17.1 C
New York
Saturday, October 16, 2021
Home Special ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ

രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു. സോഷ്യൽ സ്റ്റഡീസും ഇംഗ്ലീഷുമായിരുന്നു അമ്മ പഠിപ്പിച്ചിരുന്ന വിഷയങ്ങൾ. ഞങ്ങൾ ഒരേ സ്കൂളിൽ ആയിരുന്നുവെങ്കിലും അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല.

1925 ൽ ആണു ഒരു ഇംഗ്ലീഷ്‌ വിദ്യാലയം ആർട്ടിസ്റ്റ്‌ കെ ആർ രവിവർമ്മ സ്ഥാപിക്കുന്നത്‌. 1945 ൽ രാജാരവിവർമ്മ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്കൂളായി ഉയർന്നു. 1949 ൽ എസ്‌ എസ്‌ എൽ സി പരീക്ഷയ്ക്ക്‌ രണ്ടാം റാങ്കും, 1969ൽ മൂന്നാം റാങ്കും ( മടപ്പള്ളിയിലെ ശശിച്ചേട്ടനു), 1978ൽ ലളിതയ്ക്ക്‌ 9ാ‍ം റാങ്കും ലഭിച്ചത്‌ സ്കൂളിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്‌.

1964ൽ ആർ ആർ വി ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപകൻ ആയിരുന്ന സി.ആർ.രാജരാജവർമ്മയ്ക്ക്‌ ( കുന്നിലെ അപ്പൂപ്പന്‌) ദേശീയ അദ്ധ്യാപക അവാർഡും 1989 ൽ വി എസ്‌ നമ്പൂതിരിസാറിന്‌ സംസ്ഥാന അദ്ധ്യാപക അവാർഡും ലഭിച്ചത്‌ സ്കൂളിന്റെ യശസ്സിന്‌ മാറ്റു കൂട്ടുന്നു.

ആർ ആർ വി ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകൻ ആയിരുന്ന സി ആർ കേരളവർമ്മ
” വൈയാസകി” എന്ന തൂലികാനാമത്തിൽ “ത്രൈവേദികസന്ധ്യാപദ്ധതി” എന്നൊരു മഹത്തായ ഗ്രന്ഥം ഈയിടെ രചിക്കുകയുണ്ടായിട്ടുണ്ട്‌.

ആർ ആർ വി ബോയ്സ്‌ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന ആർ കെ വർമ്മ
” കിളിമാനൂർ കൊട്ടാരത്തിന്റെ സാംസ്കാരിക ചരിത്രം” എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്‌.

പ്രശസ്തരായ ചില പൂർവ്വ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുന്നു. ഈ വിവരങ്ങൾ നെറ്റിൽ നിന്നും കിട്ടിയതാണ്‌.

ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ – മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ
കിളിമാനൂർ രമാകാന്തൻ – പ്രശസ്ത കവി
മുല്ലക്കര രത്നാകരൻ – മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി
ജി.ലതികാ ദേവി – സിനിമാ പിന്നണി ഗായിക.
കിളിമാനൂർ മധു – പ്രശസ്ത കവി.

1975 ൽ ഞങ്ങൾ ആർ ആർ വി ഹൈസ്കൂളിൽ ചേർന്നു. എന്റേയും കുമാരിയുടേയും സീനിയേഴ്സായി ശകുന്തളത്തോത്തി, ബീനച്ചേച്ചി, പത്മത്തോത്തി, ശോഭനത്തോത്തി, രതിത്തോത്തി ഒക്കെ ഉണ്ടായിരുന്നു. സുധ 5ാ‍ം ക്ലാസ്സിൽ ആർ ആർ വി സ്കൂളിൽ ചേർന്നിരുന്നു. ദിവസവും അമ്മയും ഞാനും കുമാരിയും സുധയും ഒക്കെ ഒരുമിച്ചാവും സ്കൂളിലേയ്ക്കും തിരിച്ചും ഉള്ള യാത്ര.

ഓണപ്പരീക്ഷയും ക്രിസ്തുമസ്‌ പരീക്ഷയും കഴിഞ്ഞ്‌ സ്കൂൾ തുറക്കുന്ന ദിവസം, സ്കൂളിലേയ്ക്ക്‌ നടന്ന് പോകുമ്പോൾ, അമ്മയുടെ ക്ലാസ്സിലെ കുട്ടികൾ പിന്നാലെ വന്ന് ചോദിക്കും- ” സാർ പേപ്പറു നോക്കിയോ? എനിക്ക്‌ എത്ര മാർക്കുണ്ട്‌” എന്നൊക്കെ. ( അന്ന് അവിടങ്ങളിൽ ടീച്ചർ വിളി ഇല്ല.. ആൺ പെൺ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരേയും പേരു കൂട്ടി ‘സാറേ’ എന്നാണു വിളിക്കുക.)

ബീന ച്ചേച്ചി, ഭാവന, പിയ ഒക്കെ ഇംഗ്ലീഷ്‌ മീഡിയത്തിൽ ആയിരുന്നു. സ്കൂളിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സും ബാക്കി മലയാളം മീഡിയവും ആയിരുന്നു.

ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാനും കുമാരിയും രണ്ട്‌ ക്ലാസ്സുകളിലായി. കുമാരിയുടെ ക്ലാസ്സിൽ നന്നായി പാട്ട്‌ പാടുന്ന ഷീല ( കുളങ്ങരയിലെ) ഉണ്ടായിരുന്നു. ഷീല പാടിയിരുന്ന ” അക്കരെ നിന്നിക്കരയ്ക്കൊരു പാലം ” എന്ന ലളിത ഗാനം കേൾക്കുമ്പോൾ പഴയ സ്കൂൾ ജീവിതം ഓർമ്മ വരും.

എന്റെ ഡിവിഷൻ ‘8K’ആയിരുന്നു. നളിനകുമാരി സാർ കണക്ക്‌, ഹിന്ദി രാജലക്ഷ്മി സാർ, കെമിസ്ട്രി ദേവികാബായ്‌ സാർ. അംബിക സാർ ആയിരുന്നു മലയാളം പഠിപ്പിച്ചിരുന്നത്‌. എനിക്ക്‌ മലയാളം ഇഷ്ട വിഷയം ആയത്‌ അംബിക അമ്മച്ചിയുടെ മലയാളം ക്ലാസ്സ്‌ ആണു.

” തൊട്ടിലാട്ടും ജനനിയെപ്പെട്ടെന്നു
തട്ടിനീക്കി രണ്ടോമനക്കൈയ്യുകൾ
കേട്ട് പിന്നില്‍ നിന്നിക്കിളി വാക്കുകള്‍
കാട്ടുകെന്നുടെ കൊച്ചനിയത്തിയെ
മണ്ണ് വരിമതിയാം വരെ കളിച്ചുണ്ണി
യപ്പോള്‍ തിരിചെത്തിയെയുള്ളൂ.”….

8)ം ക്ലാസ്സിൽ വിശദീകരിച്ചെഴുതാൻ അംബിക അമ്മച്ചി തന്ന ഈ വരികൾ എന്തോ മനസ്സിൽ അങ്ങനെ കിടക്കുന്നു.

സോഷ്യൽ സ്റ്റഡീസിനു രമാമണി സാർ ആയിരുന്നു. രാധമ്മ സാറിന്റെ ബയോളജി ക്ലാസ്സ്‌ സൂപ്പറായിരുന്നു. സാർ ക്ലാസ്സിൽ വന്നാലുടൻ തന്നെ അന്ന് പഠിപ്പിക്കേണ്ട ഭാഗം പല കളറിലുള്ള ചോക്ക്‌ ഉപയോഗിച്ച്‌ ബോർഡിൽ വരച്ചിടും , എന്നിട്ടാണു പഠിപ്പിക്കുക, അത്‌ പിന്നെ ജീവിതത്തിൽ നമ്മൾ മറക്കില്ല.

വേറൊരു കാര്യം കൂടി രാധമ്മസാറിന്റെ കാര്യം ഞങ്ങൾ കുട്ടികൾക്ക്‌ അത്ഭുതവും കൗതുകവും ആയിരുന്നത്‌ സാറിന്റെ സാരികളുടെ എണ്ണവും വൈവിദ്ധ്യവും സ്റ്റഫും ആയിരുന്നു. രാധമ്മസ്സാർ ഒരു സാരി ഉടുത്തു കണ്ടാൽ പിന്നീട്‌ ഒരു വർഷം കഴിയണം അത്‌ വീണ്ടും ഉടുത്തു കാണാൻ എന്ന് കുട്ടികൾക്കിടയിൽ ഒരു ചൊല്ലുണ്ടായിരുന്നു.

ഞാൻ 8ാ‍ം ക്ലാസ്സിൽ പഠിക്കുമ്പോഴാണു ‘ മഗ്ദലന മറിയം’ ഒരു മ്യൂസിക്‌ ഡ്രാമ ആയിട്ട്‌ സ്കൂളിൽ അവതരിപ്പിച്ചത്‌. യേശുക്രിസ്തുവായിട്ട്‌ ‌ ഞാനും മഗ്ദലന മറിയം ആയിട്ട്‌ രതിത്തോത്തിയും ആയിരുന്നു.

” നാഥാ… തവാഞ്ജകൾ കേട്ടു നടക്കാതെ
നാനാ അപരാധങ്ങൾ ചെയ്തു പോയ്‌ ഞാൻ…”
മറിയത്തിന്റെവരികൾ , നന്നയിട്ട്‌ പാട്ട്‌ പാടിയിരുന്ന ശ്രീകല ച്ചേച്ചി ആണു പാടിയത്‌.

” അപ്പപ്പോൾ ചെയ്തിടും പാപങ്ങൾക്കൊക്കെയും
പശ്ചാത്താപമേ പ്രായശ്ചിത്തം….ഈ..
പശ്ചാത്താപമേ പ്രായശ്ചിത്തം…”

എന്നയേശുകൃസ്തുവിന്റെ വചനം കുറിയേടത്തു മഠത്തിലെ ( അതെ, നക്സലൈറ്റ്‌ ആക്രമണം ഉണ്ടായ മഠം തന്നെ) വാസുദേവൻ പോറ്റി സാർ ആണു ആലപിച്ചത്‌.

അതുപോലെ വിശ്വാമിത്രനായിട്ട്‌ ഞാനും , സ്വർലോക സുന്ദരിയായ ഉർവ്വശിയായിട്ട്‌ രതിത്തോത്തിയും വേഷമിട്ട്‌ ഒരു ടാബ്ലോ സ്കൂളിൽ അവതരിപ്പിച്ചിട്ടുണ്ട്‌.

1975 ൽ ആർ ആർ വി സ്കൂളിന്റെ സുവർണ്ണ ജൂബിലി വളരെ കെങ്കേമമായി ആഘോഷിച്ചു. നാലഞ്ചു ദിവസത്തെ പരിപാടികളായിരുന്നു. VIP കൾ ഒക്കെ വന്ന പൊതുയോഗം ഒക്കെ ഉണ്ടായിരുന്നു.

പിന്നത്തെ വർഷം ആർ ആർ വി ഹൈസ്കൂൾ ബൈഫർക്കേറ്റ്‌ ചെയ്ത്‌ ആർ ആർ വി ബോയ്സ്‌ ഹൈസ്കൂളും ആർ ആർ വി ഗേൾസ്‌ ഹൈസ്കൂളുമാക്കി. ഗേൾസ്‌ സ്കൂളിലെ ഹെഡ്മാസ്റ്റർ രവീന്ദ്രൻ നായർ സാറായിരുന്നു. അമ്മയായിരുന്നു ഫസ്റ്റ്‌ അസിസ്റ്റന്റ്‌.

പുതിയ കെട്ടിടങളുൾപ്പടെയുള്ള മുകൾ തട്ടാണു ഗേൾസ്‌ സ്കൂൾ ആക്കിയത്‌. അപ്പോൾ പിന്നെ ഉച്ചയ്ക്ക്‌ വീട്ടിൽ വന്ന് ഊണു കഴിച്ചു പോകാനുള്ള സമയം കഷ്ടിയായി.

അമ്മയ്ക്ക്‌ ഉച്ചയ്ക്ക്‌ കഴിക്കാനുള്ള ചോറും കൂട്ടാനും ഉപ്പേരിയും ഒക്കെ ഒരു ടിഫിൻ കാരിയറിലാക്കി, ഞങ്ങളുടെ വീട്ടിൽ അടുക്കള സഹായത്തിനു നിന്നിരുന്ന ആയിമ്മ, രാമൻ കുട്ടി യുടെ കൈയ്യിൽ കൊടുത്തയയ്ക്കുമ്പോൾ എനിക്കുള്ള ഉച്ചഭക്ഷണവും കൊടുത്തയയ്ക്കും. ഉച്ചയ്ക്ക്‌ ഞാൻ ടീച്ചേഴ്സ്‌ റൂമിൽ പോയി എന്റെ ഭക്ഷണം എടുത്തു കൊണ്ടു വന്ന് കൂട്ടുകാരോടൊപ്പം ക്ലാസ്സിൽ ഇരുന്ന് കഴിക്കും..

10ാ‍ം ക്ലാസ്സിലായപ്പോൾ ഞാനും ലളിത, അമൃതകുമാരി, പ്രതിഭ, എം ജി ശൈലജ, ഉഷാദേവി അന്തർജ്ജനം, രഞ്ജന ഒക്കെ ഒരു ക്ലാസ്സിലായി. 10 E ഡിവിഷൻ.

10ാ‍ം ക്ലാസ്സിൽ എന്റെ ബഞ്ചിൽ തന്നെ ഇരുന്നിരുന്ന കുട്ടിയാണു റഷീദ. എസ്‌ എസ്‌ എൽ സി പരീക്ഷയ്ക്ക്‌ തൊട്ടു മുമ്പാണറിഞ്ഞത്‌ ആ കുട്ടി പരീക്ഷ എഴുതാൻ വരില്ല, കല്ല്യാണമാണെന്ന്. ഇന്നും റഷീദയുടെ വിടർന്ന കണ്ണുകൾ മനസ്സിലുണ്ട്‌. അന്ന് അതിനെപ്പറ്റിയൊന്നും അത്ര ആലോചിച്ചിട്ടില്ല. പരീക്ഷച്ചൂടിലായിരുന്നു എല്ലാരും.

10ൽ വിജയകുമാരി സാർ ആയിരുന്നു ക്ലാസ്സ്ടീച്ചർ, ബയോളജി ആണു പഠിപ്പിച്ചിരുന്നത്‌.
കെമിസ്ട്രി ക്ക്‌ കൊച്ചുരവി സാർ, കണക്ക്‌ കമലം സാർ, ഞാൻ കണക്കിനു പിന്നോട്ടായതു കൊണ്ട്‌ കുന്നിൽ ട്യൂഷനു പോയിരുന്നു. ധാരാളം ചോദ്യപേപ്പറുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള കണക്കുകൾ ചെയ്യാനായി തന്നിരുന്നു. പത്താം ക്ലാസ്സിൽ കണക്കിനു നല്ല മാർക്ക്‌ കിട്ടിയതിനു തീർച്ചയായും അമ്മച്ചിയോടും ചിറ്റപ്പനോടും കടപ്പെട്ടിരിക്കുന്നു.

ഫിസിക്സിനു കേരളവർമ്മൻ ചിറ്റപ്പൻ, സോഷ്യൽ സ്റ്റഡീസ്‌ പഠിപ്പിച്ചിരുന്നത്‌ സത്യശീലൻ സാർ. ആ ക്ലാസ്സിലിരുന്നാൽ ” ഭാരതമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക്‌ ഞരമ്പുകളിൽ” എന്ന അവസ്ഥയാകും.. ജാലിയൻ വാലാബാഗിലേയും മറ്റും കൂട്ടക്കുരുതിയുടെ കഥകൾ കേൾക്കുമ്പോൾ ബ്രിട്ടീഷുകാരോടുള്ള ദേഷ്യം വർദ്ധിക്കുമായിരുന്നു. കഴിഞ്ഞവർഷം ജാലിയന്വാലാബാഗിൽ പോയപ്പോൾ സാറിനെ ഓർത്തു.

അംബികസർ മലയാളത്തിനു ഇടയ്കിടെ ക്വിസ്‌ പരിപാടി നടത്തും. ക്ലാസ്സിലെ കുട്ടികളെ രണ്ട്‌ ഗ്രൂപ്പാക്കും. ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറയുകയും വേണം. പ്രയാസമേറിയ ചോദ്യങ്ങൾ മറുഭാഗത്തിനോടു ചോദിക്കാൻ വേണ്ടി പാഠഭാഗങ്ങൾ അരിച്ചുപെറുക്കി വായിച്ചു പഠിക്കുമായിരുന്നു. നന്നായി എഞ്ജോയ്‌ ചെയ്തിരുന്ന പരിപാടിയായിരുന്നു അത്‌.

സയൻസ്ക്ലബ്ബ്‌, ഗേൾസ്‌ ഗൈഡ്‌, സഞ്ചയിക എന്നിവയിൽ ഞാനും അംഗമായിരുന്നു. സയൻസ്‌ ക്ലബ്ബിന്റെയും സഞ്ചയികയുടേയും ചുമതല കൊച്ചുരവിസാറിനായിരുന്നു. 8ാ‍ം ക്ലാസ്സ്‌ തൊട്ട്‌ സഞ്ചയികാപദ്ധതിയിൽ വിദ്യാർത്ഥി പ്രതിനിധിയായി പ്രവർത്തിക്കുവാനുള്ള അവസരം കിട്ടിയിരുന്നു. 1970 കളിൽ, വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനു വേണ്ടി സ്കൂളുകളിൽ ആരംഭിച്ച പദ്ധതിയാണു സഞ്ചയിക. അത്‌ ഇപ്പോഴും ഉണ്ടോ എന്നറിയില്ല.

എല്ലാ ആഴ്ച്ചയിലും പരിപാടികളും ക്വിസും ഒക്കെയായി സയൻസ്‌ ക്ലബ്ബും സജീവമായിരുന്നു. ഒരിക്കൽ സയൻസ്‌ ക്ലബ്‌ ക്വിസിനു ചോദിച്ച ഒരു ചോദ്യം ചെസ്സ്ബോർഡിൽ എത്ര കള്ളികൾ ഉണ്ട്‌ എന്നുള്ളതായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ ചെസ്സ്‌ കളി പഠിപ്പിച്ചിരുന്നതുകൊണ്ട്‌ ആ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞ്‌ ടീമിനെ ( ചെറുതാണെങ്കിലും) വിജയിപ്പിച്ച ആഹ്ലാദം ചില്ലറയായിരുന്നില്ല.

എന്നും ഉച്ചക്ക്‌ ഊണുകഴിഞ്ഞാൽ അച്ഛനും അമ്പിസ്വാമിയും കൂടി ചതുരംഗം കളിക്കുമായിരുന്നു. ചതുരംഗം ചെസ്സ്‌ എന്നിവ വീട്ടിൽ വച്ച്‌ കളിക്കുന്നത്‌ നല്ലതല്ല, കലഹമുണ്ടാകും എന്നൊരു അന്ധവിശ്വാസം നിലനിന്നിരുന്ന കാലത്താണു അച്ഛൻ എന്നെ ചെസ്സ്‌ കളി പഠിപ്പിച്ചത്‌ എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു.

ഹൈസ്കൂളിൽ എത്തിയതിനു ശേഷമാണു സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുന്നത്‌. ഉപന്യാസം, കഥ, കവിത എന്നീ ഇനങ്ങളിലാണു മത്സരിക്കാറുണ്ടായിരുന്നത്‌. ലളിതയ്ക്കും എനിക്കും സമ്മാനം കിട്ടിയിട്ടുണ്ട്‌.

ആർ ആർ വി സ്കൂളിന്റെ അഭിമാനമായിരുന്നു ലളിതാവർമ്മ. എല്ലാ വിഷയങ്ങൾക്കും ഉള്ള സ്പെഷ്യൽ പ്രൈസും സ്കൂൾ ടോപ്പർ അവാർഡും എട്ട്‌, ഒൻപത്‌, പത്ത്‌ ക്ലാസ്സുകളിൽ നേടി ചരിത്രം തീർത്ത മിടുക്കിക്കുട്ടി, ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കൂട്ടുകാരി, ലളിത. അതു മാത്രമോ, പ്രസംഗ മത്സരം, കവിതാപാരായണം, ഫാൻസി ഡ്രസ്‌, മോണോ ആക്ട്‌, സാഹിത്യരചന എന്നിവയിലെല്ലാം ഒന്നാം സമ്മാനം നേടി സ്കൂളിനെ പ്രതിനിധീകരിച്ച്‌ ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌.

അക്കാലത്ത്‌ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി കഥകളിക്ക്‌ സ്റ്റേറ്റ്‌ ലെവൽ മത്സരത്തിനു വരെ എത്തിയിട്ടുണ്ട്‌.

സ്ക്കൂൾ കാലഘട്ടത്തെപ്പറ്റി പറയുമ്പോൾ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പരിപാടിയാണു സേവനവാരം. എന്തു ഉത്സാഹമായിരിക്കുമെന്നോ ആ ഒരാഴ്ച്ച സ്കൂളിൽ പോകാൻ. പഠിത്തമൊന്നും ഇല്ലല്ലൊ.

ഒക്ടോബർ 2ാ‍ം തീയതി അവധി നൽകിക്കൊണ്ടുള്ള ഗാന്ധിജയന്തി ആഘോഷമല്ല അന്നുണ്ടായിരുന്നത്‌. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞം ആയിരുന്നു. ക്ലാസ്മുറികളും ബഞ്ചും ഡസ്കും എല്ലാം വെള്ളമൊഴിച്ച്‌ ഉരച്ച്‌ കഴുകി വൃത്തിയാക്കും. സ്കൂളും പരിസരവും ചെത്തി വെടിപ്പാക്കും. റോഡുകളും വൃത്തിയാക്കും. മുതിർന്ന കുട്ടികൾ പൊതുസ്ഥലങ്ങൾ വൃത്തിയാക്കും. അദ്ധ്യാപകരും രക്ഷിതാക്കളും ചില നാട്ടുകാരും ഉണ്ടാകും സഹായത്തിനു. അവസാനദിവസം സദ്യയും ഉണ്ടാകും.

റോഡും പൊതുസ്ഥലങ്ങളും വൃത്തിയാക്കുവാൻ അന്ന് പ്രയാസമില്ലായിരുന്നു. റോഡരുകിൽ വളർന്നു നിൽക്കുന്ന ചെടികൾ ഉണ്ടാകും എന്നല്ലാതെ ഇന്നത്തെപ്പോലെ മാലിന്യകൂമ്പാരങ്ങളല്ലായിരുന്നു അന്നത്തെ റോഡുകളും പൊതു ഇടങ്ങളും. വീടുകളിലെ മാലിന്യം അവിടെത്തന്നെ സംസ്കരിച്ചിരുന്നു.

എന്നാൽ വളരെ വിഷമം ഉണ്ടാക്കിയ ഒരു സംഭവം ഉണ്ടായി ഞങ്ങളുടെ സ്കൂളിൽ. ഒക്ടോബർ 2ാ‍ം തീയതി, ഗാന്ധിജയന്തി ദിവസം സമൂഹസദ്യ പതിവുണ്ട്‌. ആ വർഷം സദ്യ കഴിച്ച അനവധി ആളുകൾക്ക്‌ ഭക്ഷ്യവിഷബാധ ഉണ്ടായി. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചില നാട്ടുകാരും ഒക്കെ ഉൾപ്പെട്ടിരുന്നു. പലരും ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു.

കേശവപുരത്തുള്ള ഗവൺമന്റ്‌ ആശുപത്രി, സരള മെമ്മോറിയൽ ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണു എല്ലാവരും ചികിത്സ തേടിയത്‌. തീരെ അവശ നിലയിലായ ചിലരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ്‌ ചെയ്യുകയുണ്ടായി.

കുമാരിയുടെ അച്ഛനും ചേട്ടനും ചിക്കൻപോക്സ്‌ ആയിരുന്നതുകൊണ്ട്‌ അന്ന് കുമാരി ഞങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്‌. കുമാരിയ്ക്ക്‌ സരള ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ്‌ ഇടുകയൊക്കെ ചെയ്തു.
ആ ഭക്ഷ്യവിഷബാധ എങനെ ഉണ്ടായി എന്നതൊന്നും ഓർമ്മയില്ല.

ഞങ്ങൾ 10ാ‍ം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ശാകുന്തളം’ ഡാൻസ്‌ ഡ്രാമയായി അവതരിപ്പിച്ചിരുന്നു. അത്‌ എഴുതിയത്‌ ഞങ്ങളുടെ സ്കൂളിലെ അംബികസ്സാറും, , സംവിധാനം കമലം സാറും, സംഗീതം അമ്മയും മ്യൂസിക്‌ ടീച്ചറും കൂടിയും ആയിരുന്നു. പാടാനായിട്ട്‌ കുമാരി ഉണ്ടായിരുന്നു, പിന്നെ ആരൊക്കെ ആയിരുന്നു എന്ന് ഓർമ്മയില്ല.

ദുഷ്യന്തനായിട്ട്‌ ലളിതയും, ശകുന്തളയായിട്ട്‌ രഞ്ജനയും, അനസൂയയും പ്രിയംവദയും ആയിട്ട്‌ കുമാരിയും പ്രതിഭയും, ഭരതൻ ആയിട്ട്‌ പ്രതിഭയുടെ അനിയത്തിയും, വിശ്വാമിത്രൻ ആയിട്ട്‌ ഞാനും ആണ്‌ വേഷമിട്ടത്‌. എന്തു രസമായിരുന്നു ആ റിഹേഴ്സലും പരിപാടിയും ഒക്കെ. കുന്നിൽ വച്ചായിരുന്നു റിഹേഴ്സൽ. ഗൃഹാതുരത്വം ഉണർത്തുന്ന നല്ല നല്ല ഓർമ്മകൾ..

രഞ്ജന ഇപ്പോൾ നമ്മോടൊപ്പമില്ല. കൂട്ടുകാരിക്ക്‌ സ്മരണാഞ്ജലി🙏

✍ശൈലജ വർമ്മ, ആസ്‌ട്രേലിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: