✍️ സൈമ ശങ്കർ
മഷി തണ്ട് അഥവാ മഷി പച്ച ഓർമ്മ ഉണ്ടോ? മഷി തണ്ടും സ്ലേറ്റും കണ്ടാൽ
ബാല്യകാലത്തേക്ക് ഒന്ന് കൂടി തിരിച്ചു പോകാൻ ആഗ്രഹം തോന്നും.ഗൃഹാതുരത്വം ഉണർത്തുന്ന ഈ ചെടി പണ്ട് തൊടിയിലും പാടത്തും ധാരാളം ആയി കണ്ടിരുന്നു. ബാല്യകാല സ്മരണ കളെ തഴുകി ഉണർത്താനുള്ള ശക്തി ഇതിനോളം വേറൊന്നിനും ഉണ്ടാവില്ല.സ്ലേറ്റും, കല്ല് പെൻസിലും വഴിയിൽ നിന്നും കുറച്ചു മഷി തണ്ടും പറിച്ചു കയ്യിൽ ചുരുട്ടി പിടിച്ചു കൂട്ടുകാരോടൊപ്പം ചിരിച്ചുല്ലസിച്ചു ഒറ്റയടിപാത യിലൂടെ സ്കൂളിലേയ്ക്കു നടന്നു പോകുന്ന കുട്ടികൾ.
സ്‌ലേറ്റിൽ എഴുതിയത് മായ്ക്കാൻ മാത്രം അല്ല മഷി തണ്ട് ഉപയോ ഗിക്കുക.അതിന്റെ തണ്ട് ഒടിച്ചു മഷിയിൽ മുക്കി വച്ചാൽ മഷി വലിച്ചെടുക്കുകയും, തണ്ടിന്റെ നിറം മാറുകയും ചെയ്യും.ഇത് വച്ചു ഒന്നോ രണ്ടോ അക്ഷരം എഴുതാൻ സാധിക്കുമായിരുന്നു.അതിന്റെ തണ്ടിലും ഇലയിലും ധാരാളം ജലാംശം നിറഞ്ഞ ത് ആയതിനാൽ സുതാര്യ മായിരുന്നു. വണ്ണം ഉള്ള തണ്ട് എടുത്തു കയ്യിലിട്ട് തിരുമ്മി പിന്നെ ഊതി വീർപ്പിച്ചു നെറ്റിയിലും കയ്യിലും കവിളും ഒക്കെ മുട്ടിച്ചു പൊട്ടിച്ചു ശബ്ദം ഉണ്ടാക്കി കളിക്കുന്ന കൗതുകം ഒക്കെ ഇന്നും മുതിർന്ന വരുടെ മധുരിക്കുന്ന ഓർമ്മകൾ തന്നെ.
മഷി തണ്ടിന് അതിന്റെ പ്രതാപകാലം നഷ്ടപെട്ടിരിക്കുന്നു. നഗരമെന്നോ, നാട്ടിൻ പുറമെന്നോ വിത്യാസം ഇല്ലാതെ ഏതു ഈർപ്പം ഉള്ള മണ്ണിലും വളരുന്ന ചെടി ആണ്. കൂട്ടമായി വളരുന്ന ഈ സസ്യം നയന മനോഹരമാണ്. ആഹാരമായും, വേദന സംഹാരി ആയും, അലങ്കാരചെടി ആയും ഒക്കെ ഉപയോഗ പെടുത്താവുന്ന ഔഷധ സസ്യമാണ്.ഈ സസ്യം വീടിനുള്ളിൽ മനോഹാരിതയും ശുദ്ധവായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. ഇതിന്റെ ഇലയും തണ്ടും ചേരുന്ന തോരൻ അതിസ്വാദിഷ്ടവും ആരോഗ്യഗുണസമ്പുഷ്ടവുമാണ്.
