17. മൂന്നാർ:-
കിഴക്ക് തല ഉയർത്തി നിൽക്കുന്ന മല- പടിഞ്ഞാറ് അറബിക്കടൽ- മേഘ മാലകളെ മഴയാക്കുന്ന കാടുകൾ-മലനാട്ടിലെ മഴത്തുള്ളികൾ, തോടും, കൈതോടും, പുഴകളും ആയി കടലിലേക്ക്. ഇതാണ് കേരളത്തിന്റെ ചിത്രം. മലനിരകളിൽനിന്ന് ഊറിയിറങ്ങുന്ന മാട്ടുപ്പട്ടിയാറും, കന്നിമലയാറും, നല്ലതണ്ണിയാറും ഉൾപ്പെടുന്ന സംഗമഭൂമിയാണ് മൂന്നാർ. ഇത് കടൽപരപ്പിൽ നിന്നും ഏകദേശം 1480 മീറ്റർ ഉയരത്തിലാണ്.
വേനലിൽ കുളിരിലേക്ക് മാറി നിൽക്കാനുള്ള ഒരിടം;നിരനിരയായി മലഞ്ചെരിവുകൾ പച്ച ചൂടിച്ചു നിൽക്കുന്ന തേയിലതോട്ടങ്ങളുടെ നാട്; കളകള ശബ്ദത്തോടെ ഒഴുകുന്ന പുഴകളും; അവയ്ക്കുമേൽ തെന്നിനീങ്ങുന്ന മഞ്ഞു മേഘങ്ങളും;അവയ്ക്കു ചുറ്റുമുള്ള പുൽമേടുകളും കൂടി തരുന്ന മായികതയുള്ള സ്ഥലം. ഇവിടേക്കാണ് വാഴാനിയിലെ ഓർമ്മകളുടെ ആലസ്യത്തിൽ നിന്ന് ഉണർന്നപ്പോൾ എത്തിയത്. വെള്ളം കൊടുത്ത് കൃഷി നടത്തുന്ന ജലസേചന വകുപ്പിൽ നിന്ന് വെള്ളത്തിൻറെ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന വൈദ്യുതി വകുപ്പിലേക്ക് ഉള്ള ഒരു പറിച്ചു നടൽ.
മലയാളം എന്ന ഭാഷ തിരുവിതാംകൂറിനെയും കൊച്ചിയെയും മലബാറിനെയും കേരള സംസ്ഥാനമാക്കി. 1956 നവംബർ ഒന്നാം തീയതി ആയിരുന്നു ഇന്നത്തെ കേരളം രൂപം കൊണ്ടത്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെ എന്ന മാവേലിയുടെ സങ്കല്പം പോയി കേരളം മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയായി. അതായത് തലപ്പാടി മുതൽ കളിയാക്കവിള വരെയായി. തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ തമിഴ ഭൂരിപക്ഷം ഉള്ള കുറെ ഭാഗങ്ങൾ തമിഴ്നാട്ടിൽ ആയി. മലബാറിലെ ഒരു ഭാഗം പകരം കിട്ടി. ശ്രീ. പി. എസ്. റാവു ആക്ടിങ് ഗവർണർ ആയി. അദ്ദേഹം ഇവിടത്തെ ജനങ്ങളെയും ഉദ്യോഗസ്ഥ വൃന്ദത്തെ യും അക്ഷരാർത്ഥത്തിൽ തന്നെ കിടുകിടാ വിറപ്പിച്ചാണ് ഭരണം തുടങ്ങിയത്. രാഷ്ട്രീയക്കാരുടെ ഹുങ്ക് എല്ലാം പോയി. അവർ പത്തിമടക്കി ഇരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇല്ലാത്ത അടിയന്തരാവസ്ഥ പോലെ ആയിരുന്നു കാര്യങ്ങൾ.
- പബ്ലിക് സ്കൂൾ:-
മൂന്നാറിന് അടുത്തുള്ള മാട്ടുപ്പട്ടിയിൽ ഒരു പബ്ലിക് സ്കൂൾ പ്രോജക്ട് തുടങ്ങുന്നത് ശ്രീമാൻ റാവുവിനു ഒരു ഹരമാണ്. പൊതുമരാമത്ത് വകുപ്പാണ് അത് ചെയ്യുന്നത്. എന്നാൽ വൈദ്യുതി വകുപ്പിലെ സൂപ്രണ്ടിങ് എൻജിനീയർ മാട്ടുപ്പട്ടിയിൽ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രീറ്റ് ഡാം ചെയ്യിച്ചു പരിചയവുമുള്ള ശ്രീ. വി. രങ്കനാഥന് അവരുടെ മേലെ നിയന്ത്രണം കൊടുക്കാനായിരുന്നു ശ്രീ റാവു ഉത്തരവിട്ടത്. ശ്രീ.രംഗനാഥൻ ആ ദൗത്യം ഏറ്റെടുത്തു. അദ്ദേഹത്തിൻറെ മൂന്നാർ ഓഫീസിൻറെ ഒരു ഭാഗത്ത് പൊതുമരാമത്തു കാരുടെ ഓഫീസും തുടങ്ങി. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ ആയി കാര്യങ്ങൾ ചുറുചുറുക്ക് ആയി നടക്കുന്നു. ഔദ്യോഗിക ഉദ്ഘാടനം 1956 നവംബർ ആദ്യവാരത്തിൽ നടത്തുന്നു. അപ്പോഴാണ് ഞാൻ മൂന്നാറിൽ എത്തുന്നത്.ആദ്യത്തെ എൻറെ പരിപാടി അതിൽ പങ്കെടുക്കുന്നതായിരുന്നു. കാരണം മൂന്നാർ ഓഫീസുകാർ മൊത്തം അന്ന് അവിടെയാണ്. റാവുവിന്റെ സാന്നിധ്യത്തിലുള്ള പൊതുയോഗവും പായസം കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞു.

👍