ഓലയിൽ നിന്നും ഓൺലൈനിലേയ്ക്ക് ജോജോ കോട്ടൂർ
എ. ഡി. പന്ത്രണ്ടാം ശതകത്തിന്റ ആരംഭത്തിൽ രൂപത്തിലും ഭാവത്തിലും ഒരു സ്വതന്ത്ര ഭാഷയുടെ എല്ലാം ലക്ഷണങ്ങളോടെയും ദ്രാവിഡ ഭാഷയിൽ തമിഴിൽ നിന്നും വേർപിരിഞ്ഞ മലയാളം കഴിഞ്ഞ നൂറ്റാണ്ടിന്റ പകുതി വരെ അറബിക്കടലിനു കിഴക്കും സഹ്യനു പടിഞ്ഞാറു മായുള്ള ചെറിയൊരു ദ്രവൃസ്തതിയിൽ ഒതുങ്ങി കഴിയുകയായിരുന്നു .
അയലത്തും അകലത്തുമുള്ള രാജ്യങ്ങളുമായുള്ള നിരന്തര സാംസ്കാരിക സമ്പർക്കവും വാണിജ്യബന്ധങ്ങളും യൂറോപ്യൻ മിഷിനറിമാരുടെ ഇടപെടലുകളും നമ്മുടെ മലയാളത്തെ പലവുരൂ പരിണാമത്തിനു വിധേയമാക്കിയിട്ടുണ്ട് . എങ്കിലും അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ മലയാളത്തെ അറിയുവാനും ആസ്വദിക്കുവാനും മലയാളിയെ പഠിപ്പിച്ചത് തുഞ്ചത്ത് എഴുത്തച്ഛൻ മുതൽ സുഗതകുമാരി വരെയുള്ള മൺമറഞ്ഞമഹാ – പ്രതിഭകളും ഇന്ന് ജീവിച്ചിരിക്കുന്ന ഒരുപിടി സാഹിത്യ കുലപതികളുമാണ് . ആ മാധുര്യം അതിരുകൾ കടക്കുകയും കടലുകൾ താണ്ടുകയും ചെയ്തപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ സംസാരിക്കപ്പെടുന്ന പ്രാദേശിക ഭാഷ എന്ന സ്ഥാനത്തേയ്ക്ക് മലയാളം എത്തുകയും ഭൂമിമലയാളം എന്ന വാക്ക് അനർത്ഥമാവുകയും ചെയ്തു .
കുത്തക പത്ര മുതലാളിമാരും രാഷ്ട്രീയ ചായ്‌വുള്ള മാധ്യമങ്ങളും ജനാധിപത്യത്തിന്റെ നാലാം തൂണായ പത്രപ്രവർത്തനത്തിന് വരുത്തിയ അപഭ്രംശങ്ങളൾ പരിഹരിക്കപ്പെട്ടത് ഓൺലൈൻ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവോടെയാണ്. നൂനതകളും പരാതികളുമുണ്ടങ്കിലും അഭിപ്രായപ്രകടനം. ആവിഷ്കാരം. ആസ്വാദനം. അറിവിന്റെ തേടലും നേടലും എന്നീ തലങ്ങളിൽ ഒരു മുല്ലപ്പൂ വിപ്ലവം തന്നെ നടത്തുവാൻ ഓൺലൈൻ മാധ്യമങ്ങളെക്കൊണ്ടുസാധിച്ചു.
അങ്ങനെ ഓലയിൽ തുടങ്ങിയ മലയാളത്തിന്റെ എഴുത്തും വായനയും ഇന്ന് ഓൺലൈനിൽ എത്തിനിൽക്കുമ്പോൾ ഒരു ബിസിനസ് സംരംഭം എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നൽകി സധൈര്യം മുന്നോട്ടുവന്ന ശ്രീ. രാജു ശങ്കരത്തിൽ അഭിനന്ദനം അർഹിക്കുന്നു. സുനാമിയിലും പ്രളയത്തിലും നിപ്പയിലും കോവിഡിലും ജാതിമത രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിലകൊണ്ട താണ് “മലയാളി മനസ്സ്” അതിനാൽ പേരിൽതന്നെ പ്രവർത്തന ലക്ഷ്യം ഉള്ള “മലയാളി മനസ്സിന് “എല്ലാ ഭാവങ്ങളും നേരുന്നു.