17.1 C
New York
Saturday, November 26, 2022
Home Special ഓർമ്മച്ചെപ്പ് തുറന്നപ്പോൾ -7

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ -7

✍തയ്യാറാക്കിയത്: ശൈലജ വർമ്മ, ആസ്‌ട്രേലിയ

Bootstrap Example

ബാല്യം മധുരം -3

കൊച്ചുകൊട്ടാരത്തിന്റെ പിന്നിലുള്ള തോപ്പിൽ വലിയൊരു പുളിമരമുണ്ട്‌, കൂടാതെ തെങ്ങ്‌, വാഴ, മാവ്‌ എന്നിവയും ഇടവിളകളായി പച്ചക്കറികളും. പുളിമരത്തിനടുത്ത്‌ ചെരിവാണു, താഴെ ആമ്പൽക്കുളം. ഞാനും കൂട്ടുകാരി കുമാരിയും ഏതു സമയത്തും തോപ്പിലായിരിക്കും കളി. പുളി പറക്കുക, തിന്നുക ഏറ്റവും വലിയ വിനോദം. ചരിഞ്ഞു കിടക്കുന്ന സ്ഥലത്തു നിന്നും പുളി പറക്കാൻ എനിക്ക്‌ പേടിയായിരുന്നു. കുമാരിക്ക്‌ ഒട്ടും പേടിയില്ലാതെ കാറ്റടിക്കുമ്പോഴെല്ലാം താഴെപ്പോയി പുളി പറക്കി ക്കൊണ്ട്‌ വരുമായിരുന്നു. പറമ്പിൽ പണിക്കാരും മേൽനോട്ടത്തിനു അഛനും ഉണ്ടാകും.

കൊച്ചുകൊട്ടാരത്തിലെ കിഴക്കെ വരാന്തയിൽ പൂജാമുറിയുടെ മുന്നിലായിട്ടാണ്‌ ഊഞ്ഞാൽ ഉണ്ടായിരുന്നത്‌. എത്രപേരാണ്‌ ഊഞ്ഞാലാടാൻ വന്നിരുന്നത്‌! കുട്ടിപട്ടാളം ഊഴം കാത്തിരിക്കും.

ആദ്യത്തെ നാടകക്കളരി … മലയാള പാഠ പുസ്തകത്തിലെ ഒരു നാടകം കുട്ടികളെല്ലാവരും കൂടി അവതരിപ്പിക്കുന്നു. കിളിമാനൂർ കൊട്ടാരം ചാവടിയിലെ സൈഡിലുള്ള മുറിയിലാണു പരിശീലനം. ജയലക്ഷ്മിത്തോത്തി, രമയക്ക, ജയശ്രിത്തോത്തി, ബീനച്ചേച്ചി, പപ്പത്തോത്തി, ശകുന്തളത്തോത്തി, മായത്തോത്തി, കുമാരി, ഞാൻ ഒക്കെ ഉണ്ട്‌. ഞങ്ങൾ ചെറിയ കുട്ടികളൊക്കെ ബുദ്ധശിഷ്യന്മാരാണ്‌.
“ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി-“എന്ന് പറഞ്ഞ്‌ നടക്കുന്നതായിരുന്നു ഞങ്ങളുടെ അഭിനയം.

ഒരിക്കൽ കുട്ടിപ്പട്ടാളത്തിന്റെ ഒരു നൃത്തപരിപാടിയും ഉണ്ടായിട്ടുണ്ട്‌. ഡാൻസിനു ഒരുങ്ങലാണു കേമം. പൗഡർ, കൺ മഷി എന്നിവ കൊണ്ടുള്ള പരിപാടികൾ കഴിഞ്ഞാൽ പിന്നെ പൗഡർ നനച്ച്‌, പുരികത്തിനു മുകളിലായി കുത്തുകൾ ഇട്ട്‌ മോടി പിടിപ്പിക്കുക എന്നൊരു പരിപാടിയും ചെയ്തിരുന്നു….

ഒരിക്കൽ കൊച്ചുകൊട്ടാരത്തിൽ വച്ച്‌ ഞാനും കുമാരിയും സുധയും സുജാതയും കൂടി സ്കൂൾ പാഠപുസ്തകത്തിലെ തന്നെ ഒരു ചെറുനാടകം അവതരിപ്പിക്കുകയുണ്ടായി. കർട്ടൻ ആണ്‌ ഏറ്റവും പ്രധാനം, അതില്ലാതെ പരിപാടി അവതരിപ്പിക്കുന്ന പ്രശ്നമില്ല. ബെഡ്ഷീറ്റൊ അമ്മയുടെ സാരിയൊ രണ്ടറ്റം കൂട്ടിക്കെട്ടി ജനൽക്കമ്പിയിലൊ മറ്റൊ കെട്ടിയാണ്‌ കർട്ടൻ ഒപ്പിച്ചെടുക്കുന്നത്‌.

പിന്നീടൊരിക്കൽ കുമാരിയും ഞാനും കൂടി ” വരമരുളുക വന ദുർഗ്ഗേ..” എന്ന പാട്ടും ഡാൻസും സുജാതയേയും സുധയേയും പഠിപ്പിച്ച്‌ അവർ അത്‌ സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു ധൈര്യം! പഠിപ്പിച്ചവർക്കും പഠിച്ചവർക്കും..!

പടിഞ്ഞാറേ തോപ്പിലെ വീടിന്റെ പിന്നിലുള്ള തോപ്പിൽ ഞങ്ങൾ കുട്ടികൾ മാങ്ങയും കശുമാങ്ങയും ഒക്കെ തിന്ന് നടക്കുമായിരുന്നു. മാവിൽ കയറാൻ പേടിച്ച്‌ ഞാനും സുജാതയും മാറി നിൽക്കുമ്പോൾ ബാക്കിയുള്ളവർ പ്രോത്സാഹിപ്പിച്ച്‌ ഞങ്ങളേയും മാവിൽ കയറ്റുമായിരുന്നു.

പ്രൈമറി സ്കൂൾ വാർഷികത്തിനു ഒരു വർഷം രാമായണം നൃത്തരൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. അശോകവനികയിൽ ദു:ഖത്തോടെ ഇരിക്കുന്ന സീതാദേവിക്ക്‌ കാവൽ നിൽക്കുന്ന രാക്ഷസികളുടെ റോളായിരുന്നു കുമാരിയും ഞാനും ഉൾപ്പെട്ട ചെറിയ കുട്ടികൾക്ക്‌. കറുത്ത ഹാഫ്‌ സ്കർട്ടും ചുവന്ന ബ്ളൗസും ഇട്ട്‌ സീതയ്ക്ക്‌ ചുറ്റും ഗ്രൂപ്പ്‌ ഡാൻസ്‌ കളിച്ച കുട്ടിരാക്ഷസിക്കൂട്ടത്തെ ഇപ്പോൾ ഓർക്കുമ്പോൾ നല്ല രസം. ചിരി വരുന്നു. ഞങ്ങൾ അന്ന് 4ാ‍ം ക്ലാസ്സിൽ പഠിക്കുന്ന സമയം.

കുഞ്ഞുണ്ണിയമ്മാവനും ശാന്ത അമ്മായിയും പുതിയ വീട് – യജ്ഞം- പണിത്‌ മാറുന്നതുവരെ കൊട്ടാരത്തിലെ പടിഞ്ഞാറ്റിൽ തന്നെയായിരുന്നു താമസം. അന്ന് അവരുടെ മകൾ മിനിക്കുട്ടി ആയിരുന്നു എന്റെ അടുത്ത കൂട്ടുകാരി. മിനിയെ കണ്ടിട്ട്‌ ഇപ്പോൾ 45 വർഷമെങ്കിലും ആയിട്ടുണ്ടാകും. മിനിക്കുട്ടിക്ക്‌ എന്നെയൊക്കെ ഓർമ്മയുണ്ടോ ആവോ?

ഹൈമവതിത്തോത്തി പറഞ്ഞകാര്യം മണിക്കുട്ടി പറഞ്ഞത്ഞ്ഞാൻ ഇവിടെ പങ്കുവയ്ക്കട്ടെ.
“അമ്മ പറയുമായിരുന്നു “തല്ലല്ല സാറ്, മിനി കുട്ടി ” എന്നു പറഞ്ഞു നിങ്ങൾ കളിച്ചിരുന്ന കുട്ടിക്കാലത്തെ പറ്റി “. കുട്ടിക്കാലത്ത്‌ ഞാൻ സ്വയം പേര്‌ പറഞ്ഞിരുന്നത്‌ “തല്ലല്ല” ( ശൈലജ) എന്നായിരുന്നു. ടീച്ചറും കുട്ടിയും ആയി കളിക്കുന്നതാണ്‌ മുകളിലെ സംഭാഷണം.

പിന്നെ സുഭദ്രത്തോത്തിയും കെ ആർ അണ്ണനും കൃഷ്ണകുമാരിയും അവിടെ ഉണ്ടായിരുന്നു. തൊട്ടടുത്ത്‌ സൂനി ( സുകന്യ) വല്ല്യമ്മ, വല്ല്യച്ഛൻ, ജയത്തോത്തി, മായത്തോത്തി, സോമത്താൻ. സോമത്താന്‌ ചെറുതിലേ തന്നെ അസുഖം ഉണ്ടായിരുന്നു. ശരിയായ രീതിയിൽ സംസാരിക്കില്ലായിരുന്നു, കണ്ണിനും പ്രശ്നമുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്ന സമയത്ത്‌ സോമത്താൻ മരിച്ചു..🙏

അതിനടുത്ത്‌ അമ്മൂമ്മ, ചെറുണ്ണിത്താൻ, ഗിരിജച്ചേച്ചി, ഗായത്രി, ശ്രീകല.

പടിഞ്ഞാറ്റയിലെ നാടകശാലയുടെ തൊട്ടടുത്ത്‌ ഉള്ള വീട്ടിൽ ഇഞ്ഞീഞ്ഞി അമ്മൂമ്മ.

കുഞ്ഞായിരുന്നപ്പോൾ തൊട്ട്‌ അഞ്ച്‌ വയസ്സാകുന്നതു വരെ കല്ല്യാണിഅമ്മ ആയിരുന്നു എന്റെ ആയ. തൂവെള്ള റൗക്കയും മുണ്ടുമുടുത്ത, പൊക്കം കുറഞ്ഞ കല്ല്യാണിഅമ്മ എന്നെ താഴെ വയ്ക്കാതെ എടുത്ത്‌ നടന്ന് വളർത്തിയതാണ്‌. അമ്മിണി എന്നായിരുന്നു എന്റെ ചെല്ലപ്പേര്‌. വളരെ സ്നേഹത്തോടേയും കരുതലോടേയുമാണ്‌ ആ അമ്മ എന്നെ വളർത്തിയത്‌. എന്റെ വളർത്തമ്മയ്ക്ക്‌ ഒന്നും തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ല എന്നൊരു പ്രയാസം മനസ്സിലുണ്ട്‌. ആ അമ്മയ്ക്ക്‌ ഈ വളർത്തു മകളുടെ സ്നേഹാഞ്ജലി…പ്രണാമം🙏

3)ം ക്ലാസ്സു വരെ വടക്കേയറ്റത്തെ ഗീതയും ഞാനും കുമാരിയും ഒക്കെ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവരും അടുത്ത കൂട്ടുകാരുമായിരുന്നു. 3ൽ പഠിക്കുമ്പോൾ ഗീതയും കുടുംബവും തൃപ്പൂണിത്തുറയിലേയ്ക്ക്‌ താമസം മാറ്റി.

വടക്കേയറ്റത്ത്‌ രണ്ട്‌ ചാമ്പമരങ്ങളുണ്ടായിരുന്നു. അതിൽ നിറയെ നല്ല തുടുതുടുത്ത ചാമ്പയ്ക്കയും. ഇന്നും ചാമ്പയ്ക്ക കാണുമ്പോൾ ഞങ്ങൾ കുട്ടികളെല്ലാരും കൂടി ചാമ്പയ്ക്ക പറിക്കുന്നതും തിന്നുന്നതും ഒക്കെ ഓർമ്മ വരും. സരളത്തോത്തി, സീതത്തോത്തി, ശകുന്തളത്തോത്തി, ഉണ്ണിക്കൃഷ്ണൻ, ഗീത, ഞാൻ ഇത്രയും പേരാണു സാധാരണ വടക്കെയറ്റം ടീമിൽ കളിക്കാനുണ്ടാകുക.

അക്കാലത്ത്‌ കുട്ടികളുടെ മറ്റൊരു വിനോദമായിരുന്നു സിനിമാക്കഥ പറയൽ. വടക്കേയറ്റത്തെ തെക്കോട്ടുള്ള പടിയിലിരുന്ന് എത്ര സിനിമാക്കഥകൾ പറഞ്ഞിരിക്കുന്നു..!

ഞാനും കുമാരിയും സരോജിനി വല്ല്യമ്മയുടെ മകൻ കൃഷ്ണകുമാരനും ആയിരുന്നു കുട്ടിക്കാലത്തെ കളിക്കൂട്ടുകാർ. ഓണത്തിന്‌ പൂക്കൾ പറിക്കാൻ പോകുന്നതൊക്കെ ഓർമ്മയുണ്ട്‌.

ഞാനും കുമാരിയും ഇടയ്ക്ക്‌ പിണങ്ങും. രണ്ടു പേരും ” ഞാൻ മിണ്ടൂല” എന്നും പറഞ്ഞ്‌ തിരിഞ്ഞ്‌ നടക്കും. ആ പിണക്കം രണ്ട്‌ മിനിട്ടിൽ കൂടുതൽ നീണ്ടു നിന്നിട്ടുമുണ്ടായിരുന്നില്ല. കുഴിയാനയെ തിരയൽ അന്നത്തെ വലിയ കൗതുകമായിരുന്നു. അതുപോലെ ഉറുമ്പുകളെ നിരീക്ഷിക്കലും.

കൊച്ചുകൊട്ടാരമായിരുന്നു എന്റേയും കുമാരിയുടേയും കളിയിടം. സ്വൈരമായിരുന്നു കളിക്കാനുള്ള സൗകര്യം ആയിരുന്നു പ്രധാനം. കുറേ പാവകളും തടിയിൽ നിർമ്മിച്ച, വിവിധ നിറങ്ങളിൽ പെയിന്റ്‌ ചെയ്ത കിച്ചൺ സെറ്റും ആയിരുന്നു ഞങ്ങളുടെ ഇഷ്ടപ്പെട്ട കളിക്കോപ്പുകൾ. ശനിയാഴ്ച്ചകളിൽ ഞാനും കുമാരിയും ഉച്ചയൂണ്‌ എന്റെ വീട്ടിലും ഞായറാഴ്ച്ചകളിലെ ഉച്ചയൂണ്‌ രണ്ടുപേർക്കും കുമാരിയുടെ വീട്ടിലും എന്നായിരുന്നു പതിവ്‌.

അവധി ദിവസങ്ങളിൽ വലിയ ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ചേർന്ന് കബഡി കളിക്കുമായിരുന്നു. ജയലക്ഷ്മിത്തോത്തി, രമ അക്ക, രാജത്താൻ, ഗിരീശൻ, രഘുത്താൻ, നന്ദനത്താൻ, കുമാരി, ഞാൻ, ബീനച്ചേച്ചി, പ്രേം ചേട്ടൻ, പത്മത്തോത്തി, കൃഷ്ണകുമാരൻ, സുധീരത്താൻ, ജയശ്രിത്തോത്തി, ഉണ്ണിത്താൻ, സുരേഷ്ത്താൻ, അനിയത്താൻ, ശകുന്തളത്തോത്തി, സീതത്തോത്തി, ഉണ്ണി… അങ്ങനെ കുട്ടിപ്പട്ടാളം വീറോടെ മത്സരിക്കുമായിരുന്നു.

കൊട്ടാരത്തിലെ കുട്ടത്താൻ ആയിടെ വാസനപ്പാക്കിന്റെ ഒരു ബിസിനസ്സ്‌ തുടങ്ങുകയുണ്ടായി. ഇടയ്ക്കിടെ അവിടെ ചെന്ന് വാസനപ്പാക്ക്‌ പായ്ക്ക്‌ ചെയ്യുന്നതിനു കൂടും. അതായിരുന്നു ആദ്യത്തെ ജോലീന്നു പറയാം.

ശിവരാത്രി, അഷ്ടമിരോഹിണി, പൂജ വയ്പ്‌ തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ നാലുകെട്ടിൽ പൂജ ഉണ്ടാകും.

ശിവരാത്രിയുടെ അന്ന്,

” സാംബ സദാശിവ.. സാംബ സദാശിവ.. സാംബ സദാശിവ.. സാംബശിവാ…
ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവാ സാംബ ശിവാ”-

എന്ന നാമം – അഖണ്ഡ നാമ ജപവും പ്രദക്ഷിണവുമായി ഇടക്കെട്ടിൽ നടക്കുമ്പോൾ, ഞങ്ങൾ കുട്ടികൾ ഒന്നിനു പുറകേ ഒന്നായി , തിക്കിത്തിരക്കി, ട്രയിൻ കളിക്കുന്ന പോലെ, കളിച്ച്‌ ചിരിച്ച്‌ പ്രദക്ഷിണം വയ്ക്കും. ശ്രദ്ധ മുഴുവൻ കളിയിലായിരിക്കും.

അതു പോലെ അഷ്ടമി രോഹിണിയുടെ അന്ന്

” ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ” –

ഈ നാമവും ചൊല്ലി പ്രദക്ഷിണം വയ്ക്കുമായിരുന്നു.

നവരാത്രി പൂജ വയ്പ്പിനു എടക്കെട്ടിലാണു , കൊട്ടാരത്തിലുള്ള എല്ലാവരുടേയും പുസ്തകങ്ങൾ പൂജയ്ക്ക്‌ വയ്ക്കാറുള്ളത്‌. വിജയ ദശമിയുടെ അന്ന് പൂഴിമണ്ണിൽ ഹരി: ശ്രീ എഴുതും എല്ലാവരും….അത്‌ കഴിഞ്ഞ്‌ സംഗീതാരാധനയും ഉണ്ടാകും.

വൃശ്ചികമാസം തുടങ്ങുമ്പോൾ നാലുകെട്ടിൽ ഭജന എല്ലാദിവസവും അരങ്ങേറും. കുട്ടിപ്പട്ടാളത്തിന്റെ പരിപാടിയാണത്‌.

” ഗണേശ ശരണം ശരണം ഗണേശ
ഗണേശ ശരണം ശരണം ഗണേശ”- ഇത്‌ പാടിക്കൊണ്ട്‌ ഗിരീശൻ ഭജന തുടങ്ങും, എല്ലാവരും ഏറ്റുപാടും.

“പാഹിമാം അയ്യപ്പ”, “കാർമ്മുകിൽ വർണ്ണൻ പണ്ട്‌”, “ഹരി കൃഷ്ണാ കൃഷ്ണാ,”, “ചേലീല മൗലിയിൽ”, “കുമാരപുരവരനിലയേ ഭഗവതി”, ” കരുണ ചെയ്കംബികെ”, തുടങ്ങി അനേകം ഭജനകൾ ഞങ്ങൾ ചൊല്ലുമായിരുന്നു.

അവസാനം പാടാറുണ്ടായിരുന്ന മംഗളം ” സർവ്വ മംഗളേ ദേവീ..നമോസ്തുതെ” എന്ന സ്തുതി എനിക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌, അന്നും ഇന്നും.
യശോദാമ്മ ഭഗവതിയോട്‌ പ്രാർത്ഥിക്കുന്ന സ്തുതിയാണത്‌. എല്ലാ അമ്മമാരുടേയും മനസ്സ്‌ കാണിച്ചു തരുന്ന കവിത. മക്കൾക്ക്‌ വേണ്ടി നിശബ്ദ പ്രാർത്ഥനകളും വിചാരങ്ങളും മനസ്സിൽ കൊണ്ടുനടക്കാത്ത അമ്മമാരില്ലല്ലൊ..!

” ഇന്ന് നന്ദനൻ ബാല്യം നിമിത്തമായ്‌
ദുർന്നയങ്ങൾ തുടർന്നാലുമംബികേ
ഇന്നി മേലിവൻ സർവ്വസം പൂജ്യനായ്‌
തീരാൻ ഗുരു കരുണ”. എല്ലാ അമ്മമാരുടേയും പ്രാർത്ഥന അതല്ലേ…

പിന്നെ പറയുന്നത്‌ നിന്റെ – ജഗദീശ്വരിയുടെ കൃപ ഉണ്ടെങ്കിൽ മൂകനും മഹാകവിയാകും എന്നാണ്‌. ( കാളിദാസൻ കാളിമാതാവിന്റെ അനുഗ്രഹത്താലാണു മൗഡ്യം , മൂകത മാറി വിദ്വാനായത്‌ എന്നൊരു കഥ പണ്ട്‌ അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌).

മണ്ഡലവിളക്ക്‌, ശബരിമലയ്ക്ക്‌ കെട്ടുനിറ എന്നിവയുള്ളപ്പോൾ ഗംഭീരമായ ഭജനയാണു. ചെറുണ്ണിത്താൻ, ഗോദവർമ്മമ്മാവൻ, കൊച്ചുകേരളോർമ്മത്താൻ തുടങ്ങി വലിയവരുടെ നിര ഭജനയുടെ ചുമതല ഏറ്റെടുക്കും.

പമ്പയിൽ നീ പിറന്നു അയ്യപ്പാ പന്തളത്തിൽ വളർന്നൂ…” എന്ന് പാടി മുറുകി വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ അടുക്കളപ്പണിക്ക്‌ നിന്നിരുന്ന സ്വാമിക്ക്‌ ആവേശം കേറി തുള്ളുമായിരുന്നു.

“ശങ്കര ശംഭോ.. ശങ്കര ശംഭോ.. ശങ്കര സാംബ മൂർത്തേ… ” എന്ന ഭജന നല്ല രസമുള്ളതാണ്‌.

സൂസി എന്ന സിനിമയിലെ
“രക്തചന്ദനം ചാർത്തിയ കവിളിൽ
രത്നം വിളയും കരളിൽ”
എന്ന ഗാനത്തിന്റെ ട്യൂണിൽ പാടിയിരുന്ന

” ദൈവ സന്നിധി തേടി വരുന്നു
ദേവാ നിന്നെ കാണാൻ..”എന്ന പാട്ട്‌,

” ശ്രീധർമ്മ ശാസ്താ പാഹിമാം”,

” അഖിലാണ്ഡേശ്വരൻ അയ്യപ്പാ”,
” കാത്തരുളേണം ഭഗവാനെ”,
” അയ്യപ്പാ ഹരേ അയ്യപ്പ പാഹിമാം”, “വൈക്കത്തമരും പരമശിവന്റെ”, അങ്ങനെ എത്രയോ ഭജനപ്പാട്ടുകൾ..!

സന്ധ്യയ്ക്ക്‌ പൂമുഖപ്പടി ( പൂമത്തൊടി) യിൽ ഇരുന്ന് സൊറ പറയുമ്പോൾ പഠിപ്പിക്കുന്നതോ, പഠിപ്പിച്ചിട്ടുള്ളവരോ ആയിട്ടുള്ള അദ്ധ്യാപകർ ആരെങ്കിലും അത്‌ വഴി വന്നിട്ടുണ്ടാകും. പെട്ടെന്ന് ഞങ്ങൾ ചാടി എണീക്കും. ഗുരുക്കന്മാരെ കാണുമ്പോൾ ബഹുമാനത്തോടെ എണീറ്റ്‌ നിൽക്കണം എന്നൊരു പാഠം ചെറുപ്പത്തിൽത്തന്നെ മനസ്സിൽ പതിഞ്ഞിരുന്നു.
കൊട്ടാരത്തിലെ പലരും അദ്ധ്യാപകർ ആയിരുന്നു താനും.

ഒരിക്കൽ വീട്ടിലും സേവനവാരം ആഘോഷിച്ചു ഞങ്ങൾ. അമ്മയും ഞാനും കുമാരിയും കൂടി കൊച്ചുകൊട്ടാരത്തിലെ ജനാലകളും വാതിലുകളും സാൻഡ്‌ പേപ്പറിട്ട്‌ മിനുക്കി വാർണ്ണീഷ്‌ അടിച്ചു. ഇരുമ്പിന്റെ ജനാലക്കമ്പിക്കൾക്ക്‌ സിൽവർ നിറവും കൊടുത്തു. ഇടയ്ക്കിടെ സഹായിക്കാൻ അച്ഛനും വരുമായിരുന്നു.

വീക്കെൻഡിലാണു റോസാച്ചെടിയുടെ കമ്പ്‌ കോതലും, മുല്ലവള്ളിയെ പടർത്തിവിടുന്നതും ചെടികൾക്ക്‌ ചാണകം ഇടുന്നതും ഒക്കെ. എല്ലാ കാര്യങ്ങളും ഞങ്ങൾ കുടുംബാംഗങ്ങൾ ഒന്നിച്ചായിരുന്നു ചെയ്തിരുന്നത്‌. അതുകൊണ്ട്‌ തന്നെ അവയൊന്നും പണികളായിട്ടല്ല, ഒരു ആഘോഷമായിട്ടാണു അനുഭവപ്പെട്ടിട്ടുള്ളത്‌.
വീടിന്റെ പിന്നിൽ വളപ്പിൽ പച്ചക്കറിക്കൃഷിയും ഉണ്ടായിരുന്നു.

വീടിന്റെ പിന്നിലായിട്ടായിരുന്നു കിണർ, തൊഴുത്ത്‌, ഷെഡ്‌, പത്തായം എന്നിവ. അടുക്കളയും വീടിന്റെ മെയിൻ കെട്ടിടത്തിൽ നിന്നും മാറിയിട്ടായിരുന്നു. ഓടിട്ട ഒരു കൊച്ചുകൊട്ടാരം തന്നെയായിരുന്നു ഞങ്ങളുടെ ആ സ്വർഗ്ഗം.

വീട്ടിൽ നിറയെ പശുക്കളുണ്ടായിരുന്നു. ജഴ്സി ഇനത്തിൽ പെട്ടവയായിരുന്നു അധികവും. അതിനെ നാട്ടുഭാഷയിൽ കറാച്ചിപ്പശു എന്നാണു വിളിച്ചിരുന്നത്‌. അത്‌ കേട്ട്‌ 2ാ‍ം ക്ലാസ്സിൽ പഠിച്ചിരുന്ന കുഞ്ഞുശൈലജ വല്യ ഗമയിൽ സ്കൂളിൽ പോയി പറഞ്ഞത്‌ എന്താണെന്ന് കേൾക്കണ്ടെ? ” എന്റെ അച്ഛൻ കറാച്ചീലു പോയി കൊണ്ടന്നതാ ആ പശൂനെ…” 😄

കുറേനാൾ കഴിഞ്ഞിട്ടാണു സ്വിസ്ബ്രൗൺ ഇനത്തിലുള്ള കറുത്ത പശു വീട്ടിലെത്തിയത്‌. കൃഷി ഉണ്ടായിരുന്നതു കൊണ്ട്‌ രണ്ട്‌ കാളക്കൂറ്റന്മാരും വീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ പിന്നിലുണ്ടായിരുന്ന ചെന്തെങ്ങിലാണു അവയെ കെട്ടിയിരുന്നത്‌.

പിന്നീട്‌ സുനന്ദിനി ഇനത്തിൽപ്പെട്ട പശുവും ഉണ്ടായിരുന്നു. ഏറ്റവും പ്രായമായ ഒരു പശുവിനു് അസുഖം വന്നപ്പോൾ എല്ലാ ദിവസവും വെറ്റിനറി ഡോക്ടർ വന്ന് ഇഞ്ജക്ഷൻ എടുക്കുമായിരുന്നു. കിടപ്പിലായിപ്പോയ ആ പശുവിനെ വാഴയിലയും ഒക്കെ ആണെന്ന് തോന്നുന്നു, വിരിച്ചിട്ട്‌ അതിൽ കിടത്തുന്നതും, ഇടയ്ക്ക്‌ അച്ഛനും ഭാസ്ക്കരനും മറ്റ്പണിക്കാരും കൂടി വ്രണം വരാതിരിക്കാനായി തിരിച്ച്‌ കിടത്തുന്നതും ഒക്കെ വീക്ഷിച്ചുകൊണ്ട്‌ ഒരു ഫ്രോക്കിട്ട പെൺകുട്ടി സഹജീവി സ്നേഹത്തിന്റെ ആദ്യപാഠങ്ങൾ അവിടെ നിന്നും പഠിച്ചു.

എപ്പോഴെങ്കിലും ഏതെങ്കിലും പശുവിനെ വിൽക്കുകയാണെങ്കിൽ ഭയങ്കര സങ്കടവും കരച്ചിലും ആയിരുന്നു. ഒരിക്കൽ പശുവിനെ വിറ്റിട്ട്‌ കയറു കൈമാറിയിട്ട്‌ വാങ്ങിയ ആൾ പശുവിനേയും കൊണ്ട്‌ കുറച്ചു ദൂരം നടന്നതേയുള്ളൂ, ആ പശു എങ്ങനെയൊ ഓടി തിരിച്ച്‌ തൊഴുത്തിലെത്തി അതിന്റെ സ്ഥലത്ത്‌ വന്ന് നിൽപ്പായി. അതിനെ കൊടുക്കണ്ട അച്ഛാ…. ന്നും പറഞ്ഞ്‌ അന്ന് കുഞ്ഞു ശൈലജ എത്ര കരഞ്ഞെന്നൊ…

പശു പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ തൊഴുത്തിൽ നിന്ന് മാറില്ല, അവിടെ ചെന്ന് നോക്കി നിൽക്കുമായിരുന്നു. കുട്ടി എണീക്കാൻ നോക്കുന്നതും, കാലുറയ്ക്കാതെ താഴെ വീഴുന്നതും തള്ളപ്പശു കുഞ്ഞിനെ നക്കിത്തോർത്തുന്നതും എല്ലാം നോക്കി നിൽക്കും. എത്ര വേഗമാണ്‌ കുഞ്ഞ്‌ എണീക്കുന്നതും ഓടിച്ചാടി നടക്കുന്നതും എന്ന് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്‌. പിന്നെ കിലുങ്ങുന്ന മണി കുഞ്ഞിന്റെ കഴുത്തിൽ കെട്ടുന്ന ചടങ്ങാണ്‌. ആചാരം പോലെ എല്ലാ കുട്ടികൾക്കും മണികെട്ടലും പേരിടലും ഒക്കെ ഉണ്ടായിരുന്നു.

അടുത്തുള്ള വീടുകളിലേയ്ക്ക്‌ പാലും മോരും നെയ്യും കൊടുത്തിരുന്നതു കൂടാതെ അച്ഛനു കിളിമാനൂർ മുക്കിൽ ( junction) ഉണ്ടായിരുന്ന ഒരു ഹോട്ടലിലേയ്ക്കും പാലു കൊണ്ടുപോയിരുന്നു.

കൊച്ചുകൊട്ടാരം- അത്‌ ഞങ്ങളുടെ സ്വർഗ്ഗം ആയിരുന്നു. മുകളിൽ സൂര്യബിംബം അലങ്കരിക്കുന്ന , നീല ചായം പൂശിയ ഗേറ്റും മതിലും. വാതിൽ രണ്ട്‌ പാളികളായിട്ട്‌, താഴെയും മുകളിലും നാലു ഭാഗങ്ങളായിട്ടായിരുന്നു. താഴത്തെ രണ്ടു പാളികൾ മാത്രം അടച്ച്‌, മുകളിലെ രണ്ടു പാളികൾ തുറന്നിടും , അങ്ങനെയായിരുന്നു പതിവ്‌. അപ്പോൾ പുറത്തേയ്ക്കുള്ള കാഴ്ച്ചയ്ക്ക്‌ പ്രശ്നവുമില്ല, എന്നാൽ നായ, പശു എന്നിവ കയറാതിരിക്കുവാനുള്ള സംരക്ഷണവുമായി.
ഗേറ്റ്‌ കടന്നാൽ നാലു ഭാഗങ്ങളാക്കിയ മുറ്റം. ചുറ്റോടു ചുറ്റുമുള്ള വരാന്ത.. എല്ലാം കണ്മുന്നിൽ അന്നത്തെപ്പോലെ തന്നെ നിലനിൽക്കുന്നു.

ഓർമ്മകൾക്കെന്തൊരു മാധുര്യം… സൗരഭ്യം..💗💗

✍തയ്യാറാക്കിയത്:
ശൈലജ വർമ്മ, ആസ്‌ട്രേലിയ

Facebook Comments

COMMENTS

- Advertisment -

Most Popular

പി.ജെ.എസ് യാത്ര അയപ്പു നൽകി

ജിദ്ദ :- ജോലി സംബന്ധമായി ജിദ്ദയിൽ നിന്നും ബഹറിനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമ്മിണി സുനു സജിക്കും,...

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: