- വൈദ്യുതി വകുപ്പിലെ ജോലി :-
പിറ്റേ ദിവസം അതിരാവിലെ എൻജിനീയർ രംഗനാഥനെ വീട്ടിൽ പോയി കണ്ടു. വൈദ്യുതി വകുപ്പിൽ മണ്ണുഡാം പണിയാൻ ആശിച്ചിരുന്ന അദ്ദേഹത്തിന് മണ്ണു പരീക്ഷണശാലയിൽ പരിചയമുള്ള ഒരാളെ ജോലിക്ക് ലഭിച്ചതിൽ വളരെ സന്തോഷം. തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ആയി. നേരെ സ്വന്തം ഓഫീസിൽ നിയമിച്ചു. മണ്ണു ഡാമുകളെപ്പറ്റിയുള്ള പുസ്തകങ്ങൾ കേന്ദ്ര ജല കമ്മീഷനിൽ നിന്ന് വരുത്തി പഠനങ്ങൾ പുരോഗമിക്കുന്നു. അതിനിടയിൽ എനിക്ക് വീണ്ടും സ്ഥലംമാറ്റം. ശ്രീ. രങ്കനാഥൻ പറഞ്ഞു. ‘നിങ്ങൾ പോകേണ്ട. ഞാൻ പ്രതിഷേധം അറിയിക്കുന്നുണ്ട്.’
വൈദ്യുതി വകുപ്പിൽ പണികൾ മുന്നോട്ടു കൊണ്ടു പോകുന്നത് പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള എന്ജിനീയര്മാരെയും കൂടി കടം എടുത്തിട്ടാണ്. അവരെ വീണ്ടും പറഞ്ഞു വിടുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം എഴുതി. “പത്രോസിന്റെ പക്കൽ നിന്ന് പിടിച്ചു പൗലോസിനു കൊടുക്കുന്നത് ശരിയല്ല. (റോബിങ് പീറ്റർ ആൻഡ് പെയിങ് പോൾ) ഇപ്പോൾ ഇവിടെ ഓരോരുത്തർക്ക് ഓരോ ജോലിയുടെ ഉത്തരവാദിത്വം കൊടുത്തു പരിശീലനം കൊടുക്കുന്നു. ഇതിനിടയിൽ എന്നോട് ആലോചിക്കുക പോലും ചെയ്യാതെ സ്ഥലം മാറ്റണം എന്ന് നിർബന്ധം ആണെങ്കിൽ വേറെ ഒരാളുടെ സേവനം വിട്ടു തരാം. “ അങ്ങനെ എഴുതിയതിനു ശേഷം പൊതുമരാമത്ത് വകുപ്പിൽ നിന്ന് വൈദ്യുതി വകുപ്പിൽ വന്നു ചില കുസൃതികൾ കാണിച്ചിരുന്ന ഒരാളുടെ പേര് നിർദ്ദേശിച്ചു. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നതുപോലെ വികൃതിക്കാരനെ ഒഴിവാക്കുകയും എന്നെ ഓഫീസിൽ തന്നെ നിലനിർത്തുകയും ചെയ്തു.
20.രൂപകൽപ്പന (ഡിസൈൻ)
ആനയിറങ്കൽ ഡാമിന് ഏറ്റവും ഉയരമുള്ളത് പുഴയുടെ ഭാഗത്താണ്. അവിടത്തെ അസ്ഥിവാരത്തിൽ പാറയോ ഇല്ല; ഉറച്ച മണ്ണുപോലും ഇല്ല. എത്ര കുഴിച്ചാലും വെറും മണൽ മാത്രമേ കാണുന്നുള്ളൂ. അത്തരം ഒരു സ്ഥലത്ത് അണക്കെട്ട് പണിയുന്ന ചരിത്രം ഇന്ത്യയിൽ ഒരിടത്തും ഇല്ല. പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ അനുവാദങ്ങളും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ പണികളും തുടങ്ങി. ആ സമയത്താണ് ഈ ഏടാകൂടം വന്നു ചാടിയത്.
ഒരു ഡോക്ടറുടെ തെറ്റ് ആറടിമണ്ണിൽ തീരുന്നു. ഒരു നിയമജ്ഞന്റെ പിഴവ് ആറടി കയറിൽ ആടുന്നു. ഒരു എൻജിനീയറുടെ തെറ്റ് അയാൾക്ക് തന്നെ നാശം വരുത്തുന്നു.
ബൈബിൾ വചനത്തിൽ പറയുന്നതുപോലെ, “എൻറെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേക മതിയായ മനുഷ്യന് തുല്യനായിരിക്കും. എൻറെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്ത് ഭവനം പണിത ഭോഷനു തുല്യനായിരിക്കും.” (മത്തായി 7. 24- 27)
എൻജിനീയർ രംഗനാഥൻ കുലുങ്ങിയില്ല. ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻറെ മനസ്സിലിരിപ്പ്. 1957 ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഉണ്ടായി. സർക്കാരിൽ നിന്ന് സ്വതന്ത്രമായ ഈ തക്കം നോക്കി അദ്ദേഹം ബോർഡിലെ തന്നെ എൻജിനീയർ ഇ. യു. ഫിലിപ്പോസിനെ മണ്ണു ഡാമുകളുടെ രൂപകല്പന പഠിക്കാൻ അമേരിക്കയിലേക്ക് അയച്ചു.
