17.1 C
New York
Wednesday, September 22, 2021
Home Special “ഓർമ്മച്ചെപ്പ് തുറന്നപ്പോൾ”

“ഓർമ്മച്ചെപ്പ് തുറന്നപ്പോൾ”

ശൈലജ വർമ്മ, ആസ്‌ട്രേലിയ.

ബാല്യം മധുരം

കിളിമാനൂർ കൊട്ടാരത്തിൽ ചിലവഴിച്ച ബാല്യകാലം എത്ര വട്ടം പറഞ്ഞാലും തീരാത്ത മധുരമുള്ള നാരങ്ങാമിട്ടായി പോലെ , നുണയും തോറും മധുരമേറി വരുന്നൊരു ഓർമ്മയാണു.

ലോകപ്രശസ്ത ചിത്രകാരനായിരുന്ന രാജാരവിവർമ്മ ജനിച്ച്‌ വളർന്ന കൊട്ടാരത്തിൽ താമസിച്ചു എന്നതു തന്നെ മഹാപുണ്യമായി കരുതുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, അദ്ദേഹം കരിക്കട്ട കൊണ്ട്‌ വരച്ച കൊട്ടാരച്ചുവരുകളും ആ അന്തരീക്ഷവും എല്ലാം എനിക്കും അന്യമല്ലല്ലോ എന്ന ചിന്തയിൽ തന്നെ മനസ്സ്‌ നിറയുന്നു.

കുട്ടിക്കാലത്ത്‌ ആ വക വിചാരങ്ങളൊന്നും തന്നെ തോന്നിയിട്ടില്ലെങ്കിലും ഇപ്പോൾ തോന്നുന്ന വിചാര വികാരങ്ങൾ വ്യത്യസ്തമാണു എന്നു പറയാതെ വയ്യ.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ആണു കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. പതിനഞ്ച്‌ ഏക്കറിലധികമുള്ള ഇവിടം പല തട്ടുകളായിട്ടാണു കിടക്കുന്നത്‌. ഏകദേശം നാനൂറു വർഷത്തെ ചരിത്രകഥകൾ ഉറങ്ങുന്ന മണ്ണാണത്‌. കേരളീയ ശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള നാലുകെട്ട്‌, നാടകശാലകൾ, സ്റ്റുഡിയോ, മാളികകൾ, ഹോമപ്പുര, പൂമുഖപ്പടി, ക്ഷേത്രങ്ങൾ, കാവുകൾ, കുളങ്ങൾ എന്നിവ ചേർന്ന ഒരു വിസ്മയമാണു ഈ കൊട്ടാരം.

എന്റെ ബാല്യത്തിലേയ്ക്കൊരു എത്തിനോട്ടം

ഞങ്ങൾ താമസിച്ചിരുന്നത്‌ കൊച്ചുകൊട്ടാരത്തിലാണു. അമ്മയുടെ അമ്മായിയുടേതാണു ആ സ്ഥലം. രാജാരവിവർമ്മയുടെ സഹോദരി മംഗളാഭായിത്തമ്പുരാട്ടി താമസിച്ചിരുന്ന കൊട്ടാരമാണത്‌. മംഗളാഭായിത്തമ്പുരാട്ടിയുടെ പേരക്കുട്ടിയായിരുന്നു അമ്മയുടെ അമ്മായി, ശാരദ തമ്പുരാട്ടി.

കുട്ടിക്കാലത്ത്‌, രാവിലെ എണീറ്റാലുടൻ വടക്കെ കുളത്തിൽ പോയി കുളി. അമ്മയോടൊപ്പമാണു പൂവ്വാറുള്ളത്‌. അവിടെ വേറെയും ആളുകൾ കുളിക്കാനുണ്ടാകും. മാളികയിൽ നിന്നും കൂട്ടുകാരി കുമാരിയും കൂടെ കൂടും. കൂടാതെ കുമാരിയുടെ ഇത്തോത്തിമാർ ( കിളിമാനൂർ കൊട്ടാരത്തിൽ മാത്രം ഉപയോഗിക്കുന്ന വാക്കുകളാണു ഇത്തോത്തിയും ഇത്താത്തനും – തന്നേക്കാൾ പ്രായമുള്ള സഹോദരിയേയും സഹോദരനേയും അഭിസംബോധന ചെയ്യുന്നത്‌ അങനെയാണു), പപ്പത്തോത്തി, രമണി അമ്മൂമ്മ , കൊച്ചൂന്നി വല്ല്യമ്മ, സുലോചന ചെറിയമ്മ തുടങ്ങി കുറേ ആൾക്കാരുണ്ടാകും കുളത്തിൽ. വലിയ കുളമാണു. ഓടിട്ട, ഡ്രസ്സ്‌ വെയ്ക്കാൻ തിണ്ണകളുള്ള , വിശാലമായ കൽപടവുകളോടു കൂടിയ വലിയ മൂന്ന് കടവുകളുണ്ട്‌ ആ കുളത്തിനു.

തെക്കേകുളവും ഇതു പോലെ വിശാലമാണു. അവിടെ അവധി ദിവസങ്ങളിലൊ ഒക്കെയായി, ചുരുക്കമായിട്ടെ പോകാറുണ്ടായിരുന്നുള്ളു. തെക്കെ കുളത്തിന്റെ ഒരു കടവ്‌ ചാവടിയിൽ നിന്നും ഉള്ള കുളക്കടവായിരുന്നു. ആ കുളത്തിൽ വലിയ , നീന്തിത്തുടിക്കുന്ന, കാലിൽ വന്ന് കൊത്തുന്ന മീനുകളുണ്ടായിരുന്നു. എനിക്ക്‌ അതിനെ പേടിയായിരുന്നു…

കുളി കഴിഞ്ഞാൽ , പാടത്തിനപ്പുറമുള്ള അയ്യപ്പൻ കാവിൽ തൊഴും ആദ്യം. പിന്നെ വേട്ടേങ്കര ക്കാവിലും തേവാരപ്പുരയിലും തൊഴുത്‌ വീട്ടിലെത്തി, ഭക്ഷണം കഴിച്ചു സ്കൂളിൽ പോകാൻ റെഡിയാകും.

അമ്പലത്തിൽ തൊഴണ കാര്യം പറഞ്ഞപ്പോഴാണു നാരായണൻ നമ്പീശനെ ഓർമ്മ വന്നത്‌. എല്ലായിടത്തും നടന്ന് പൂക്കൾ പറിച്ച്‌ അമ്പലത്തിൽ എത്തിക്കുക എന്ന പണി നമ്പീശന്റേതായിരുന്നു. വീട്ടിൽ നട്ടു വളർത്തുന്ന ചെടികളിൽ നിന്നും പൂക്കൾ പറിക്കുന്നതിനു എല്ലാരും നമ്പീശനെ വഴക്കു പറയുമായിരുന്നു. പാവം എല്ലാം മൂളിക്കേട്ട്‌.. പോകും. പിറ്റേ ദിവസം വീണ്ടും എത്തും പൂ പറിക്കാൻ. രാമൻ നമ്പീശൻ, സാവിത്രി സാർ ( ടീച്ചറിന്റെ കുടുംബം കൊരട്ടിയിലാണു), ഓമന തുടങ്ങിയ കഴകക്കാർ താമസിച്ചിരുന്ന പുഷപകം, കൊച്ചുകൊട്ടാരത്തിന്റെ പിന്നിലുള്ള വളപ്പിന്റെ അടുത്തായിരുന്നു. അതിനടുത്തായിരുന്നു ലീല വല്ല്യമ്മയും വല്ല്യഛനും ഉഷത്തോത്തി, സുനന്ദത്തോത്തി ഒക്കെ താമസിച്ചിരുന്ന പെരയും.

വേറൊരു നാരായണനേയും, നാണുവിനേയും കേശവനേയും ഓർമ്മ വരുന്നു. ‘പ്രാന്തൻ നാരായണൻ’- പ്രാന്തൻ കേശവൻ’ ഇവരൊക്കെ എവിടെ നിന്നും വരുന്നു എന്നൊന്നും അറിയില്ല. ഇടയ്ക്കിടെ കൊട്ടാരത്തിൽ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്‌ കാണാം.

കുട്ടികളായ ഞങ്ങളൊക്കെ ഇവരെ കാണുമ്പോൾ ഓടി ഒളിക്കുമായിരുന്നു. പ്രാന്തൻ നാരായണൻ ശാന്തശീലനായിരുന്നു. ഇപ്പോൾ ആലോചിക്കാറുണ്ട്‌ അവരൊക്കെ എവിടെ, എങ്ങനെയാ ജീവിച്ചിരുന്നത്‌ എന്നൊക്കെ? ആരെങ്കിലുമൊക്കെ ഭക്ഷണം കൊടുത്തിരുന്നിരിക്കും…

പ്രൈമറി സ്കൂളിലാകുമ്പോൾ ( കൊട്ടാരം സ്പെഷ്യൽ യു പി സ്കൂൾ) കുറേപ്പേരുണ്ടാകും സ്കൂളിൽ പോകാൻ, എല്ലാവരും ഒരുമിച്ച്‌ നടന്ന് ആണു പോകുന്നത്‌. ഞങ്ങളുടെ മുന്നിലൊ പിന്നിലൊ ആയിട്ട്‌ ജ്യോതി അമ്മായി ( സ്ക്കൂളിലെ ടീച്ചറായിരുന്നു) നടന്ന് പോകുന്നുണ്ടാകും.

അക്കാലത്ത്‌ അദ്ധ്യാപകരും വിദ്യാർത്ഥികളും നടന്നു തന്നെയാണു വിദ്യാലയങ്ങളിലേയ്ക്ക്‌ പോയിരുന്നത്‌. വീടിനടുത്തുള്ള വിദ്യാലയത്തിലാണു പഠിക്കുക. സ്കൂൾബസ്സ്‌ ഒന്നും ഇല്ലാത്ത കാലമായിരുന്നല്ലൊ.

ഒന്നാം ക്ലാസ്സിൽ പൊന്നമ്മ ടീച്ചറും, 2ൽ ശ്യാമളാ ബായി ടീച്ചറും 3 ൽ കമലമ്മ ടീച്ചറും 4ാ‍ം ക്ലാസ്സിൽ (4 C ഡിവിഷൻ) ജ്യോതി അമ്മായിയും ആയിരുന്നു ക്ലാസ്സ്‌ ടീച്ചേഴ്സ്‌..

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഷാജി, വേണു,

“വെള്ളില കിങ്ങിണി താഴ്‌ വരയിൽ
വെള്ളാമ്പൽ പൊയ്ക തൻ കൽപ്പടവിൽ”
എന്ന സിനിമാപ്പാട്ടു പാടിയിരുന്ന ജയചന്ദ്രൻ,

5ലെ ഉഷാകുമാരി, ഗിരിജ, 6,7 ക്ലസ്സുകളിൽ കൂടെ ഉണ്ടായിരുന്ന നീന, സീൻ, ജലജ, സീതാലക്ഷ്മി, സരസ്വതി, വെളുത്ത്‌ സുന്ദരിയായ കൃഷ്ണകുമാരി, മുടി നെറ്റിയിലേക്ക്‌ വെട്ടിയിട്ടിരുന്ന, സ്റ്റീൽ പാത്രത്തിൽ ചാമ്പയ്ക്ക കൊണ്ടുവരുമായിരുന്ന സുബീന തുടങ്ങിയവരെ ഒക്കെ ഓർക്കാറുണ്ട്‌. അവരൊക്കെ ഇപ്പോൾ ഏതേതു സ്ഥലങ്ങളിൽ ആയിരിക്കും എന്നൊക്കെ ആലോചിക്കാറുണ്ട്‌- എന്റെ യു പി സ്കൂൾ കൂട്ടുകാർ.

ഞങ്ങളുടെ 5,6,7 ക്ലസുകളുടെ അടുത്തായിരുന്നു സ്കൂളിലെ കഞ്ഞിപ്പുര. ഞങ്ങളുടെ ക്ലാസ്സിലെ ഉഷാകുമാരി കഞ്ഞിപ്പുരയിൽ സഹായിക്കുവാൻ പോകുമായിരുന്നു.

ജലജ എന്നൊരു കുട്ടിയെ പറ്റി നേരത്തെ പറഞ്ഞിരുന്നുവല്ലൊ. 4ാ‍ം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഒരു ദിവസം ഉച്ചയ്ക്ക്‌ ഊണു കഴിക്കുവാൻ വീട്ടിലേയ്ക്ക്‌ ഇറങ്ങുമ്പോൾ ജലജ ” ഞാനും കൂടെ ശൈലജേടെ കൂടെ വന്നോട്ടെ” – എന്ന് എന്നോട്‌ ചോദിച്ചു. അന്ന് തൊട്ട്‌ 10ാ‍ം ക്ളാസ്സ്‌ കഴിയുന്നതു വരേയും എന്നും ജലജ എന്നോടൊപ്പം വന്ന് ഉച്ചഭക്ഷണം കഴിച്ചു പോകുമായിരുന്നു.

ജലജക്ക്‌ പാവാടയും ബ്ളൗസും ഒക്കെ അമ്മ നൽകിയിരുന്നതായി ഓർമ്മയുണ്ട്‌. ചില ശനി, ഞായർ ദിവസങ്ങളിൽ ജലജ വീട്ടിലേയ്ക്ക്‌ വരാറുണ്ട്‌. അപ്പോൾ കയ്യിൽ രണ്ടു മൂടു മരക്കിഴങ്ങോ ( പൂളക്കിഴങ്ങ്‌) , ഓമയ്ക്ക ( കറുമൂസ്‌) യൊ ഉണ്ടാകും.

ഇന്ന് പലപ്പോഴും ജലജയെ പറ്റിയും ആ കുട്ടിയുടെ അന്നത്തെ അവസ്ഥയെ പറ്റിയുമൊക്കെ ആലോചിക്കാറുണ്ട്‌. അന്ന് ആ കുട്ടിക്ക്‌ എത്ര വിശന്നിട്ടായിരിക്കും എന്നോട്‌ അങ്ങനെ ചോദിച്ചിട്ടുണ്ടാകുക എന്നാലോചിക്കുമ്പോൾ മനസ്സിലൊരു പിടച്ചിൽ അനുഭവപ്പെടും.

സ്കൂളിൽ നെല്ലിക്ക കൊണ്ടുവന്ന് വിൽക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ചുമന്ന നെല്ലിക്കയും പച്ച നെല്ലിക്കയും ഉണ്ടാകും അവരുടെ കൊട്ടയിൽ. സ്കൂൾ ഗ്രൗണ്ടിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ , കൊട്ടയിലെ നെല്ലിക്കയുമായി അവർ ഇരിക്കും. വീട്ടിൽ നിന്നും വല്ലപ്പോഴും ഞങ്ങൾക്ക്‌ 10 പൈസ തരും നെല്ലിക്ക വാങ്ങാൻ അത്രേയുള്ളു. ഇന്നത്തെപ്പോലെ പോക്കറ്റ്‌ മണി സമ്പ്രദായമൊന്നും അന്നുണ്ടായിരുന്നില്ല.

കുറച്ചു നാൾ കഴിഞ്ഞിട്ടാണു സ്കൂളിൽ ഐസ്ക്രീം കാരനെ കണ്ടു തുടങ്ങിയത്‌. സൈക്കിളിൽ വന്ന് ബെല്ലടിക്കുമ്പോൾ കുട്ടികളൊരോട്ടമാണു. ഒരു കമ്പിൽ ഐസ്ക്രീം. പല നിറങ്ങളിലുള്ളവ ആയിരുന്നു അവ. എന്തു മോഹിച്ചിട്ടുണ്ടെന്നോ അതൊന്ന് രുചിക്കാൻ. ഒന്നോ രണ്ടോ തവണ ആ സ്റ്റിക്ക്‌ ഐസ്‌ ക്രീം വാങ്ങിത്തിന്നിട്ടുണ്ട്‌.

സ്ക്കൂളിലെ ഇന്റർവ്വെൽ സമയത്ത്‌ കൂട്ടുകാരി കുമാരിയുടെ മാളികയിലേയ്ക്ക്‌ ഓടിവരും വെള്ളം കുടിക്കാൻ. ചില കുട്ടികൾ സ്കൂളിന്റെ പിൻ വശത്തുണ്ടായിരുന്ന മഹാദേവന്റെ മഠത്തിൽ പോയി കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കുമായിരുന്നു.

ഇന്നത്തെ പോലെ കുപ്പിയിൽ വെള്ളം കൊണ്ടുപോകുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. ചില സ്കൂളുകളിൽ കിണറുണ്ടാകും. കിണറില്ലെങ്കിൽ കുട്ടികൾ സ്കൂളിനടുത്തുള്ള വീടുകളിലെ കിണറുകളെയാണു അഭയം പ്രാപിക്കുക.

മഹാദേവനെപ്പറ്റിപറയുമ്പോൾ ദീപാവലിക്ക്‌ ഉണ്ടാക്കി ക്കൊണ്ടു വരുന്ന പലഹാരങ്ങളെ പറ്റിയും പറയണമല്ലൊ. ദീപാവലിക്ക്‌ കുറച്ചു ദിവസം മുമ്പു തന്നെ മഹാദേവൻ എല്ലാ വീടുകളിലും പോയി പലഹാരത്തിന്റെ ഓർഡർ എടുക്കും. ദീപാവലിയുടെ തലേ ദിവസം , ഏൽപ്പിച്ച പലഹാരങ്ങൾ റെഡിയാക്കി വീടുകളിൽ ( അന്ന് ഓരോരുത്തരുടേയും വീട്‌ എന്ന് പറഞ്ഞിരുന്നില്ല. അതിനു പകരം ‘ അകം’ എന്ന വാക്കാണുപയോഗിച്ചിരുന്നത്‌. ) എത്തിക്കും.

ആ കാലത്ത്‌, പലഹാരങ്ങൾ യഥേഷ്ടം പുറത്തു നിന്നും വാങ്ങുവാൻ ലഭ്യമല്ലായിരുന്നു. ” ബേക്കറി സംസ്ക്കാരം” കേരളത്തിൽ പ്രചാരമായിട്ടുണ്ടായിരുന്നില്ല എന്നു സാരം.

ചായക്കടകളിലെ ചില്ല് അലമാരകളിൽ ഉണ്ണിയപ്പം, വട എന്നിവ ഉണ്ടായിരുന്നിരിക്കും. അവ അങ്ങനെ വാങ്ങി കഴിക്കുന്ന ശീലം ആർക്കും ഉണ്ടായിരുന്നില്ല. സ്കൂളു വിട്ട്‌ വരുമ്പോൾ കാപ്പിയും കൂടെ രാവിലത്തെ പ്രാതലിന്റെ മിച്ചം എന്താന്നു വച്ചാൽ അത്‌ – ആയിരുന്നു എല്ലാ വീടുകളിലും കുട്ടികൾക്ക്‌ കൊടുത്തിരുന്നത്‌.

അമ്മ ചില ദിവസങ്ങളിൽ, ‘ കരണ്ടി അപ്പം’ – പേരു കേട്ട്‌ ഞെട്ടണ്ട- ഇഡ്ഡലി മാവ്‌ ചെറിയ ചീനച്ചട്ടിയിൽ കട്ടിയിൽ ഒഴിച്ച്‌ ധാരാളം എണ്ണ ഒഴിച്ച്‌ മൊരിയിച്ചെടുക്കുന്ന സാധനം – അത്രേള്ളൂ.. ഉണ്ടാക്കി തരുമായിരുന്നു.

പക്ഷെ അന്ന് പലഹാരങ്ങൾ സുലഭമായിട്ട്‌ കിട്ടാത്തതുകൊണ്ട്‌, കിട്ടുമ്പോൾ സന്തോഷവും, സ്വാദും, ആസ്വാദ്യതയും കൂടുമായിരുന്നു എന്നൊരു തോന്നൽ.

ശൈലജ വർമ്മ, ആസ്ട്രേലിയ

COMMENTS

1 COMMENT

  1. ശ്രീമതി ശൈലജാ വർമ്മയുടെ ഓർമ്മകുറിപ്പുകൾ ഒഴുക്കോടെ നീങ്ങി. ഓർമ്മകൾ രസകരം. ചരിത്രം ഉറങ്ങുന്ന കിളിമാനൂർ കൊട്ടാരത്തിന്റെ ഓർമ്മകൾ രസകരം. ആശംസകൾ ശൈലജ. കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: