കും. നല്ല ശബ്ദം ഉള്ള പടക്കം ആയതിനാൽ അവര് പേടിച്ചുകാണുമോ എന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യം ഇല്ലല്ലോ. ക്രിസ്തുമസിന് ഒരാഴ്ച മുമ്പ് തന്നെ മാടകടയിൽ ഒക്കെ ഈ പടക്കം എത്തുന്നത് കൊണ്ട് പള്ളിക്കൂടത്തിൽ നടന്നു പോകുന്ന കുട്ടികളുടെ പുറകിൽ പമ്മി ചെന്ന് എറിഞ്ഞു പൊട്ടിച്ചു കുട്ടികളെ പേടിപ്പിച്ചിരുന്ന വികൃതി പിള്ളാരും ഉണ്ടായിരുന്നു.മാത്രമല്ല കവലയുടെ നടുക്ക് ചൂട് പിടിച്ചു കിടക്കുന്ന വഴിയിൽ ഏറു പടക്കം എറിഞ്ഞു പൊട്ടിച്ചു നടന്നു പോകുന്ന യാത്രക്കാരെയുംസ്‌കൂട്ടറിൽ പോകുന്ന യാത്രക്കാരെയും പേടിപ്പിക്കുക. ഇതൊക്കെ ചിലരുടെ തമാശ ആയപ്പോൾ പിന്നീട് ഈ ഏറു പടക്കം നിരോധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ഏറു പടക്കം എന്താന്ന് അറിയില്ല.

ക്രിസ്തുദേവന്റെ തിരുപിറവിയെ നാം ആഘോഷപൂർവ്വം കൊണ്ടാടുമ്പോൾ, വളരെ വലിയ തുക ചിലവാക്കി പടക്കം മേടിച്ച് പൊട്ടിച്ചുകളയുമ്പോൾ, ആവശ്യത്തിലധികം കേക്ക് മേടിച്ച് തിന്നുതീരാതെ ഫ്രിഡ്ജിൽ കേറ്റി വെക്കുമ്പോൾ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ അനേകായിരങ്ങൾ തെരുവിൽ ഉണ്ട് എന്ന കാര്യം നാം മറക്കരുത്. ഒരു കഷ്ണം കേക്കിന് വേണ്ടി കൊതിക്കുന്ന അനേകം അനാഥ കുഞ്ഞുങ്ങൾ തെരുവിൽ അലയുന്നുണ്ട് എന്ന കാര്യം മറക്കരുത്. വർഷങ്ങൾക്ക് മുമ്പ് കോട്ടയം പട്ടണത്തിലെ എം എൽ റോഡിലെ കെട്ടിടത്തിന്റെ ഭിത്തിയിൽ ഏതോ നിരീശ്വരവാദി എഴുതിയിട്ട വാക്കുകൾ ഓർമ്മ വരുന്നു. “വിശക്കുന്നവന്റെ വായിലേക്ക് വേദം ഓതിയിട്ടു കാര്യം ഇല്ല “എത്ര സത്യം ഉള്ള വാക്കുകൾ. വേദം ഓതുന്നതിനോടൊപ്പം അവന്റെ വിശപ്പ്‌ മാറാനുള്ളത്കൂടി കൊടുക്കണം. തൊട്ടടുത്ത വീട്ടിൽഅവസാന സ്റ്റേജിൽ ഉള്ള ഒരു ക്യാൻസർ രോഗി ഉള്ളപ്പോളും നീ ഇപ്പുറത്തു വീട്ടിൽ ഇരുന്നു ഏറ്റവും ശബ്ദം ഉള്ള മാലപ്പടക്കം പൊട്ടിക്കുമ്പോൾ ഓർക്കണം അപ്പുറത്ത് ഒരു മനുഷ്യൻ വേദനകൊണ്ട് പുളയുന്നുണ്ട് എന്ന്. നമ്മളെ കൊണ്ട് സഹായിക്കാൻ സാധിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാൻ ശ്രെമിക്കണം.

നീ മനോഹരമായ പുൽകൂടുകളും മറ്റും ഉണ്ടാക്കി നിന്റെ വീടിന്റെ ഉമ്മറം അലങ്കരിച്ച് നീ ക്രിസ്തുവിനെ ജെനിപ്പിക്കുമ്പോൾ നിന്റെ ഹൃദയത്തിൽ നീ ക്രിസ്തുവിനെ ജെനിപ്പിക്കാതെ, നിന്റെ ഹൃദയത്തിൽ ക്രിസ്തുവിന് സ്ഥാനം കൊടുക്കാതെ നീ എത്ര വലിയ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ഒരു കാര്യവും ഇല്ല.

പണ്ട് കാലത്ത്ക്രിസ്തുമസ് ആഗതമാകുന്നതിനു രണ്ടു മാസം മുമ്പേ പാട്ടുപഠിത്തം തുടങ്ങുന്നു. മഞ്ഞും തണുപ്പും വക വെക്കാതെ എല്ലാവരും ഒത്തൊരുമയോടെ സന്ധ്യ മുതൽ നേരം വെളുക്കുന്നടം വരെ ക്രിസ്തുമസിന്റെ തലേന്ന് ബാന്റും ഡ്രമ്മും പെട്രോമാക്സും ഒക്കെ ആയി ഓരോ വീട്ടിലും കയറിഇറങ്ങി ക്രിസ്തു ദേവന്റെ ജനനം അറിയിച്ചുകൊണ്ടുള്ള പാട്ടുംപാടി സന്ദേശവും അറിയിച്ചു നടന്നു നടന്നു ഇടക്ക് ഏതെങ്കിലും വീട്ടിൽ തയ്യാറാക്കിയിരിക്കുന്ന കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും കുടിച്ചു അടുത്ത വീട് ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്നു. ഇടക്ക് ഇടക്ക് പെട്രോമാക്സ് പമ്പ് ചെയ്തു വെട്ടം കൂട്ടുന്നതും ആ സമയത്തു തണുപ്പ് മാറാൻ അതിന്റെ ചുവട്ടിൽ ഇരിക്കുന്നതും ഇന്നലെ എന്ന പോലെ ഓർമയിൽ എത്തുന്നു…

ഒരിക്കൽ ഒരുവലിയ പണക്കാരന്റെ വീട്ടിൽ ഞങ്ങൾ മൂന്നു പാട്ടു പാടിയിട്ടും ആ വീട്ടുകാർ ഉണരുകയോ എഴുന്നേറ്റു വരികയോ ചെയ്തില്ല. ഞങ്ങൾ നിരാശയോടെ വഴിയിൽ ഇറങ്ങി കഴിഞ്ഞപ്പോൾ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഒരു വിരുതൻ ഒരു കല്ല് എടുത്ത് ആ വീടിന്റെ ജനലിനിട്ടു ഒറ്റ ഏറ്‌. ഏറു ജനലെ കൊണ്ടതും ആ വീട്ടിന്റെ ലൈറ്റ് തെളിഞ്ഞതും വീട്ടുകാരൻ വെളിയിൽ ഇറങ്ങി ഞങ്ങളോട് ഒച്ചയിട്ടതും ഞങ്ങൾ ഒറ്റ ഓട്ടം. ഇതാണോടാ നിന്റെ ഒക്കെ ക്രിസ്തുമസ് കരോൾ എന്ന് ചോദിച്ചുകൊണ്ട് അയാൾ അയാളുടെ മുറ്റത്തു കിടന്ന ചരൽ വാരി ഞങ്ങടെ നേരെ എറിഞ്ഞു. “ഉണരുക ഉണരുക സന്തോഷമോടെ നീ, പാടിടുക പാടിടുക ക്രിസ്തുവിൻ ജനനത്തെ… “എന്ന ഗാനം ഉറക്കെ ഉറക്കെ ഞങ്ങൾ പാടിയിട്ടും ഉണരാതിരുന്ന (ഉണർന്നിട്ടും മിണ്ടാതെയും ലൈറ്റ് തെളിക്കാതെയും ഇരുന്നതാണന്നുള്ള കാര്യം നമ്മുക്ക് ഊഹിക്കാമല്ലോ )ആ വീട്ടുകാർ ഒറ്റ ഏറിനു ഉണർന്നു. (എറിഞ്ഞവനെ ഞാൻ ന്യായീകരിക്കുകയല്ല. ആ ഏറു ചില്ലിൽ കൊള്ളാതെ ജനലിന്റെ ചട്ടത്തിൽ കൊണ്ടതുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.) പത്തു രൂപ കൊടുക്കുവാനുള്ള മടി കൊണ്ടായിരിക്കുമല്ലോ അവർ കതകു തുറക്കാഞ്ഞത്. വീടിന്റെ തിണ്ണയിലും മുറ്റത്തും മനോഹരമായി ദീപലങ്കാരങ്കൾ കൊണ്ട് ട്രീയും പുൽകൂടും ഉണ്ടാക്കി വെച്ചിട്ട് എന്തു കാര്യം. അവിടെ ക്രിസ്തു ജനിക്കുമോ?. അവർ ക്രിസ്തുവിനെ അവിടെ ജെനിപ്പിക്കാൻ എത്ര ശ്രെമിച്ചാലും ഉണ്ണി യേശു അവിടുന്ന് എഴുന്നേറ്റു ഓടും!.

ഇന്നുള്ള ക്രിസ്തുമസ് ആഘോഷം എത്രയോ മാറി. അന്ന് അപ്പൻ കടയിൽ നിന്നും വർണ്ണപേപ്പർ വാങ്ങി കൊണ്ടുവന്ന് പശ ഉണ്ടാക്കി അത് മടൽ കീറി ഉണ്ടാക്കിയ ചട്ടത്തിൽ ഒട്ടിച്ച് വലിയ നക്ഷത്രം ഉണ്ടാക്കി അപ്പൻ തന്നെ പറമ്പിൽ ഉള്ള ഏറ്റവും ഉയരം കൂടിയ മരത്തിന്റെ മണ്ടയിൽ നെഞ്ചും ഒരച്ചു കേറി കെട്ടും. എല്ലാദിവസവും നക്ഷത്രത്തിന്റെ അറ്റത്തു കെട്ടിയിരിക്കുന്ന ചരടിൽ പിടിച്ചു വലിച്ച് നക്ഷത്രം താഴെ ഇറക്കി അതിനകത്തു വെച്ചിരിക്കുന്ന വിളക്ക്‌ കത്തിച്ച് (അന്ന് വീട്ടിൽ കറണ്ട്‌ ഇല്ലാത്തതിനാൽ ഇതേ ഉള്ളു മാർഗം). മുകളിലേക്ക് ഉയർത്തി മരത്തിന്റെ ഏറ്റവും അറ്റത്തു ഉറപ്പിക്കുന്നു. അങ്ങനെ ഒരു ദിവസം അപ്പൻ വരാൻ താമസിച്ചപ്പോൾ ങ്ങങ്ങൾ പിള്ളാര്‌ തന്നെ ഈ നക്ഷത്രം താഴെ ഇറക്കി അതിൽ ഉള്ള വിളക്ക് കത്തിച്ച് ഉയർത്തി. മരത്തിന്റെ മുക്കാൽ ഭാഗം ഉയരത്തിൽ എത്തിയപ്പോൾ വിളക്ക് മറിയുകയും നക്ഷത്രം തീ പിടിച്ചു അങ്ങോട്ട്‌ ഉയർത്തിയതിനേക്കാൾ വേഗത്തിൽ താഴേക്കു പതിക്കുകയും ചെയ്തു. അപ്പന്റെ കൈയിൽ നിന്നും അടി പേടിച്ച് ഇരുന്ന ങ്ങങ്ങളെ അപ്പൻ സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയും അടുത്ത നക്ഷത്രം കഷ്ടപ്പെട്ട് ഉണ്ടാക്കുകയും ചെയ്തു.

ക്രിസ്തുമസ് കരോൾ ഗാന ആലാപനവുമായി ഭവനങ്ങൾ തോറും കയറി ഇറങ്ങി പോയ ആ പഴയ കാലത്തിലേക്കു പോയപ്പോൾ ആണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. ഞങ്ങൾ ഒരു മറ്റപ്രദേശത്തുകൂടി ഒരു വീട് ലക്ഷ്യമാക്കി നടക്കുകയാണ്. മറ്റപ്രദേശം ആയതുകൊണ്ട് മാക്രിയുടെയും ചീവീടിന്റെയും ശബ്ദം കൂടുതൽ ഉണ്ട്. ഇടക്ക് ഒരു പറമ്പിൽ നിന്നും മറ്റേ പറമ്പിലേക്ക് കടക്കണമെങ്കിൽ ചെറിയ തടിപ്പാലം കേറണം. മറ്റത്തിന്റെ നടുക്കൂടെ ഉള്ള ചെറിയ കൈത്തോട്. കൈത്തോട് ആണെങ്കിലും നല്ല മഴ സമയത്തു ഈ കൈത്തോട്ടിലേക്ക് നല്ല വെള്ളം വരവാണ്.വാടകക്ക് എടുത്ത പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഓരോരുത്തരായി ഈ തെങ്ങുംതടിയിൽ കയറി വേണം അപ്പുറത്ത് കടക്കാൻ. അങ്ങേ കരയിൽ ഇരുന്ന പെട്രോമാക്സ് ഇടക്ക് മുന്നേ പോകുന്നവരെ വെട്ടം കാണിക്കാൻ ഒന്നു വെട്ടിച്ചു. പ്ലാവിൽ നിന്നും വലിയ ചക്ക വെള്ളത്തിൽ വീഴുന്ന പോലൊരു ശബ്ദവും അതോടൊപ്പം അയ്യോ എന്നൊരു നിലവിളിയും. നോക്കിയപ്പോൾ കൂടെയുണ്ടായിരുന്ന ഒരു പയ്യൻ അതാ വെള്ളത്തിൽ. പാലമാകുന്ന തെങ്ങും തടിയിൽ നിന്നും താഴെ വെള്ളത്തിൽ വീണ ശബ്ദം ആണ് കേട്ടത്. പെട്ടന്ന് തോട്ടിലിറങ്ങി അവന് കയ്യെ പിടിച്ചു കരക്ക് കയറ്റി. തണുത്തു വിറച്ച പയ്യനെ പിന്നെ പെട്രോമാക്സിന്റെ ചൂടത്തു ഇരുത്തി അടുത്ത വീട്ടിൽനിന്നും പാതിരാക്ക് വസ്ത്രം വാങ്ങി നനഞ്ഞതുമാറ്റി ഉടുപ്പിച്ചു. അങ്ങനെയും ഒരു കാലം.

അന്നത്തെ കാലത്ത് നമ്മൾ ക്രിസ്തുമസ് ട്രീ ഉണ്ടാക്കിയിരുന്നത് ഏതെങ്കിലും നല്ല ഒരു മരത്തിൽ നിന്നും നല്ല ഒരു ശികരം അതും ധാരാളം കമ്പുകൾ ഉള്ളത് നോക്കി വെട്ടി അതിൽ നല്ല വർണ്ണ കടലാസുകൾ ഒട്ടിച്ചു തൂക്കിയിട്ട് ബെലൂൺ വീർപ്പിച്ചു അതും തൂക്കി പഴയതും പുതിതുമായ ക്രിസ്തുമസ് കാർഡുകളും കെട്ടി തൂക്കി ആ കുഞ്ഞു മരം (കൂടുതലും ഇല്ലി കമ്പാണ് ഉപയോഗിക്കുന്നത്. അതിനാകുമ്പോൾ ചെറിയ ഇലയും കമ്പുമാണല്ലോ.)മുറ്റത്തു നാട്ടി അതിൽ കുഞ്ഞു കുഞ്ഞു നക്ഷ‌ത്രങ്ങളും ഇട്ടു കഴിയുമ്പോൾ ക്രിസ്തുമസ് ട്രീ ആയി. അതിന്റെ ചുവട്ടിൽ ആയി കച്ചിയും പുല്ലും ഒക്കെ കൊണ്ടുണ്ടാക്കിയ ഒരു പുൽകൂടും തയ്യാറാക്കി അതിൽ ഉണ്ണി ഈശോയുടെയും കാലികളുടെയും വിധ്വാൻമാരുടെയും കുഞ്ഞുരൂപങ്ങളും ഒക്കെ വെച്ചു കഴിയുമ്പോൾ പുൽകൂടും ആയി. അന്ന് അപ്പുറത്തെ വീട്ടിലെയും ഇപ്പുറത്തെ വീട്ടിലെയും കുട്ടികളുടെപരസ്പര സഹകരണം ഈ വക കാര്യത്തിൽ എല്ലാം ഉണ്ടായിരുന്നു. ഇന്ന് ആ സഹകരണം ഒക്കെ എവിടെയോ പോയി മറഞ്ഞു. ഇന്ന് റെഡിമെയ്ഡ് ട്രീയും പുൽകൂടും ഒക്കെ ആയപ്പോൾ ആ വക കാര്യങ്ങൾ ഒക്കെ അന്യം നിന്നപോലെ ആയി. ക്രിസ്തുമസ് കാർഡ് പോലും തീരെ വിരളം.ആ വക ഓർമ്മകൾ ഉള്ള കാലം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും പലപ്പോഴും.

ക്രിസ്തുമസ് സമയത്തു പാതിരാത്രിയിൽ പള്ളിയിലെ തീ ജ്വാല ശുശ്രൂഷയുടെ സമയത്തു പ്രാർത്ഥനയുടെ മധ്യത്തിൽ ശുശ്രുഷകൻ മരകഷ്ണങ്ങളും ചൂട്ടും ഒക്കെകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ആ കൂമ്പാരത്തിലേക്ക്പുരോഹിതൻ തീ കൊളുത്തി അത് കത്താൻതുടങ്ങിയപ്പോൾ അടുത്ത പ്രാർത്ഥന ആരംഭിച്ചതും ഈ തീ ജ്വാലയിൽ നിന്നും അതി ഭയങ്കരമായ ശബ്ദത്തോടെ ഏതാനും അമിട്ടുകൾ (വലിയ ശബ്ദം ഉള്ള പടക്കം )പൊട്ടി.തീ ജ്വാലയുടെ അടുത്ത് പ്രാർത്ഥനയിൽ മുഴുകി നിന്ന എല്ലാവരും (പുരോഹിതനടക്കം)ഒരു നിമിഷത്തേക്ക് ഞെട്ടി പോയി എന്ന് പ്രത്യേകം പറയണ്ടല്ലോ. ഏതോ വികൃതി പയ്യൻ ഇതിനകത്തു ഒളിപ്പിച്ച പടക്കം ആണ് പൊട്ടിയത്…

അങ്ങനെ എത്ര എത്ര ക്രിസ്തുമസ് ഓർമ്മകൾ….

ഇന്ന് എല്ലാം റെഡിമെയ്ഡ് കിട്ടുമല്ലോ. പുൽകൂടും റെഡിമെയ്ഡ്. വണ്ടിയിൽ സെറ്റു ചെയ്തു വച്ച വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഏതെങ്കിലും ഒക്കെ സ്ഥലങ്ങളിൽ നിർത്തി പാട്ടുപാടി അവസാനിപ്പിക്കുന്നു. പണ്ടത്തെ പോലെനേരം വെളുക്കുന്ന വരെ ഉറങ്ങാതിരിക്കാൻ ഇന്നത്തെ തലമുറ തയ്യാർ അല്ലല്ലോ. ഇനി ഇതും അല്ലെങ്കിൽ പള്ളീന്നു ഓരോ കവർ എല്ലാവർക്കും കൊടുത്തിട്ട് അച്ചൻപള്ളിയിൽ വിളിച്ചു പറയും. എല്ലാരും ക്രിസ്തുമസിന് പള്ളിയിൽ വരുമ്പോൾ ഈ കവറിൽ സംഭാവന ഇട്ടു കൊണ്ടുവരണം എന്ന്.

ഓർമ്മലെ ക്രിസ്തുമസിനെ കുറിച്ച് അടുത്ത ക്രിസ്തുമസ് വരെ എഴുതിയാലും തീരത്തില്ല. ക്രിസ്ത്യാനി എന്ന് അഭിമാനിച്ചുകൊണ്ട് നടക്കുന്ന നാം ഇനിയെങ്കിലും നമ്മുടെ ഹൃദയത്തിൽ ക്രിസ്തുവിന് ഒരു സ്ഥാനം കൊടുക്ക്. കൊറോണ മൂലം വീട്ടിൽ ഇരുന്നു വി:കുർബാനയും ദുഃഖവെള്ളിയും ക്രിസ്തുമസും ഒക്കെ കണ്ട് ഇപ്പം പള്ളി തുറന്ന് ആരാധന തുടങ്ങിയപ്പോൾ എല്ലാർക്കും പള്ളിയിൽ പോകാൻ മടിയായി. അത് മാറണം. നാം പള്ളിയിൽ പോയി തന്നെ ഈ വക ചടങ്ങുകളിൽ പങ്കെടുക്കണം.

എത്രയും വേഗം കൊറോണ എന്ന മാരക രോഗത്തിന്റെ അവസാന കണികയും ഈ ലോകത്തിൽ നിന്നും മാഞ്ഞുപോയി പഴയതുപോലെ ഈ ലോകം ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ലോകത്തിലെ എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ക്രിസ്തുമസ് ആശംസിച്ചുകൊണ്ട് ഏതാണ്ട് രണ്ടായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് അങ്ങകലെ ബേതല ഹേംമിലെ കാലിതൊഴുത്തിൽ പിറന്നതിലൂടെ ഉണ്ണിയേശു ലോകത്തിനു കാണിച്ചു തന്ന എളിമയും താഴാഴ്മയും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഈ വർഷത്തെ ക്രിസ്തുമസ് ഇടയായി തീരട്ടെ എന്ന് ആശംസിച്ചു കൊണ്ട് പ്രാർത്ഥിച്ചുകൊണ്ട് തല്ക്കാലം ഈ എഴുത്ത് നിർത്തുന്നു…..


സ്നേഹപൂർവ്വം,
നൈനാൻ വാകത്താനം
അൽ ഐൻ, യു എ ഇ.

COMMENTS

25 COMMENTS

  1. ഓർമകളിലേക്ക് ഒരു മടക്കം..
    ആസ്വദിച്ചു വായിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: