ഭാവാർദ്ദ്രമായ സംഗീതം ഏതു മനസ്സിനേയും പിടിച്ചുലയ്ക്കും. നമ്മൾ കടന്നുപോയ ജീവിതകാലവും രംഗങ്ങളും നിമിഷങ്ങളുമാണ് ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നത് എന്ന് പറയാം.
1980 ൽ ഇറങ്ങിയ ശങ്കരാഭരണം എന്ന സിനിമയും അതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നുവല്ലൊ. ശകുന്തളത്തോത്തിയെ ഓർമ്മ വരും ശങ്കരാഭരണത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ. ആ ഗാനങ്ങൾ കേൾക്കുവാനായി മാത്രം ആ സിനിമ വീണ്ടും വീണ്ടും കണ്ടവർ അനവധി. ഈ ഞാനും…
നമ്മൾ എങ്ങനെ മറക്കും അതിലെ ഗാനങ്ങൾ അല്ലെ… ആ കാലഘട്ടം.!
അതുപോലെ തന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ശാലിനി എന്റെ കൂട്ടുകാരി, ഉൾക്കടൽ, ചില്ല് എന്നീ സിനിമയിലെ ഗാനങ്ങളും വളരെ പ്രിയപ്പെട്ടവയായിരുന്നു. എത്ര കേട്ടാലും മതിയാകാത്തവ.
കാവാലം നാരായണപ്പണിക്കരുടെ എല്ലാ ഗാനങ്ങളും ഏറെ ഇഷ്ടത്തോടെ കേട്ടിരുന്നു. ഇന്നും കേൾക്കുന്നു.
“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…” ചാമരം
” ഗോപികേ നിൻ വിരൽ..” കാറ്റത്തെ കിളിക്കൂട്
” സ്വർണ്ണമുകിലേ..(2).. സ്വപ്നം കാണാറുണ്ടോ”
“കിളിയേ കിളിയേ..”
” ആടി വാ കാറ്റേ… പാടി വാ കാറ്റേ..”
“സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ”
“മൈനാകം… “
അങ്ങനെ കുറേ പാട്ടുകൾ. 1980-83 പാട്ടുകൾ കേൾക്കുമ്പോൾ പ്രിയപ്പെട്ട കൂട്ടുകാരി സിരി, ബിന്ദു, സംഗീത എന്നിവരെ ഓർമ്മിക്കാറുണ്ട്.
കല്ല്യാണം കഴിഞ്ഞ് രാജ്ഭവനിൽ എത്തുമ്പോൾ അവിടെ സംഗീതവും സാഹിത്യവും നിറഞ്ഞു നിന്നിരുന്നു. പൂമുഖത്തെ സ്റ്റാൻഡിൽ വച്ചിരുന്ന കാസറ്റ് പ്ലെയർ എപ്പോഴും പാട്ടുകൾ പാടി വീട്ടിൽ സന്തോഷം നിറച്ചു.
ചില ദിവസങ്ങളിൽ കുഞ്ഞേട്ടനും ( രാജാനന്ദ്) മഹാകവി ജാതവേദൻ നമ്പൂതിരിയും കൂടിയുള്ള അക്ഷരശ്ലോകം ചൊല്ലൽ അർദ്ധരാത്രിയും കടന്ന് പുലർച്ച വരെ നീളും. അവർ തമ്മിലുള്ള കത്തുകളും കവിതയിലായിരുന്നു. കുഞ്ഞേട്ടനും അമ്മുവല്ല്യമ്മയും തമ്മിലും കവിതയിലൂടയായിരുന്നു വിവരങ്ങൾ പങ്കു വച്ചിരുന്നത്. കുഞ്ഞേട്ടൻ ഈണത്തിൽ അത് ഉറക്കെ ചൊല്ലി കേൾപ്പിക്കും.
ഞാൻ രാജ്ഭവനിലേയ്ക്ക് എത്തിയത് 1984 ഏപ്രിലിലാണ്. നാലുമാസം കഴിഞ്ഞപ്പോൾ രാധികയും എത്തി. പി ലീലയുടെ നാരായണീയം നൂറാം ദശകം രാധിക മനോഹരമായി ആലപിച്ചിരുന്നു. ഏതു പാട്ട് പാടാൻ പറഞ്ഞാലും മടിയില്ലാതെ പാടിയിരുന്നതുകൊണ്ട് രാധികയുടെ പാട്ടുകൾ കേട്ട് ആസ്വദിക്കലായിരുന്നു അന്ന് പ്രധാന പരിപാടി.
” സൂര്യകാന്തീ, ഉണരുണരൂ, ദ്വാരകേ.. ദ്വാരകേ, അഞ്ജനക്കണ്ണെഴുതി, ഉജ്ജയിനിയിലെ, മഞ്ഞണിപ്പൂ നിലാവിൽ, തളിരിട്ട കിനാക്കൾ തൻ, മാനത്തെ മഴമുകിൽ, പൂന്തേനരുവീ, കടവത്ത് തോണി, കേശാദി പാദം തൊഴുന്നേൻ, ഗോവർദ്ധനഗിരി… എഴുതാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ല…
” പാട്ടു പാടി ഉറക്കാം ഞാൻ”.. എന്ന പാട്ട് രാധികയും അമ്മയും കൂടി പാടിയത് ഓർമ്മയിൽ വരുന്നു.
ബാബുവേട്ടന്റെ കസിൻ ബാലേട്ടന് കപ്പലിൽ ആയിരുന്നതുകൊണ്ട് ഞങ്ങളുടെ കല്ല്യാണത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞുരുന്നില്ല. ലീവ് കിട്ടി നാട്ടിലെത്തിയപ്പോൾ എന്നെ കാണാനായി കൊരട്ടിയിൽ വന്നു. എന്നെ കണ്ട് ആദ്യം ചോദിച്ചത് “ശൈലജ പാട്വോ?” എന്നാണ്. ഞാനാകെ അന്ധാളിച്ച് ” ഇല്ലാ..” എന്ന് മറുപടിയും പറഞ്ഞു. ” പാട്ട് കേൾക്കാൻ വിരോധോന്നൂല്ലാല്ലൊ ല്ലേ?” … ” ന്താ ച്ചാ… ഓഫീസ് വിട്ട് വന്നാൽ, ഷൂസ് ഊരുന്നതിനു മുമ്പു തന്നെ ബാബു കാസറ്റ് പ്ലെയർ ഓൺ ചെയ്യും, പിന്നെ പാട്ട് നിൽക്കുന്നത് പിറ്റേ ദിവസം ഓഫീസിലേയ്ക്ക് പോകാനിറങ്ങുമ്പോഴാൺ…”
അത് അങ്ങനെ തന്നെ ആയിരുന്നുവെന്ന് മലേഷ്യയിൽ ബാബുവേട്ടന്റെ അടുത്ത് എത്തിയപ്പോൾ മനസ്സിലായി.
1985 ജനുവരി 5ാം തീയതിയാണ് ഞാൻ ബാബുവേട്ടന്റെ അമ്മാവന്റെ കൂടെ സിംഗപ്പൂർക്ക് പോകുന്നത്. അമ്മാവന്റെ വീട്ടിൽ ധാരാളം മലയാളം ഹിന്ദി, തമിഴ് സിനിമാഗാനങ്ങളുടെ കാസറ്റ് ശേഖരം ഉണ്ടായിരുന്നു. അവിടത്തെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഗാനങൾ സ്വപ്നം എന്ന മലയാളം ചിത്രത്തിലെ ഈ പാട്ടുകളാണ്.
” മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടൂ”
” സൗരയുഥത്തിൽ വിടർന്നോരു കല്യാണ
സൗഗന്ധികമാണീ ഭൂമീ “
” മഴവിൽക്കൊടിക്കാവടി അഴകു വിടർത്തിയ
മാനത്തെ പൂങ്കാവിൽ”.
ഓ എൻ വി കുറുപ്പിന്റെ രചനയും സലീൽ ചൗധരിയുടെ സംഗീതവും ചേർന്നൊരുക്കുന്ന മാസ്മരികത. സൗരയുഥത്തിൽ എന്ന ഗാനം വാണി ജയറാമും, മറ്റ് രണ്ട് പാട്ടുകൾ എസ് ജാനകിയുമാണ് പാടിയിരിക്കുന്നത്.
ഒരു മാസം സിംഗപ്പൂരിൽ താമസിച്ചിട്ട് ഞാൻ ഈസ്റ്റ് മലേഷ്യയിലെ മിരി എന്ന സ്ഥലത്തേയ്ക്ക് എത്തി. ചെറിയൊരു ടൗൺ ആണ് മിരി.
അവിടെ കിട്ടിയ ആദ്യത്തെ കൂട്ടുകാർ ബാബുവേട്ടന്റെ കൂടെ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണ്. അതിൽ ഫിലിപ്പീനോസ്, മലേഷ്യൻസ്, സിംഗപ്പൂറിയൻസ്, യൂറോപ്യൻസ് ഒക്കെ ഉണ്ടായിരുന്നു.
ഒരു ഫിലിപ്പിനോ കുടുംബത്തിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിൽ പഠിക്കുന്ന ജൂനിയർ ഹുഫാന യും അനിയത്തി കാതറീനും. ജൂനിയർ നന്നായി പാട്ടുപാടുന്ന കുട്ടിയായിരുന്നു.
1984 ൽ ഇറങ്ങിയ പ്രിൻസിന്റെ ” purple rain” എന്ന റോക്ക്/ പോപ്പ് ഗാനം ജൂനിയർ പാടിയാണ് ഞാൻ ആദ്യം കേൾക്കുന്നത്. ഇപ്പോഴും വല്ലപ്പോഴുമൊക്കെ “purple rain” കേൾക്കാറുണ്ട്.
Radio Television Malaysia യിൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. ബാബുവേട്ടൻ barge ൽ പോയിരിക്കുന്ന സമയത്തൊക്കെ ഞാൻ അവ മുടങ്ങാതെ കേട്ടിരുന്നു.
ആ കാലം ഒക്കെ എങ്ങനെ ഒറ്റയ്ക്ക് തള്ളിനീക്കി എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഇന്റർന്നെറ്റ് ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലൊ അന്ന്. ബാബുവേട്ടൻ barge ലേയ്ക്ക് പോയാൽ പിന്നെ ഒരു മാസം ഒറ്റയ്ക്ക് വീട്ടിൽ കഴിച്ചുകൂട്ടണം. ഇന്നത്തെപ്പോലെ ഫോൺ സൗകര്യമൊന്നും നാട്ടിൽ ഇല്ലാത്ത സമയം. ഫോൺ ചെയ്ത് സംസാരിക്കുന്നത് സിംഗപ്പൂരിലെ അമ്മായിയോട് മാത്രം. ബാബുവേട്ടൻ രാവിലേയും ഉച്ചയ്ക്കും രാത്രിയിലും എന്നെ ഫോൺ ചെയ്ത് സംസാരിക്കുമായിരുന്നു. നാട്ടിലേയ്ക്കും തിരിച്ചും കത്തെഴുതൽ മാത്രം. ആഴ്ച്ചയിൽ രണ്ടും മൂന്നും എഴുത്തുകൾ വീതം കൊരട്ടിയിൽ എന്റെ വീട്ടിലേയ്ക്കും ചെർപ്പുളശ്ശേരിയിൽ ബാബുവേട്ടന്റെ അമ്മയ്ക്കും എഴുതുമായിരുന്നു.
അക്കാലത്ത് സ്ഥിരമായി RTM റേഡിയോയിൽ കേട്ടിരുന്ന ഹിന്ദി പാട്ടുകളിൽ ചിലത് മാത്രം ഇവിടെ എഴുതുന്നു എന്നേയുള്ളൂ.
Naina bares….
Ek payar ka nagma he..
Tere mere Milan ki yeh…
Lag has gale…
Tere bindiyare..
Mere naina sawan bhadon….
Naino mein badara chaye…
Tune o Rangeele…
Humein tumse pyar kitna yeh hum …
മലയാളം തമിഴ് സിനിമാഗാങ്ങളും ഭക്തിഗാനങ്ങളും മലയാളം ലളിതഗാനങ്ങളും ധാരാളം കേൾക്കുമായിരുന്നു. വൈകുന്നേരം 5 മണിയൊക്കെ ആകുമ്പോൾ പി ലീലയുടെ നാരായണീയം സ്ഥിരമായി കേട്ടിരുന്നു.
ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങുന്നു എന്നുള്ള സന്തോഷ വർത്തമാനം അറിയുമ്പോൾ മിരിയിലെ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ബാബുവേട്ടൻ ബാർജ്ജിലും. എനിക്ക് തീരെ വയ്യായിരുന്നു, ഭയങ്കര ച്ഛർദ്ദിയും ക്ഷീണവും കൂടാതെ വല്ലാത്ത ഏകാന്തതയും. വീട്ടുടമസ്ഥൻ ഒരു മലേഷ്യൻ ചൈനീസ് ആയിരുന്നു. ഒരു Mr Wong. അദ്ദേഹവും ഭാര്യയുമായിരുന്നു എനിക്ക് സഹായം. ഡോക്‌ടറുടെ അടുത്ത് പോകാനും സാധങ്ങൾ വാങ്ങിത്തരാനും ഒക്കെ Mrs Wong കൂടെ വരുമായിരുന്നു.
ഒറ്റയ്ക്കുള്ള ആ ജീവിതം ഏൽപ്പിച്ച ചെറിയൊരു പ്രഹരമായിരുന്നു ചില പാട്ടുകൾ കേൾക്കുമ്പോൾ സങ്കടം വരിക, കരയുക എന്നൊക്കെയുള്ളത്. എത്രയോ വർഷങ്ങൾ പി ലീലയുടെ നാരായണീയം കേൾക്കുമ്പോൾ മിരിയിലെ ഫ്ലാറ്റിലെ സ്വീകരണ മുറിയിൽ ക്ഷീണിച്ച് അവശയായികിടക്കുന്ന എന്നെ എനിക്ക് ഓർമ്മവരും. കണ്ണുനീരങ്ങനെ ഞാനറയാതെ ഒഴുകി വരും.
വളരെ വളരെ വർഷങ്ങൾക്ക് ശേഷം മാത്രമേ നാരായണീയം മുഴുവനായി ചൊല്ലാനും കേൾക്കാനും തുടങ്ങിയിട്ടുള്ളൂ. അതുപോലെ ഹിന്ദിപ്പാട്ടുകൾ കേൾക്കുമ്പോഴും ആ അനുഭവ തീവ്രത മനസ്സിലേയ്ക്ക് ഇടിച്ചുകയറി വരുമായിരുന്നു.
ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി.
മോനെ ഉറക്കാനായി എല്ലാവരും പാടിയിരുന്നതു പോലെ
” ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ…
എന്ന് ആസ്വദിച്ച് രസിച്ച് പാടിയിരുന്നു. ബാബുവേട്ടന്റെ അമ്മ ചൊല്ലിക്കേട്ടാണ് വരികൾ മുഴുവനും പഠിച്ചത്.
പിന്നെ
“ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ
പോകുന്നിതാ പറന്നമ്മേ”…
“കണ്ണും പൂട്ടി ഉറങ്ങുക നീ…”
” കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം”
” പാട്ടു പാടി ഉറക്കാം ഞാൻ”
“അമ്പാടി തന്നിലൊരുണ്ണീ…”
” ആരോമലേ നീയുറങ്ങ്.. ആലിലക്കണ്ണനുറങ്ങ്..”
” ഉണ്ണിക്കൈ വളരു് … വളര്… വളര്..”
ഇങനെ കുറേ പാട്ടുകൾ പാടിയിരുന്നു.
ഇരിങ്ങാലക്കുടയിൽ മോന്റെ പ്രസവത്തിനായി താമസിക്കുന്ന അവസരത്തിൽ വത്സല അക്കയുടെ മകൾ വിദ്യ അവിടെ വന്ന് താമസിച്ചിരുന്നു. വിദ്യ പാടി കേട്ട് ഞാൻ പഠിച്ച പാട്ടാണ്
” ആനന്ദമെന്നത് മാനവ ഹൃദയത്തിൽ
മാനായ് നടക്കുന്ന മാരീചൻ
അതിന്റെ പിറകേ പായുന്നു വെറുതേ
ആശയെന്നൊരു മൈഥിലീ”… എന്ന പാട്ട്.
മിരിയിൽ ( മലേഷ്യ) എത്തിക്കഴിഞ്ഞിട്ടാണ് ഞാൻ ശ്രദ്ധിച്ചത്. ഈ പാട്ട് പാടുമ്പോഴെല്ലാം കിരൺ ഉറക്കെ കരയുമായിരുന്നു. ആദ്യമൊന്നും ഞാനത്ര കാര്യമായിട്ടെടുത്തില്ല. പിന്നെ സംശയം തോന്നിയപ്പോൾ മന:പ്പൂർവ്വം ഈ പാട്ടുപാടി നോക്കിയപ്പോഴല്ലെ…. ചിരിച്ചുകളിച്ചു കിടക്കണ കുട്ടി ഈ പാട്ട് കേട്ടാലുടനെ ഉറക്കെ കരഞ്ഞു തുടങ്ങും. ഈ പാട്ട് പാടുമ്പോൾ മാത്രം.. എന്റെ പാട്ടിന്റെ കുഴപ്പം കൊണ്ടല്ല എന്ന് എല്ലവരും മനസ്സിലാക്കിക്കോട്ടെ എന്ന് വിചാരിച്ചു തന്നെയാണ് അതിന് ഊന്നൽ കൊടുത്തു പറഞ്ഞത് ട്ടോ..
ഇടയ്ക്കിടെ രാധിക പാട്ട് പാടി അയച്ചുതരും. വല്യ ഇഷ്ടമാണ് അത് കേൾക്കാൻ. ഒരിക്കൽ ഞാൻ പറഞ്ഞിട്ട് ” ആരോമലേ നീയുറങ്ങ്” എന്ന താരാട്ടുപാട്ട് പാടി അയച്ചു തന്നു രാധിക. ഞങ്ങൾ കാറിൽ യാത്ര ചെയ്യുമ്പോഴാണ് ആ പാട്ട് ഫോണിൽ എത്തിയത്. അത് വച്ച് കേട്ടു തുടങ്ങിയതും ഞാൻ പൊട്ടിപ്പൊട്ടി കരച്ചിലായി. പെട്ടെന്നുണ്ടായ കരച്ചിൽ കണ്ട്, ബാബുവേട്ടൻ കാര്യമെന്താണെന്ന് ചോദിച്ച് വിഷമിക്കുന്നു. ഒന്നും മിണ്ടാനാകാതെ ഞാനും. അവസാനം ഈ പാട്ട് കേട്ടിട്ട് കരഞ്ഞതാണെന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ” കുട്ടീ… പാട്ട് കേട്ട് കരയ്യേ… ഈ പാട്ട് കേട്ടപ്പോൾ എന്താ പറ്റ്യേ”? എന്ന് ചോദിച്ചപ്പോൾ ” കുഞ്ഞുങ്ങളെ ഉറക്കാനായി പാടിയിരുന്ന പാട്ടാണ്, അതൊക്കെ ഓർത്തിട്ടാണ്” എന്ന് പറഞ്ഞ് ഞാൻ കണ്ണു തുടച്ച് ചിരിക്കാൻ ശ്രമിച്ചു.
1992 ഡിസംബറിൽ കൊരട്ടിയിലെ വീട്ടിൽ വച്ച് ഒരു സപ്താഹം വായന നടത്തിയിരുന്നു. വൈകുന്നേരം വായന കഴിഞ്ഞാൽ, സന്ധ്യയോടെ ഭജന, പാട്ട്, സ്കിറ്റുകൾ എന്നിവ സ്ഥിരം കലാപരിപാടികളായിരുന്നു. നന്ദു, കുട്ടൻ, സജു, ഡാഡു, കിഴക്കേലെ കുട്ടൻ എന്നിവരാണ് പ്രധാനമായിട്ട് അവതരണം.
അന്ന് കുട്ടൻ സർഗ്ഗം സിനിമയിലെ ” കൃഷ്ണ കൃപാ സാഗരം….” എന്ന പാട്ട് പാടുമായിരുന്നു. നന്ദുവിന്റെ ” പാവനഗുരു”… ദീപ്തിയും കുമാരിയേടത്തിയും പാട്ട് പാടിയിരുന്നു. കിരണും ജിതനും ” കണി കാണും നേരം”… പാടി
ഞങ്ങൾ തിരിച്ച് സിംഗപ്പൂരിലെത്തി ഒരു ദിവസം സ്റ്റീരിയോവിൽ ” കൃഷ്ണ കൃപാ സാഗരം” കേട്ടപ്പോൾ .. ദാ ഞാനവിടെ ഒറ്റ കരച്ചിൽ. കുറേ നാളത്തേയ്ക്ക് ഈ പാട്ട് കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയുമായിരുന്നു.
കാക്കേ കാക്കേ കൂടെവിടെ?, കൂ കൂ കൂ കൂ തീവണ്ടി, കുഞ്ചിയമ്മയഞ്ചു മക്കളാണേ, അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവൻ, ചെപ്പു കിലുക്കണ ചങ്ങാതി, കിലുകിലുക്കം കിക്കിലുക്കം കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും, അങ്ങനെ കുറേ പാട്ടുകൾ മാമു കൊടുക്കുമ്പോൾ പാടിയിരുന്നു. ബാബുവേട്ടന്റെ അമ്മ ചൊല്ലി പഠിപ്പിച്ചതാണ്
“അമ്പല ഗോപുര നടയിലൊരാന
ക്കൊമ്പനെ ഞാൻ കണ്ടേ”… എന്ന കവിത.
മറ്റൊന്ന് അമ്മ ചൊല്ലി കേട്ടിട്ടുള്ളത്
” ഉറുമ്പേ ഉറുമ്പേ എവിടെ പോണൂ
കൂനാങ്കൊളത്തില് കുളിക്കാൻ പോണൂ
അവിടത്തെ തമ്പ്രാനെന്തു തന്നൂ
തല്ലാൻ വന്നൂ കൊട്ടാൻ വന്നൂ….”
അങ്ങനെ ഈണത്തിൽ ചൊല്ലിപ്പോകണ പാട്ട്. ഇപ്പൊ ഇതൊക്കെ ആരെങ്കിലും പടണൊണ്ടാവ്വൊ?
ഈ പാട്ടിന്റെ തന്നെ ചെറിയ വ്യത്യാസങ്ങളോടെ ദേശാന്തര ഭാഷ്യങ്ങളും ഉണ്ടായിട്ടുണ്ട്.
കിരണും ജിതനും ആദ്യം പഠിച്ച പാട്ടുകൾ ” ചെത്തി മന്ദാരം തുളസി” യും ” കണി കാണും നേരം കമലനേത്രന്റെ” – യും …ആണ്. പിന്നീട് കിരണിനെ
” അമ്പാടി തന്നിലൊരുണ്ണീ” പഠിപ്പിച്ചു.
പിന്നീട് അവധിക്ക് കൊരട്ടിയിൽ വന്ന് താമസിക്കുമ്പോൾ കുമാരിയേടത്തി, ദീപ്തി, ഡാഡു ഒക്കെ കുട്ടികൾക്ക് പാട്ട് പാടി കൊടുക്കുമായിരുന്നു. ” മോട്ടോർ സൈക്കിൾ, ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
മുത്തിയമ്മ മുട്ടയിട്ടു,അമ്പലഗോപുര നടയിൽ തുടങ്ങി കുറേ പാട്ടുകൾ…
അങ്ങനെ ഓരോരോ പാട്ടിന്റെ കഥകൾ…
പാട്ടുകൾ നമ്മെ ഓർമ്മകളുടെ സ്വപ്നലോകത്തേയ്ക്ക് കൂട്ടികൊണ്ടു പോകുന്നു. അവിടെ നമ്മളങ്ങനെ ഭാരമില്ലാതെ, മനസ്സിൽ കനമില്ലാതെ ഒഴുകി നടക്കും…
ഇന്നും
പാട്ട് കേൾക്കാത്ത, പാടാത്ത, മൂളാത്ത ദിവസങ്ങൾ ഉണ്ടാകാറില്ല.
ശൈലജ വർമ്മ, ആസ്‌ത്രേലിയ ✍️
പാട്ടോർമ്മകൾ, ശൈലജ അടിപൊളി. ആശംസകൾ