17.1 C
New York
Wednesday, July 28, 2021
Home Special ഒരു പിറന്നാൾ ഓർമ്മ

ഒരു പിറന്നാൾ ഓർമ്മ

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

ജൂൺ 22 എന്റെ പിറന്നാൾ ദിനം. പഴയ ആൽബങ്ങൾ പൊടിതട്ടിയെടുത്തു മറിച്ചുനോക്കി. മുൻവർഷങ്ങളിൽ കേക്ക് മുറിച്ചിരുന്നതും പായസം കുടിച്ചിരുന്നതും ഒക്കെ ഉള്ള ഫോട്ടോകൾ വീണ്ടും വീണ്ടും കണ്ടു രസിച്ചു. എല്ലാം നല്ല ഓർമ്മകൾ തന്നെ. എങ്കിലും എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കിടിലം കൊള്ളിച്ച ഒരു പിറന്നാൾ ദിനം ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനം എൻറെ പിറന്നാൾ ദിനത്തിൻറെ അന്ന് അതി രാവിലെ ഉറക്കമുണർന്നത് തന്നെ ലാൻഡ് ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ്. ഇംഗ്ലീഷിൽ ഈണത്തിൽ പിറന്നാൾ ആശംസിച്ചുകൊണ്ട് ഉള്ള ഒരു പാട്ടുപാടിയാണ് മുത്തശ്ശി എന്നെ ഉണർത്തിയത്.

താങ്ക്യൂ, എന്നുപറഞ്ഞ് എണീറ്റ് ഞാൻ എളുപ്പത്തിൽ വീട്ടുജോലികൾ ഒക്കെ തീർത്തു. എനിക്കറിയാം ഇനി തുരുതുരാന്ന് ഫോൺ വരുമെന്ന്. എല്ലാവരുടെയും ആശംസകൾ ഏറ്റുവാങ്ങാൻ ആയി ജോലിയൊക്കെ തീർത്തു റെഡിയായിരുന്നു. ഭർത്താവും മകനും ഓഫീസിലേക്കും സ്കൂളിലേക്കും പോയി. ഉച്ചവരെ ആശംസകൾ ഏറ്റുവാങ്ങി രണ്ടു സഹോദരിമാരും സഹോദരനും അവരുടെ മക്കളും അച്ഛനും അമ്മയും ഭർതൃ വീട്ടുകാരും, സുഹൃത്തുക്കളും ഒക്കെ ആയി സംസാരിച്ചു സമയം പോയതറിഞ്ഞില്ല. എന്നെ സ്നേഹിക്കുന്ന എത്ര ബന്ധുക്കളാണ്. ഇത്രയും പേർ ഈ ദിവസം കൃത്യമായി ഓർത്ത് എന്നെ വിളിച്ചല്ലോ ഞാനീ ലോകത്ത് എത്ര വേണ്ടപ്പെട്ട ആളാണ് എന്നൊക്കെ ഓർത്ത് സന്തോഷിച്ചു അഹങ്കരിച്ചു. പിന്നെ പത്രം വായന തുടങ്ങി. മൊബൈൽ ഫോൺ എന്നൊരു സാധനം അക്കാലഘട്ടത്തിൽ അപൂർവ്വമായി വന്നു തുടങ്ങിയിട്ടേയുള്ളൂ.മോന്റെ സ്കൂളിൽ പാരെന്റ്സ് മീറ്റിംഗിന് പോകുമ്പോൾ അമ്മ മാരൊക്കെ ഇത് കൊണ്ട് നടക്കാൻ തുടങ്ങിയിരുന്നു. പണ്ട് ഒരു സ്റ്റാറ്റസ് സിംബലായി കാറിൽ പട്ടിയെക്കൊണ്ട് നടക്കുന്നതുപോലെ. അനവസരത്തിൽ അത് ശബ്ദമുണ്ടാക്കുകയും അതും പിടിച്ച് കൂട്ടത്തിൽ നിന്ന് ഓടിമാറി ഹോ റേഞ്ച് കിട്ടുന്നില്ല എന്ന് പറഞ്ഞു നീങ്ങുന്നതുമൊക്കെ അന്ന് ഒരു ഫാഷൻ ആയി കഴിഞ്ഞിരുന്നു. പിന്നെ ചെറിയ ഒരു ബീപ് ശബ്ദം വരുമ്പോൾ മെസ്സേജ് വന്നതാണ്, ഇൻബോക്സ് ചെക്ക് ചെയ്യട്ടെ എന്നൊക്കെയുള്ള പുതിയ പുതിയ പദങ്ങളും കേട്ട് എല്ലാവരും കൊതിയോടെ നോക്കി കൊണ്ടിരുന്ന ഈ സാധനം എനിക്ക് എൻറെ അനിയത്തി വിദേശത്തുനിന്ന് പിറന്നാൾ സമ്മാനം ആയി തന്നിരുന്നു. അതോടെ ഞാനും മൊബൈലിൽ നോക്കി ഇരിക്കാനും മെസ്സേജ് അയക്കാനും കിട്ടിയ മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനും തുടങ്ങി.

ആളുകൂടുന്നിടത്തൊക്കെ കൂട്ടുകാരികളുടെ മുമ്പിൽ അത്യാവശ്യം ഗമ കാണിക്കാൻ തുടങ്ങിയിരുന്നു. അന്നത്തെ പത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ മൊബൈൽഫോൺ വഴി വന്ന അജ്ഞാത ഫോണിനെ തുടർന്ന് വെട്ടിലായ വീട്ടമ്മയുടെ കഥ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ വന്നാൽ എടുക്കരുതെന്നും ഡിജിപിയുടെ പ്രത്യേക നിർദ്ദേശം. “കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സൈബർ സെൽ എന്നൊരു ഒരു പ്രത്യേക സ്ക്വാഡ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. വീട്ടമ്മമാർ ജാഗരൂകരായിരിക്കണം.”

വൈകുന്നേരം കാണാൻ പോകേണ്ട സിനിമയും ഡിന്നർ കഴിക്കാൻ പോകേണ്ട ഹോട്ടലും ഒക്കെ ആലോചിച്ച് തിട്ടപ്പെടുത്തി ഉച്ചയൂണും കഴിഞ്ഞ് മയങ്ങുമ്പോൾ ഉണ്ട് ഒരു കോളിംഗ് ബെൽ. വാതിൽക്കൽ ഭംഗിയായി വസ്ത്രധാരണം ചെയ്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ ഒരു സമ്മാനപ്പൊതിയുമായി നിൽക്കുന്നു. നിങ്ങളാണോ മേരി ജോസ്സി, അതെയെന്ന് പറഞ്ഞപ്പോൾ സമ്മാനം എൻറെ നേരെ നീട്ടി, ‘ഹാപ്പി ബർത്ത് ഡേ മാഡം’ എന്നൊരു പറച്ചിലും. താങ്ക്യൂ പറഞ്ഞ് സമ്മാനം കയ്യിൽ വാങ്ങി അത്ഭുതത്തോടെ ഞാൻ ചോദിച്ചു. “നിങ്ങൾ ആരാണ്? മനസ്സിലായില്ലല്ലോ, എൻറെ പിറന്നാൾ ഇന്ന് ആണെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു?”
ഏതോ ഒരു ബേക്കറി യുടെ പേര് പറഞ്ഞ് ആ മാന്യദ്ദേഹം അപ്പോൾ തന്നെ സ്ഥലം വിട്ടു. സമ്മാനപ്പൊതി ടേബിളിൽ കൊണ്ടുവച്ചു. തുറക്കാൻ ധൈര്യമുണ്ടായില്ല. ദയനീയമായി മൊബൈൽ ഫോണിനെ നോക്കി ദൈവമേ ഇതായിരിക്കുമോ ഇന്ന് കണ്ട പത്രവാർത്ത.സിം എടുക്കാൻ ചെന്നപ്പോൾ എന്നെ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങളും തിരിച്ചറിയൽ കാർഡും ഒക്കെ കൊടുത്തിരുന്നു. സമ്മാനപ്പൊതി തന്ന് വീട്ടമ്മയെ വശത്താക്കാൻ ഉള്ള തന്ത്രം ആയിരിക്കുമോ? അനിയത്തിയെ ഒരു നിമിഷം പ്‌രാകി, വളർന്നു വലുതായിട്ടും അവളുടെ പാരവെപ്പ് സ്വഭാവം മാറിയിട്ടില്ലല്ലോ എന്നോർത്ത് വിളറി വെളുത്ത് കുറച്ചു സമയം ഇരുന്നു. ഭർത്താവ് ഓഫീസിൽ നിന്നും വന്നിട്ട് ഒരുമിച്ച് പൊതി അഴിച്ചു നോക്കാം എന്ന് കരുതി പോയി കിടന്നു. സമാധാനം നഷ്ടപ്പെട്ടു. പിന്നെ ക്ഷമ കെട്ട് എന്തും വരട്ടെ എന്ന് കരുതി, ബോംബ് ആയിരിക്കുമോ എന്ന് ഭയന്ന് പെട്ടി തുറന്നു നോക്കിയപ്പോൾ ഭംഗിയുള്ള ഒരു കേക്ക്. ഐസിങ് കൊണ്ട് ‘ഹാപ്പി ബർത്ത്ഡേ മേരി ജോസി’ എന്ന് എഴുതിയിട്ടുണ്ട്. തിരിച്ചും മറിച്ചും നോക്കി. ഇത് ഏതു ബേക്കറിക്കാരൻ? എൻറെ പിറന്നാൾ ദിനം ഓർത്ത് കേക്ക് സമ്മാനം തരാൻ മാത്രമുള്ള ഒരു ആരാധകൻ കോളജിൽ പഠിക്കുമ്പോൾ ഒന്നും ഉള്ളതായി ഓർമ്മയില്ലല്ലോ? പിന്നെയും തപ്പി ചികഞ്ഞപ്പോഴതാ ഒരു ചുവന്ന കാർഡ്.അതിൽ ഭംഗിയുള്ള അക്ഷരത്തിൽ എഴുതിയിരിക്കുന്നു. “സ്നേഹത്തോടെ ചേട്ടൻ”, എൻറെ ചേട്ടൻറെ അഡ്രസ്സും.

ഹോ!!! ചേട്ടൻ ആയിരുന്നോ? എൻറെ ഡൽഹിയിലുള്ള സഹോദരൻ കൊറിയർ ആയി ഇവിടെ കേക്ക് അയച്ചിരിക്കുകയാണ്. ഈ രീതിയിൽ ഒക്കെ കൊറിയർ സർവീസ് വളർന്ന വിവരം ഞാൻ അറിഞ്ഞിരുന്നില്ല.

എന്റെയമ്മേ!!! ഒരു നിമിഷം ഞാൻ ഉരുകി വെണ്ണീറായി പോയിരുന്നു. ചേട്ടനെ ഉടനെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ചേട്ടൻ പിറന്നാൾ ആശംസിക്കാൻ രാവിലെ വിളിച്ചപ്പോഴും ഈ വിവരം പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞപ്പോൾ നിന്നെ ഒന്ന് ഞെട്ടിക്കാൻ വേണ്ടി ചെയ്തതാണെന്ന്.ഒരു ഒന്നൊന്നര ഞെട്ടലായി പോയിരുന്നു അത്. ആ കേക്കിനെ കുറിച്ച് എല്ലാ പിറന്നാളിനും പറയുകയും ഓർക്കുകയും ചെയ്യാറുണ്ട്. ഇത്തവണ ‘മലയാളി മനസ്സിന്റെ’ വായനക്കാർക്കു വേണ്ടിയും പങ്കുവെക്കുന്നു. പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി. നമസ്കാരം.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

COMMENTS

2 COMMENTS

  1. ജന്മദിനം കസറിയില്ലേ?ഞങ്ങൾ കുറച്ചു നാടൻ പലഹാരങ്ങളുമായി ഇന്നലേ ആഘോഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com