17.1 C
New York
Wednesday, December 1, 2021
Home Special ഓർമ്മച്ചെപ്പ്‌ തുറന്നപ്പോൾ- (13) തക്ഷശില ട്യൂട്ടോറിയൽസും കൈരളി മഹിളാ സമാജവും

ഓർമ്മച്ചെപ്പ്‌ തുറന്നപ്പോൾ- (13) തക്ഷശില ട്യൂട്ടോറിയൽസും കൈരളി മഹിളാ സമാജവും

ശൈലജ വർമ്മ✍

കിളിമാനൂർ കൊട്ടാരത്തിലെ കൊച്ചുകേരളോർമ്മത്താന്റെ നേതൃത്വത്തിൽ തക്ഷശില ട്യൂട്ടോറിയൽസ്‌ എന്നൊരു സ്ഥാപനം ആരംഭിക്കുകയുണ്ടായി. ചാവടിയിലെ ഉണ്ണി അമ്മാവനായിരുന്നു കാര്യദർശി. കൊച്ചുകേരളോർമ്മത്താൻ പ്രിൻസിപ്പാളും.

രമണി അമ്മൂമ്മ ഹിന്ദി, പത്മത്തോത്തി കണക്ക്‌, ചന്ദ്രികസ്സാർ മലയാളം, കൊച്ചുണ്ണി അമ്മാവൻ ഇംഗ്ലിഷ്‌, കൂടാതെ സുമംഗലത്തോത്തി, ഉമത്തോത്തി, സാവിത്രിസ്സാർ, രേണുകസ്സാർ, രാമോർമ്മത്താൻ, കുട്ടത്താൻ, ഗോകുലത്തിലെ രവി അണ്ണൻ, പ്രഭാകരൻ സാർ, രാജേന്ദ്രക്കുറുപ്പ്‌ സാർ, പോറ്റിസാർ, ചന്ദ്രിക സാർ ( ഇംഗ്ലീഷ്‌) തുടങ്ങിയവർ അവിടെ പഠിപ്പിച്ചിരുന്നു. കെമിസ്ട്രി പഠിപ്പിച്ചിരുന്ന ചുരുണ്ട മുടിയുള്ള ടീച്ചറെ നല്ല ഓർമ്മയുണ്ട്‌, പക്ഷെ പേരോർമ്മവരുന്നതേയില്ല.

അവിടെ പഠിപ്പിച്ചിരുന്ന ചെറുപ്പക്കാരായ അദ്ധ്യാപകർ എല്ലാവരും തന്നെ പിന്നീട്‌ ബാങ്കു ഉദോഗസ്ഥരായും ഹൈസ്കൂൾ അദ്ധ്യാപകരായും ഔദ്യോഗിക ജീവിതത്തിൽ വളരെ ഉയർന്ന സ്ഥാനങ്ങളിൽ എത്തി എന്നു കൂടി സന്തോഷത്തോടെ പറയട്ടെ.

രമണി അമ്മൂമ്മയുടെ വീടിന്റെ അടുത്ത്‌, വടക്കെ കുളത്തിനോട്‌ ചേന്ന് നീളത്തിലുള്ള ഒരു ഓലഷെഡ്‌ പണിത്‌, ക്ലാസ്സ്‌ മുറികളായി തിരിച്ച്‌ ബഞ്ചും ഡസ്ക്കും ബ്ലാക്ക്‌ ബോർഡും ഒക്കെയായിട്ടായിരുന്നു പഠനം. ചൂട്ടയിൽ നിന്നും തിരിഞ്ഞ്‌ കൊട്ടാരത്തിലേയ്ക്കുള്ള റോഡിലൂടെ വരുമ്പോൾ നേരെ കാണുന്നത്‌ തക്ഷശിലയായിരുന്നു.

ഞാനും കുമാരിയും തക്ഷശിലയിൽ പഠിക്കാൻ പോയിരുന്നു. ആയിടെയാണ്‌ കുന്നിലെ ഉണ്ണി അണ്ണൻ ഞങ്ങളെ പഠിപ്പിക്കാനായി തക്ഷശിലയിൽ എത്തുന്നത്‌. അദ്ധ്യാപക കുടുംബത്തിൽ നിന്നുമുള്ള ഉണ്ണിയണ്ണൻ വളരെ മികച്ചൊരു അദ്ധ്യാപകൻ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ധാരാളം കുട്ടികളുമായി തക്ഷശില വളരെ നല്ല രീതിയിൽ നടന്നിരുന്നു. കൊട്ടാരം യു പി സ്കൂളിലും ആർ ആർ വി ഹൈസ്കൂളിലും പഠിച്ചിരുന്ന പല കുട്ടികളും തക്ഷശിലയിലും വന്നിരുന്നു. ബസ്സിൽ വന്നിരുന്നവർ വരെ ഉണ്ടായിരുന്നു.

രമണി അമ്മൂമ്മ എന്റെ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും കൂടി ആയിരുന്നു. എന്റെ അനിയൻ നന്ദുവിനും അമ്മയ്ക്കും ചിക്കൻ പോക്സ്‌ വന്ന സമയത്ത്‌ ഞാൻ കുറേ നാൾ രമണി അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസം.

ആ വീട്ടിൽ കിഴക്കെ അറ്റത്തുള്ള മുറിയിലെ കട്ടിലിൽ കിടന്നാൽ ആകാശത്ത്‌ ആയിരം നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണുചിമ്മി ചിരിച്ചു നിൽക്കുന്നത്‌ കാണാം. അങ്ങനെയൊരു കിടപ്പുമുറി ലോകത്തൊരിടത്തും ഉണ്ടാവില്ല എന്ന് തോന്നാറുണ്ട്‌. ഇന്നും ഞാനത്‌ സന്തോഷത്തോടെ ഓർക്കുന്നു. യാതൊരു തടസ്സവും ഇല്ലാതെ മുകളിലാകാശം താഴെ ഭൂമി, അതായത്‌ വയൽ… മനം മയക്കുന്ന കാഴ്ച്ചയായിരുന്നു അത്‌…

പടികൾ കയറി കൊട്ടാരത്തിലേയ്ക്ക്‌ എത്തുമ്പോൾ വലതു വശത്ത്‌ കാണുന്ന ആദ്യത്തെ വീട്‌ ആയിരുന്നു രമണി അമ്മൂമ്മയുടേത്‌. അടുക്കളയും ഊണുമുറിയും ഒരു ടോയ്‌ലറ്റും താഴെ ആയിരുന്നു. കിണറിന്റെ അവിടേയ്ക്ക്‌ പോകുന്ന മുറ്റത്ത്‌ നിറയെ റോസും കനകാംബരവും പൂത്തു നിന്നിരുന്നു. കുമാരിയുടെ മാളികയിലേയ്ക്കും ഇവിടേയ്ക്കും കൂടി ഒരു കിണറാണ്‌. വെള്ള കോരുമ്പോൾ അപ്പുറം ഇപ്പുറം നിന്ന് വിശേഷങ്ങൾ കൈമാറുക പതിവായിരുന്നു. രമണി അമ്മൂമ്മയുടേയും ആർ ആർ വി സ്കൂളിൽ അദ്ധ്യാപകനായിരുന്ന അപ്പൂപ്പന്റേയും, ഉണ്ണിയമ്മാവൻ, കൊച്ചുകേർളോർമ്മത്താൻ, ചെറുണ്ണിത്താൻ, എന്നിവരുടേയും ഓർമ്മകൾക്ക്‌ മുന്നിൽ സ്മരണാഞ്ജലി അർപ്പിച്ചു കൊള്ളുന്നു.

ബഹറിനിൽ ടീച്ചറായ ബിന്ദു ഈയിടേയും തക്ഷശിലയിലേയും ആർ ആർ വി സ്കൂളിലേയും കാര്യങ്ങൾ പറഞ്ഞിരുന്നു. ബിന്ദുവിന്റെ അമ്മയുടെ ചേച്ചി എന്റെ അമ്മയുടെ കൂടെ പഠിച്ചിട്ടുണ്ടത്രെ..!

തക്ഷശില ആരംഭിക്കുന്നതിന്‌ വളരെ മുമ്പ്‌ തന്നെ ഉദയ കമേർഷ്യൽ ഇസ്റ്റിറ്റ്യൂട്ട്‌ എന്നൊരു സ്ഥാപനം ചെറുണ്ണിത്താൻ നടത്തിയിരുന്നു. അതും വളരെ നല്ല രീതിയിൽ നടന്നിരുന്ന സ്ഥാപനം ആയിരുന്നു.

ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്താണു കൊട്ടാരത്തിൽ ഒരു മഹിളാ സമാജം രൂപീകരിക്കുന്നത്‌ – കൈരളി മഹിളാ സമാജം. അമ്മയായിരുന്നു സമാജം സ്ഥപക പ്രസിഡന്റ്‌. ഇന്ദിരച്ചെറിയമ്മ വൈസ്‌ പ്രസിഡന്റ്‌, ചന്ദ്രികസാർ സെക്രട്ടറി, സുമംഗലത്തോത്തി ജോയിന്റ്‌ സെക്രട്ടറി, രമണി അമ്മൂമ്മ ഖജാൻജി. തക്ഷശില ട്യൂട്ടോറിയൽസിൽ വച്ചായിരുന്നു രൂപീകരണ സമ്മേളനം.

വനിതകളുടെ ഉന്നമനത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടി പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടർമ്മാരായിരുന്ന ശ്രീമതി സരളാ ഗോപാലൻ, ശ്രീ ഗോപാലൻ, ശ്രീമതി ഓമനക്കുട്ടി അമ്മ, ശ്രീമതി.ജെ ലളിതാംബിക, ശ്രീമതി നീല ഗംഗാധരൻ ( പിന്നീട്‌ ചീഫ്‌ സെക്രട്ടറി), ശ്രീമതി സുധാപിള്ള, ശ്രീമതി നളിനി നെറ്റോ ( പിന്നിട്‌ ചീഫ്സെക്രട്ടറി), വളരെ ആത്മാർത്ഥതയും ഊർജ്ജ്വസ്വലതയും കൈമുതലായിട്ടുള്ള തിരുവനന്തപുരം കളക്ടറേറ്റിലെ മുതിർന്ന വനിതാ ശിശു ക്ഷേമ ഉദ്യോഗസ്ഥ ശ്രീമതി സരോജിനി ബായി എന്നീ പ്രശസ്തരും ഉന്നത അധികാരസ്ഥനങ്ങളിൽ ജോലി ചെയ്യുന്നവരുമായവരെ കാണുവാനും ഇടപെഴകുവാനും അവരൊക്കെ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുവാൻ എത്ര ശ്രദ്ധാലുക്കൾ ആണെന്ന് കാണുവാനും സാധിച്ചത്‌ വലിയൊരു ജീവിതപാഠമാണ്‌.

തിരുവനന്തപുരം കളക്ടർ ആയിരുന്ന ശ്രീമതി സരളാഗോപാലനും ശ്രീ ഗോപാലനും, പെപ്പെ അമ്മാവൻ എന്ന് ഞങ്ങൾ വിളിച്ചിരുന്ന ശ്രീ മാവേലിക്കര പ്രഭാകരവർമ്മയുടെ ശിഷ്യരായിരുന്നു. അമ്മാവനാണ്‌ അവരെ രണ്ടുപേരേയും കർണ്ണാടകസംഗീതം പഠിപ്പിച്ചിരുന്നത്‌ എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.

കൈരളി മഹിളാസമാജം വളരെ നല്ല രീതിയിലാണു പ്രവർത്തിച്ചിരുന്നത്‌. ചർക്കയിൽ നൂൽ നൂൽക്കുന്നത്‌ പഠിപ്പിക്കുവാനായി ശുഭാംഗി ടീച്ചർ ഉണ്ടായിരുന്നു, അവർ ചന്ദ്രിക സാറിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. തുന്നൽ ക്ലാസ്സ്‌ , പേപ്പർ മെഷ്‌ വച്ച്‌ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ക്ലാസ്‌, വറ്റലുകൾ , കൊണ്ടാട്ടങ്ങൾ, സ്‌ക്വാഷ്‌, ജാം എന്നിവയുടെ നിർമ്മാണം, തുണിബാഗുകളിൽ അലങ്കാര പണികൾ ചെയ്യൽ, പ്ലാസ്റ്റിക്‌ കൂട നിർമ്മാണം തുടങ്ങിയവ നല്ല നിലയിൽ തന്നെ സമാജത്തിലെ അംഗങ്ങൾ ചെയ്തിരുന്നു.

കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്കെല്ലാവർക്കും തന്നെ ചിത്രരചനയിൽ ജന്മസിദ്ധമായ കഴിവ്‌ കിട്ടിയിട്ടുണ്ട്‌. അതുകൊണ്ട്‌ പേപ്പർ മെഷ്‌ വച്ച്‌ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും തുണി ബാഗുകളിൽ ചിത്രം വരച്ച്‌ മുത്തുകൾ പിടിപ്പിച്ച്‌ അലങ്കരിക്കുന്നതിലും അവർ വളരെ പ്രാഗൽഭ്യം പ്രകടിപ്പിച്ചിരുന്നു.

സമാജത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നത്‌ തിരുവനന്തപുരത്തുള്ള SMSM Institute ( ഗവൺമന്റ്‌ ഹാൻഡിക്രാഫ്റ്റ്‌ എം പോറിയം) , വനിത എന്ന പേരിൽ ഓവർ ബ്രിഡ്ജിൽ ഉണ്ടായിരുന്ന, വനിതാസംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം എന്നിവ വഴിയായിരുന്നു.

ആ സമയത്ത്‌ ഇടയ്ക്കിടെ തിരുവനന്തപുരത്ത്‌ SMSM Institute, വനിതാ ഷോറൂം, കളക്ടറേറ്റ്‌ എന്നിവിടങ്ങളിൽ പോകേണ്ട ആവശ്യം ഉണ്ടാകാറുണ്ടായിരുന്നു. സമാജം ഉൽപ്പന്നങ്ങൾ കൊണ്ടുകൊടുക്കുവാനായിട്ടാകും പലപ്പോഴും പോയിരുന്നത്‌. അഛന്റെ കാറിലായിരുന്നു യാത്രയെല്ലാം. ഞാനും നന്ദുവും ഉണ്ടാകാറുണ്ടായിരുന്നു ആ യാത്രകളിലെല്ലാം.

കളക്ടറേറ്റിലെ വനിതാശിശുക്ഷേമ ഉദ്യോഗസ്ഥയായിരുന്ന സരോജിനി ബായി ടീച്ചറുമായി സമാജം ഭാരവാഹികൾക്ക്‌, പ്രത്യേകിച്ച്‌ അമ്മയ്ക്കും രമണി അമ്മൂമ്മയ്ക്കും ഒരു പ്രത്യേക സ്നേഹബന്ധം ഉണ്ടായിരുന്നു. ടീച്ചറിന്റെ വീട്ടിലും ഞങ്ങൾ പോകാറുണ്ടായിരുന്നു. അവിടെ വച്ചാണ്‌ ആദ്യമായി ടെലിവിഷൻ കണ്ടതെന്നതാണ്‌ എന്റെ ഓർമ്മ.

ടീച്ചറിന്റെ മൂത്ത മകൻ ജഗൻ പർവ്വതാരോഹണത്തിനു പോയിട്ട്‌ ‘snow bite’ ഉണ്ടായ വിവരമൊക്കെ പറഞ്ഞത്‌ കേട്ടപ്പോൾ പാവാടക്കാരിയായിരുന്ന ഞാൻ അത്ഭുതത്തോടെ അതൊക്കെ കേട്ട്‌ മിഴിച്ചിരുന്നു. രണ്ടാമത്തെ മകൻ രഘു. അവരൊക്കെ ഇപ്പോൾ എവിടെയാണെന്നൊരു വിവരവുമില്ല.

കൈരളി മഹിളാസമാജത്തിന്റെ വാർഷികാഘോഷത്തിനു കൊട്ടാരത്തിലെ രാജാരവിവർമ്മ സ്റ്റുഡിയോവിൽ വച്ച്‌ സമാജം ഉൽപ്പന്നങ്ങളുടെ പ്രദർശ്ശനം, സ്പെഷ്യൽ യു പി സ്കൂളിന്റെ സ്റ്റേജിൽ വച്ച്‌ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്ന ശ്രീമതി ഓമനക്കുഞ്ഞമ്മ ( തിക്കുറിശ്ശിയുടെ സഹോദരി) അദ്ധ്യക്ഷയും, സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ആയിരുന്ന ശ്രീ വി ഈച്ചരൻ ഉത്ഘാടകനും ആയിരുന്നു. സമാജം പ്രസിഡന്റ്‌ ആയിരുന്ന അമ്മ സ്വാഗതവും, സെക്രട്ടറി ചന്ദ്രിക സാർ കൃതഞ്ജതയും പറഞ്ഞു.

കൊരട്ടിയിൽ നിന്നും ആശയുടെ നൃത്തം പ്രത്യേക ഇനമായി അവതരിപ്പിച്ചിരുന്നു. കൊരട്ടിയിൽ നിന്നും വല്ല്യമ്മ, കൊച്ചു വല്ല്യമ്മ, വല്ല്യ്ഛൻ, കുട്ടൻ, ഉദയവർമ്മമ്മാവൻ, സുശീല ചെറിയമ്മ, ആശ ഒക്കെ കിളിമാനൂർക്ക്‌ വന്നിരുന്നു.

രമണിത്തോത്തി, ഗിരിജത്തോത്തി, സുമംഗലത്തോത്തി, ഗിരിജച്ചേച്ചി, ചന്ദ്രികസാർ തുടങ്ങി കുറേപ്പേർ പങ്കെടുത്ത ‘ പിന്നൽ തിരുവാതിര’ എന്ന് ഇപ്പോൾ പറയുന്ന ‘ കയറുകളി’ രംഗത്ത്‌ അവതരിപ്പിച്ചിരുന്നു.

“വേദ വേദ്യ വിനായക പാഹി പാഹി ജഗദീശ
വിഘ്നമെല്ലാം ഒഴിച്ചെന്നും വിശ്വ രക്ഷ ചെയ്യും വിഭോ”
എന്ന ‘കയറുകളിപ്പാട്ട്‌” എഴുതിയത്‌ കുന്നിലെ അംബിക അമ്മച്ചിയും സംഗീതം നൽകിയത്‌ ഭവാനി ചെറിയമ്മയും ആയിരുന്നു. കിളിമാനൂർ കൊട്ടാരത്തിൽ പൂജ ചെയ്യുന്ന ദൈവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഗാനമായിരുന്നു അതെന്ന് പറയാം..

അന്ന് ശാകുന്തളത്തിലെ ഒരു രംഗം ടാബ്ലോ ആയിട്ട്‌ ചെയ്തിരുന്നു. ഞാൻ ശകുന്തളയായിട്ടും കുമാരിയും ശ്രീലത ചേച്ചിയും പ്രിയംവദ അനസൂയമാരായിട്ടും വേഷം ഇട്ടു.

മറ്റൊരു പരിപാടി വളരെ കൗതുക കരമായിട്ടുള്ള ഒന്നായിരുന്നു. അമ്പാടിയിലെ കണ്ണന്റെ കുസൃതികളേയും വികൃതികളേയും പറ്റി യശോദയോടു പരാതി പറയുന്ന ഗോപസ്ത്രീകളും, അവരുടെ പരാതികൾ കേട്ട്‌ അവർക്ക്‌ വേണ്ട നഷ്ടപരിഹാരങ്ങൾ നൽകുന്ന, കൃഷ്ണനെ ശാസിക്കാൻ തുനിയുന്ന യശോദയും..
ഞാൻ ചെയ്യാത്ത , ഇല്ലാത്ത കുറ്റങ്ങളാണു ഗോപസ്ത്രീകൾ പറയുന്നത്‌ എന്ന് പറയുന്ന കള്ളക്കൃഷ്ണനും…

നല്ല വരികളും ഈണവും ചേർന്ന പാട്ടും അഭിനയവും ഒന്നിനൊന്ന് മെച്ചമായിരുന്നു. ബീനച്ചേച്ചി ആയിരുന്നു യശോദ അമ്മ. കുസൃതിയായ കള്ളക്കൃഷ്ണനായി അംബികാകുമാരി സാറിന്റെ ഇളയ മകൾ- എന്തു രസായിരുന്നു ആ ഉണ്ണിക്കണ്ണൻ. ഗോപ സ്ത്രീകളായി കുമാരി, ശ്രീകല ചേച്ചി, അംബികാകുമരിസാറിന്റെ മകളും ഞങ്ങളുടെ ക്ലാസ്മേറ്റുമായ പ്രതിഭ എന്നിവർ ആയിരുന്നു.

കൂടാതെ ശകുന്തളത്തോത്തി, പത്മത്തോത്തി, ബീന ചേച്ചി, ഗിരീശൻ, ഹരികൃഷ്ണൻ, ഉണ്ണി, സുധ, സുജാത എന്നിവർ പാട്ട്‌, ടാബ്ലോ,ഡാൻസ്, സ്കിറ്റ്‌ ‌ എന്നിവയും അവതരിപ്പിച്ചിരുന്നു.

പ്ലാസ്റ്റിക്‌ കൂട നിർമ്മാണം എന്നേയും കുമാരിയേയും പഠിപ്പിച്ചത്‌ രമണി അമ്മൂമ്മ ആയിരുന്നു. തുന്നൽ ക്ലാസ്സ്‌ മാളികയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിലായിരുന്നു. ആ ടീച്ചറുടെ പേരോർമ്മയില്ല.

പേപ്പർ മെഷ്‌ കൊണ്ടുള്ള കരകൗശലവസ്തുക്കൾ ഉണ്ടാക്കിയിരുന്നത് കൊട്ടാരത്തിലേയ്ക്ക്‌ കയറിയാൽ ഇടതു വശത്ത്‌ കാണുന്ന കെട്ടിടത്തിൽ ആയിരുന്നു. ചെറുപ്പക്കാരനായ ഒരു ചിത്രകലാദ്ധ്യാപകൻ അവിടെ പഠിപ്പിച്ചിരുന്നു. രാധാമണിത്തോത്തി അവിടെ പോയി വർക്ക്‌ പഠിച്ചിരുന്നു. കൂടാതെ വേറേയും സ്ത്രീകൾ ഉണ്ടായിരുന്നു.

ചാവടിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിലായിരുന്നു ചർക്കക്ലാസ്സ്‌. ഖാദിബോർഡിൽ നിന്നുമാണ്‌ ചർക്കകൾ കിട്ടിയത്‌. അംഗങ്ങൾ ഉണ്ടാക്കിയെടുക്കുന്ന നൂലും ഖാദിബോർഡ്‌ തന്നെയാണ്‌ എടുത്തിരുന്നത്‌.

രാജാരവിവർമ്മ സ്റ്റുഡിയോവിലായിരുന്നു തുണിസഞ്ചികളിലെ അലങ്കാരപ്പണികൾ ചെയ്യുന്ന സ്ത്രീകൾ ഒത്തുകൂടിയിരുന്നത്‌. തുണിസ്സഞ്ചികളും മുത്തുകൾ, സീക്വൻസ്‌ എന്നിവയും സംഘാടകർ നൽകിയിരുന്നു. അവ സുന്ദരമാക്കി തിരിച്ച്‌ വനിതാ ഷോറൂമിൽ എത്തിക്കുക എന്നതായിരുന്നു സമാജാംഗങ്ങളുടെ പണി. നല്ല പ്രതിഫലവും കിട്ടീരുന്നു.

വറ്റൽ, സ്കാഷ്‌, കൊണ്ടാട്ടം എന്നിവ ഓരോരുത്തരും ഒറ്റയ്ക്ക്‌ അവനവന്റെ വീട്ടിൽ വച്ച്‌ കുറേശ്ശെചെയ്തിരുന്നു. കൂടാതെ, മൊത്തമായി സാധനങ്ങൾ വാങ്ങിച്ച്‌ കൊച്ചുകൊട്ടാരത്തിൽ വച്ച്‌ അമ്മയുടേയും രമണി അമ്മൂമ്മയുടേയും നേതൃത്വത്തിൽ സ്ത്രീകൾ കൂട്ടമായിട്ടിരുന്നും അവ ഉണ്ടാക്കിയിരുന്നു. കൊച്ചുകൊട്ടാരത്തിന്റെ മുന്നിലുള്ള സ്ഥലത്ത്‌ പനമ്പുകളിൽ വറ്റലും കൊണ്ടാട്ടവും ഉണക്കാനിടുന്നതും, എല്ലാവരും സാരിയുടെ തലപ്പൊ തോർത്തൊ തലയിലിട്ട്‌ വെയിലത്തിരുന്ന് ചവ്വരി പപ്പടം, മരക്കിഴങ്ങ്‌ പപ്പടം എന്നിവ പരത്തുന്നതും ഒക്കെ ഓർമ്മ വരുന്നു.

ഗവൺമന്റ്‌ സ്കീമിൽ അർഹതയുള്ള കുടുംബങ്ങൾക്ക്‌ പശുക്കളെ നൽകുന്നൊരു പരിപാടിയിലും കൈരളി സമാജം ഭാഗഭാക്കായിരുന്നു. അനവധി ആളുകൾക്ക്‌ അങ്ങനെ പശുവിനെ നൽകിയിരുന്നു. ഗഡുക്കളായി പശുവിന്റെ വിലയുടെ നിശ്ചിതഭാഗം തിരിച്ചടയ്ക്കണെമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പലരും ഗഡുക്കൾ അടയ്ക്കാതിരുന്നപ്പോൾ ജാമ്യം നിന്നിരുന്ന അമ്മയ്ക്ക്‌ പൈസ അടക്കേണ്ടി വന്നിട്ടുണ്ട്‌. ഞങ്ങൾ കൊരട്ടിക്ക്‌ വന്നതിനു ശേഷവും ഗഡു അടക്കാത്തവരെക്കുറിച്ചുള്ള പരാതികൾ സമാജം പ്രസിഡന്റ്‌ എന്ന നിലയിൽ അമ്മയ്ക്ക്‌ വന്നത്‌ പഴയ കടലാസുകെട്ടിന്റെയുള്ളിൽ കൊരട്ടിയിലെ അലമാരയ്ക്കുള്ളിൽ ഇരിക്കുന്നുണ്ട്‌.

ധാരാളം സ്ത്രീകൾക്ക്‌ ഉപജീവനമാർഗ്ഗത്തിനുള്ള വഴി തുറന്നു സമാജത്തിന്റെ പ്രവർത്തനങ്ങൾ എന്ന് അഭിമാനപൂർവ്വം സ്മരിക്കുന്നു.

എത്രയെത്ര നല്ല കുട്ടിക്കാല ഓർമ്മകളാണ്‌. ഓർക്കുമ്പോൾ സന്തോഷം മാത്രം….

ശൈലജ വർമ്മ✍

COMMENTS

2 COMMENTS

  1. വർണാഭമായ മങ്ങാത്ത ഓർമ്മകൾ. അന്നേ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നല്കിക്കൊണ്ടു ള്ള കിളിമാനൂർ കൊട്ടാരത്തിലുള്ളവരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കാതെ വയ്യ. ഓർമ്മയേടുകൾ എത്ര ഭംഗിയായാണ് ശൈലജ വിവരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഫിലാഡൽഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടക്കും. വൈകുന്നേരം 6.30നാണ് പ്രോഗ്രാം. അഡ്രസ്: 7733...

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...
WP2Social Auto Publish Powered By : XYZScripts.com
error: